‘പഠനം ഉപേക്ഷിച്ച ഉത്തരേന്ത്യൻ കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ ആറു ലേണിങ് സെന്‍ററുകൾ ആരംഭിച്ചു’ -വ്ലോഗർ പി.ടി. മുഹമ്മദിന്‍റെ യാത്രാജീവിതത്തിലൂടെ
text_fieldsഉത്തർപ്രദേശിൽ ആരംഭിച്ച ലേണിങ് സെന്ററിലെ കുട്ടികളോടൊപ്പം പി.ടി. മുഹമ്മദ്
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാക്കി അതിൽനിന്ന് ഊറ്റിയെടുത്ത വിവരങ്ങൾ മടുപ്പിക്കാതെ പ്രേക്ഷകന് പകർന്നുനൽകി യാത്രാ വ്ലോഗർമാരിൽ പുത്തൻ ശൈലിയുടെ ഉടമയായിത്തീർന്ന പി.ടി. മുഹമ്മദ് ഒരുക്കുന്ന കാഴ്ചകൾ സുന്ദരവും നിർമലവുമാണ്.
തന്‍റെ ജീവിതവും യാത്രയും പറയുകയാണ് അദ്ദേഹം...
പി.ടി. മുഹമ്മദ് കശ്മീരിൽ
യാത്രയുടെ തുടക്കം
മലപ്പുറം കോട്ടക്കൽ രണ്ടത്താണി സ്വദേശിയായ ഞാൻ 2018ലാണ് കോഴിക്കോട് മർകസിൽനിന്ന് മതപഠനം പൂർത്തിയാക്കി ഇറങ്ങുന്നത്. അതിനുശേഷം രണ്ടു വർഷം പ്രവർത്തിച്ചത് മർകസ് നോളജ് സിറ്റിയിലെ ടൈഗ്രീസ് വാലിയിലാണ്.
അവിടെ മീഡിയ, പരസ്യം, വിഡിയോ എഡിറ്റിങ്, കണ്ടന്‍റ് റൈറ്റിങ് തുടങ്ങിയവയിലായിരുന്നു. ജോലിയുടെ ഭാഗമായി ഡൽഹിയിലേക്കും വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ അവസരം ലഭിച്ചു.
എന്നാൽ, യാത്രക്കൊരുങ്ങിയെങ്കിലും അന്ന് അത് നടന്നില്ല. എങ്കിലും നിരാശനായില്ല. അന്ന് വിചാരിച്ചതാണ് കേരളത്തിന് പുറത്തുപോയി ജോലി ചെയ്യണമെന്നും സ്ഥലങ്ങളൊക്കെ കാണണമെന്നതുമൊക്കെ. ഈ ആഗ്രഹത്തിന് പുറത്ത് ഡൽഹിയിലെ വിവിധ കമ്പനികളിലേക്ക് ബയോഡേറ്റകൾ അയച്ചുതുടങ്ങി. ഒടുവിൽ ഒരു കമ്പനിയിൽ ജോലി ലഭിച്ചു. അങ്ങനെ 2021ൽ ഡൽഹിയിലേക്ക് വണ്ടി കയറി.
അവിടെ വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഷാഹിദ് നിസാമിയും ഷാഫി നൂറാനിയും എന്റെ സുഹൃത്തുക്കളായിരുന്നു. ഫുഡ് ഓൺ വീൽസ് എന്ന പേരിലുള്ള അവരുടെ കൂട്ടായ്മയുടെ തുടക്ക കാലഘട്ടമായിരുന്നു.
തെരുവിലെയും ചേരിയിലെയും കുട്ടികൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകുന്ന പദ്ധതിയാണ് ഫുഡ് ഓൺ വീൽസ്. ഇതിനു കീഴിൽ മൂന്നു സ്കൂളുകളുണ്ട്. മറ്റു വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. അതിലൊരു വളന്‍റിയറായി പ്രവർത്തിക്കാൻ അങ്ങനെ അവസരമുണ്ടായി.
