‘‘ഉംറക്ക് പോയി 12ാമത്തെ ദിവസമാണ് മണാലിക്ക് പോകുന്നത്. ആരെയും ബോധിപ്പിക്കാതെ സന്തോഷിക്കൂ’’ -മണാലി യാത്രയെക്കുറിച്ച് നബീസുമ്മ പറയുന്നു
text_fieldsനബീസുമ്മ
‘‘ഹാജറാ... സഫിയാ... നസീമാ... സക്കീനാ... നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ... എന്താ രസം... അടിപൊളിയല്ലേ വന്നോളീ മക്കളേ...’’ എന്നു തുടങ്ങുന്ന നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ നിങ്ങളും കണ്ടുകാണും.
ഒറ്റ ദിവസം കൊണ്ട് വിഡിയോ കണ്ടത് 51 ലക്ഷം പേര്‍. ഇതുവരെ ലൈക്ക് ചെയ്തതാകട്ടെ ലക്ഷങ്ങൾ. നിലത്ത് വീണുകിടന്ന് മഞ്ഞ് വാരിയെറിഞ്ഞ് സന്തോഷം പങ്കിടുന്ന വിഡിയോ ഇത്രയും ഫേമസാവുമെന്ന് നബീസുമ്മ സ്വപ്നത്തിൽപോലും വിചാരിച്ചുകാണില്ല.
വിഡിയോ വൈറലായതിനുപിന്നാലെ നബീസുമ്മ സ്വന്തമായി ഒരു പേജ് തന്നെ തുടങ്ങി. ‘പൊളിമൂഡ് നബീസു’, ഒപ്പം വിഡിയോ പങ്കുവെച്ച് ‘പ്ലാന്‍ ടു ഗോ’ ഇന്‍സ്റ്റഗ്രാം പേജിൽ ഇങ്ങനെ എഴുതി,
‘നബീസുമ്മ തന്‍റെ അമ്പതുകളില്‍ പ്ലാന്‍ ടു ഗോയുമായി ആഘോഷിക്കുന്നു.’ പ്രായത്തിലല്ല, ഏത് പ്രായത്തിലും നമ്മുടെ സന്തോഷത്തിനുവേണ്ടി എന്ത് ചെയ്യുന്നുവെന്നതിലാണ് കാര്യമെന്നും കുറിപ്പില്‍ പറയുന്നു.
നബീസുമ്മയോടൊപ്പം റാഹില, മകൾ ജിഫ്ന
ഉമ്മച്ചിയേ ഏതാ മൂഡ്... വൈബ് മൂഡ്
55 വയസ്സിനിടെ ആദ്യമായാണ് നബീസുമ്മ മണാലി കാണുന്നത്. മഞ്ഞുപെയ്യുന്ന ഡിസംബർ 11നായിരുന്നു യാത്ര. 11 ദിവസത്തെ ട്രിപ്പിൽ രണ്ടുദിവസം ഡൽഹിയിലേക്ക് ട്രെയിൻ യാത്ര, പിന്നീട് ബസ് വഴി മണാലിയിലേക്ക്... ഡൽഹിയിലും മണാലിയിലും കറങ്ങി 10 ദിവസം കൊണ്ട് തിരിച്ച് സ്വന്തം നാടായ കോഴിക്കോട് കുറ്റ്യാടി കടിയങ്ങാട്ടേക്ക്.
ജീവിതത്തിൽ കുറെ വിഷമങ്ങൾ അനുഭവിച്ച ഉമ്മയെ ചിൽ ആക്കാൻ മൂന്ന് പെൺമക്കളായ ജിഫ്ന, ജസിയ, ജമ്ഷീന തന്നെ ധാരാളം. ട്രിപ്പിന്‍റെ ആശയം മുന്നോട്ടുവെച്ചത് ഇളയ മകൾ ജിഫ്നയാണ്.
