Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_right17ാം വയസ്സിൽ വിവാഹിത,...

17ാം വയസ്സിൽ വിവാഹിത, റിട്ട. സർക്കാർ ഉദ്യോഗസ്ഥ, കാൽ നൂറ്റാണ്ടായി എഴുത്തിലും വരയിലും സാമൂഹികസേവന രംഗത്തും സജീവം; ഇത് രമണിക്കുട്ടി എന്ന 80കാരിയുടെ രമണീയ ജീവിതം

text_fields
bookmark_border
17ാം വയസ്സിൽ വിവാഹിത, റിട്ട. സർക്കാർ ഉദ്യോഗസ്ഥ, കാൽ നൂറ്റാണ്ടായി എഴുത്തിലും വരയിലും സാമൂഹികസേവന രംഗത്തും സജീവം; ഇത് രമണിക്കുട്ടി എന്ന 80കാരിയുടെ രമണീയ ജീവിതം
cancel
camera_alt

രമണിക്കുട്ടി

രമണിക്കുട്ടിക്ക് ജീവിതമിപ്പോൾ വരയുടെയും എഴുത്തിന്‍റെയും കാലമാണ്. വരയാണോ എഴുത്താണോ ഏറ്റവും പ്രിയപ്പെട്ടത് എന്നുചോദിച്ചാൽ രമണിക്കുട്ടി പറയും, രണ്ടു കണ്ണുകളിൽ എതാണോ കൂടുതലിഷ്ടം എന്ന ചോദ്യംപോലെയാണ് അതെന്ന്.

പ്രായമായാൽ ഒന്നിനും കഴിയില്ലെന്ന് പറഞ്ഞ് അലസമായി വിശ്രമ ജീവിതം നയിക്കുന്നവർക്കിടയിൽ വ്യത്യസ്തയാണ് ഇവർ.

80ാം വയസ്സിലും തന്‍റെ സർഗാത്മകതയെ പരിപോഷിപ്പിക്കുകയാണ് കൊല്ലം ചാത്തന്നൂർ തിരുമുക്ക് സ്വദേശി രമണിക്കുട്ടി. ബാല്യകാലത്തിൽ ആഗ്രഹിച്ചതെല്ലാം വിശ്രമ ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ്.

രമണിക്കുട്ടി ചിത്രരചനയിൽ

എഴുത്തുപുരയിലൊളിപ്പിച്ച അത്ഭുതങ്ങൾ

വീടിന് സമീപം നിർമിച്ച രമണിക്കുട്ടിയുടെ എഴുത്തുപുരയിലേക്ക് കയറിച്ചെല്ലുമ്പോൾ ഏതൊരാളും ഒന്ന് അമ്പരക്കും. വീടിനകത്ത് പ്രവേശിക്കണമെങ്കിൽ രമണിക്കുട്ടി വരച്ച ചിത്രങ്ങൾ വകഞ്ഞുമാറ്റണം. യാഥാസ്ഥിതിക കുടുംബമായതിനാൽ ചെറുപ്പത്തിൽ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ കാരണം നേടാൻ കഴിയാത്ത ആഗ്രഹങ്ങളാണ് റിട്ടയർമെന്‍റിന് ശേഷം അവർ എത്തിപ്പിടിക്കുന്നത്.

2000ത്തിൽ വിദ്യാഭ്യാസ വകുപ്പിൽ പൂജപ്പുര എസ്.സി.ഇ.ആർ.ടിയിൽനിന്ന് അക്കൗണ്ട്സ് ഓഫിസറായി റിട്ടയർ ചെയ്തശേഷം കഴിഞ്ഞ കാൽ നൂറ്റാണ്ടായി എഴുത്തിലും വരയിലും പഠനത്തിലും സാമൂഹികസേവന രംഗത്തും മാതൃഭാഷക്ക് വേണ്ടിയുള്ള പോരാട്ടത്തിലും സജീവമാണ്.