ഒരിക്കലും യാത്ര ചെയ്യണം എന്ന ലക്ഷ്യത്തോടെ ഇറങ്ങി പുറപ്പെട്ടതല്ല. ജോലി ആവശ്യാർഥം വിവിധ സ്ഥലങ്ങളിൽ ഒരു നിയോഗമെന്ന പോലെ എത്തിപ്പെടുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ഭഗ ഗ്രാമത്തിൽ
ഡൽഹിയിൽ നാലു വർഷം
ഞാൻ ഡൽഹിയിൽ വന്നിട്ട് നാലു വർഷമായി. അപ്പോൾ മുതൽ ഗ്രാമങ്ങളിലേക്കുള്ള യാത്രകളും ആരംഭിച്ചു. വ്ലോഗിങ് തുടങ്ങിയിട്ട് ഒന്നര വർഷമായിട്ടേ ഉള്ളൂ. സുഹൃത്തും വാഹന വ്ലോഗറുമായ കെ.പി. നജീബ് റഹ്മാനാണ് യാത്രാ വ്ലോഗിങ്ങിലേക്കിറങ്ങാൻ പ്രചോദനം നൽകിയത്.
ഒരിക്കൽ അദ്ദേഹം ഡൽഹിയിൽ വന്നപ്പോൾ എന്നെ വിളിച്ചു. ഗ്രാമങ്ങളിലൊക്കെ പോകണമെന്ന ആഗ്രഹം അദ്ദേഹം പറഞ്ഞപ്പോൾ ഒപ്പം കൂട്ടി. ഞാൻ ഗ്രാമങ്ങളിൽ പോയതിന്‍റെയൊക്കെ വാട്സ്ആപ് സ്റ്റാറ്റസ് കണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അങ്ങനെ അദ്ദേഹത്തെയുംകൂട്ടി ഗ്രാമങ്ങളിലേക്ക് പോയി അവിടെയുള്ള കൗതുക കാഴ്ചകൾ കാണിച്ചുകൊടുത്തു. വിവിധ ഭക്ഷണങ്ങൾ പരിചയപ്പെടുത്തി.
ആ ഭക്ഷണങ്ങളുടെ കഥകൾ പറഞ്ഞു കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു, ‘‘നിങ്ങളീ പറഞ്ഞതൊക്കെ ഏറെ കൗതുകമുള്ളതാണ്. ഞാൻ ആദ്യമായാണ് ഇതിനെ കുറിച്ചൊക്കെ കേൾക്കുന്നത്. എന്തുകൊണ്ട് ഇക്കാര്യം മലയാളികൾക്ക് പറഞ്ഞുകൊടുത്തുകൂടാ.’’
നേരത്തേ ഇങ്ങനെയൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്ന് നടന്നില്ല. നജീബ് റഹ്മാന്‍റെ പ്രചോദനംകൂടി ചേർന്നപ്പോൾ ആവേശമായി. അങ്ങനെ വിഡിയോ ചെയ്തുതുടങ്ങി. ചാണകമെങ്ങനെ വിറകായി മാറുന്നു എന്ന അറിവാണ് ആദ്യമായി ചെയ്ത വിഡിയോ.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചാണകത്തിൽ വയ്ക്കോൽ കൂടി ചേർത്ത് പരത്തി ഉണക്കിയെടുത്ത് അത് കത്തിച്ചാണ് ഭക്ഷണം പാചകംചെയ്യാനും മറ്റും വിറകായി ഉപയോഗിക്കുന്നത്. മലയാളികളെ സംബന്ധിച്ച് അത് പുതിയ അറിവായിരുന്നു. അതുകൊണ്ട് ആ വിഡിയോക്ക് നല്ല സ്വീകാര്യത ലഭിച്ചു.
