മനസ്സിന്‍റെ താളം നഷ്ടപ്പെട്ടവർക്ക് കൃഷിയിലൂടെ അത് തിരികെ നൽകുകയാണ് ഈ കേന്ദ്രം
text_fieldsഅന്തേവാസികൾക്കൊപ്പം ശ്രദ്ധ കെയർ ഹോം ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് ഫിനാൻസ് ഓഫിസർ ടി. അനിൽ കുമാർ, പ്രോജക്ട് ഓഫിസർ കെ.ജി. ബിനിലാൽ, പ്രോജക്ട് മാനേജർ എസ്. ശബരിനാഥൻ എന്നിവർ....... ചിത്രങ്ങൾ: പി.ബി. ബിജു
കണ്ടുമുട്ടുമ്പോൾ ആ 55കാരൻ ‘സന്യാസിനീ...’ എന്ന ചലച്ചിത്രഗാനം പാടി ശലഭോദ്യാനത്തിലെ സിമന്‍റ് ബെഞ്ചിലിരിക്കുകയാണ്. നരകയറിയ ഇടതൂർന്ന താടി കുറ്റിയായി വെട്ടിയൊതുക്കിയിരിക്കുന്നു. അൽപം കയറിയ നെറ്റിത്തടത്തിൽ ഏതാനും വിയർപ്പുതുള്ളികൾ.
‘...അന്നുമെൻ ആത്മാവ്
നിന്നോട് മന്ത്രിക്കും
നിന്നെ ഞാൻ
സ്നേഹിച്ചിരുന്നു...’ എന്ന വരികൾ ശ്രുതിഭംഗം വരാതെ വിഷാദത്തോടെ പാടിനിർത്തിയപ്പോൾ പരിചയപ്പെടാൻ ചെന്നു.ചോറ്റാനിക്കര സ്വദേശിയായ അദ്ദേഹം തൃപ്പൂണിത്തുറ, പാലക്കാട് സംഗീത കോളജുകളിൽനിന്ന് ഗാനഭൂഷൺ, ഗാനപ്രവീൺ കോഴ്സുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലുൾപ്പെടെ നിരവധി കച്ചേരികൾ അവതരിപ്പിച്ച ഓർമകളുമുണ്ട്. നാട്ടിൽ പോകാൻ ഇഷ്ടമില്ലേ എന്ന് ചോദിച്ചപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ വീട്ടുകാർ വരുന്നില്ലെന്നായിരുന്നു മറുപടി.
‘...രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാൻ...’ അദ്ദേഹം പാട്ടുതുടർന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനുകീഴിൽ വെഞ്ഞാറമൂട്ടിൽ പ്രവർത്തിക്കുന്ന ശ്രദ്ധ കെയർ ഹോമിൽനിന്നാണ് ഈ അനുഭവം. കോടതിവിധിയുടെ അടിസ്ഥാനത്തിൽ പത്തുവർഷം മുമ്പ് ആരംഭിച്ചതാണ് ഈ പുനരധിവാസ കേന്ദ്രം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം സാധ്യമാക്കാൻ എല്ലാ ജില്ലാ പഞ്ചായത്തുകളുടെ കീഴിലും കെയർ ഹോമുകൾ വേണമെന്നായിരുന്നു ഹൈകോടതി വിധി. എന്നാൽ, സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ മാത്രമാണ് ഇത്തരമൊരു കേന്ദ്രം പ്രവർത്തിക്കുന്നത്.
ഇവിടെ കൃഷി ഒരു സുഖപ്പെടുത്തൽ കൂടിയാണ്. ജീവിത വഴികളിലെവിടെയോ മനസ്സിന്‍റെ താളം നഷ്ടപ്പെട്ടവർക്ക് കൃഷിയിലൂടെ അത് തിരികെ നൽകുകയാണ് തിരുവനന്തപുരത്തെ ശ്രദ്ധ കെയർ ഹോം. മാനസിക വെല്ലുവിളികൾക്കുള്ള ചികിത്സ കഴിഞ്ഞിട്ടും ആരും ഏറ്റെടുക്കാനെത്താത്തവരാണ് ഇവിടത്തെ അന്തേവാസികൾ.
കൃഷി ചികിത്സ
അസുഖം മാറിയാലും ആരും ഏറ്റെടുക്കാത്തവരാണ് ഇവിടെ എത്തുന്നത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ (ഊളമ്പാറ) ചികിത്സ പൂർത്തിയാക്കിയവരെ ഇവിടേക്ക് ശിപാർശ ചെയ്യും. കൃഷിയുൾപ്പെടെയുള്ള ജീവിതരീതികളിലൂടെ ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഹോർട്ടി കൾച്ചറൽ തെറപ്പിയാണ് ഇവിടത്തെ ഹൈലൈറ്റ്.
വെറുതെയിരിക്കുന്നതിനുപകരം അന്തേവാസികളെ സജീവമാക്കുക എന്നതാണ് ഈ ചികിത്സരീതിയുടെ സാരമെന്ന് പ്രോജക്ട് ഓഫിസർ കെ.ജി. ബിനിലാൽ പറയുന്നു. പച്ചക്കറിക്ക് പുറമേ പശു, കോഴി, മീൻ, തേനീച്ച വളർത്തൽ, ശലഭോദ്യാനം, ഔഷധ സസ്യോദ്യാനം തുടങ്ങിയ കൃഷിരീതികളാണ് ഇവർ പരീക്ഷിക്കുന്നത്.
