20 മിനിറ്റ് വ്യായാമത്തിലൂടെ വയോധികർക്ക് യൗവനം തിരികെ നൽകിയ കൂട്ടായ്മയെക്കുറിച്ചറിയാം
text_fieldsവ്യായാമത്തിലേർപ്പെട്ട മലപ്പുറം കടുങ്ങപുരത്തെ മെക് 7 ഹെൽത്ത് ക്ലബ് അംഗങ്ങൾ. ചിത്രങ്ങൾ: പി. അഭിജിത്ത്
പരുന്തിന്‍റെ കഥ പലരും കേട്ടതായിരിക്കും. 40 വർഷത്തോളം ജീവിച്ച പരുന്ത് തനിക്ക് ഭാരമായ കൊക്കും പൂടയും തൂവലുമെല്ലാം പറിച്ചുകളഞ്ഞ് കാത്തിരിക്കുകയാണ്. ആഴ്ചകളുടെ കാത്തിരിപ്പിനൊടുവിൽ പുതുതായി മുളച്ച കൊക്കും തൂവലും നഖങ്ങളുമായി കൂടുതൽ ഊർജസ്വലനായി വാനിലേക്ക് പറന്നുയർന്നു.
ഈ പരുന്തിന് വേണമെങ്കിൽ ഭാരമേറിയ കൊക്കും പൂടയുമെല്ലാം തന്‍റെ വിധിയാണെന്നും ഇനി അധികകാലം ആയുസ്സില്ലെന്നും വിചാരിച്ച് പറക്കാനാകാതെ കഴിഞ്ഞുകൂടാമായിരുന്നു. എന്നാൽ, തന്നേക്കാൾ ഉയരത്തിൽ പറക്കാൻ മറ്റൊരു പക്ഷിക്കും സാധ‍്യമല്ലെന്ന ആത്മവിശ്വാസം ഉള്ളിലുള്ളതിനാൽ അത് കഠിന പരിശ്രമം നടത്തുകയും മറ്റുള്ളവരെ ഏറെ ദൂരം പിന്നിലാക്കി സ്വപ്നങ്ങളുടെ ആകാശത്തേക്ക് കുതിക്കുകയുമാണ് ചെയ്തത്.
പരുന്തിന്‍റെ കഥപോലെ മധ‍്യവയസ്സ്, വാർധക്യം എന്നൊക്കെ സമൂഹം നൽകിയ ടാഗ് ലൈനും പേറി വീട്ടിലിരിക്കാതെ ആരോഗ്യവും ഫിറ്റ്നസും കൈവരിച്ച നൂറുകണക്കിന് മനുഷ‍്യരുടെയും അവരെ അതിന് പ്രാപ്തരാക്കിയ കൂട്ടായ്മയുടെയും വിശേഷങ്ങൾക്ക് ഏവരുടെയും ഉള്ളിൽ നിശ്ചയദാർഢ‍്യം നിറക്കാനുള്ള സ്പാർക്കുണ്ട്.
2010ൽ പാരാമിലിറ്ററിയിൽനിന്ന് വളന്‍ററി റിട്ടയർമെന്‍റ് എടുത്ത മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി. സലാഹുദ്ദീന്‍റെ മനസ്സിലുദിച്ച ആശയമാണിത്. മധ‍്യവയസ്കരും വയോധികരുമായ നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങൾക്കുള്ള പരിഹാരം എന്ന നിലക്കാണ് അദ്ദേഹം നാട്ടിൽ യോഗ ക്ലബ് ആരംഭിക്കുന്നത്.
പലരും വിശ്രമജീവിതം എന്ന് ഓമനപ്പേരിട്ട് വീട്ടിൽ ഒതുങ്ങിക്കൂടുകയും വിവിധ രോഗങ്ങൾക്ക് അടിപ്പെടുകയും അതിവേഗം കിടപ്പുരോഗിയാവുകയും ചെയ്യുന്ന അവസ്ഥക്ക് മാറ്റം വേണം എന്ന ലക്ഷ‍്യവും അദ്ദേഹത്തിനുണ്ടായിരുന്നു. 20 പേരുമായിട്ടായിരുന്നു ആ 41കാരൻ കൊണ്ടോട്ടി തുറക്കലിൽ യോഗ ക്ലബിന് തുടക്കം കുറിക്കുന്നത്.

