കേരളത്തിൽ ആദ്യമായി ഹെവി വെഹിക്കിൾ ലൈസൻസ് ടെസ്റ്റ് നടത്തിയ വനിതയെക്കുറിച്ചറിയാം
text_fieldsബൃന്ദ സനിൽ. ചിത്രങ്ങൾ: ദിലീപ് ചിറ്റൂർ
സ്ത്രീകൾ തീരെയില്ലാത്ത മേഖലയിൽ ആദ്യമായി കടന്നുചെന്ന് അവിടെ തന്‍റേതായ സ്ഥാനമുറപ്പിച്ച് ചരിത്രം സൃഷ്ടിച്ച ബൃന്ദ സനിൽ ആത്മവിശ്വാസത്തിന്‍റെ മറ്റൊരു പേരാണ്. മോട്ടോർ വാഹന വകുപ്പിലെ ആദ്യ വനിതാ എ.എം.വി.ഐ ആയ ബൃന്ദ നിലവിൽ പാലക്കാട് ചിറ്റൂർ സബ് ആർ.ടി.ഒ ഓഫിസിലെ ജോയന്‍റ് ആർ.ടി.ഒ ആണ്.
ആദ്യ വനിതാ എം.വി.ഐ, ആദ്യ ടെക്നിക്കലി ക്വാളിഫൈഡ് വനിതാ ജോയന്‍റ് ആർ.ടി.ഒ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള ബൃന്ദ സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ചത് ഈയിടെയാണ്.
ആഗസ്റ്റ് 31ന് ചിറ്റൂർ-മീനാക്ഷിപുരം റോഡിൽ ബസിലാണ് ആ ടെസ്റ്റ് നടന്നത്. സാങ്കേതിക പരിജ്ഞാനവും യോഗ്യതയുമുള്ള ജോയന്‍റ് ആർ.ടി.ഒമാർക്കാണ് ഹെവി ലൈസൻസ് ടെസ്റ്റ് നടത്താൻ അനുവാദം നൽകാറുള്ളത്. ഗ്രൗണ്ട് ടെസ്റ്റ് എം.വി.ഐയും റോഡ് ടെസ്റ്റ് ജോയന്‍റ് ആർ.ടി.ഒയും നടത്തും.
ധാരാളം വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനാൽ വാഹനം ഓടിക്കുമ്പോൾതന്നെ ഡ്രൈവർമാരുടെ പ്രാവീണ്യം, പരിചയസമ്പത്ത് എന്നിവ മനസ്സിലാക്കാൻ കഴിയുമെന്ന് ബൃന്ദ പറയുന്നു. പി.എസ്.സി പരീക്ഷകൾക്കായി ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെങ്കിലും ലൈസൻസിനായി ഇത്തരം ടെസ്റ്റ് നടത്തുന്ന ആദ്യ വനിതാ ജോയന്‍റ് ആർ.ടി.ഒ എന്ന ബഹുമതിയാണ് 53കാരിയായ ബൃന്ദ സനിലിന് ലഭിച്ചിരിക്കുന്നത്. ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റ് നടത്തിയ ആദ്യ വനിതാ എ.എം.വി.ഐ എന്ന ബഹുമതിയും ഇവരുടെ പേരിൽ തന്നെയാണ്.
തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിൽ കൺട്രോൾ റൂമിന്‍റെ ചുമതലയുള്ള എം.വി.ഐ ആയിരുന്ന ബൃന്ദ സനിൽ കഴിഞ്ഞ ആഗസ്റ്റ് 19നാണ് പ്രമോഷൻ ട്രാൻസ്ഫർ ലഭിച്ച് ചിറ്റൂർ സബ് ആർ.ടി.ഒ ഓഫിസിലെത്തുന്നത്.
പാർട്ട് ടൈമായി പഠനവും
1998ൽ മൃഗസംരക്ഷണ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് സർക്കാർ സർവിസിൽ കയറുന്നത്. പിന്നീട് മോട്ടോർ വാഹന വകുപ്പിൽ ക്ലർക്കായി. 2005ൽ എ.എം.വി.ഐ ആയി മോട്ടോർ വാഹന വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. പാർട്ട് ടൈമായി മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ പഠിച്ച് വകുപ്പുതല പരീക്ഷ എഴുതിയാണ് യൂനിഫോം പോസ്റ്റിലേക്ക് മാറിയത്.
ബൃന്ദയുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും ഒന്നിനും തടസ്സമായിരുന്നില്ല. വീട്ടുകാര്യങ്ങൾക്കും ജോലി തിരക്കിനും ഇടയിൽ വൈകീട്ട് പാർട്ട് ടൈമായി പഠനം നടത്തിയാണ് സാങ്കേതിക പരിജ്ഞാനം നേടിയത്. പാർട്ട് ടൈമായതിനാൽ നാലു വർഷം വേണ്ടി വന്നു കോഴ്സ് പൂർത്തിയാക്കാൻ.
ഭർത്താവ് സനിൽകുമാർ പൊലീസിലായിരുന്നു. ഇരുവരുടെയും ജോലി തിരക്കുകൾക്കിടയിൽ കുടുംബത്തിനായി സമയം കണ്ടെത്തുന്നത് ഉൾപ്പെടെ വിഷമകരമായ നാളുകളിലാണ് ബൃന്ദ 2005ൽ മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐ ആകുന്നത്.
