‘മസ്കുലാർ ഡിസ്ട്രോഫിയോട് പൊരുതുന്ന സൂര്യദേവിന്‍റെ നിഴലായി കൂടെയുണ്ട് മുഹമ്മദ് സുൽത്താൻ’ -അറിയാം, വേർതിരിവുകൾക്ക് സൗഹൃദംകൊണ്ട് മറുപടി പറയുന്ന കുട്ടികളുടെ ജീവിതം
text_fieldsമുഹമ്മദ് സുൽത്താനും സൂര്യദേവും. ചിത്രങ്ങൾ: ഷിജു വാണി
സൗഹൃദം മധുരമുള്ള ഉത്തരവാദിത്തമാണ്. അതിന്‍റെ ചില്ലയിലാണ് ജീവിതം തളിർത്തു പൂക്കുന്നത്. പൂന്തോട്ടത്തിന്‍റെ തകർന്ന വേലിയെ നോക്കി പരിതപിക്കാതെ അതിലെ പൂക്കളെ പുകഴ്ത്താൻ സാധിക്കുന്നവനാണ് യഥാർഥ സുഹൃത്തെന്ന് പറഞ്ഞുവെച്ചതാരാണ്? കോഴിക്കോട് കക്കോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് സുൽത്താന്‍റെയും സൂര്യദേവിന്‍റെയും സൗഹൃദത്തിന് ഈ വാക്കുകൾ ചേരും.
നിസ്വാർഥ നീരദങ്ങളുടെ നനവും ശീതളിമയുമുണ്ട് ഈ കൂട്ടുചേരലിന്.
സൗഹൃദത്തിന്റെ ഭാഷ
സൗഹൃദത്തിന്‍റെ ഭാഷ അർഥസമ്പൂർണതയാണ്. അവിടെ വാക്കിന്‍റെ വാചാലതക്ക് ഇടമില്ല. ഗുണകാംക്ഷ നിറഞ്ഞ പ്രവൃത്തിക്കാണ് സ്ഥാനം. സുൽത്താന്‍റെയും സൂര്യന്‍റെയും കൂട്ട് അതിന് നല്ല ഉദാഹരണമാണ്. ഈ സൗഹൃദം നിലാവുപോലെ പെയ്യാൻ തുടങ്ങിയത് എന്നുമുതലാണെന്ന് ചോദിച്ചാൽ സുൽത്താന്‍റെ ഉമ്മ പറയും കക്കോടി ഒറ്റത്തെങ്ങ് എൽ.പി സ്കൂളിൽ അഞ്ചാം ക്ലാസിൽ ഒന്നിച്ചു പഠിക്കാൻ തുടങ്ങിയതു മുതലാണെന്ന്.
അപരന്‍റെ വേദനയിൽ ഹൃദയം വിങ്ങുന്ന മനസ്സാണ് സുൽത്താന്‍റേത്. മസ്കുലാർ ഡിസ്ട്രോഫിയോട് പൊരുതുന്ന സൂര്യദേവ് സഞ്ചരിക്കുന്നത് വീൽചെയറിലാണ്. ഇരുന്നിടത്തു തന്നെ എപ്പോഴും. ക്ലാസിന്‍റെ ഇടവേളകളിലും ഉച്ചയൂണിന്‍റെ സമയത്തും ഏകാന്തതയുടെ തുരുത്തിൽ ഒറ്റപ്പെട്ടവനെപ്പോലെയാണ് അവൻ ഇരിക്കുന്നത്.
ഇതുകണ്ട് ഹൃദയം നൊന്ത സുൽത്താൻ ഒന്നു തീരുമാനിച്ചു, അവന് തുണവേണം. അതു താൻതന്നെയായിരിക്കും. ഇത് അനുതാപം തീർത്ത തീരുമാനമല്ല. അർഹിക്കുന്നവരെ സഹായിക്കാനുള്ള ഉൾക്കനൽ. അങ്ങനെ മുഹമ്മദ് സുൽത്താൻ സൂര്യദേവിന്‍റെ സുഹൃത്തും സഹായിയുമായി.
കൂടെയുണ്ട്, നിഴൽപോലെ
അലിവിന്‍റെയും സഹനചിന്തയുടെയും ഇഴയടുപ്പമാണ് ഈ കൂട്ടുകെട്ട്. സ്കൂളിൽ സൂര്യന് താങ്ങും തണലുമായി സുൽത്താനുണ്ടാവും. അവിടെ സൂര്യദേവിന്‍റെ രക്ഷിതാവും സുൽത്താൻതന്നെ. സൂര്യദേവിനും മുമ്പേ സുൽത്താൻ സ്കൂളിൽ എത്തും.