കശ്മീരിലെ കുപ് വാരയിൽ ആപ്പിൾ തോട്ടത്തിൽ
‘കഥ പറയാം’
ആദ്യ വിഡിയോ ചെയ്യുമ്പോൾതന്നെ എന്‍റെ വിഡിയോകൾ ഇനിയെങ്ങനെ ആയിരിക്കണമെന്ന സ്ട്രക്ചർ ഉണ്ടാക്കിയിരുന്നു. ‘കഥ പറയാം’ എന്ന പ്രയോഗം അങ്ങനെ ഉദ്ദേശിച്ചു ചേർത്തതാണ്. അധികവും ചെറിയ വിഡിയോകളാണ് പങ്കുവെക്കാറുള്ളത്.
എന്‍റെ ഏറ്റവും ദൈർഘ്യമുള്ള വിഡിയോ തന്നെ നാലു മിനിറ്റാണ്. ആർക്കും സമയമില്ലാത്ത ഇന്നത്തെ ലോകത്ത് ചുരുങ്ങിയ നേരം കൊണ്ട് കാര്യം പറഞ്ഞു കൊടുക്കുക എന്നതിനാണ് കൂടുതൽ സ്വീകാര്യത. കൂടുതൽ വിവരങ്ങളുള്ള ഡോക്യുമെന്‍ററി സ്വഭാവമുള്ള വിഡിയോകൾ ചെയ്യണമെന്ന ആഗ്രഹവുമുണ്ട്. അത്തരം വിഡിയോകൾ കാണാൻ താൽപര്യമുള്ള ആളുകളുമുണ്ടെന്ന് പിന്നീട് മനസ്സിലായി. 150ഓളം ചെറു വിഡിയോകൾ ചെയ്തിട്ടുണ്ട്.
പഞ്ചാബിലെ ബദേശിയിൽ സബർജിലി തോട്ടത്തിൽ
മീഡിയ ടീമുണ്ട് കൂടെ
നേരത്തേ പറഞ്ഞല്ലോ, എന്‍റെ മേഖല വിഡിയോ എഡിറ്റിങ്, ഡിസൈനിങ് എന്നൊക്കെയാണെന്ന്. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തിൽ ഞാൻ പ്രത്യക്ഷപ്പെടുന്ന വിഡിയോകൾ സുഹൃത്തുക്കൾ ആരെങ്കിലുമായിരിക്കും എടുക്കുക.
ബാക്കി ഭാഗങ്ങൾ പിന്നീട് സ്വന്തമായി ചെയ്യാറാണ് പതിവ്. എഡിറ്റിങ്ങും സ്വന്തമായി തന്നെയാണ് ചെയ്യുന്നത്. നിലവിൽ സ്വന്തമായി മീഡിയ ടീമുണ്ട്.
കശ്മീരിലെ ചിരി ഗ്രാമത്തിലെ ഗ്രാമീണനൊപ്പം ഒരു മഞ്ഞുകാലത്ത്
സ്വപ്നങ്ങളുടെ താഴ്വര
കശ്മീരാണ് മനോഹര യാത്രാനുഭവം സമ്മാനിച്ച ഇടം. അനുഭവിച്ചറിയേണ്ട ഇടം കൂടിയാണത്. എന്‍റെ വിഡിയോ കണ്ടവരൊക്കെ പറയും, ‘‘ഞങ്ങളൊക്കെ കശ്മീരിൽ പോയിട്ടുണ്ട്. എന്നാൽ, കൂടുതലും ടൂറിസ്റ്റ് സ്പോട്ടുകളിലായിരുന്നു. നിങ്ങൾ പറയുന്ന ഗ്രാമങ്ങളിലൊന്നും പോയിട്ടില്ല.’’
ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന് പറയുന്നത് പോലെ കശ്മീരിന്‍റെ ഹൃദയവും കുടിപാർക്കുന്നത് ഗ്രാമങ്ങളിലാണ്. അവിടത്തെ മനുഷ്യരുടെ നിഷ്കളങ്ക സ്നേഹവും വാത്സല്യവും അനുഭവിക്കാൻ കഴിഞ്ഞു എന്നത് വലിയ കാര്യമായി കാണുന്നു.
