ബേക്കറി യൂനിറ്റ് ഉടമ, പാരാ അത്‌ലറ്റ്, വിദ്യാർഥി... വിശേഷണങ്ങൾ ഏറെയുള്ള ഭിന്നശേഷിക്കാരി പ്രിയ മാത്യുവിന്‍റെ പ്രചോദന ജീവിതം
text_fieldsപ്രിയ മാത്യു
ഒരു സംരംഭം തുടങ്ങാന്‍ ഏറ്റവും ആദ്യം വേണ്ടതെന്താണ്? പണം എന്നാണ് ഉത്തരമെങ്കില്‍, ആത്മവിശ്വാസമാണ് പ്രധാനമെന്ന് പറയും പത്തനംതിട്ട അടൂരില്‍നിന്നുള്ള 26കാരി പ്രിയ മാത്യു.
പരിമിതികള്‍ മനസ്സില്‍ മാത്രമാണെന്നും അതില്‍നിന്ന് മോചനം നേടിയാല്‍ ജീവിത വിജയം എത്തിപ്പിടിക്കാമെന്നും കാണിച്ചുതരുകയാണ് ‘ഗ്ലാഡ് ബേക്സ്’ എന്ന ബേക്കറി യൂനിറ്റ് ഉടമ കൂടിയായ ഈ ഭിന്നശേഷിക്കാരി. ബിരുദാനന്തര ബിരുദ പഠനത്തിന്‍റെ അവസാന സെമസ്റ്ററില്‍ മുണ്ടപ്പള്ളിയില്‍ പ്രിയ തുടക്കമിട്ട ബേക്കറി യൂനിറ്റ് ഇന്ന് വിജയകരമായി മുന്നോട്ടുപോകുകയാണ്.
പഫ്‌സ്, ബ്രഡ്, റസ്‌ക്, കുക്കീസ്, പിറന്നാള്‍ കേക്ക്, പ്രമേഹ രോഗികള്‍ക്കുള്ള ബേക്കറി ഉൽപന്നങ്ങള്‍ തുടങ്ങി രുചിയൂറും പലഹാരങ്ങള്‍ ഏറെയുണ്ട് ഗ്ലാഡ് ബേക്സില്‍. പഠനത്തിനൊപ്പം ഒരു വരുമാനമാര്‍ഗം കൂടി കണ്ടെത്തി വീട്ടുകാരെ സഹായിക്കണമെന്നായിരുന്നു പ്രിയക്ക്.
അങ്ങനെയാണ് ബേക്കറി പലഹാരങ്ങളുണ്ടാക്കിയാലോ എന്ന ആലോചന വരുന്നത്. പിന്നീടത് ബേക്ഡ് പലഹാരങ്ങളുണ്ടാക്കുന്ന യൂനിറ്റിലേക്കെത്തി. നേരിട്ടെത്തുന്നവർക്കും ഓർഡർ നൽകിയാൽ ഹോട്ടലുകളിലേക്കും പലഹാരം നൽകും.
‘‘ആളുകള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ളത് ഭക്ഷണമാണ്. നല്ല ഭക്ഷണം നല്‍കിയാല്‍ ആളുകള്‍ നമ്മെ തേടിയെത്തും. പലഹാരങ്ങള്‍ കഴിക്കാനിഷ്ടമില്ലാത്തവര്‍ വിരളമാണ്. ആ ചിന്ത മനസ്സില്‍ വന്നതോടെയാണ് ബേക്കറി ആരംഭിക്കാമെന്ന തീരുമാനത്തിലെത്തിയത്’’ -പ്രിയ പറയുന്നു. എന്നാല്‍, ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കൽ അത്ര എളുപ്പമായിരുന്നില്ല. സാമ്പത്തികസ്രോതസ്സ് കണ്ടെത്തലായിരുന്നു വലിയ പരീക്ഷണഘട്ടം.
‘‘പി.ജി കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ ബേക്കറി യൂനിറ്റ് തുടങ്ങാനായിരുന്നു പദ്ധതി. വായ്പക്കായി ആദ്യം സമീപിച്ച ബാങ്കുകളൊന്നും താല്‍പര്യം കാണിച്ചില്ല. ഭിന്നശേഷിയുള്ള ഒരാള്‍ക്ക് വായ്പ അനുവദിക്കാന്‍ മിക്കവര്‍ക്കും വൈമനസ്യമാണ്.