സൂര്യദേവിനെ കൊണ്ടുവരുന്ന ഓട്ടോക്കായി കാത്തുനിൽക്കും. അവനെത്തിയാൽ സ്കൂളിലുള്ള ചക്രക്കസേരയിൽ ക്ലാസിലെത്തിക്കും. ഏഴാം ക്ലാസിലെത്തിയപ്പോൾ സൂര്യ ടീച്ചർ ഇടപെട്ട് ഒരു ക്ലബിന്‍റെ സഹായത്തോടെ ഇലക്ട്രോണിക് വീൽചെയർ വാങ്ങി നൽകിയപ്പോഴാണ് അത് സ്വന്തമാകുന്നത്.
എന്നാലും ആവശ്യമുള്ളപ്പോൾ അതിന്‍റെ ചാർജ് തീർന്ന് ബുദ്ധിമുട്ടാതിരിക്കാൻ സുൽത്താൻ തള്ളിക്കൊണ്ടുപോകും. തൊട്ടും തലോടിയും സൗഹൃദം നുണഞ്ഞുമാണ് ഈ യാത്ര. പിന്നെ അവനുവേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതിൽ വ്യാപൃതനാവും.
ഉച്ചഭക്ഷണസമയത്ത് ചോറു വാങ്ങിവരുന്നതും ഊട്ടുന്നതും ഇടവേളകളിൽ സ്കൂൾ ചുറ്റിക്കാണിക്കുന്നതും കളിമൈതാനത്തേക്ക് കൊണ്ടുപോകുന്നതും അവശ്യമുള്ളപ്പോഴെല്ലാം ശുചിമുറിയിലും മറ്റും എത്തിക്കുന്നതുമെല്ലാം സുൽത്താനാണ്. കരുതലിന്‍റെ കാര്യത്തിൽ സൂര്യദേവും ഒട്ടും പിന്നിലല്ല. നാഷനൽ മീൻസ് കം മെറിറ്റ്സ് കോളർഷിപ് ജേതാവായ സൂര്യദേവ് ക്ലാസിൽ ഒന്നാമനാണ്.
പഠനത്തിൽ അത്ര മുന്നിലല്ലാത്ത സുൽത്താന് അവനാണ് പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നതും പഠനത്തിൽ പ്രോത്സാഹിപ്പിക്കുന്നതും. സൂര്യദേവിന് വീട്ടിലെത്താൻ പുഴയോരത്തെ റോഡിലൂടെ സഞ്ചരിക്കണം. ഈ റോഡ് തകർന്ന് കിടപ്പാണ്. വീൽചെയർ യാത്ര ദുഷ്‍കരം. എന്തെങ്കിലും അത്യാഹിതം ഉണ്ടാവുന്നതിനു മുമ്പ് ഈ റോഡ് നന്നാക്കാൻ അധികൃതർക്ക് തോന്നട്ടേയെന്നാണ് സുൽത്താന്‍റെ ഇപ്പോഴത്തെ പ്രാർഥനയും ആവശ്യവും.
സൂര്യദേവ് കുടുംബത്തോടൊപ്പം
സേവനം തന്നെയാണ് വലിയ പ്രാർഥന
വെള്ളിയാഴ്ചകളിൽ കൂട്ടുകാർ പള്ളിയിൽ പോകുമ്പോൾ സുൽത്താൻ പോകാറില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഈ സമയത്ത് സൂര്യനെ നോക്കാൻ ആളുണ്ടാവില്ലല്ലോ എന്ന കരുതലാണ് കാരണം. ഇനി അഥവാ പോയാലും മനസ്സറിഞ്ഞ് നമസ്കരിക്കാൻ കഴിയാറില്ല. സൂര്യദേവിന്‍റെ ഏതെങ്കിലും ആവശ്യങ്ങൾ നിറവേറ്റപ്പെടാതെ പോകുമോ എന്ന ആകുലത അവനെ വന്നുമൂടും. പടച്ച റബ്ബിന് അതൊക്കെ മനസ്സിലാവും എന്നാണ് സുൽത്താന്‍റെ നിലപാട്.
