മാസം 60,000 കുമ്പിളപ്പം വിദേശത്തേക്ക് കയറ്റിയയക്കുന്ന കോട്ടയത്തെ സംരംഭത്തെക്കുറിച്ചറിയാം
text_fieldsകുമ്പിളപ്പം തയാറാക്കുന്ന സ്ത്രീകൾ
കുമ്പിളപ്പമെന്നാൽ ഓർമയിലെത്തുക ആവിയിൽ വാടുന്ന വഴനയിലയുടെ മണമാണ്. നെയ്യും ഏലക്കയും ശർക്കരയും തേങ്ങയും ചേർന്ന രുചിമധുരം. മലയാളി വീടുകളിലെ നാടൻ നാലുമണിപ്പലഹാരം.
തെക്കൻ ജില്ലകളിൽ കുമ്പിളപ്പത്തെ തെരളിയെന്നും പറയാറുണ്ട്. വഴനയില കുമ്പിൾ കുത്തി അതിൽ കൂട്ട് നിറച്ച് ആവിയിൽ പുഴുങ്ങിയെടുക്കുന്ന കുമ്പിളപ്പം ഇഷ്ടക്കാരായ മലയാളിയെ തേടി ഇപ്പോൾ വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്.
മാസം 60,000 കുമ്പിളപ്പം വിദേശത്തേക്ക്
കോട്ടയം നിലൂർ സർവിസ് സഹകരണ ബാങ്കിന്‍റെ സംരംഭമായ നിലൂർ പ്രൊഡ്യൂസർ കമ്പനി സീസണിൽ മാസം 60,000 കുമ്പിളപ്പമാണ് വിദേശത്തേക്ക് കയറ്റിയയക്കുന്നത്. ഗൾഫ് രാജ്യങ്ങൾ, യു.കെ, കാനഡ, യു.എസ് എന്നിവിടങ്ങളിലേക്ക് രണ്ടുവർഷമായി ഇവരുടെ കുമ്പിളപ്പം എത്തുന്നു.
വരിക്കച്ചക്കയാണ് കുമ്പിളപ്പത്തിന്‍റെ പ്രധാന ചേരുവ. കൂഴച്ചക്ക രുചി കുറക്കും. കേടുവരാതിരിക്കാൻ ചക്കച്ചുള കുരുകളഞ്ഞ് പൾപ്പാക്കിയാണ് എടുക്കുക. വർഷത്തിൽ ഒമ്പതുമാസവും ചക്ക കിട്ടും. ബാക്കി മൂന്നുമാസത്തേക്കുള്ളത് പൾപ്പാക്കി ശീതീകരിച്ച് സൂക്ഷിക്കും.
പ്രാദേശികമായിത്തന്നെയാണ് ചക്ക സംഭരിക്കുന്നത്. തോട്ടങ്ങളിൽ വെറുതെ വീണുപോവുന്ന ചക്ക കർഷകർക്ക് ന്യായവില നൽകി വാങ്ങും. ഇതിനായി അമ്പതോളം പേരുണ്ട്.
വിദേശ മലയാളിയുടെ പ്രിയ വിഭവം
ശർക്കരപ്പാനി, ജീരകപ്പൊടി, ഏലക്കപ്പൊടി, ചക്കപൾപ്പ്, തേങ്ങ എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതത്തിലേക്ക് റവയോ അരിപ്പൊടിയോ കൂടി ചേർത്തിളക്കി കുഴച്ചെടുക്കും.
കഴുകി വൃത്തിയാക്കിയ വഴനയില കുമ്പിൾ കുത്തി അതിലേക്ക് കൂട്ട് നിറക്കും. 85 ഗ്രാം ആണ് ഓരോ കുമ്പിളപ്പവും. തുടർന്ന് അപ്പച്ചെമ്പിൽ വെച്ച് പുഴുങ്ങിയെടുക്കും. ഒരു സമയം 1500 എണ്ണം വരെ ഉണ്ടാക്കാനാവുന്ന ചെമ്പാണുള്ളത്. ദിവസം ഒമ്പതിനായിരത്തിനടുത്ത് കുമ്പിളപ്പം ഉണ്ടാക്കുന്നുണ്ട്.