വ്യായാമ വൈവിധ‍്യത്തിലേക്ക്
രണ്ട് വർഷത്തിനുശേഷം യോഗ ക്ലബിന്‍റെ പ്രവർത്തനം വിപുലപ്പെടുത്തുക എന്ന ലക്ഷ‍്യത്തോടെ പുതിയ വ്യായാമരീതികൾ പരീക്ഷിക്കാൻ തുടങ്ങി. 2012 ജൂലൈയിൽ മെക് 7 (MEC 7 -Multi Exercise Combination) എന്ന പേരിൽ പുതിയ വ്യായാമമുറകൾ ഉൾപ്പെടുത്തി.
ഏഴ് കാറ്റഗറികളിലായി 21 ഇനം വ്യായാമമുറകൾ സലാഹുദ്ദീൻ സ്വന്തമായി കണ്ടെത്തി അംഗങ്ങളെ പരിശീലിപ്പിച്ചു. യോഗ, എയ്റോബിക്സ്, ഫിസിയോതെറപ്പി, മെഡിറ്റേഷൻ, ഫേസ് മസാജ്, അക്യുപ്രഷർ, ഡീപ് ബ്രീത്തിങ് എന്നിവയാണ് ഏഴ് കാറ്റഗറികൾ. യോഗ ക്ലബിന്‍റെ പേര് ‘മെക് 7 ഹെൽത്ത് ക്ലബ്’ എന്ന് പുനർനാമകരണം ചെയ്തു. യോഗമാറ്റ് ഉപേക്ഷിച്ച് നിന്നുകൊണ്ടുള്ള വ്യായാമങ്ങൾ മാത്രം പാക്കേജിൽ ഉൾപ്പെടുത്തിയതിനാൽ ആളുകൾക്ക് കൂടുതൽ സൗകര്യപ്രദമായി.
ക്ലബിലെ അംഗസംഖ‍്യ 20ൽനിന്ന് 80 ആയി വർധിച്ചു. സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവർ കൂട്ടായ്മയുടെ ഭാഗമായി. തുറക്കൽ എന്ന ഗ്രാമത്തിന്‍റെ ആരോഗ്യചരിത്രത്തിൽ പുതിയ അധ‍്യായം രചിക്കപ്പെടുകയായിരുന്നു.

പതിറ്റാണ്ടിന്‍റെ പാരമ്പര്യം
വ്യായാമമുറകൾ ആളുകളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സലാഹുദ്ദീൻ പഠിക്കാനും ഗവേഷണം നടത്താനും തുടങ്ങി. അതിനിടെ കോവിഡ് ലോക്ഡൗൺ വന്നതോടെ പ്രാക്ടിസിന് താൽക്കാലിക വിരാമമിട്ടെങ്കിലും വീട്ടിൽനിന്ന് സ്വയം പ്രാക്ടിസ് ചെയ്യണമെന്ന് അംഗങ്ങൾക്ക് നിർദേശം നൽകി.
കോവിഡാനന്തരം പ്രാക്ടിസിങ് പുനരാരംഭിച്ചു. അംഗങ്ങൾ കൂടുതൽ ഉന്മേഷത്തോടെ എത്താൻ തുടങ്ങി. നീണ്ട 10 വർഷത്തിനൊടുവിൽ സലാഹുദ്ദീൻ ഗവേഷണവും നിരീക്ഷണവും പൂർത്തീകരിക്കുകയും 21 ഇന വ്യായാമങ്ങൾ അംഗങ്ങളുടെ ആരോഗ്യത്തിൽ വരുത്തിയ പോസിറ്റിവായ മാറ്റങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
2022ൽ ഒരു പൂർവ വിദ്യാർഥി സംഗമത്തിൽവെച്ച് താൻ കണ്ടെത്തിയ വ്യായമമുറകളെക്കുറിച്ചും അത് ആളുകളുടെ ശാരീരിക-മാനസിക ആരോഗ്യത്തിൽ വരുത്തുന്ന പോസിറ്റിവായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പ്രഖ‍്യാപിച്ചു. അത് വലിയ വാർത്തയായി. കേട്ടറിഞ്ഞവർ സലാഹുദ്ദീനെ ബന്ധപ്പെടുകയും സമീപ പ്രദേശമായ പെരുവള്ളൂർ കേന്ദ്രീകരിച്ച് മെക് 7 ഹെൽത്ത് ക്ലബിന്‍റെ യൂനിറ്റ് രൂപവത്കരിക്കുകയും ചെയ്തു.