‘‘മഞ്ഞിൽ കളിക്കുന്ന ഉമ്മാന്‍റെ വൈറൽ വിഡിയോക്ക് പിന്നിൽ ‘പ്ലാൻ ടു ഗോ’ ഗ്രൂപ്പിലെ ഫയാസാണ്. കാഴ്ചകൾ കണ്ട് ഒരു സ്ഥലം വരെ എത്തിയപ്പോൾ ഉമ്മ, ‘ഇനി വയ്യ ഞാൻ ഇവിടെ ഇരുന്നോളാം’ എന്നൊക്കെ പറഞ്ഞു. കുറച്ചുകഴിഞ്ഞ് നോക്കുമ്പോൾ ഉമ്മാനെ കൂട്ടി കുറച്ചു കുട്ടികൾ വരുന്നു... ഞങ്ങൾ ഇവിടെ നിന്ന് പോകുമ്പോൾ ഉമ്മാക്ക് മൂന്ന് മക്കളായിരുന്നെങ്കിൽ തിരികെ വരുമ്പോൾ കുറെ മക്കളായി’’ -ജിഫ്ന പറയുന്നു.
‘‘സഹിക്കാൻ പറ്റാത്ത തണുപ്പ്... എമ്മാതിരി തണുപ്പ്... കൈയിൽ ഗ്ലൗസും കോട്ടും ഇട്ടപ്പോൾ മഞ്ഞൊന്നും വിഷയമേയല്ലാതായി. ഓർക്കുമ്പോൾ സന്തോഷം മാത്രമേയുള്ളൂ. കുറേ മഞ്ഞിൽ കളിച്ചു. ആ നാടും ജനങ്ങളെയുമെല്ലാം കണ്ടു.
സ്വപ്നത്തിൽ പോലും വിചാരിക്കാത്ത നാട്ടിലല്ലേ ഞാൻ എത്തിപ്പെട്ടത്. ഉമ്മയെ പോലെ കാണുന്ന, കരുതുന്ന ഒരു കൂട്ടം പേർ കൂടെ ഉണ്ടെങ്കിൽപിന്നെ എന്ത് നോക്കാനാ... ഉംറക്ക് പോയി 12ാമത്തെ ദിവസമാണ് മണാലിക്ക് പോകുന്നത്. അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് എല്ലാം ഓക്കേയായി’’ -മണാലിയെക്കുറിച്ച് പറയാൻ നബീസുമ്മക്ക് വാക്കുകളേറെ.
‘പ്ലാൻ ടു ഗോ’ അംഗങ്ങളായ സുഫു, റാഹില, സുഹൈൽ, ആഷിക്, ജിഷ്ണു എന്നിവരോടൊപ്പം നബീസുമ്മ
എല്ലാവരോടും സ്നേഹം മാത്രം
ഇന്നലെകളുടെ സങ്കടങ്ങളെ വീട്ടിൽ വെച്ച് സന്തോഷം തേടി ഉമ്മയെയും കൂട്ടി മണാലിയിലേക്ക് യാത്ര പോയതിന്‍റെ വിവരണങ്ങള്‍ മകള്‍ ജിഫ്ന ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു.
‘‘ജീവിതത്തിന്‍റെ റൂട്ട് മാറാൻ ദിവസങ്ങളുടെ കാത്തിരിപ്പൊന്നും വേണ്ടാല്ലേ? നമ്മള് നിനച്ചതിനേക്കാൾ ഏറെ നമുക്കുവേണ്ടി പടച്ചവൻ വെച്ചുനീട്ടുമ്പോൾ അതിനോട് ‘അരുതെന്ന്’ പറയേണ്ട കാര്യമുണ്ടോ? രണ്ടു ദിവസമായി നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ‘പൊളി മൂഡ് നബീസൂ’നെ നിങ്ങൾക്കൊക്കെ സുപരിചിതമായി തീർന്നിരിക്കുമല്ലോ.
ഏറെ അഭിമാനത്തോടെയും അതിരറ്റ സന്തോഷത്തോടെയും, ഞാനാ നബീസൂന്‍റെ മകളാണെന്ന് വിളിച്ചുപറയുന്നു. ഏതൊരു കാര്യത്തിനും നല്ല മറുപടികളും അതേപോലെ മോശമായ അഭിപ്രായങ്ങളും ലഭിക്കുമല്ലോ. അങ്ങനെ അധികമൊന്നും ഇല്ലെങ്കിലും ഉമ്മാന്‍റെ വിഡിയോക്കും നെഗറ്റിവ്സ് വന്നിരുന്നു. എല്ലാത്തിനും സന്തോഷം, എല്ലാവരോടും സ്നേഹം മാത്രം...’’