രാവിലെ ഒമ്പതോടെ ആദ്യം അപ്പച്ചെമ്പിൽനിന്നിറങ്ങിയ കുമ്പിളപ്പം വിപണിയിലേക്ക് യാത്ര ആരംഭിക്കും. ശീതീകരിക്കാതെ സൂക്ഷിച്ചാലും രണ്ടു ദിവസം വരെ കേടുവരാതെയിരിക്കും. 10 സ്ത്രീകൾക്കാണ് കുമ്പിളപ്പ നിർമാണത്തിന്‍റെ ചുമതല. രണ്ടു യൂനിറ്റുകൾ ഇതിനായുണ്ട്. കയറ്റുമതി കമ്പനി നേരിട്ടല്ല, ഏജൻസികൾ വഴിയാണ്. വിദേശത്ത് 90 ശതമാനം ഉപഭോക്താക്കളും മലയാളികൾതന്നെ.
നാട്ടിൽ ദിവസം വിറ്റുപോകുന്നത് 3500 വരെ കുമ്പിളപ്പം
പ്രാദേശികമായി ദിവസം 3500 വരെ കുമ്പിളപ്പം വിറ്റുപോവും. ബേക്കറികൾ, കാന്‍റീനുകൾ തുടങ്ങിയവയാണ് വലിയതോതിൽ കുമ്പിളപ്പം വാങ്ങുക.
കൂടാതെ പൗഡർ, കട്ലറ്റ്, പുട്ടുപൊടി, ചിപ്സ് തുടങ്ങി ചക്കയുടെത്തന്നെ 16 ഉൽപന്നങ്ങൾ നിലൂർ ബ്രാൻഡിൽ വിപണിയിലുണ്ട്. കപ്പ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, അച്ചാറുകൾ, മറ്റു പലഹാരങ്ങൾ എന്നിവ വേറെയും.
സൊസൈറ്റികൾ വഴി ശേഖരിക്കുന്ന വഴനയില
എടനയില എന്നും അറിയപ്പെടുന്ന വഴനയിലയിൽ കുമ്പിൾ കുത്തി നിറച്ചാണ് കുമ്പിളപ്പം പുഴുങ്ങിയെടുക്കുന്നത്. വഴനയിലക്ക് ഒന്നിന് ഒരു രൂപ വെച്ചാണ് എടുക്കുന്നത്.
പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലെ വനങ്ങളോടുചേർന്ന പ്രദേശങ്ങളിൽനിന്നും പാലക്കാട്ടെ മണ്ണാർക്കാട്, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽനിന്നും സൊസൈറ്റികൾ വഴിയാണ് വഴനയില ശേഖരിക്കുന്നത്. ഇലകൾ ഇടത്തരം വലുപ്പത്തിൽ വേണം. വലിയ ഇലകളാണെങ്കിൽ ചീന്തി ഒരേ വലുപ്പത്തിലാക്കും. തൂക്കത്തിൽ വ്യത്യാസം വരാതിരിക്കാനാണിത്.
രുചിതന്നെയാണ് ഹൈലൈറ്റ്
2016ലാണ് നിലൂർ സഹകരണ ബാങ്ക് കർഷകരെ സഹായിക്കാൻ നിലൂർ പ്രൊഡ്യൂസർ കമ്പനി തുടങ്ങിയത്. തുടക്കത്തിൽ ചക്ക, കപ്പ തുടങ്ങിയവ കർഷകരിൽനിന്ന് വാങ്ങി സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കുകയായിരുന്നു. കുമ്പിളപ്പത്തിന്‍റെ വിപണി തിരിച്ചറിഞ്ഞതോടെയാണ് ആ മേഖലയിലേക്ക് തിരിഞ്ഞത്.
തുടക്കത്തിൽതന്നെ മികച്ച പ്രതികരണം ലഭിച്ചതോടെ വിപണിയിൽ ആവശ്യക്കാരേറി. രുചിതന്നെയാണ് നിലൂർ കുമ്പിളപ്പത്തിന്‍റെ ഹൈലൈറ്റ്. തങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണി കിട്ടുന്നതിനാൽ കർഷകരും ഹാപ്പി. പ്രാദേശികമായി 60 പേർക്ക് തൊഴിലും ലഭ്യമാക്കുന്നു സ്ഥാപനം. ചെയർമാൻ മാത്യു സിറിയക്, സി.ഇ.ഒ ഷാജി