Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_rightഉത്തരഖണ്ഡിലെ 14 വിദൂര...

ഉത്തരഖണ്ഡിലെ 14 വിദൂര ഗ്രാമങ്ങളിൽ മണിക്കൂറുകൾ ട്രക്കിങ് നടത്തി മെഡിക്കൽ ക്യാമ്പ്; ഉത്തരേന്ത്യൻ ജനതക്ക് ഈ മലയാളി ഡോക്ടർമാർ ദൈവത്തിന്‍റെ അവതാരങ്ങൾ

text_fields
bookmark_border
ഉത്തരഖണ്ഡിലെ 14 വിദൂര ഗ്രാമങ്ങളിൽ മണിക്കൂറുകൾ ട്രക്കിങ് നടത്തി മെഡിക്കൽ ക്യാമ്പ്; ഉത്തരേന്ത്യൻ ജനതക്ക് ഈ മലയാളി ഡോക്ടർമാർ ദൈവത്തിന്‍റെ അവതാരങ്ങൾ
cancel
camera_alt

ഡോക്ടർ സംഘം മെഡിക്കൽ ക്യാമ്പിനിടെ

ആരോഗ്യ കേന്ദ്രവും പ്രാഥമിക ചികിത്സയുമൊക്കെ അപ്രാപ്യമായ ഉത്തരഖണ്ഡിലെ ഉൾഗ്രാമങ്ങളിലേക്ക് മണിക്കൂറുകൾ ട്രക്കിങ് നടത്തി വർഷവും മെഡിക്കൽ ക്യാമ്പ് നടത്തുന്ന മലയാളി ഡോക്ടർമാരുടെ ആ സംഘമിതാ...

മാരകരോഗം ബാധിച്ചവരെയും ഗുരുതര അപകടങ്ങളിൽപെട്ടവരെയും ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ഡോക്ടർമാരെ ‘ദൈവത്തിന്‍റെ കരങ്ങൾ’, ‘ദൈവം ഡോക്ടറുടെ രൂപത്തിൽ അവതരിച്ചു’ എന്നൊക്കെ നാം പറയാറില്ലേ? എന്നാൽ, ദൈവത്തിന്‍റെ സ്വന്തം നാട്ടിൽനിന്ന് ഉത്തരഖണ്ഡിലെ ഉൾഗ്രാമങ്ങളിലേക്ക് സന്നദ്ധസേവനവുമായി എത്തിയ ഡോക്ടർ സംഘത്തെ ആ ജനത ദൈവത്തിന്‍റെ അവതാരങ്ങൾ എന്ന് വിളിക്കുന്നത് കേവലം ഭംഗിവാക്കല്ല.

ആരോഗ്യ കേന്ദ്രവും പ്രാഥമിക ചികിത്സയുമൊക്കെ അപ്രാപ്യമായ ആ മനുഷ‍്യർക്കിടയിലേക്ക് മെഡിക്കൽ ക്യാമ്പുമായി മലയാളി ഡോക്ടർമാരുടെ സംഘം എത്തിയതോടെ അവരുടെ ജീവിതത്തിൽ പുതുവെളിച്ചം നിറയുകയായിരുന്നു.

ഉത്തരഖണ്ഡിലെ ഗഡ്വാൾ, ഹിമാലയൻ, ഡറാഡൂൺ തുടങ്ങി 14 വിദൂര ഗ്രാമങ്ങളിൽ മണിക്കൂറുകൾ ട്രക്കിങ് നടത്തി എല്ലാ വർഷവും മെഡിക്കൽ ക്യാമ്പ് നടത്തുകയാണ് ഈ മലയാളി ഡോക്ടർ സംഘം.

വെല്ലുവിളികളേറെ

ആരോഗ്യം ഒരു വ്യക്തിയുടെ ഏറ്റവും പ്രാഥമിക ഘടകമാണെന്ന് പോലുമറിയാത്ത ഒരു ജനത. ഇനി അറിഞ്ഞിരുന്നാലും അടുത്തുള്ള ആശുപത്രിയിൽ പോകണമെങ്കിൽ അഞ്ചും ആറും മണിക്കൂറുകൾ നീണ്ട യാത്ര, പ്രാഥമിക ചികിത്സാകേന്ദ്രം പോലുമില്ലാത്ത അവസ്ഥ, വിദ്യാഭ്യാസപരമായി പിറകിലായതിനാൽ പറ്റിക്കാൻ ഒരുപാട് പേർ.

മാറിമാറി വന്ന സർക്കാറുകളുടെ അനാസ്ഥ മൂലം ആരോഗ്യരംഗം താറുമാറായ ഉത്തരഖണ്ഡിലെ ഉൾഗ്രാമ ജനതയെക്കുറിച്ചാണ് പറയുന്നത്. ഇവിടെയാണ്‌ മലയാളി ഡോക്ടർ സംഘം രക്ഷകരായി എത്തുന്നത്.


