കുട്ടികൾക്ക് ഹലാൽ ഭക്ഷണത്തിന് സൗകര്യമൊരുക്കിയ സ്കൂൾ, ഖുർആൻ അധ‍്യായം പാരായണം ചെയ്ത് ഞെട്ടിച്ച ബുദ്ധമതവിശ്വാസിയായ അധ‍്യാപകൻ.... ഫർസാനയുടെ ചൈനയിലെ റമദാൻ അനുഭവങ്ങൾ
text_fieldsറമദാൻ എന്ന വാക്കിന് തുല്യമായി മനസ്സിൽ വരുക കുട്ടിക്കാലം എന്നാണ്. റമദാൻ എന്നാൽ ഗൃഹാതുരത എന്ന മറ്റൊരു അർഥംകൂടിയുണ്ട് എനിക്ക്. വളർന്നുവന്നതോടൊപ്പം മറ്റു പല വ്യാഖ്യാനങ്ങളും നോമ്പിന്‍റെതായി അറിഞ്ഞിട്ടുണ്ട്. എങ്കിലും ശരി, ‘ഞാനിന്ന് നോമ്പ് നോൽക്കട്ടെ’ എന്നു കെഞ്ചിക്കൊണ്ട് മുതിർന്നവരെ വട്ടംചുറ്റിയ ഒരു ബാലിക എല്ലാ നോമ്പുകാലത്തും എന്‍റെയുള്ളിൽ തെളിഞ്ഞുവരും.
വെള്ളകീറുന്നതിന് മുന്നേ എണീറ്റ് അത്താഴത്തിന് മുന്നിൽ ഉറക്കച്ചടവോടെ ഇരിക്കുന്ന ഒരുവൾ. നോക്കിക്കൊണ്ടിരിക്കെ അവൾ അടുക്കളയിലേക്ക് ഓടും. അവിടെ പത്തിരിപ്പണികളിൽ വ്യാപൃതരായിട്ടുള്ള ഉമ്മയും മൂത്തമ്മയും വല്ലിമ്മച്ചിയും ഉണ്ടാവും. ‘എപ്പളാ ബാങ്ക് കൊടുക്കാ?’ എന്ന ചോദ്യത്തോടെ അവരെ അവൾ സ്വൈരംകെടുത്തും. പത്തിരി പരത്തുന്ന മൂത്തമ്മയിൽനിന്ന് ഒരുരുള മാവെടുത്ത്, ‘എനിക്ക് പരത്താൻ തരോ?’ എന്ന് ചോദിക്കും.
മുറ്റത്തുള്ള വലിയ അടുപ്പിൽവെച്ച കല്ലിൽ ചുടുന്ന പത്തിരി പൊള്ളിയിങ്ങനെ പൊങ്ങിവരുന്നത് അതിശയത്തോടെ കുന്തിച്ചിരുന്നു നോക്കും. വത്തക്കയും കാരക്കയും മുറിച്ച് പ്ലേറ്റുകളിൽ വട്ടത്തിൽ വെക്കാൻ മുതിർന്നവർക്കൊപ്പം അവൾ കൂടും. ‘കൊയക്കുണ്ടോ?’ എന്ന് ഇടക്കിടെ വല്ലിമ്മച്ചി ചോദിക്കുമ്പോൾ ഇല്ലെന്ന വലിയ നുണ ചിരിയോടെയവളോതും.
റെഡ് ഓക്‌സൈഡ് തേച്ച തറവാട് വീടിന്‍റെ വരാന്തയിൽ നോമ്പ് തുറക്കാനായി അക്ഷമയോടെ ചമ്രംപടിഞ്ഞിരിക്കുന്ന ഒരു കുട്ടി! ‘വാ, അസർ നിസ്കരിക്കാ’ എന്ന് പറയുന്ന മൂത്താപ്പക്കൊപ്പം അനുസരണയോടെ അവൾ പോവും. ശേഷം, തൂണിൽ ചുറ്റിയാടി നേരം കണക്കാക്കും. പെട്ടെന്നാവും മേലേപ്പള്ളിയിൽനിന്ന് കതിന പൊട്ടിക്കുന്ന ശബ്ദം കേൾക്കുക.
ഠോ! ഠോ!
നോമ്പ് തീരുന്നു, അവൾ വീണ്ടും അടുക്കളയിലേക്ക് ഓടുന്നു. കാരക്കച്ചീന്ത് നൽകുന്നു വല്ലിമ്മച്ചി. ചില്ലുമൊന്തയിൽ തരിക്കഞ്ഞി നൽകുന്നു മൂത്തമ്മ. പത്തിരിയും ഇറച്ചിക്കറിയും ഊട്ടുന്നു ഉമ്മ. മതിയെന്ന് വയറു പറയുമ്പോഴും ഹൃദയം അനുസരിക്കാതിരിക്കും.
നിറഞ്ഞ കുഞ്ഞുവയറും താങ്ങിപ്പിടിച്ച് വല്ലിമ്മച്ചിയുടെ കട്ടിലിന്‍റെ ഓരത്തവൾ ചുരുണ്ടു കൂടും. ‘വാ, തറാവീഹ് നിസ്കരിക്കണ്ടേ?’ എന്ന് പറഞ്ഞ് ഉമ്മ വിളിച്ചെണീപ്പിക്കും. മൂത്താപ്പ തറാവീഹ് നമസ്കാരത്തിനായി മേലേപ്പള്ളിയിലേക്ക് പോകുന്നത് അവൾ കൊതിയോടെ നോക്കിനിൽക്കും, ‘കൂടെ പോരട്ടേ?’ എന്ന് ചോദിക്കും.