200ഓളം പേർ അംഗങ്ങളായി ചേർന്നു. പരിശീലക കുപ്പായമണിഞ്ഞ് സലാഹുദ്ദീൻതന്നെ ഗ്രൗണ്ടിലിറങ്ങി. അവിടത്തെ അംഗങ്ങളിൽനിന്നുതന്നെ ടീം ലീഡറെയും ട്രെയിനർമാരെയും തിരഞ്ഞെടുത്തു.

കുറഞ്ഞ മാസം, നിരവധി യൂനിറ്റുകൾ
മെക് 7 യൂനിറ്റ് പെരുവള്ളൂർ ഗ്രാമത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ വൈറലായി. തങ്ങളുടെ നാട്ടിലും യൂനിറ്റ് ആരംഭിക്കണം എന്ന ആവശ‍്യവുമായി അയൽ പ്രദേശങ്ങളിൽനിന്നും മറ്റുമായി ആളുകൾ പെരുവള്ളൂരിലേക്ക് ഒഴുകി.
ഈ ആശയത്തെ പ്രഫഷനലായി കൊണ്ടുപോകണം എന്ന ലക്ഷ‍്യവുമായി കൂടുതൽ പേർ രംഗത്തുവന്നു. ബിൽഡർ ബാവ അറക്കലിനെ ബ്രാൻഡ് അംബാസഡറായും കെ.ടി. മുസ്തഫയെ ചീഫ് കോഓഡിനേറ്ററായും തിരഞ്ഞെടുത്തു.
പുതുതായി യൂനിറ്റുകൾ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പെരുവള്ളൂരിൽനിന്ന് ട്രെയിനർമാരെ പറഞ്ഞുവിട്ടു. ഒരാഴ്ച ഈ ട്രെയിനർമാർ പുതിയ യൂനിറ്റിലുള്ളവർക്ക് പരിശീലനം നൽകി. പുതിയ യൂനിറ്റിൽനിന്ന് അഞ്ചോ ആറോ പേരെ അവരുടെ ട്രെയിനർമാരായി തിരഞ്ഞെടുത്തു.
പുതിയ ട്രെയിനർമാർക്ക് പെരുവള്ളൂരിൽനിന്ന് പ്രാഥമിക പരിശീലനം നൽകി. പിന്നീട് കൊണ്ടോട്ടി തുറക്കലിൽനിന്ന് സെക്കൻഡ് ലെവൽ പരിശീലനം. ഇവിടെ നിന്നാണ് വ്യായാമമുറകളും അതിന്‍റെ ഗുണങ്ങളും വിശദീകരിച്ചുകൊടുക്കുന്നത്. ഈ മാതൃകയിൽ കുറഞ്ഞ മാസങ്ങൾക്കുള്ളിൽ നിരവധി യൂനിറ്റുകൾ ആരംഭിച്ചു. സ്ത്രീകൾക്കായി പ്രത്യേകം യൂനിറ്റുകളും ആരംഭിച്ചു. ടീമിന്‍റെ ലീഡറും ട്രെയിനർമാരുമായി സ്ത്രീകളെത്തന്നെ തിരഞ്ഞെടുത്തു.
നിലവിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലായി പുരുഷന്മാരുടെ 77 യൂനിറ്റും സ്ത്രീകളുടെ 60 യൂനിറ്റും പ്രവർത്തിക്കുന്നു. ഈ പ്രദേശങ്ങളിലെ പ്രവാസികൾക്കൊപ്പം മെക് 7ഉം കടൽ കടന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലായി 12 യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, മുൻമന്ത്രി പി.കെ. അബ്ദുറബ്ബ്, പൊതുപ്രവർത്തകൻ നിയാസ് പുളിക്കലകത്ത് തുടങ്ങി കൂട്ടായ്മയുടെ ഭാഗമായ പ്രമുഖരുടെ പട്ടിക നീണ്ടുപോകുന്നു.

ശരീരത്തിനും മനസ്സിനും പുനരുജ്ജീവനം
ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ‍്യം. ‘rejuvenate your body and mind’ എന്നതാണ് മെക് 7ന്‍റെ ആപ്തവാക്യം. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യ വളർച്ചക്ക് ഉതകുന്നതാണ് 21 വ്യായാമമുറകൾ. ഒരു ദിവസം 20 മിനിറ്റ് മാത്രമേ ഇതിനുവേണ്ടി വരുന്നുള്ളൂ.