ഇവർ സൂപ്പർ ഹീറോകൾ

1979ൽ തുടങ്ങിയ എറണാകുളത്തെ ആദിത്യ ഗ്രൂപ് ഓഫ് ക്ലിനിക്സ് കൺസൾട്ടന്‍റ് കൊച്ചി തോപ്പുംപടി സ്വദേശി ഡോ. അമൽ ചന്ദ്രയും ഡോക്ടർമാരായ വിവിൻ സെബാസ്റ്റ്യൻ, മുഹമ്മദ്‌ ഷമീർ, മഹേഷ്‌ മേനോൻ, ഹരിപ്രിയ എസ്.ബി എന്നിവരുമടങ്ങുന്ന മെഡിക്കൽ സംഘം ഉത്തരേന്ത്യൻ ജനതക്ക് ഇന്ന് സൂപ്പർ ഹീറോകളാണ്.

വർഷത്തിൽ രണ്ടു മാസം ഇവർ ഉത്തരഖണ്ഡിലെ ഗഡ്വാൾ മേഖലയിൽ സന്നദ്ധ സേവനങ്ങൾക്ക് മാറ്റിവെക്കും. മേഘവിസ്‌ഫോടനം ഉത്തരഖണ്ഡിൽ നാശം വിതച്ചപ്പോൾ പ്രതീക്ഷയും ധൈര്യവും സംഭരിച്ചായിരുന്നു ഇവരുടെ നീക്കം.

ദുരന്തമുഖത്ത്, സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിയപ്പോൾ പോലും കൂടെയുണ്ടായിരുന്ന ആരും ഒരു നിമിഷം പോലും പേടിച്ചുനിന്നില്ല. ഒരാളെങ്കിലും തിരിച്ചുപോകണമെന്ന് പറഞ്ഞിരുന്നെങ്കിൽ അവർ തോറ്റുപോകുമായിരുന്നു. ഒറ്റക്കെട്ടായി നല്ലൊരു ടീം കൂടെയുള്ളത് വലിയ അനുഗ്രഹമാണെന്ന് ഡോ. അമൽ ചന്ദ്ര പറയുന്നു.


ആവശ്യങ്ങൾ അറിഞ്ഞ് മുന്നോട്ട്

‘‘മൗണ്ടെയ്നീറായാണ് ഞാൻ ആദ്യമായി ഉത്തരഖണ്ഡിൽ എത്തുന്നത്. അവിടത്തെ ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞാണ് ക്ലിനിക്ക് തുടങ്ങിയത്. അഞ്ചുവർഷം മുമ്പ് അവിടെ എത്തിയപ്പോൾ നെറ്റ്‌വർക്ക് കണക്ഷൻ പോലും ഉണ്ടായിരുന്നില്ല. ഭാഷാപരമായ ബുദ്ധിമുട്ടുകൾ വേറെയും.

ഫംഗൽ പ്രശ്നങ്ങൾ, വെള്ളത്തിന്‍റെ പ്രശ്നങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിങ്ങനെ ഓരോ ദിവസവും അവർ ഓരോ പ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്. അവർക്കത് സാധാരണമാണെന്നാണ് വിശ്വാസം. അവരുടെ ബുദ്ധിമുട്ടുകൾ കണ്ടപ്പോഴാണ് സഹായം വേണമെന്ന് മനസ്സിലാക്കുന്നത്. അങ്ങനെയാണ് ഒറ്റക്കെട്ടായി അവർക്കായി പ്രവർത്തിച്ചത്.

ക്യാമ്പിനിടെ വളരെ യാദൃച്ഛികമായി, പൊള്ളലേറ്റ ഒരു കുട്ടിയെ ചികിത്സിക്കേണ്ടി വന്നു. അന്ന് എനിക്ക് ചികിത്സ നൽകാൻ സാധിച്ചിരുന്നില്ലെങ്കിൽ ആ കുട്ടി വേദന അനുഭവിച്ചു കൊണ്ടേയിരിക്കുമായിരുന്നു. വലിയൊരു ശക്തിയാവും ആ കുട്ടിയെ എന്‍റെ മുന്നിലെത്തിച്ചത്.

നിലവിൽ ടീമിലെ എല്ലാവർക്കും അവരുടേതായ ക്ലിനിക്കുകളുണ്ട്. എല്ലാവർക്കും ഒരുപോലെ ലീവ് കിട്ടണം. അവരൊരുമിച്ച് വരുമ്പോൾ മാത്രമേ ക്യാമ്പുമായി മുന്നോട്ടുപോകാൻ സാധിക്കൂ.

ഞാൻ എറണാകുളത്ത് ജനിച്ചുവളർന്നയാളാണ്. നമുക്ക് ചികിത്സിക്കാൻ ഇഷ്ടം പോലെ ആശുപത്രികളുണ്ട്. മെട്രോപോളിറ്റൻ സിറ്റി അല്ലെങ്കിൽ പോലും കേരളത്തിലെ ഒരു ഗ്രാമപ്രദേശത്തുപോലും ചികിത്സ സാധ്യമാണ്. ചികിത്സ കിട്ടേണ്ട സമയത്ത് കിട്ടണം. കാരണം മനുഷ്യനെ നോക്കാൻ മനുഷ്യന് മാത്രമേ സാധിക്കൂ. ഒരു അമാനുഷിക ശക്തിയും ആരെയും രക്ഷിക്കാൻ പോകുന്നില്ല’’ -അമൽ ചന്ദ്ര പറഞ്ഞുനിർത്തി.

Show Full Article
TAGS:Lifestyle Uttarakhand doctors 
News Summary - these malayali doctors are like god to the people of north india
Next Story