രാത്രിയിൽ, നിലാവിൽ ഗ്രാമത്തിലെ പാടവും കമുങ്ങിൻ തോപ്പുകളും വാഴത്തോപ്പുകളും എങ്ങനെയായിരിക്കുമെന്ന് കാണാനുള്ള ആഗ്രഹം അവളുടെയുള്ളിൽ ജനിക്കും. നമ്മള് ഇവിടന്നാ നിസ്കരിക്കല്- വല്ലിമ്മച്ചി അവളോട് പറയും. വിളക്കുകൾ അണച്ച്, നിലാവെട്ടം അരിച്ചെത്തുന്ന വരാന്തയിൽ പായ വിരിച്ച് നമസ്കരിക്കുന്നവരോടൊപ്പം കുഞ്ഞിത്തട്ടവുമിട്ട് അവൾ കൂടും.
മിക്ക നോമ്പുകാലത്തും പൂക്കുന്ന മുറ്റത്തെ മുല്ലവള്ളിയിൽനിന്ന് വാസനയൊഴുകും. രാവിനെ സാക്ഷിയാക്കി സ്രഷ്ടാവിനു മുന്നിൽ സുജൂദുകൾ ആവർത്തിക്കപ്പെടും, മുതിർന്നവരെ അനുകരിച്ച് കൂട്ടത്തിൽ അവളും.
എത്രയെത്ര മനുഷ്യർ, കാലങ്ങൾ!
ആ ബാലിക പിന്നീട് വളർന്നു വലുതായി. മലപ്പുറത്തെ ഒരു കൊച്ചു ഗ്രാമത്തിന്‍റെ ചുറ്റളവിൽനിന്ന് അവളുടെ ലോകം വികസിച്ചുകൊണ്ടിരുന്നു. അത്, ചൈനയെന്ന ദേശത്ത് സഡൻ ബ്രേക്കിട്ടുനിന്നു. കൂട്ടത്തിൽ അവളെന്നതിൽനിന്ന് ഞാൻ എന്ന സ്വത്വത്തിലേക്ക് മട്ടും ഭാവവും മാറി.
ഇക്കാലമത്രയും ചൈനയിൽ ജീവിച്ചുവെന്നത് ഒരു സ്വപ്നം മാത്രമാണോ എന്നെനിക്ക് ഇടക്ക് തോന്നാറുണ്ട്. ഈ ദേശത്തെത്തിയ നാൾ മുതൽ അതിശയങ്ങളുടെ ഖനികളാണ് എനിക്ക് മുന്നിലായിട്ടുണ്ടായത്. കുഴിച്ചെടുത്തിട്ടും തീരാതെ ഘടാഘടിയന്മാരായി അവയെന്‍റെ മുന്നിൽ ഇന്നും നിലകൊള്ളുന്നു. ഞാനോ, കുഴിക്കാനുള്ള ശ്രമങ്ങളിലും.
2009ൽ ചൈനയിൽ എത്തിയപ്പോൾ ആകെയൊരു പകപ്പായിരുന്നു. മാൻഡറിൻ എന്ന അറിയാഭാഷയായിരുന്നു ഒരു വില്ലൻ. തല മറച്ചുള്ള വസ്ത്രധാരണം രണ്ട്. ജീവിക്കുന്ന ഫോഷൻ നഗരത്തിൽ അന്ന് വിദേശികൾ കുറവായിരുന്നു. പ്രത്യേകിച്ചും മുസ്‍ലിംകൾ. വീണിടത്തുതന്നെ തഴച്ചുവളരാൻ പ്ലാനിട്ടു.
ചൈനക്കാരുമായി സൗഹൃദവും സ്നേഹവും പങ്കിട്ടു. മുതിർച്ചയിലെ നല്ലൊരു പങ്കും ജീവിച്ചയിടമെന്ന സോഫ്റ്റ് കോർണർ ഇന്നും ചൈനയോട് ഉള്ളിലുണ്ട്. എത്രയെത്ര മനുഷ്യർ, കാലങ്ങൾ! ചിലരെല്ലാം ജീവിതത്തെയും ഹൃദയത്തെയും ഒന്നിച്ചു തൊട്ടു. മറ്റു ചിലർ എങ്ങും തൊടാതെ ഓടിമറഞ്ഞു.
വേറെ ചിലർ എനിക്ക് കഥകളായി. ഇനിയും ചിലർ കഥയാവാനായി കാത്തിരിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ ‘ഖയാൽ’ എന്ന ഓർമപ്പുസ്തകത്തിൽ എഴുതിയതത്രയും ചൈനയിൽ കണ്ടറിഞ്ഞ മനുഷ്യരെക്കുറിച്ചാണ്. എന്നിട്ടും തീരാതെ ഇനിയും അനേകം പേർ!