ഡ്രൈവിങ് പഠിച്ചത് സർവിസിൽ കയറിയശേഷം
കുട്ടിക്കാലത്ത് തന്നെ ഡ്രൈവിങ്ങിനോട് പ്രത്യേക താൽപര്യമൊന്നും ബൃന്ദക്കുണ്ടായിരുന്നില്ല. ആദ്യമായി മൃഗസംരക്ഷണ വകുപ്പിൽ സർവിസിൽ കയറിയശേഷമാണ് വാഹനം ഓടിക്കാൻ പഠിക്കുന്നത്. ഇരുചക്ര വാഹനമാണ് ഓടിച്ചിരുന്നത്.
പിന്നീട് മോട്ടോർ വാഹന വകുപ്പിലെ ക്ലർക്ക് തസ്തികയിൽനിന്ന് യൂനിഫോം പോസ്റ്റിലേക്ക് മാറാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വലിയ വാഹനങ്ങൾ ഓടിച്ചു പഠിക്കുന്നതും ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് എടുക്കുന്നതും.
വകുപ്പിലെ ആദ്യ വനിതാ എ.എം.വി.ഐ ആയശേഷം വാഹന പരിശോധനക്കും മറ്റും പോകുമ്പോൾ ആളുകൾ കൗതുകത്തോടെ നോക്കുമായിരുന്നെന്ന് ബൃന്ദ പറയുന്നു. ലൈസൻസ് ടെസ്റ്റുകൾ നടത്തുമ്പോൾ പ്രോത്സാഹനവും നൽകിയിരുന്നു.
നേരത്തേ ജോലി ചെയ്തിരുന്ന വകുപ്പിൽ തന്നെ ഉയർന്ന പോസ്റ്റിൽ കയറിയപ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നു. നല്ല അനുഭവങ്ങളാണ് ലഭിച്ചിട്ടുള്ളത്. നെയ്യാറ്റിൻകര ഓഫിസിലാണ് എ.എം.വി.ഐ ആയി ജോയിൻ ചെയ്തത്. സ്ത്രീ എന്ന നിലയിൽ മാറ്റിനിർത്തലുകളോ വേർതിരിവോ അന്നും ഇന്നും നേരിടേണ്ടി വന്നിട്ടില്ല. സഹപ്രവർത്തകർ എന്നും കൂട്ടത്തിൽ ചേർത്തിട്ടേ ഉള്ളൂവെന്നും അവർ വ്യക്തമാക്കി.
ജോലിയിൽ കർക്കശക്കാരി
ജോലിയുടെ ആദ്യ നാളുകളിൽ വാഹന പരിശോധനക്ക് നിൽക്കുമ്പോഴെല്ലാം ചീത്തവിളി കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് ബൃന്ദ ഓർക്കുന്നു. ജോലിയിലെ കർശന സ്വഭാവം തന്നെയാണ് അതിനു കാരണം. എന്നാൽ, സംസാരത്തിലൊന്നും ആ കാർക്കശ്യം ഇല്ല.
ഇപ്പോൾ തന്നെ കുറിച്ചും തന്‍റെ പ്രവർത്തനരീതികളെ കുറിച്ചും എല്ലാവർക്കും അറിയാമെന്നും അതുകൊണ്ട് തന്നെ ജോലിയിൽ പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും അവർ പറയുന്നു. തുടക്കം മുതൽ ഇവിടം വരെയുള്ള യാത്രയിൽ കുടുംബത്തിൽനിന്നും മക്കളിൽനിന്നും ഡിപ്പാർട്ട്മെന്‍റിൽനിന്നുമെല്ലാം മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
നിലവിൽ ധാരാളം വനിതകൾ മോട്ടോർ വാഹന വകുപ്പിലേക്ക് കടന്നുവരുന്നുണ്ട്. പൊലീസ്, അഗ്നിരക്ഷ സേന, വനം വകുപ്പ് തുടങ്ങി എല്ലാ യൂനിഫോം പോസ്റ്റുകളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ട്. സ്ത്രീകൾക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ലെന്നും പുരുഷന്മാർ ചെയ്യുന്ന ജോലികളിൽ പെൺകുട്ടികളും വരുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ബൃന്ദ പറയുന്നു.
കുടുംബത്തിന്‍റെ പിന്തുണ വലുത്
കുടുംബത്തിന്‍റെ പിന്തുണ എന്നും ഊർജമായിരുന്നു. ജോലിയുടെ ഭാഗമായി സമയം നോക്കാതെയുള്ള തിരക്കിട്ട ഓട്ടത്തിനിടെ മക്കളെ നോക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം തരണംചെയ്തത് കുടുംബത്തിന്‍റെ പിന്തുണ കൊണ്ടാണ്.
മാതാപിതാക്കളുടെ തിരക്ക് മനസ്സിലാക്കിയാണ് രണ്ടു മക്കളും വളർന്നത്. അവരെ നോക്കാൻ തങ്ങളുടെ മാതാപിതാക്കൾ ഉണ്ടായിരുന്നുവെന്നതും സഹായകമായതായി ബൃന്ദ പറഞ്ഞു.
തിരുവനന്തപുരം പേയാട് കുന്ദമൺകടവ് സ്വദേശിനിയാണ്. ഭർത്താവ് സനിൽകുമാർ റിട്ട. എസ്.പിയാണ്. മക്കളായ അർബിന്ദ് എസ്. നാരായണും ശ്രീക്കുട്ടിയും ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരാണ്. മരുമകൾ: മേഘ ഉദയ്. പേരക്കുട്ടി: വർധാൻ അർബിന്ദ്.