പത്താം വയസ്സിൽതന്നെ തനിക്ക് പഠനത്തിൽ എവിടെയെത്തണമെന്ന നിശ്ചയദാർഢ്യമുണ്ടായിരുന്നെങ്കിലും വിധി മറ്റൊന്നായിരുന്നു. തന്‍റെ താഴെ നാലു പെൺകുട്ടികൾ വളർന്നുവരുന്ന കാരണത്താൽ വീട്ടുകാരുടെ നിർബന്ധത്തിനുവഴങ്ങി 17ാം വയസ്സിൽ വിവാഹിതയാവുകയായിരുന്നു.

രമണിക്കുട്ടി വരച്ച ചിത്രം

കലയിലേക്കുള്ള കാൽവെപ്പ്

ചെറുപ്പം മുതൽ ചിത്രംവര ജീവനായിരുന്നു. ചിറ്റപ്പൻ സിംഗപ്പൂരിൽനിന്ന് വന്നപ്പോൾ ചായപ്പെൻസിലും ചായങ്ങളും കൊണ്ടുവന്നുനൽകിയിരുന്നു. എന്നാൽ, അവ കണ്ടും വരച്ചും ആഗ്രഹമവസാനിക്കുംമുമ്പേ വിവാഹം ഉറപ്പിച്ചു. കല്യാണത്തിന് പന്തലിടാൻ വന്ന ചെറുപ്പക്കാരന് ചായപ്പെട്ടിയും ചായപ്പെൻസിലുകളും നൽകി ആഗ്രഹങ്ങൾ ജീവിതവഴിയിലുപേക്ഷിക്കുകയായിരുന്നു അവർ.

എന്നാൽ, റിട്ടയർമെന്‍റിന് ശേഷം ചായങ്ങളുടെയും നിറങ്ങളുടെയും ലോകത്തേക്ക് വീണ്ടും ഇറങ്ങുകയായിരുന്നു രമണിക്കുട്ടി. ഇതിനിടയിൽ വരച്ചുകൂട്ടിയ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ നിരവധിയാണ്. ഇതിനകം രണ്ടായിരത്തേളം ചിത്രങ്ങൾ വരച്ചു.

രവിവർമ ശൈലിയിൽ വരച്ച കാൻവാസ് ചിത്രങ്ങളാണ് പ്രത്യേക ആകർഷണം. പ്രത്യേക പ്രമേയങ്ങൾ ഒന്നുമില്ലെങ്കിലും കാണുന്നവരുടെ കണ്ണിന് വിസ്‌മയംതന്നെയാണ് ഈ ചിത്രങ്ങളൊക്കെയും. വരക്കാൻ ഏറെയിഷ്ടം പ്രകൃതിയുടെ ചിത്രമാണ്. കൊല്ലത്തിന്‍റെ അടയാളമായ കശുവണ്ടിയും തെയ്യവും കഥകളിയും പ്രകൃതിസൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും മനോഹരമായാണ് എണ്ണച്ചായത്തിലും അക്രിലിക് പെയിന്‍റിലുമായി തയാറാക്കിയിരിക്കുന്നത്.

രമണിക്കുട്ടി വരച്ച ചിത്രം

എഴുത്തിനോടുള്ള അഭിനിവേശം

എം.ടി. വാസുദേവൻ നായരെ കണ്ടുമുട്ടിയ അനുഭവമാണ് രമണിക്കുട്ടിക്ക് എഴുത്തിലേക്ക് കടന്നുവരാൻ പ്രചോദനമായത്. എഴുതിയ പ്രതികൾ എല്ലാം ആദ്യം എം.ടിക്ക് അയക്കുക പതിവായിരുന്നു.

വീടിനോട് ചേർന്ന എഴുത്തുപുരയിലാണ് കൂടുതൽ സമയവും രമണിക്കുട്ടി ചെലവഴിക്കുന്നത്. രാത്രി വൈകുംവരെ എഴുത്തും വരയുമായി അവിടെയുണ്ടാകും. നോവലുകൾ, ചെറുകഥകൾ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ എന്നിവയാണ് കൂടുതലായും എഴുതുക. ഇതുവരെ 15 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ‘വൈദേഹി പറഞ്ഞത്’ എന്ന നോവലാണ് ഏറ്റവുമൊടുവിൽ പൂർത്തീകരിച്ചത്.