അതിന്‍റെയൊരു കഥ പറയാം: എന്‍റെ കൂടെ ജോലി ചെയ്യുന്ന രണ്ടുപേരുടെ വീട് പൂഞ്ചിലെ സുരൻകോട്ടിലെ മലഞ്ചെരുവിലാണ്. ഒരിക്കൽ അവരുടെ വീട്ടിലേക്ക് പോയി. രണ്ടു മണിക്കൂർ കാൽനടയായി മല കയറി വേണം അവിടെയെത്താൻ.
ഒരുദിവസം അവിടെ അന്തിയുറങ്ങി. പിറ്റേന്ന് രാവിലെ അവർ പറഞ്ഞു, ‘‘അഞ്ചോ ആറോ മണിക്കൂർ കൂടെ സഞ്ചരിച്ചാൽ ഈ മലയുടെ ഏറ്റവും ഉയരങ്ങളിലെത്താം. നമുക്ക് പോയാലോ. ഭക്ഷണവും സാധനങ്ങളും ഞങ്ങൾ തയാറാക്കാം.’’ അങ്ങനെ ഞങ്ങൾ യാത്ര പുറപ്പെട്ടു. കിലോമീറ്ററുകൾ താണ്ടിയപ്പോൾ കടുത്ത ദാഹവും ക്ഷീണവും അനുഭവപ്പെട്ടു.
ഒരടി മുന്നോട്ടുവെക്കാനാവാത്ത അവസ്ഥ. കുടിവെള്ളവും തീർന്നു. അരുവിയിലേക്ക് എത്തണമെങ്കിൽ അരമണിക്കൂർ ഇനിയും സഞ്ചരിക്കണം. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ആ നിമിഷങ്ങൾ കടന്നുപോയത്. അങ്ങനെയിരിക്കെ തൊട്ടടുത്തൊരു വീട് കണ്ടു. കൂടെയുള്ളവർക്കാർക്കും അറിയുന്ന വീടല്ല. അങ്ങനെ അവർ ചെന്നു നോക്കി.
അവിടെ ആരുമുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു, ‘‘ഒരു ഗ്ലാസ് വെള്ളം എടുക്കൂ. തിരിച്ചുവരുമ്പോൾ വീട്ടുകാർക്ക് എന്തെങ്കിലുമൊക്കെ നൽകാം.’’ വളരെ ചെറിയ കുടിലാണ്. ചാരിവെച്ച ആ വീടിന്റെ വാതിൽ തുറന്ന് ഞങ്ങൾ വെള്ളമെടുത്ത് കുടിച്ചു. ആ വീട്ടുകാർ പെട്ടെന്ന് കയറിവരുന്നു. സംഭവിച്ച കാര്യങ്ങളൊക്കെ അവർക്ക് മുന്നിൽ വിവരിച്ചു.
കേട്ടപ്പോൾ ശകാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതെ അവർ ഞങ്ങളെ സൽക്കരിക്കുകയായിരുന്നു. ‘‘ഇത് നിങ്ങളുടെ കൂടി വീടല്ലേ, എന്തിന് അനുവാദം ചോദിക്കണം’’ എന്നായിരുന്നു മറുപടി. മതിയാവോളം വെള്ളവും ലസ്സിയും ചായയും റൊട്ടിയും തന്നാണ് അവർ ഞങ്ങളെ തിരിച്ചയച്ചത്. ഇങ്ങനെ എത്രയോ നല്ല അനുഭവങ്ങളുണ്ടായിട്ടുണ്ട് കശ്മീരിൽ. ഇത്ര നിഷ്കളങ്കരായ ജനങ്ങളുള്ള ഒരു നാട് ഒരുപക്ഷേ ഇന്ത്യയിൽ വേറെ ഒരിടത്തുമുണ്ടാവില്ല.
