‘‘ഇടക്കിടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകും. അതിന് പരിഹാരമായാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്’’ -ഓട്ടിസബാധിതനായ ഷിജാസിനായി വിവാഹംതന്നെ വേണ്ടെന്നുവെച്ച അമ്മാവന്‍റെയും ഉമ്മയുടെയും അതിജീവന കഥയിതാ
text_fieldsഷിജാസും അമ്മാവൻ കബീറും. ചിത്രങ്ങൾ: എസ്. ജയരാജ്
ജീവിതാവസാനം വരെ, ക്ഷമയോടെയും സഹനത്തോടെയുമുള്ള ഒരു യാത്ര.. അതാണ് ഷിജാസിനും കബീറിനും ഓട്ടിസം. പാലക്കാട്ടുകാരൻ ഷിജാസ് ഹുസൈനും അമ്മാവൻ അഹമ്മദ് കബീറും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
‘ഓട്ടിസം’ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും പാചകപരീക്ഷണങ്ങൾ നടത്തിയും ഓട്ടിസം അവബോധ വിഡിയോകൾ ചെയ്തും ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഷിജാസ്.
‘ഷിജുക്കുട്ടാ’ എന്ന കബീറിന്‍റെ സ്നേഹപൂർവമായ വിളിയിൽ ഷിജാസ് എന്ന 23കാരൻ എന്നും അനുസരണയുള്ള കുട്ടിയാണ്. ഓട്ടിസ്റ്റിക്കായ സഹോദരീപുത്രനു വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുകയാണ് കബീർ.
നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസം എന്ന അവസ്ഥയെ ഷിജാസും കുടുംബവും അതിജീവിച്ച കഥയാണിത്.
ഓട്ടിസം തിരിച്ചറിഞ്ഞത് ഒന്നര വയസ്സിൽ
പാലക്കാട് മേഴ്സി കോളജിനടുത്ത കള്ളിക്കാട് നക്ഷത്രനഗർ എസ്.കെ. മൻസിലിൽ സക്കീർ ഹുസൈൻ-ഉമൈബാൻ ദമ്പതികളുടെ മൂത്ത മകനാണ് ഷിജാസ്. ഒന്നര വയസ്സായിട്ടും സാധാരണ കുട്ടികളുടേത് പോലുള്ള സ്വാഭാവിക വളർച്ച ഇല്ലാതിരുന്നതോടെയാണ് ഷിജാസിനെ കബീർ ശ്രദ്ധിച്ചു തുടങ്ങിയത്.
കുട്ടി സ്വന്തം ലോകത്തായിരുന്നു കൂടുതൽ സമയവും. തനിയെ ചിരിക്കും, കളിപ്പാട്ടങ്ങൾകൊണ്ട് അവന് ഇഷ്ടമുള്ള രീതിയിൽ കളിക്കും. മറ്റുള്ളവർ വിളിക്കുന്നതും സംസാരിക്കുന്നതും ഒന്നും ശ്രദ്ധിക്കില്ല. ഒന്നിനോടും പ്രതികരണവുമില്ല.
ഡോക്ടർമാരെ കാണിച്ചെങ്കിലും കുട്ടി പതിയെ സംസാരിച്ചോളും എന്നായിരുന്നു മറുപടി. ഇതോടെ കേൾവി ശക്തിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ കോയമ്പത്തൂരിൽ കൊണ്ടുപോയെങ്കിലും പ്രശ്നമൊന്നുമില്ലെന്നായിരുന്നു കണ്ടെത്തൽ.
ഒടുവിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ സ്പീച് തെറപ്പിസ്റ്റ് അനീഷ് ബാബുവാണ് ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് പറയുന്നത്. അദ്ദേഹം റഫർ ചെയ്തത് പ്രകാരം ബംഗളൂരുവിലെ നിംഹാൻസിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ്) കൊണ്ടുപോയപ്പോഴാണ് ഓട്ടിസം സ്ഥിരീകരിക്കുന്നത്.
ഓട്ടിസം ബാധിതരായവരെ പരിപാലിക്കുന്നതു സംബന്ധിച്ച് 20 ദിവസത്തോളം മാതാവ് ഉമൈബാന് അവിടെ പരിശീലനം നൽകി. ഈ പരിശീലനമാണ് ഷിജാസിന്‍റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. കൃത്യമായ പരിശീലനത്തിലൂടെ ചെറിയ ചെറിയ കാര്യങ്ങൾ പഠിപ്പിച്ചു. ഉമ്മാ എന്ന് വിളിക്കാനും പഠിച്ചു. ഇഷ്ടപ്പെട്ട കളിപ്പാട്ടം, ഭക്ഷണം എന്നിവ കൊടുത്തായിരുന്നു പരിശീലനം.