ചൈനയിലെ നോമ്പുകാലം
ചൈനയിലെത്തിയ ശേഷമുണ്ടായ ആദ്യത്തെ നോമ്പുകാലം വല്ലാത്ത ആശങ്കകളുടേതായിരുന്നു. പത്തിരിയും ഇറച്ചിക്കറിയും നോമ്പ് മുപ്പതിനും സുന്നത്തെന്ന മട്ടിൽ വിചാരിച്ചിരുന്ന എനിക്ക് അരിപ്പൊടി അവിടെ കാണാനേ കിട്ടിയില്ല. അതുപോലെ തന്നെ മസാലപ്പൊടികളും. നാട്ടിൽനിന്ന് പലപ്പോഴായി വന്നവരുടെ പക്കൽ ഉമ്മ കൊടുത്തയച്ചിരുന്നവയായിരുന്നു ഇതെല്ലാം. നോമ്പിനായി ഒരുങ്ങാൻ എനിക്ക് പ്രയാസമായിരുന്നു.
നാട്ടിലേതുപോലെ, ‘നോമ്പായല്ലോ, ഇനിയെന്തെല്ലാം ഒരുക്കണം’ എന്ന് പറഞ്ഞു ആധി കേറ്റാൻ ചുറ്റും ആരുമുണ്ടായിരുന്നില്ല. ഏറ്റവും നിസ്സംഗതയോടെയാണ് ഞാൻ റമദാൻ കാലത്തെ കാത്തിരിക്കാറ്. നാട്ടിൽ മാസപ്പിറവി കണ്ട കാര്യങ്ങൾ വാട്സ്ആപ് വഴി അറിഞ്ഞാലും അതേ നിസ്സംഗത തുടരും. ഇബ്രാഹിം ഷുഫു ആണ് ഞങ്ങളുടെ പള്ളി ഇമാം. എണ്ണിയാൽ തീരുന്ന വിദേശി മുസ്‍ലിംകൾ മാത്രമുള്ളതിനാൽ മാസപ്പിറവി ദൃശ്യമായാലുടൻ അദ്ദേഹം ഞങ്ങളെ വിളിച്ചു വിവരം പറയും.
പിന്നെ റൈസ് കുക്കറിൽ ഇത്തിരി ചൈനീസ് റൈസ് ഇട്ട് ചോറ് വെക്കും. പലവിധ ചീരകളാൽ സമ്പന്നമാണ് ചൈനയിലെ പച്ചക്കറിച്ചന്ത. അതിലെ വകഭേദങ്ങളിൽ ഏതെങ്കിലുമൊന്ന് എപ്പോഴും ഫ്രിഡ്ജിൽ കാണും. അതെടുത്ത് താളിക്കും. അല്ലെങ്കിൽ ഏതെങ്കിലുമൊരു പച്ചക്കറി.
നാട്ടിൽ നിന്നെത്തി ഫ്രിഡ്ജിൽ തണുത്തിരിക്കുന്ന പപ്പടം ഉണ്ടെങ്കിൽ അതെടുത്ത് പൊരിക്കും; പൊള്ളാതെ, വെറുതെ അപ്പക്കാരത്തിന്‍റെയും ഉഴുന്നിന്‍റെയും രുചിയുള്ള പപ്പടം. കൂട്ടത്തിൽ വല്ല പയറുപ്പേരിയോ തൈരോ മറ്റോ ഉണ്ടാക്കും. തീർന്നു, അത്താഴത്തിനുള്ള ഒരുക്കങ്ങൾ!
കമ്യൂണിസ്റ്റ് ചൈനയും മതപരമായ ആഘോഷങ്ങളും
ഔദ്യോഗികമായി ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയിൽ മതപരമായ ആഘോഷങ്ങൾക്ക് വിലക്കുണ്ടോ എന്നത് പലരുമെന്നോട് ചോദിച്ചിട്ടുള്ള കാര്യമാണ്. ഇല്ലെന്നാണ് എന്‍റെ മറുപടി. രണ്ടോ അതിലധികമോ മുസ്‍ലിം-ക്രിസ്ത്യൻ പള്ളികളുണ്ട് ഫോഷനിൽതന്നെ. വലുതെന്ന് പറയാൻ വയ്യ, പക്ഷേ പ്രാർഥനകൾ നടത്താം.
ഏറ്റവും അത്ഭുതം തോന്നിയ ഒരു കാര്യം പറയാം. ഈ കഴിഞ്ഞ ക്രിസ്മസിനാണ് സംഭവം. ഒരു റസ്റ്റാറന്‍റ് അന്വേഷിച്ചിറങ്ങിയതായിരുന്നു. കോംപ്ലക്സിന് വെളിയിലൂടെ നടക്കുമ്പോൾ പെട്ടെന്നാണ് ഒരു ചർച്ച് കണ്ണിൽപെട്ടത്. ചർച്ചിനോട് ഏകദേശം 200 മീറ്റർ ദൂരത്തിൽ വലിയൊരു വൈൻ ഷോപ്! വേണ്ടവർക്ക് ലഹരിയാവാം, അല്ലാത്തവർക്ക് പ്രാർഥനയാവാം എന്ന മട്ട്.
നാട്ടിൽ ഇത്തരത്തിൽ ഉണ്ടായാൽ എങ്ങനെയിരിക്കുമെന്ന് വെറുതെ ഒന്നോർത്തു. അതിലും നല്ല കാഴ്ചയായി തോന്നിയത് പള്ളിമുറ്റത്ത് കുറുകിപ്പറക്കുന്ന സമാധാനവാഹകരായ പ്രാവുകളാണ്. അകത്തേക്ക് കയറി. കുറച്ചു ചൈനക്കാർ അവിടെ നിൽക്കുന്നത് കണ്ടു. അന്യമതക്കാരിയെന്നു എളുപ്പം അറിയാവുന്ന നിലക്കുള്ള വേഷക്കാരിയായിട്ടും അവർ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. കുറച്ചു നേരം ഉള്ളിലെ കാഴ്ചകൾ കണ്ടു, ഞാനിറങ്ങി.