എഴുത്തിനും വരക്കുമൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്താറുണ്ട്. കിടപ്പുരോഗികളുടെ വീടുകളിൽ പോയി കണ്ട് ആശ്വാസം പകരുക എന്നത് നിശ്ശബ്ദ സേവനമായി തുടരുകയാണ്. കിട്ടുന്ന പെൻഷന്‍റെ ഒരു വിഹിതം രോഗികൾക്കായി മാറ്റിവെക്കാറുണ്ട്.

ഒഴിവു സമയങ്ങളിലെ മറ്റൊരു വിനോദമാണ് യാത്രകൾ. ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളും 15 രാജ്യങ്ങളും രമണിക്കുട്ടി സന്ദർശിച്ചുകഴിഞ്ഞു. അവസാനമായി യൂറോപ്യൻ രാജ്യങ്ങളിലേക്കായിരുന്നു യാത്ര. രണ്ടു യാത്രാവിവരണങ്ങൾ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിരമിച്ച അതേ മാസത്തിലാണ് ആദ്യ നോവൽ മഹിളാരത്നം മാസികയിൽ അച്ചടിച്ചുവന്നതെന്നും അത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമായിരുന്നെന്നും രമണിക്കുട്ടി ഓർക്കുന്നു.

രമണിക്കുട്ടി വരച്ച ചിത്രങ്ങൾ

പഠനവും ജോലിയും

‘‘ഇത്തിക്കരയാറിന്‍റെ കരക്ക് ആമ്പലഴികം എന്ന സ്ഥലത്തായിരുന്നു വീട്. 1963ൽ 17ാം വയസ്സിൽ പ്രീ യൂനിവേഴ്സിറ്റി പരീക്ഷ വിജയശേഷം അടൂർ ഗോപാലകൃഷ്ണന്‍റെ പിതാവ് ഉണ്ണിത്താൻ സാറിന്‍റെ ഇംഗ്ലീഷ് വെക്കേഷൻ ക്ലാസിൽ പോയിക്കൊണ്ടിരിക്കുമ്പോഴാണ് വിവാഹം ഉറപ്പിക്കുന്നത്. അതോടെ ക്ലാസിനുപോകാൻ സാധിക്കാതായി.

ആരോ പറഞ്ഞറിഞ്ഞ് വിവാഹത്തിന് തലേന്നാണ് ഉണ്ണിത്താൻ സാർ ഒരു സമ്മാനപ്പൊതിയുമായി വീട്ടിലെത്തിയത്. അന്ന് തന്‍റെ ചെവിയിൽ ‘പഠനം അവസാനിപ്പിക്കരുത്, തുടരണം’ എന്ന് സാർ പറഞ്ഞത് ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്’’ -രമണിക്കുട്ടി ഓർക്കുന്നു.

വിവാഹശേഷം ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്തങ്ങളിലേക്ക് കടന്നതോടെ ആഗ്രഹങ്ങളും പഠനവുമെല്ലാം പാതിവഴിയിലുപേക്ഷിക്കേണ്ടിവന്നു. തുടർന്ന് 1967ൽ 22ാം വയസ്സിൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. ഇതോടെയാണ് തുടർപഠനത്തിന് അവസരം ലഭിക്കുന്നത്. 68ൽ കേരള സർവകലാശാലയിൽനിന്ന് യൂനിവേഴ്സിറ്റി കോളജിലെ ഈവനിങ് ബാച്ചിൽ ചേർന്ന് ബി.എ ഫിലോസഫി പൂർത്തിയാക്കി.

പഠിച്ചു മുന്നേറണമെന്ന കുട്ടിക്കാല ആഗ്രഹം സഫലീകരിക്കുകയാണ് ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർഥി കൂടിയായ രമണിക്കുട്ടി. ‘‘രണ്ടാം സെമസ്റ്ററിലെ മൂന്നു പേപ്പറുകളുടെ പരീക്ഷ ബാക്കിയുണ്ട്’’ എന്ന് പറഞ്ഞ് അവർ തന്‍റെ പഠനത്തിരക്കിലേക്ക് നീങ്ങി.

Show Full Article
TAGS:Lifestyle artistic life artist 
News Summary - ramanikutty's artistic career
Next Story