നേരംപോക്കല്ല കൃഷി
ജില്ല പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് അനുബന്ധമായി വിൽപന കേന്ദ്രം തുടങ്ങാനാണ് അധികൃതരുടെ പദ്ധതി. അന്തേവാസികളുടെ പരിചരണത്തിൽ വളരുന്ന പച്ചക്കറി കൃഷിയിൽനിന്നും കന്നുകാലി വളർത്തലിൽനിന്നുമായി ലഭിക്കുന്ന ജൈവ ഉൽപന്നങ്ങളുടെ വിൽപനയാണ് ഉദ്ദേശിക്കുന്നത്.
14 പശുക്കളിൽനിന്നായി 30 ലിറ്ററോളം പാൽ ലഭിക്കുന്നുണ്ട്. ആവശ്യം കഴിഞ്ഞുള്ള 25 ലിറ്റർ നാടൻ പശുവിൻപാൽ തേടി സമീപവാസികളെല്ലാം ഇവിടെയെത്തുന്നു. പാൽ വിതരണവും കണക്കുകൾ കൈകാര്യം ചെയ്യുന്നതുമെല്ലാം അന്തേവാസികൾതന്നെ. ആദ്യമൊക്കെ സമീപവാസികൾക്ക് ഇവരെ പേടിയായിരുന്നെന്നും ഇപ്പോൾ അതെല്ലാം മാറിയെന്നും പ്രോജക്ട് മാനേജർ എസ്. ശബരിനാഥൻ പറയുന്നു.
താറാവ്, കോഴി എന്നിവയുടെ മുട്ടകളിൽ 70 എണ്ണംവരെ ദിവസവും പുറത്തേക്ക് വിൽക്കാനാവുന്നുണ്ട്. ഇവിടെ സജ്ജമാകുന്ന തൈ ഉൽപാദന കേന്ദ്രത്തിന്‍റെ പ്രവർത്തനവും സജീവമാക്കാനുള്ള ഒരുക്കത്തിലാണിവർ. കൃഷിഭവനുകളുമായി സഹകരിച്ച് തൈകൾ സംഭരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
പച്ചക്കറി, പഴവർഗങ്ങൾ, പാൽ, മുട്ട, വളം തുടങ്ങിയവയെല്ലാം പൊതുവിപണിയിലെത്തിക്കാനാണ് ശ്രമം. ഈ വരുമാനത്തിൽനിന്ന് നിശ്ചിത ശതമാനം ഓരോ അന്തേവാസിയുടെയും പേരിൽ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പദ്ധതിയുമുണ്ട്. നിയമോപദേശം അനുകൂലമാവുകയാണെങ്കിൽ ഇവർക്കാർക്കും ഇനി വെറുംകൈയോടെ വീടുകളിലേക്ക് പോകേണ്ടിവരില്ല.
ബാക്ക് ടു ഹോം
ഇതര സംസ്ഥാനക്കാരുൾപ്പെടെ 17 പേരെ സ്വന്തം വീടുകളിലെത്തിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം മറച്ചുവെക്കാനാവില്ലെന്ന് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കെയർ ഹോം ചെയർമാനുമായ വിളപ്പിൽ രാധാകൃഷ്ണൻ പറഞ്ഞു. നിലവിൽ അന്തേവാസികളായ 50ൽ 12 പേരെ സ്വന്തം വീടുകളിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ്.
ഇതര സംസ്ഥാനക്കാരുടെ വിലാസവും ബന്ധുക്കളെയും കണ്ടെത്തുക എന്നത് പ്രയാസമാണെന്നും അദ്ദേഹം പറയുന്നു. ചിലരെ നാടുകളിലെത്തിക്കുമ്പോൾ വലിയ സ്വീകരണം ലഭിച്ച അനുഭവവുമുണ്ട്. എന്തെങ്കിലും ചെറിയ അസുഖമോ ലക്ഷണമോ കാണുമ്പോൾതന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ വഴി കന്യാകുമാരിയിലേക്ക് കയറ്റിയയക്കുന്നവരാണ് ഇവിടെ എത്തുന്നവരിൽ കൂടുതലും -അദ്ദേഹം പറഞ്ഞു.
ഉല്ലാസയാത്രകളും
കഴിഞ്ഞ മാർച്ചിലാണ് ഇവർ വന്ദേഭാരത് ട്രെയിനിൽ കണ്ണൂരിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്. സ്വാഭാവിക ജീവിത സാഹചര്യവുമായി അടുത്തിടപഴകുന്നതിലൂടെ പലരും സ്വന്തം വീട്ടിലേക്കുള്ള വഴിതേടുകയാണ്. മാസംതോറും അന്തേവാസികളുമായുള്ള ഔട്ടിങ് സ്ഥിര സംവിധാനമാക്കാനും പദ്ധതിയുണ്ട്.
ജില്ല പഞ്ചായത്തിന്‍റെ നന്ദിയോട്ടെ കെട്ടിടത്തിൽ ഇതുപോലെ വനിതകൾക്കുള്ള പുനരധിവാസ കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഒപ്പം ഗവേഷണകേന്ദ്രവും പരിശീലന കേന്ദ്രവുമെല്ലാം സ്വപ്നപദ്ധതികളാണ്.