ക്രിസ്മസ്, ഈദ് തുടങ്ങിയ മതസംബന്ധിയായ പ്രത്യേക ദിനങ്ങളിലൊന്നും ചൈനയിൽ അവധിയില്ല. എങ്കിലും ക്രിസ്മസ്, ഈസ്റ്റർ, ഹാലോവീൻ പോലുള്ള സകല വൈദേശിക ആഘോഷങ്ങളോടും ചൈനക്കാർക്ക് പ്രിയമാണ്. ഓരോ ആഘോഷങ്ങൾക്കും പിന്നിലുള്ള കഥയോ കാര്യമോ ഒന്നും അവർ അന്വേഷിക്കാറില്ല, എന്നുമെന്നും ഉല്ലാസത്തോടെയിരിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുക എന്നതാണ് ചൈനീസ് തിയറി.
കാലം നീങ്ങവേ മുസ്‌ലിം വിദേശികൾ ഫോഷനിൽ ഏറാൻ തുടങ്ങി. ദിനയും അമീറയും അത്തരത്തിൽ എനിക്ക് ലഭിച്ച സുഹൃത്തുക്കളാണ്. പാർക്കുകളിലോ, വെള്ളിയാഴ്ച നേരങ്ങളിലെ ജുമുഅ സമയത്തോ ഒക്കെ നിരന്തരം കണ്ടാണ് ഞങ്ങൾക്കിടയിൽ പരിചയം വളർന്നത്.
ദിന ലബനാൻകാരിയാണ്. ഏറ്റവും മോഡേൺ ആയിട്ട് മാത്രം വേഷമണിയുന്നവൾ. അമീറ ഫലസ്തീൻകാരിയായിരുന്നു. പലായനം രക്തത്തിലലിഞ്ഞിട്ടുള്ള ഒരുവൾ. സൗദി അറേബ്യയിലാണ് അമീറയുടെയും ഭർത്താവ് മുഹമ്മദിന്‍റെയും കുടുംബം. ഇടക്കിടെ പോവും, വിസ പുതുക്കാനായി.
ദിനയുടേതിൽനിന്ന് തികച്ചും വിപരീതമായിരുന്നു അമീറയുടെ വേഷം. ഒരൊറ്റ മുടിനാരു പോലും കാണിക്കാത്ത തട്ടവും ശരീരം പൊതിയുന്ന പർദയും പതിവാക്കിയവൾ. ഇവർക്ക് രണ്ടിനും ഇടയിൽ, ആധുനികമോ അല്ലാത്തതോ ആയ ഒരു വേഷവിധാനവുമായി ഞാനും!
എന്‍റെ മകനും അമീറയുടെ മകൻ ഹസനും ഒരേ സ്‌കൂളിലായിരുന്നു. പ്രാർഥനാസമയങ്ങളിൽ നമസ്കരിക്കാനുള്ള സൗകര്യം അവർക്കായി ഞങ്ങൾ ചോദിച്ചുവാങ്ങിയിരുന്നു. മടിയേതുമില്ലാതെ സ്‌കൂൾ അധികൃതർ അനുവദിക്കുകയും ചെയ്തു. കുട്ടികൾക്കായി പ്രാതലോ ഉച്ചഭക്ഷണമോ സ്‌കൂളിലേക്ക് അയക്കേണ്ട ബാധ്യത ഞങ്ങൾക്കില്ലായിരുന്നു. എല്ലാം അവർ നൽകും. ഹലാൽ ഭക്ഷണം മാത്രമേ പാടുള്ളൂ എന്നറിഞ്ഞപ്പോൾ അവർ അതിനുള്ള സൗകര്യവും ഒരുക്കിത്തന്നു.
സ്‌കൂളിൽ ഇറച്ചി വിഭവങ്ങളുള്ള ദിവസങ്ങളിൽ മകനും ഹസനും മീനോ മുട്ടയോ ഉൾപ്പെടുത്തിയുള്ള ഫുഡ് അവരൊരുക്കി. റമദാനിൽ നോമ്പെടുത്തായിരുന്നു ഇവർ രണ്ടുപേരും സ്കൂളിലേക്ക് പോയിരുന്നത്. ആരും ഒരു പരാതിയും ഉയർത്തിയില്ല. ഞാൻ മനസ്സിലാക്കിയിടത്തോളം തങ്ങളുടെ പൗരന്മാരിൽ മതമെത്രമാത്രം സ്വാധീനം ചെലുത്തണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് ചൈനീസ് ഭരണകൂടത്തിന്. പക്ഷേ, മതപ്രചാരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ലാതെ ഏതൊരു വിദേശിക്കും സ്വന്തം മതത്തെ ഏറ്റവും മനോഹരമായി ചൈനയിൽ നിലനിർത്തിപ്പോവാനുമാവും.
നി സ് ബു ശ് യി സ് ലാൻ ജിയൗ ദ?