എന്നാല്‍, അത്തരത്തില്‍ നേരിട്ട് ആരും പറഞ്ഞിട്ടില്ല. അനാവശ്യമായി പല രേഖകളും ആവശ്യപ്പെടുകയാണുണ്ടായത്. എന്നാല്‍, എസ്.ബി.ഐയെ സമീപിച്ചതോടെ സ്ഥിതി മാറി. വായ്പ അനുവദിച്ചുതരാന്‍ ഡോക്യുമെന്‍റേഷന്‍ ഉള്‍പ്പെടെ എല്ലാ കാര്യത്തിനും അവിടെയുള്ള ഉദ്യോഗസ്ഥര്‍ കൂടെനിന്നു’’ -പ്രിയ പറഞ്ഞു.
സാധാരണ വ്യക്തികളേക്കാള്‍ ചെറുതാകുന്ന അക്കോണ്‍ഡ്രോപ്ലാസിയ എന്ന ജനിതക രോഗമാണ് പ്രിയക്ക് ബാധിച്ചത്. എന്നാല്‍, പരിമിതികളെ വെല്ലുന്ന മനക്കരുത്താണ് പ്രിയയെ വ്യത്യസ്തയാക്കുന്നത്. വെല്ലുവിളികളേറെ തരണം ചെയ്താണ് പ്രിയ പി.ജി പഠനവും കടന്ന് യുവസംരംഭകയുടെ റോളില്‍ എത്തിനില്‍ക്കുന്നത്.
പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഷോട്ട്പുട്ടിൽ നേടിയ സ്വർണ മെഡലുമായി അമ്മക്കൊപ്പം
മെഡല്‍ത്തിളക്കം
ഡ്വാര്‍ഫിസം നേരിടുന്നവരുടെ വാട്‌സ്ആപ് കൂട്ടായ്മ ‘ലിറ്റില്‍ പീപ്ൾ’ വഴിയാണ് പ്രിയ പാരാ അത്‌ലറ്റിക്‌സിനെ കുറിച്ച് അറിയുന്നത്. പാരാ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടെ പങ്കെടുത്തവര്‍ ആ ഗ്രൂപ്പിലുണ്ട്.
ഡ്വാര്‍ഫിസം നേരിടുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റാണ് ഇന്ന് ആ കൂട്ടായ്മ. 2023ല്‍ തിരുവനന്തപുരത്ത് നടന്ന പാരാ അത്‌ലറ്റിക് ഗെയിമില്‍ ബാഡ്മിന്‍റണിലും ഷോട്ട്പുട്ടിലും സ്വര്‍ണമെഡലും ഡിസ്കസ് ത്രോയില്‍ വെള്ളിയും നേടിയാണ് പ്രിയ വീട്ടിലേക്ക് മടങ്ങിയത്.
ആ വര്‍ഷം നടന്ന നാഷനല്‍ പാരാ അത്‌ലറ്റ് ഗെയിമിലും പ്രിയ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ വര്‍ഷം ഡിസ്കസ് ത്രോയില്‍ വെള്ളിയും കരസ്ഥമാക്കി.
ഭിന്നശേഷി സൗഹൃദമാകണം
പൊതുഗതാഗതവും സര്‍ക്കാര്‍ ഓഫിസുകളും ഉള്‍പ്പെടെ ഭിന്നശേഷി സൗഹൃദമാകണമെന്ന നയമാണ് ഇപ്പോള്‍ സര്‍ക്കാറുകള്‍ സ്വീകരിച്ചുവരുന്നത്. എന്നാല്‍, അത് ഇനിയും എത്രയോ മുന്നോട്ടുപോകേണ്ടതുണ്ട്. അടിയന്തര പ്രാധാന്യം നല്‍കേണ്ടത് ഗതാഗത രംഗത്താണ്. ഭിന്നശേഷി സൗഹാര്‍ദ നയം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന് ഇതുവരെ റെയില്‍വേയില്‍ പോലും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല.
ട്രെയിനുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കോച്ച് അനുവദിച്ചിട്ടുണ്ടെങ്കിലും വീല്‍ചെയറില്‍ എത്തുന്ന ഒരാള്‍ക്ക് അകത്തേക്ക് കയറാനുള്ള ശരിയായ സംവിധാനം പോലും ഒരുക്കാനായിട്ടില്ല. കണ്‍സെഷന്‍ ലഭിക്കാനായി മെഡിക്കല്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് എത്തിക്കണം.