60 വയസ്സിന് മുകളിലുള്ളവരാണ് കൂട്ടായ്മയിൽ കൂടുതലായുള്ളത്. കൊണ്ടോട്ടി മേലങ്ങാടിയിലെ 85കാരനായ കുഞ്ഞിമുഹമ്മദ് ഹാജിയാണ് ഏറ്റവും പ്രായം കൂടിയയാൾ.
കുട്ടികൾക്കായി 10 ഇനങ്ങൾ ഉൾപ്പെടുത്തിയ പാക്കേജുമുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് കുട്ടികൾക്കുള്ള വ്യായാമം.
തീർത്തും സൗജന്യം
അംഗങ്ങളിൽനിന്ന് ഒരു തരത്തിലുമുള്ള ഫീസോ പണമോ ഈടാക്കാതെയാണ് മെക് 7 ഹെൽത്ത് ക്ലബിന്‍റെ ചെറുതും വലുതുമായ നൂറിലേറെ യൂനിറ്റുകൾ പ്രവർത്തിക്കുന്നത്. രജിസ്ട്രേഷൻ ഫീസോ ഫ്രാഞ്ചൈസി ഫീസോ ഒന്നും ഈടാക്കുന്നില്ല. ടീം ലീഡർമാരും ട്രെയിനർമാരും സന്നദ്ധ സേവനം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്.
സ്നേഹം നുകർന്നും പകർന്നും
കൂട്ടായ്മയുടെ പ്രസക്തി ബോധ‍്യപ്പെട്ട വിവിധ പ്രദേശങ്ങളിലെ ആരാധനാലയങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ തങ്ങളുടെ ഭൂമിയും ശുചിമുറി സൗകര്യങ്ങളും വ്യായാമം ചെയ്യാനും അതിലെ അംഗങ്ങൾക്ക് ഉപയോഗിക്കാനുമായി സൗജന്യമായി വിട്ടുനിൽകുന്നു.
മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെടുന്ന ഭിന്നശേഷി കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കോഴിക്കോട് പൂനൂരിലെ ‘കാരുണ‍്യതീര’ത്തിന്‍റെ നടത്തിപ്പുകാരിലും മെക് 7 അംഗങ്ങളുണ്ട്. കൂട്ടായ്മ ഭാരവാഹികൾ ഈ സ്ഥാപനം സന്ദർശിച്ച് കുട്ടികൾക്ക് യൂനിഫോമും സ്ഥാപനത്തിന് ഡൊണേഷനും നൽകിയിരുന്നു. അതോടൊപ്പം കുട്ടികളെ വ്യായാമമുറകൾ പഠിപ്പിക്കുകയും ചെയ്തു. കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് ഇതിനുള്ള ചെലവ് വഹിക്കുന്നത്.
ഓരോ അംഗവും താൻ പഠിച്ച വ്യായാമങ്ങൾ വീട്ടുകാരെയും പഠിപ്പിക്കണം എന്നതാണ് മെക് 7ന്‍റെ പോളിസി. അതോടൊപ്പം നാട്ടിലെയും പരിചയത്തിലെയും പക്ഷാഘാതം വന്ന രോഗികളെ സന്ദർശിക്കുകയും രോഗികളെക്കൊണ്ട് കഴിയുന്ന വ്യായാമം ചെയ്യിപ്പിക്കുകയും വേണമെന്നും അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കേരളമൊട്ടാകെ മെക് 7 യൂനിറ്റുകൾ ആരംഭിക്കുകയും ദേശീയ-രാജ്യാന്തര തലങ്ങളിൽ തങ്ങളുടെ ആരോഗ്യസന്ദേശം എത്തിക്കുകയും ചെയ്യുക എന്ന സ്വപ്നം സമീപഭാവിയിൽ തന്നെ എത്തിപ്പിടിക്കുമെന്ന് പറഞ്ഞുനിർത്തുമ്പോൾ സലാഹുദ്ദീൻ എന്ന 54കാരന്‍റെ മുഖത്തുനിന്ന് പ്രായം തോറ്റുപിന്മാറിയ ദൃഢനിശ്ചയം വായിച്ചെടുക്കാം.