ഒരിക്കൽ മകനൊപ്പം സ്‌കൂളിലേക്ക് പോയി. വീചാറ്റ് എന്ന ആപ് വഴിയാണ് സകല സ്കൂൾ ചർച്ചകളുമെങ്കിലും, ചൈനീസ് പാഠം പഠിപ്പിക്കുന്ന അധ്യാപകനുമായി അന്ന് ഒരു കൂടിക്കാഴ്ച പ്രത്യേകം ഉണ്ടായിരുന്നു. സാധാരണയായി മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാത്തവരാണ് ഏറിയ പങ്ക് ചൈനക്കാരും. പക്ഷേ, ആ അധ്യാപകൻ എന്നോട് മുസ്‍ലിം ആണോ എന്ന് ചോദിക്കുകയുണ്ടായി.
അതെ എന്നറിഞ്ഞതും, ഖുർആനിലെ ഒരു അധ്യായമായ ‘സൂറത്തുൽ ഇഖ്‌ലാസ്’ അസ്സലായി പാരായണം ചെയ്തു തന്ന് എന്നെ ഞെട്ടിച്ചു. ശേഷം, പ്രവാചകന്മാരായ മൂസാനബിയുടെയും യൂനുസ് നബിയുടെയും ചരിത്രം വിശദീകരിച്ചുതരുമ്പോൾ അദ്ദേഹത്തിലുണ്ടായിരുന്നു അളവറ്റ സന്തോഷം.
ഞാൻ മടിച്ചുമടിച്ചാണ് ‘നി സ് ബു ശ് യി സ് ലാൻ ജിയൗ ദ? (താങ്കൾ മുസ്‍ലിമാണോ?) എന്ന് അന്വേഷിച്ചത്. അല്ല, ബുദ്ധമതവിശ്വാസിയാണ് എന്ന മറുപടി ചിരിയോടെ ലഭിച്ചപ്പോൾ, അപര മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പഠനത്തെ അന്ന് ആവോളം പ്രശംസിച്ചു. നാട്ടിലെ പോലുള്ള സൗകര്യങ്ങൾ അടങ്ങിയ പള്ളികൾ ഫോഷനിലില്ല. ബാങ്ക് വിളികൾ കേൾക്കില്ല. ഇമാം നൽകുന്ന നമസ്കാര സമയത്തിന്‍റെ ചാർട്ട് നോക്കിയാണ് നോമ്പെടുക്കലും മുറിക്കലും.
ഫ്രഷ് നൂഡിൽസും ജീരകമിട്ട് പൊരിച്ച ബീഫും
ഷിൻജിയാങ് എന്ന പ്രവിശ്യയിൽനിന്ന് ജോലിയാവശ്യങ്ങൾക്കായി എത്തിയ ഉയിഗൂർ മുസ്‍ലിംകളാണ് ഫോഷനിലെ പ്രധാന മുസ്‍ലിംകൾ. മിക്കവരും ഭക്ഷണശാലകൾ നടത്തിയാണ് ജീവിതം നയിക്കുന്നത്. ഹലാൽ ഭക്ഷണം തേടിയുള്ള ഞങ്ങളുടെ അന്വേഷണങ്ങൾ അവസാനിക്കാറത്രയും അവരുടെ ചെറിയ കടകൾക്ക് മുന്നിലാണ്.
പച്ച അറബിയക്ഷരത്തിൽ ബോർഡിൽ ഹലാൽ എന്നെഴുതിക്കാണും. ‘ഹലാൽ’ എന്ന് എഴുതിയതിന്‍റെ വലുപ്പം കുറക്കാൻ പോവുകയാണ് ചൈനീസ് ഭരണകൂടം എന്നൊരു തെറ്റായ വാർത്ത കോവിഡ് കാലത്ത് പ്രചരിക്കപ്പെട്ടിരുന്നു. പക്ഷേ, ഒന്നിലും ഏതിലും ഒരു മാറ്റവും വന്നിട്ടില്ല ഇവിടെ. കഴിഞ്ഞ റമദാനിലെ ആദ്യത്തെ നോമ്പുതുറന്നത് അത്തരത്തിലുള്ള ഒരു റസ്റ്റാറന്‍റിൽ വെച്ചാണ്. ‘അസ്സലാമു അലൈകും’ എന്ന് അഭിവാദനം ചെയ്തുകൊണ്ട് അവർ ഭക്ഷണശാലയിലേക്ക് ഞങ്ങളെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. രുചികരമായ ഭക്ഷണം നൽകി.
സാധാരണഗതിയിൽ കുടുംബം മൊത്തമുണ്ടാവും കട നടത്തിപ്പിനായി. മുകൾനിലയിൽ താമസം, താഴെ കച്ചവടം- ഇതാണ് രീതി. മക്കനയിട്ട കുഞ്ഞു പെൺകുട്ടികൾ, ജീൻസിനും ടോപ്പിനുമൊപ്പം മുടി പൊക്കിക്കെട്ടി ഒരിഴ മുടിപോലും വെളിയിൽ കാണാത്തരീതിയിൽ അത്യാധുനിക ഫാഷനിൽ തട്ടം ചുറ്റിയ യുവതികൾ, വെള്ളത്തൊപ്പിയിട്ട പുരുഷന്മാർ; ഇതാണ് പതിവുകാഴ്ച.