അനുഗ്രഹമായി അമ്മാവൻ
പാലക്കാട് ഗവ. മോയൻ എൽ.പി സ്കൂളിലും കൽപാത്തി സ്പെഷൽ സ്കൂളിലുമായിരുന്നു ഷിജാസിന്‍റെ പഠനം. കൈകഴുകാനും പാത്രം കഴുകാനുമെല്ലാം സ്കൂളുകളിൽനിന്ന് പഠിച്ചു.
അസുഖങ്ങളോ വേദനയോ വന്നാൽ വല്ലാതെ ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായിരുന്നു. ദേഷ്യം നിയന്ത്രിക്കാനാവാതെ സ്വയം മുറിവേൽപിക്കുകയും മറ്റുള്ളവരെ ദ്രോഹിക്കുകയും വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്യും. രാത്രി ഉറക്കവുമുണ്ടാവില്ല.
ഉമൈബാന് ഒറ്റക്ക് മകനെ നോക്കാൻ പറ്റില്ലെന്ന ഘട്ടത്തിൽ മാനസികമായി തളർന്നിരിക്കുമ്പോഴാണ് ഇടക്കിടെ വീട്ടിൽ വരാറുള്ള അമ്മാവൻ കബീർ സ്ഥിരമായി ഷിജാസിനൊപ്പം താമസം തുടങ്ങിയത്. അന്നുമുതൽ ഷിജാസിന്‍റെ പരിപാലനം കബീർ ഏറ്റെടുത്തു.
അമേരിക്കയിൽ സ്പീച് പാത്തോളജിസ്റ്റായ കോട്ടയം സ്വദേശിനി ജെനിയുടെ കീഴിൽ ഓൺലൈനായാണ് നിലവിൽ സ്പീച് തെറപ്പി പരിശീലനം. അസുഖങ്ങളും വേദനയും തൊട്ടുകാണിക്കാൻ പിക്ചർ കാർഡുകൾ തയാറാക്കിയിട്ടുണ്ട്. ഒരു വർഷമായി പരിശീലനം നടത്തുന്നു. ഇപ്പോൾ പഴയ പോലെ ദേഷ്യം കാണിക്കാറില്ല.
ഉമ്മ ഉമൈബാൻ, സഹോദരി ഹിസ്സ, പിതാവ് സക്കീർ ഹുസൈൻ, അമ്മാവൻ കബീർ എന്നിവർക്കൊപ്പം ഷിജാസ്
യൂട്യൂബ് ചാനൽ
തുടർച്ചയായുള്ള പരിശീലനത്തിലൂടെയും നിത്യേന നൽകുന്ന കൊച്ചുകൊച്ചു പ്രവർത്തനങ്ങളിലൂടെയുമാണ് ഷിജാസിനെ കാര്യങ്ങൾ പഠിപ്പിക്കുന്നത്. മരുന്നുകളൊന്നും നൽകിയിട്ടില്ല.
ഇടക്കിടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്ന സ്വഭാവമുണ്ടായിരുന്നു. മിഠായിയോ മറ്റോ വാങ്ങാൻ കടകളിലേക്കാണ് പോകുക. എന്നും വീട്ടിലിരിക്കുന്ന കുട്ടിയായതിനാൽ ഷിജാസിനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. ഇങ്ങനെ പോകുമ്പോൾ ആളെ മനസ്സിലാക്കാനും തിരിച്ചുകൊണ്ടുവരാനുമായി പേരും മേൽവിലാസവും എഴുതിയ ബ്രേസ്ലറ്റ് കൈയിൽ ധരിപ്പിച്ചിരുന്നു.
വീട്ടിൽനിന്ന് ആരുമറിയാതെ പുറത്തിറങ്ങിയാൽ നാട്ടുകാർ തിരിച്ചറിഞ്ഞ് തിരിച്ചെത്തിക്കാനുള്ള പോംവഴി എന്ന നിലക്കാണ് അഞ്ചുവർഷം മുമ്പ് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ഒരു വർഷം മുമ്പാണ് സജീവമായത്. പാചകപരീക്ഷണങ്ങളിലൂടെയായിരുന്നു തുടക്കം.
ആദ്യമെല്ലാം വിഡിയോ എടുക്കാൻ വളരെ ബുദ്ധിമുട്ടിയിരുന്നു. ഷിജാസിന് പെട്ടെന്ന് ക്ഷമ നശിക്കുമെന്നതായിരുന്നു കാരണം. നിരന്തര പരിശീലനത്തിന്‍റെ ഫലമായി പച്ചക്കറി മുറിക്കാനും പൊടികളിടാനുമെല്ലാം പഠിച്ചു. പാചകം ഷിജാസിന്‍റെ ഇഷ്ടമേഖലയാണിപ്പോൾ. മണവും സാധനങ്ങളുമെല്ലാം തിരിച്ചറിയാൻ തുടങ്ങി. ഉമൈബാനാണ് വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം. മകനു വേണ്ടി ഇതെല്ലാം പഠിച്ചെടുക്കുകയായിരുന്നു ഈ ഉമ്മ.