സാമ്പൂൻദാന
അടുത്തിടെ രസകരമായ അനുഭവമുണ്ടായി. ഹരിയാനയിലെ ഒരു ഗ്രാമത്തിൽ പോയപ്പോൾ മദൻലാൽ എന്നൊരു കർഷകനെ കണ്ടു. സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം പറഞ്ഞു, ‘‘എന്‍റെ കുടുംബത്തിന് 10 ഏക്കർ ഭൂമിയുണ്ട്. അതിൽ നിറയെ കൃഷിയാണ്.’’ അങ്ങനെ അതൊക്കെ കാണാനിറങ്ങി.
ഗോതമ്പ്, കടുക്, ഗ്രീൻപീസ് ഇതൊക്കെ കണ്ടുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘‘നിങ്ങൾ ഇതുവരെ ജീവിതത്തിൽ കാണാത്തൊരു കൃഷി കാണിച്ചു തരാം.’’ അത് കേട്ടപ്പോൾ ഞാൻ ആകാംക്ഷയിലായി. അതിൽനിന്നാണ് സാമ്പൂൻദാന (സാബൂനരി) ഉണ്ടാക്കുന്നതെന്നും പറഞ്ഞു. അങ്ങനെ പോയി കാണിച്ചുതന്നത് നമ്മുടെ കപ്പയാണ്. രസകരമായ സംഭവമായിരുന്നെങ്കിലും അവിടെനിന്ന് പുത്തനൊരു അറിവ് ലഭിച്ചു. കപ്പയിൽനിന്നാണ് സാബൂനരി (ചൗവ്വരി) ഉണ്ടാക്കുന്നതെന്ന്.
മലയാളിക്ക് എന്നും സ്വീകാര്യത
മലയാളിയാണ് എന്ന് പറയുമ്പോൾ പലപ്പോഴും ആളുകൾക്ക് ബഹുമാനമാണ്. എനിക്കും സമാന അനുഭവം തന്നെയാണുണ്ടായിട്ടുള്ളത്. നമ്മൾ സാക്ഷരരാണ് എന്നതാണ് പ്രധാന കാരണം.
ഉത്തരേന്ത്യൻ നഗരങ്ങൾ തിരക്കേറിയതും സൗകര്യങ്ങൾ ഉള്ളവയുമാണെങ്കിലും ഗ്രാമങ്ങളുടെ കാര്യം പരിതാപകരമാണ്. സാക്ഷരതയിലും പഠനകാര്യത്തിലും ഗ്രാമീണർ ഏറെ പിന്നിലാണ്. സ്കൂളുകൾ ഉണ്ടെങ്കിലും പഠിക്കാൻ പോകുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. അടിസ്ഥാന സൗകര്യ വികസനത്തിലും പിന്നിൽതന്നെ.
വിദേശ യാത്രകൾ
അങ്ങനെ വലിയ പ്ലാനുകളൊന്നുമില്ല. വലിയ പട്ടണങ്ങളോ രാജ്യ തലസ്ഥാനങ്ങളോ സന്ദർശിക്കാൻ വലിയ താൽപര്യമില്ല. പോകുന്നെങ്കിൽ ആ രാജ്യങ്ങളിലെ ഗ്രാമങ്ങൾ കൂടി സന്ദർശിക്കണം. തുർക്കിയ, ഈജിപ്ത് എന്നീ രാജ്യങ്ങളൊക്കെ ലിസ്റ്റിലുണ്ട്.