ഇടക്ക് നമസ്കാര സമയമായാൽ ഓട്ടുകിണ്ടിയിൽ വെള്ളവുമായി കടയുടെ ഉമ്മറത്തിരുന്ന് അംഗശുദ്ധി വരുത്തുന്ന വയോധികയുമുണ്ടായിരുന്നു അവരിലൊരാളായി. കടക്കുള്ളിൽ, ‘അല്ലാഹു, മുഹമ്മദ്’ എന്നിങ്ങനെ അറബിയിലെഴുതിയ ചിത്രങ്ങൾ സാധാരണം. ഫ്രഷായി ഉണ്ടാക്കുന്ന നൂഡിൽസിനും ജീരകമിട്ട് പൊരിച്ച ബീഫിനും നല്ല ഡിമാൻഡാണ്. മുസ്‍ലിംകളല്ലാത്ത കസ്റ്റമേഴ്‌സാണ് അധികവും.
രണ്ട് മുറിയുള്ള ല്ചോങിലെ പള്ളി
ചെറിയ ഒന്നോ രണ്ടോ മുറികൾ ചേർന്നതാണ് ഞങ്ങൾ പോവുന്ന ല്ചോങിലെ മുസ്‍ലിം പള്ളി. മിമ്പറും വൃത്തിയിൽ വിരിച്ചിട്ട മുസ്വല്ലകളും ഖുർആനും കാണും. നാൽപതാളുകൾ കൂടിയാൽ ജുമുഅ നമസ്കാരം നടത്താൻ സൗകര്യമുള്ളവ. പ്രാർഥനക്ക് സമയമായെന്ന് അറിയിക്കാൻ ഉച്ചത്തിലല്ലാതെ ബാങ്ക് വിളിക്കും. ഉടൻ സംഘടിതമായി നമസ്കാരം നടത്തും.
പ്രാർഥനകളും ഖുതുബയും (വെള്ളിയാഴ്ച പ്രഭാഷണം) ചൈനീസിലും അറബിയിലുമാണ്. മംഗോളിയൻ സ്ലാങ്ങോടു കൂടിയ മാൻഡറിനായതിനാൽ മനസ്സിലാക്കൽ പ്രയാസം. മിക്കപ്പോഴും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഇമാം (നമസ്കാരത്തിന് നേതൃത്വം നൽകുന്ന വ്യക്തി) മാത്രമേ പ്രാർഥനക്കായി കാണൂ. അതുകഴിഞ്ഞ് പള്ളിയും പൂട്ടി ആളിറങ്ങും. പിന്നെ അടുത്ത ബാങ്കുവിളിക്കായി മാത്രമേ മിക്കവാറും പള്ളി തുറക്കൂ.
സ്ത്രീകൾക്ക് പള്ളിയിലേക്ക് പ്രവേശനം നിഷിദ്ധമല്ല. ല്ചോങിലെ പള്ളിയിൽ പക്ഷേ, അത്രക്ക് സൗകര്യമില്ല. മതപഠനത്തിനായി മദ്റസ പോലുള്ള സൗകര്യങ്ങൾ ഫോഷനിൽ ഇല്ലാത്തതിനാൽ ഇമാമിന്‍റെ ഭാര്യ ഫാത്തിമ പള്ളിക്കകത്തുവെച്ച് കുട്ടികളെ ഓത്തു പഠിപ്പിച്ചിരുന്നു; നോമ്പുകാലത്തും അല്ലാത്തപ്പോഴും.
വട്ടത്തൊപ്പിയിട്ട ചൈനക്കാർ
റമദാനിൽ മഗ്‌രിബ് ആവുമ്പോഴേക്കും പള്ളി നിറയും. തലയിൽ വട്ടത്തൊപ്പിയിടാത്ത ഒറ്റ ചൈനക്കാരെയും പള്ളിയിൽ കാണില്ല. എണ്ണത്തിൽ കുറവെങ്കിലും സ്ത്രീകളുമുണ്ടാവും. പർദ ധരിക്കുന്ന പതിവില്ല. പക്ഷേ, ഇസ്‍ലാമിക വിധിയനുസരിച്ചുള്ള വേഷമായിരിക്കും.
തുർക്കികളും ലബനീസും സൗദികളും നടത്തുന്ന തൊട്ടടുത്തുള്ള റസ്റ്റാറന്‍റുകളിൽനിന്നും നൽകുന്ന നോമ്പുതുറ വിഭവങ്ങൾ പള്ളിക്കകത്ത് നിരത്തിവെച്ചിട്ടുണ്ടാവും; കാരക്ക, തണ്ണിമത്തൻ, സമൂസ, കബാബ്, ജ്യൂസ് എന്നിവ. സ്ത്രീകളുടെ ഭാഗത്ത് ഫാത്തിമ വിഭവങ്ങൾ നിരത്തും. നീളത്തിൽ ചമ്രംപടിഞ്ഞിരുന്ന് എല്ലാവരും നോമ്പുതുറക്കും.
മഗ്‌രിബ് നമസ്‌കാരശേഷം ഈ കടയുടമകൾതന്നെ നൽകുന്ന ഹലീമോ കബ്സയോ മന്തിയോ വലിയ കഷണം മട്ടന്‍റെ കൂടെ പൊതിഞ്ഞ് പള്ളിയിലുള്ളത്രയും ആൾക്കാർക്ക് നൽകും. വിശപ്പ് ശമിക്കാത്തവർക്ക് അവരുടെ റസ്റ്റാറന്‍റുകളിൽ പോയാൽ ആവശ്യാനുസരണം ഭക്ഷണം സൗജന്യമായി കഴിക്കാനുമാവും. ആർക്കും തികയാതെ വരില്ല.