ഇതുവരെ 899 വിഡിയോകളാണ് യൂട്യൂബിൽ അപ് ലോഡ് ചെയ്തത്. യൂട്യൂബിൽ രണ്ടു ലക്ഷത്തിനടുത്ത് സബ്സ്ക്രൈബർമാരും ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തിനടുത്ത് ഫോളോവേഴ്സുമുണ്ട്. യൂട്യൂബിന്‍റെ സിൽവർ ബട്ടൺ ലഭിച്ചിട്ടുണ്ട്. മാസ വരുമാനവുമുണ്ട്. പാചകത്തിനൊപ്പം കുഞ്ഞുകുഞ്ഞു പുറംപണികളും അമ്മാവനൊപ്പം ചെയ്യാൻ പഠിച്ചു. കൃഷിയിലും തൽപരനാണ്.
ദിവസവും വൈകീട്ട് ഇരുവരും നടക്കാൻ പോകും. വ്യായാമങ്ങൾ കൃത്യമായി ചെയ്യുന്നതിനാൽ രാത്രി ഉറക്കവുമുണ്ട്. എരിമയൂരിൽ കർഷകനായിരുന്ന കബീർ അതെല്ലാം ഉപേക്ഷിച്ചാണ് അനന്തരവന് കൂട്ടായി നിൽക്കുന്നത്.
മകനെയോർത്ത് അഭിമാനം
ആദ്യമെല്ലാം ഷിജാസിനെയും കൊണ്ട് പുറത്തുപോകാൻ കുടുംബത്തിന് പേടിയായിരുന്നു. എപ്പോഴാണ് ക്ഷമ നശിച്ച് ബഹളം വെക്കുകയും ആളുകളെ ഉപദ്രവിക്കുകയും ചെയ്യുകയെന്ന് പറയാനാവില്ല. എന്നാൽ, നിരന്തര പരിശീലനവും ചെറിയ പ്രവർത്തനങ്ങളുമെല്ലാം ഏറെ മാറ്റങ്ങളാണ് ഷിജാസിൽ വരുത്തിയതെന്ന് ഉമൈബാൻ പറയുന്നു.
വിഡിയോ ചെയ്യുമ്പോഴും ദൈനംദിന കാര്യങ്ങൾ ചെയ്യുമ്പോഴുമെല്ലാം ക്ഷമയോടെ കാത്തിരിക്കും. സ്വന്തം കാര്യങ്ങളെല്ലാം ഒറ്റക്കാണ് ചെയ്യുന്നത്.
യൂട്യൂബിലൂടെ പ്രശസ്തനായതോടെ പുറത്തിറങ്ങിയാൽ എല്ലാവരും പെട്ടെന്ന് തിരിച്ചറിയും. കൂടെ നിന്ന് ഫോട്ടോ എടുക്കാനും പരിചയപ്പെടാനുമെല്ലാം ആളുകൾ വരാറുണ്ട്. അതിൽ ഏറെ അഭിമാനമുണ്ടെന്ന് ഉമൈബാനും കബീറും പറയുന്നു. ഇപ്പോൾ ഷിജാസിനെയും കൊണ്ട് കുടുംബം പുറത്ത് യാത്രകൾ പോകാറുണ്ട്.
എട്ടു മക്കളിൽ മൂത്തയാളാണ് കബീർ. ചെറുപ്പത്തിലേ പിതാവ് കിടപ്പിലായതോടെ കുടുംബത്തിന്‍റെ മൊത്തം ഭാരവും പേറിയായിരുന്നു കബീറിന്‍റെ ജീവിതം. വിവാഹം കഴിച്ചിട്ടില്ല. എന്നും എപ്പോഴും കബീർ അടുത്തുവേണം ഷിജാസിന്. അവന്‍റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് നിൽക്കാൻ കബീറിനും മടിയില്ല.
ഓട്ടിസം എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികളെക്കുറിച്ചും അവരുടെ സ്വഭാവരീതികളെക്കുറിച്ചുമെല്ലാം ഈ കുടുംബത്തിന് ഇന്ന് നന്നായി അറിയാം.
ഷിജാസിന് വേണ്ടിയാണിപ്പോൾ കബീറിന്‍റെ ജീവിതം. ആറാം ക്ലാസ് വിദ്യാർഥിനി ഹിസ്സയാണ് ഷിജാസിന്‍റെ സഹോദരി.