കാര്‍ഡ് കിട്ടാനും കാലതാമസം നേരിടുന്നു. ഇതെല്ലാം അടിസ്ഥാനപരമായി നേരിടുന്ന പ്രശ്‌നങ്ങളാണ്. ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാട് ഇന്ന് ഏറെ മാറിയിട്ടുണ്ട്. എന്നാല്‍, ഇത് കൂടുതല്‍ മെച്ചപ്പെടാനായി കാമ്പയിനുകള്‍ ഉള്‍പ്പെടെ നടത്തണം -താനുൾപ്പെടുന്ന സമൂഹത്തിനായി പ്രിയ ഉന്നയിക്കുന്ന ആവശ‍്യങ്ങൾ നിരവധിയാണ്.
പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേട്ടത്തിനുള്ള സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
നിശ്ചയിക്കുന്നത് നമ്മൾ
നമ്മുടെ കാഴ്ചപ്പാടാണ് പലപ്പോഴും പരിമിതികള്‍ സൃഷ്ടിക്കുന്നതെന്നാണ് പ്രിയയുടെ പക്ഷം. ‘‘എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നാല്‍ അതിനെ മറികടക്കാനുള്ള ഉപായം സ്വയം കണ്ടെത്താവുന്നതേയുള്ളൂ. അതിനായി ആദ്യം നമ്മെ നാം തന്നെ അംഗീകരിക്കുക എന്നതാണ് പ്രധാനം. ജീവിതകാലം മുഴുവന്‍ ദുഃഖിച്ചിരിക്കുന്നതില്‍ അര്‍ഥമില്ല.
ഭിന്നശേഷിക്കാരായ എഴുത്തുകാരും ഗായകരുമെല്ലാമുള്ള സമൂഹമാണ് നമ്മുടേത്. അതുപോലെ ഓരോരുത്തര്‍ക്കും ഓരോ ശേഷിയുണ്ടാകും. നമ്മുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പരിപോഷിപ്പിച്ച് വിജയം നേടാന്‍ കഴിയുകയെന്നതാണ് പ്രധാനം’’.
കുടുംബത്തിന്‍റെ പിന്തുണ
വീട്ടുകാരാണ് പ്രിയക്ക് എന്നും താങ്ങും തണലുമായി നിന്നത്. ഏത് പ്രതിസന്ധിയിലും അണയാത്ത വെളിച്ചമായി കൂടെനിന്നവര്‍. മാതാപിതാക്കളായ പൊന്നമ്മയും മാത്യുവും സഹോദരന്‍ സജിന്‍ മാത്യുവുമാണ് പ്രിയയുടെ കുടുംബം.
കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്‍റായിരുന്ന പൊന്നമ്മ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്‍റെ ഭിന്നശേഷി തിരിച്ചറിഞ്ഞിരുന്നു. ഇന്ന് ലഭ്യമാകുന്നത്ര സൗകര്യങ്ങൾ ഇല്ലെങ്കിലും കുഞ്ഞിനെ വേണ്ടെന്നുവെക്കാന്‍ അവര്‍ തയാറായിരുന്നില്ല.
ചെറുപ്പം മുതല്‍ സാധാരണ കുട്ടികളെ പോലെയാണ് പ്രിയയെ വളര്‍ത്തിയത്. പഠനത്തിലും മറ്റെല്ലാ കാര്യത്തിലും പ്രിയക്ക് അമ്മ പൂര്‍ണ പിന്തുണ നല്‍കി. ബിസിനസിൽ സഹായിക്കാൻ സഹോദരന്‍ സജിനും പ്രിയക്കൊപ്പമുണ്ട്.
തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സര്‍വകലാശാലയില്‍നിന്ന് പി.ജി പൂര്‍ത്തിയാക്കിയ പ്രിയ പഠനത്തോട് പൂര്‍ണമായും ഗുഡ് ബൈ പറഞ്ഞിട്ടില്ല. പിഎച്ച്.ഡി പ്രവേശനമാണ് ഇനി മുന്നിലുള്ളത്. അതിനുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. സജിന്‍റെ പിന്തുണയോടെ ബേക്കറിയുടെ പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനുള്ള പദ്ധതിയും മനസ്സിലുണ്ട്.