അറബികൾ ചൈനക്കാരെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മാസമാണ് റമദാൻ എന്നു തോന്നിയിട്ടുണ്ട്. ഇടക്കെല്ലാം വീട്ടിലുണ്ടാക്കുന്ന തരിക്കഞ്ഞിയും കട്ട്ലറ്റും ഫ്രൂട്ട്സുമായി പള്ളിയിലുണ്ടാവുന്ന ചൈനക്കാരെ നോമ്പ് തുറപ്പിക്കാനുള്ള അവസരങ്ങളും എനിക്ക് ഒത്തുവന്നിട്ടുണ്ട്.
അതും കഴിഞ്ഞ് അൽപനേരം വിശ്രമിച്ചാണ് തറാവീഹ് നമസ്കാരത്തിന് ഒരുങ്ങുക. നമ്മുടെ നാട്ടിലെ പോലെയല്ല, ചെറിയ സൂറത്തുകളാണ് (ഖുർആനിലെ അധ്യായങ്ങൾ) ഇമാം ഓതാറുള്ളത്. വളരെ വേഗം നമസ്കാരം കഴിയും. ഇത്രസമയംകൊണ്ട് നമസ്കാരം തീർക്കണമെന്നോ പള്ളിയടക്കണമെന്നോ പ്രത്യേക നിയമമൊന്നുമില്ല ഇവിടെ. മനസ്സമാധാനത്തോടെയാണ് ഇവരുടെ ആരാധന. ദൈർഘ്യം കുറവെന്നത് മലയാളികളെ പക്ഷേ, അസ്വസ്ഥപ്പെടുത്താറുണ്ട്.
അത്താഴം വരെ കഥപറഞ്ഞ്...
ചില നോമ്പുതുറകൾക്ക് ഞങ്ങൾ സുഹൃത്തുക്കൾ ഒന്നിക്കും. നൈസ് പത്തിരിക്കും നൂലപ്പത്തിനും ചിക്കൻ കറിക്കും പകരമായി കുബ്ബൂസും മയമുള്ള റൊട്ടിയും മട്ടൻ കബാബും മന്തിയും തയാറാക്കും അമീറ. ഇറ്റാലിയൻ വിഭവങ്ങളാണ് ദിനക്ക് താൽപര്യം. നോമ്പ് തുറന്നിട്ട്, തൊട്ടടുത്ത പാർക്കിലൂടെ അൽപനേരം പാതിരാനടത്തം.
ശേഷം, പുതിനയിട്ട് തിളപ്പിച്ച സുലൈമാനിയും കുടിച്ച് നേരം പുലരുവോളം സംസാരിച്ചിരിക്കും. ഇടക്ക് പ്രാർഥനകളും കഥപറച്ചിലും. അടുത്ത നോമ്പിനുള്ള അത്താഴനേരമാവുമ്പോൾ പിരിയും.
ഹുയിഷെങ് പള്ളിയിൽ പ്രാർഥിക്കുന്ന വിശ്വാസികൾ
ഹുയിഷെങ് പള്ളി
വെള്ളിയാഴ്ച രാവുകളിൽ പ്രാർഥനകൾക്കായി ഞങ്ങൾ ഗ്വോങ്ചൗ പട്ടണത്തിലേക്ക് പോവും. 40 കിലോമീറ്ററിലേറെ ദൂരമുണ്ട് ഫോഷനിൽനിന്ന്. നോമ്പ് തുറക്കാൻ ഗ്വോങ്ചൗവിലേക്ക് എത്തണം എന്ന നിലക്കാണ് ഇറങ്ങുക. 14 നൂറ്റാണ്ടോളം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പുരാതനമായ പള്ളികളിൽ ഒന്നായ ഹുയിഷെങ് മോസ്‌ക് അവിടെയാണ്.
പ്രവാചകനാൽ സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ട പത്ത് സ്വഹാബിമാരിൽ ഒരാളായ സഅദ് ഇബ്‌നു അബീ വഖാസാണ് ഈ പള്ളിയുടെ സ്ഥാപകൻ എന്ന് കരുതപ്പെടുന്നു. പട്ടണത്തിന്‍റെ തിരക്കുകളെയത്രയും മറന്നുപോവാൻ സഹായിക്കുന്ന, നിറയെ മരങ്ങളുള്ള അതിവിശാലമായ കോമ്പൗണ്ടിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ശരിക്കും വല്ലാത്തൊരു അനുഭൂതി ലഭിക്കുന്ന സ്ഥലം. മാറിയിരുന്ന് വിശ്രമിക്കാൻ ധാരാളം ഇരിപ്പിടങ്ങളുമുണ്ട്. പച്ചപ്പിനിടയിൽ വിസ്‌തൃതമായ ഖബർസ്ഥാനുണ്ട്.
ഏതോ ദിവ്യന്‍റെ ഉയർത്തിക്കെട്ടിയ ഖബറിന് ചുറ്റും നിന്ന് ആൾക്കാർ ഖുർആൻ പാരായണം ചെയ്യുന്ന ദൃശ്യങ്ങൾ പലവുരു കണ്ടിട്ടുണ്ട്. ഒരിക്കൽ ഒന്ന് കയറിയിറങ്ങുകയും ചെയ്തു. ഈ ഖബർ സഅദ് ഇബ്‌നു അബീവഖാസിന്‍റേതാണെന്ന് പറയപ്പെടുന്നുവെങ്കിലും അക്കാര്യത്തിൽ അത്രത്തോളം ആധികാരികതയില്ല. പക്ഷേ, ഇസ്‍ലാം പ്രചരിപ്പിക്കാനായി എത്തിയ ഏതോ പ്രബോധകന്‍റേതാകും എന്നത് തീർച്ചയാണ്.