ഭാഷാപഠനത്തിന് ഇരുവർക്കും രണ്ട് ക്ലാസുകളിലേക്ക് പോകണം. സംസ്കൃതം പഠിക്കുന്ന സൂര്യദേവിനെ ക്ലാസിൽ എത്തിച്ചശേഷമാണ് അറബിക് ക്ലാസിലേക്ക് സുൽത്താൻ പോകുന്നത്. ഇതൊക്കെ തന്‍റെ ഉത്തരവാദിത്തവും കടമയുമായാണ് സുൽത്താൻ കരുതുന്നത്.
താൻ മനസ്സറിഞ്ഞു ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ എടുത്തുപറയുന്നതോ പുകഴ്ത്തുന്നതോ ഒന്നും സുൽത്താന് ഇഷ്ടമല്ല. പ്രപഞ്ചനാഥൻ കൽപിച്ചത് താൻ ചെയ്യുന്നു എന്നാണ് അവന്‍റെ വിശ്വാസം. അവിടത്തെ കാരുണ്യം മാത്രമാണ് അവന്‍റെ ഹൃദയം കൊതിക്കുന്നത്. സൂര്യദേവിനെ സഹായിക്കുകയാണ് തന്‍റെ ജീവിതത്തിലെ വലിയ ഇഷ്ടം.
പത്താം ക്ലാസ് വരെയെങ്കിലും അവനെ സഹായിക്കാൻ കഴിയണേ എന്നാണ് പ്രാർഥന. സുൽത്താനുണ്ടെങ്കിൽ സൂര്യദേവിനും ആത്മവിശ്വാസം കൂടും. തന്‍റെ പരിമിതിയുടെ അതിര് അലിഞ്ഞില്ലാതാവും.
മുഹമ്മദ് സുൽത്താൻ കുടുംബത്തോടൊപ്പം
പങ്കുവെക്കലിന്റെ കൂട്ട്
ലോകത്തിന്‍റെ ഹൃദയത്തെ ഒന്നിച്ചു തുന്നിച്ചേർക്കുന്ന തങ്കനൂലാണ് സൗഹൃദം. അവിടെ സ്വാർഥ ചിന്തകൾക്ക് ഇരിപ്പിടമില്ല. സുൽത്താൻ ചിത്രം വരക്കുന്നത് ഒരിക്കൽ ഉമ്മ കണ്ടു. വരച്ചു തെളിയട്ടേയെന്ന് കരുതി ചായപ്പെൻസിൽ വാങ്ങിക്കൊടുത്തു. പെൻസിലുമായി സ്കൂളിൽ പോയ അവൻ തിരിച്ചുവന്നപ്പോൾ ചായപ്പെൻസിലില്ല.
എവിടെ പെൻസിലെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: ‘‘ഞാൻ സൂര്യന് കൊടുത്തു. അവൻ നന്നായി വരക്കും. വരച്ച് വരച്ച് അവൻ വളരട്ടെ. നാലാൾ അറിയുന്ന നല്ല കലാകാരനായി അവൻ ഉയരട്ടെ’’. ഇതുകേട്ട ഉമ്മയുടെ കണ്ണുനിറഞ്ഞു.
കൂട്ടുചേരൽ പങ്കുവെക്കലിന്‍റേതു കൂടിയാണെന്ന് എത്ര മനോഹരമായാണ് ഇവർ പറഞ്ഞുവെക്കുന്നത്. കോഴിക്കോട് കക്കോടി പൂരങ്ങോട്ടുകുന്നുമ്മൽ റഷീദിന്‍റെയും നൂർജഹാന്‍റെയും മകനാണ് മുഹമ്മദ് സുൽത്താൻ. വെള്ളക്കാം പുനത്തിൽ ബിജുവും ബിജിതയുമാണ് സൂര്യദേവിന്‍റെ മാതാപിതാക്കൾ.
അത്ര സമാധാനപരമല്ലാത്ത സമകാലത്ത്, വേർതിരിവിന്‍റെ വെടിക്കെട്ടിന് തീ കൊളുത്താൻ തിരിനീട്ടുന്ന ഇക്കാലത്ത് ഹൃദയം നിറഞ്ഞ സൗഹൃദമാണ് ശമനഔഷധമെന്ന് ഓർമിപ്പിക്കുകയാണ് മുഹമ്മദ് സുൽത്താനും സൂര്യദേവും അവരുടെ കലവറയില്ലാത്ത ചങ്ങാത്തവും.