എവിടെ കിട്ടും ഈ രസം
ഹാജറ, സഫിയ, നസീമ, സക്കീന... വിഡിയോയുടെ തുടക്കത്തിൽ പേരെടുത്തുവിളിച്ച നാട്ടിലെ സുഹൃത്തുക്കളോട് വീട്ടിലിരിക്കാതെ യാത്രകള്‍ പോയി ജീവിതം ആസ്വദിക്കാന്‍ നബീസുമ്മ ആവശ്യപ്പെടുന്നുണ്ട്.
55ാം വയസ്സില്‍ ഇവിടെ വന്ന് ഈ മണ്ണില്‍ ഇങ്ങനെ കിടക്കുമ്പോഴും ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ ആസ്വദിക്കുമ്പോഴും ഇതുപോലുള്ള രസം എവിടെ കിട്ടാനാണെന്നും വീടിനടുത്തുള്ള സുഹൃത്തുക്കളോട് വിഡിയോയിലൂടെ നബീസുമ്മ ചോദിക്കുന്നു.
‘വീട്ടിലിരുന്ന് പണിക്ക് പോയി ജീവിതം തീർക്കാതെ നിങ്ങൾ പോയല്ലോ’. ‘55 ഒക്കെ ഒരു വയസ്സ് ആണോ’ എന്നൊക്കെയുള്ള കമന്‍റുകളിലൂടെ ഭൂരിഭാഗം പേരും കട്ട സപ്പോർട്ടുമായി സന്തോഷം പങ്കുവെച്ചവരാണ്. ഇപ്പോൾ പ്രമോഷൻ വിഡിയോയൊക്കെ ചെയ്യാൻ പലരും വിളിക്കാറുണ്ട്. ആളുകൾ തിരിച്ചറിയുന്നുണ്ട്. കല്യാണ വീട്ടിൽ പോയാലും ‘വൈറലായല്ലോ, നിങ്ങളൊരു സംഭവമാണ്’ എന്നൊക്കെ പലരും പറയാറുണ്ടെന്നും നബീസുമ്മ നിറഞ്ഞ ചിരിയോടെ പറയുന്നു.
സന്തോഷിക്കാ, സുഖിക്കാ, ജീവിക്കാ... ഇതാണ് മക്കളെ ജീവിതം...
‘‘ജീവിതം ഒന്നേയുള്ളൂ മനുഷ്യാ, ആരെയും ബോധിപ്പിക്കാതെ സ്വന്തം സന്തോഷങ്ങൾക്ക് വിലകൊടുക്കൂ... കൈയിൽ പൈസ വെച്ച് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. നമ്മൾ മുന്നിട്ടിറങ്ങണം. വയസ്സിലൊന്നും കാര്യമേയില്ല. സന്തോഷിക്കാ, സുഖിക്കാ, ജീവിക്കാ... ഇതാണ് മക്കളെ ജീവിതം...’’ ഇതാണ് നബീസു വചനം. എല്ലാവർക്കും ഇതൊരു പാഠമാവണമെന്നും രണ്ടു സെന്‍റ് ഭൂമി വിറ്റിട്ടാണെങ്കിലും പോകാൻ നോക്കെന്നും മരിക്കുമ്പോൾ ഇതൊന്നും കൊണ്ടുപോകില്ലെന്നും നബീസുമ്മ പറയുന്നു.
22 വർഷം മുമ്പ് ഉപ്പ മരിച്ച ശേഷം ഞങ്ങൾ മക്കൾക്കുവേണ്ടി ഉമ്മ ഒരുപാട് കഷ്ടപ്പെട്ടതാണ്. ഉമ്മയെ സന്തോഷിപ്പിക്കാൻ പറ്റുന്ന കാര്യങ്ങൾക്ക് ഞങ്ങൾ പൂർണ സപ്പോർട്ടാണ്. കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. ലക്ഷദ്വീപ്, കശ്മീർ... മഞ്ഞുവീഴുന്നത് കാണാൻ ഉമ്മയെ കൊണ്ടുപോകണമെന്നും മക്കൾ പറയുന്നു.
ജീവിതയാത്രയിൽ നിറമുള്ള ഓർമകൾ തുന്നിച്ചേർക്കാൻ നബീസു അടുത്ത ട്രിപ്പിനുള്ള തയാറെടുപ്പിലാണ്, കൂടെ കട്ട സപ്പോർട്ടായി മൂന്ന് പെൺമക്കളും.