പ്രാർഥനയുടെ ഭാഷ, അഥവാ ആത്മാർപ്പണത്തിന്‍റെ സ്വന്തം ഭാഷ
സാധാരണ വെള്ളിയാഴ്ചകളിൽതന്നെ നല്ല തിരക്കുള്ള ഈ പള്ളിയിൽ റമദാനായാൽ ജുമുഅ നമസ്കാരത്തിനും തറാവീഹ് നമസ്കാരത്തിനും ആൾക്കൂട്ടത്തിന്‍റെ ബഹളമാവും. അനവധി നോമ്പുതുറവിഭവങ്ങൾ അവിടെയും പല സന്നദ്ധ സംഘടനകൾ ഒരുക്കിക്കാണും. എങ്കിലും, പുറത്തുള്ള ഏതെങ്കിലും റസ്റ്റാറന്റിൽനിന്ന് നോമ്പുതുറന്ന ശേഷമാണ് രാത്രി നമസ്കാരം ലക്ഷ്യമാക്കി ഞങ്ങൾ പള്ളിക്ക് അകത്തേക്കു പ്രവേശിക്കുക.
അറബി പരിജ്ഞാനമുള്ള ആളായിരിക്കും ഇമാം. പ്രാർഥനകളെല്ലാം അറബിയിൽ. എണ്ണിയാലൊടുങ്ങാത്തത്രയും സ്വദേശി-വിദേശി മുസ്‍ലിംകളുടെ തിരക്കാവും അകത്തും പുറത്ത് തെരുവിലും. തറാവീഹ് നമസ്‌കാരത്തിനായി ഹുയിഷെങ് മോസ്കിലേക്ക് പോവുകയെന്നാൽ നാനാജാതി രാഷ്ട്രങ്ങളിലെ മുസ്‍ലിംകളെ കണ്ടുമുട്ടുക എന്നുകൂടിയാണ് അർഥം.
ഉയരമുള്ള കാപ്പിരിപ്പെണ്ണുങ്ങളുടെയും മൊഞ്ചുള്ള യമനികളുടെയും ഇംഗ്ലീഷുകാരികളുടെയും തോളോട് തോൾ ചേർന്നുനിന്ന് എത്രയെത്ര രാത്രി നമസ്കാരങ്ങൾ! ഓരോരുത്തരുടെയും പ്രാർഥനകളിലെ നേരിയ വ്യത്യാസം കണ്ടെത്താൻ മനഃപൂർവം ഞാൻ ശ്രമിക്കും. പക്ഷേ, തിരിച്ചറിഞ്ഞ ഒരുകാര്യമുണ്ട്; പ്രാർഥനകൾക്ക് ഏത് ദേശത്തും ഒരേ ഭാഷയാണ്, ആത്മാർപ്പണത്തിന്‍റെ സ്വന്തം ഭാഷ! വിവിധ ഭാഷകളിൽ ഒരൊറ്റ ദൈവത്തിലേക്ക് അനേകമായിരം പ്രാർഥനകളും തേട്ടങ്ങളും ഉയർത്തപ്പെടുന്ന നേരം! റമദാനിൽ ഞാനേറ്റവും ഉൾപ്പുളകം കൊള്ളുന്ന നിമിഷങ്ങളിൽ ഒന്നാണത്.
പുതിയൊരു നോമ്പുകാലത്തെയും പ്രതീക്ഷിച്ച്
കോവിഡിന് ശേഷം ദിനയെയും അമീറയെയും കണ്ടിട്ടില്ല. അവരിതുവരെ ചൈനയിലേക്ക് മടങ്ങി വന്നിട്ടില്ല. ദിനയുമായി വാട്സ്ആപ്പിൽ സംസാരിക്കുമ്പോഴെല്ലാം ലബനാനിലെ ദുരിത തുല്യമായ ജീവിതത്തെക്കുറിച്ച് അവൾ പറയും. ആഡംബര കാറുമോടിച്ച് ഫോഷൻ തെരുവുകളിലൂടെ ജീവിതത്തെ ആഘോഷമാക്കിക്കഴിഞ്ഞവളുടെ ഇന്നത്തെ ഗതിയോർത്ത് സഹതപിക്കാനല്ലാതെ എനിക്ക് മറ്റെന്തിനാവും.
അമീറ എവിടെയെന്ന് ഒരറിവുമില്ല. പൂർണമായും എല്ലാ ബന്ധവുമൊഴിഞ്ഞു. ഏതെങ്കിലും നല്ലൊരു രാജ്യത്ത് അഭയാർഥിയായി കഴിയുന്നുണ്ടാവും എന്നോർത്ത് സമാധാനിക്കുന്നു. നിന്ന നിൽപ്പിൽ ജീവിതം ആകെ മാറിയേക്കാം എന്ന വലിയൊരു പാഠമാണല്ലോ കോവിഡ് സമ്മാനിച്ചത്. നാളെയെന്തെന്നോ ആരെന്നോ നിശ്ചയമില്ലാതെ, പുതിയൊരു നോമ്പുകാലത്തെയും പ്രതീക്ഷിച്ച് ഇതാ ഞാൻ ഇവിടെ...
(ലേഖിക ചൈനയിലെ ഫോഷനിലാണ് താമസം)