ഇന്ത്യയിൽ കശ്മീരിനു പുറമെ രാജസ്ഥാനിൽ പോയിട്ടുണ്ട്. അവിടത്തെ ഗ്രാമങ്ങളിൽകൂടി പോകണമെന്നുണ്ട്. കൂടാതെ മേഘാലയ, മണിപ്പൂർ, അസം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണമെന്നുണ്ട്. അത് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വപ്നം
രണ്ടുമാസം മുമ്പ് ഹരിയാനയിൽ ഒരു ഗ്രാമത്തിലെ സർക്കാർ സ്കൂൾ സന്ദർശിച്ചു. 30 കുട്ടികളും 10 അധ്യാപകരുമാണ് അവിടെയുള്ളത്. എന്നാൽ, 500ലേറെ കുട്ടികൾ അവിടെ അഡ്മിഷൻ എടുത്തിട്ടുണ്ട്. സ്കൂളിലെത്തുന്നതോ 50ൽ താഴെ പേർ മാത്രം. ഇതറിഞ്ഞപ്പോൾ വല്ലാത്ത സങ്കടമായി.
വരാത്ത കുട്ടികളെ എങ്ങനെയെങ്കിലും സ്കൂളിലെത്തിക്കാൻ സാധിക്കുമോ എന്ന അധികൃതരുടെ ചോദ്യം എന്നെ വല്ലാതെ ഉലച്ചു. ചെറുപ്പത്തിൽതന്നെ തൊഴിൽ മേഖലകളിലേക്ക് തിരിയുന്നതാണ് കുട്ടികൾ വരാത്തതിന്‍റെ പ്രധാന കാരണം.
അടുത്തിടെ ബാർബർ ഷോപ്പിൽ കയറിയപ്പോൾ എട്ടിലോ മറ്റോ പഠിക്കുന്ന ഒരു ബാലനാണ് അവിടെ മുടി വെട്ടാൻ നിൽക്കുന്നത്. അവനോട് സംസാരിച്ചപ്പോൾ പറഞ്ഞു. പിതാവ് മരിച്ച ശേഷം പിന്നീട് സ്കൂളിൽ പോയിട്ടില്ലെന്ന്. അങ്ങനെ പല കാരണങ്ങൾകൊണ്ട് പഠനം ഉപേക്ഷിച്ചവർ നിരവധിയാണ്. ഹരിയാനയിൽ ഇക്കഴിഞ്ഞ വർഷം മാത്രം 31,068 കുട്ടികളാണ് പഠനം ഉപേക്ഷിച്ചത് എന്നാണ് കണക്ക്.
സുകൂൻ എജു ഫൗണ്ടേഷൻ
പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ ഹരിയാനയടക്കമുള്ള ഗ്രാമങ്ങളിൽ സ്വന്തമായി ആരംഭിച്ച പദ്ധതിയാണ് ലേണിങ് സെന്‍ററുകൾ. ഇത്തരം സെന്‍ററുകളിലേക്ക് വിദ്യാർഥികളെ എത്തിച്ച് അടിസ്ഥാന വിദ്യാഭ്യാസം നൽകി അവരെ സർക്കാർ വിദ്യാലയങ്ങളിലേക്ക് എത്തിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വന്തമായി ആറു ലേണിങ് സെന്‍ററുകൾ ആരംഭിച്ചു.
എന്നാൽ, ഇതിൽ കുട്ടികൾ ചേർന്നെങ്കിലും സർക്കാർ സ്കൂളുകളിലേക്ക് അവരെ എത്തിക്കാനാകുന്നില്ല. സ്കൂളുകളിലെ അടിസ്ഥാന സൗകര്യമില്ലായ്മയാണ് പ്രധാന കാരണം. അവർക്കായി റെസിഡൻഷ്യൽ സ്കൂൾ സംവിധാനം തുടങ്ങണമെന്ന ആഗ്രഹത്തിന് പുറത്ത് സുകൂൻ എജു ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതിനു കീഴിൽ ഹരിയാനയിലൊരു ഗ്രാമത്തിൽ മൂന്നേക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്.
അവിടെ റെസിഡൻഷ്യൽ കാമ്പസും സി.ബി.എസ്.ഇ സ്കൂളും തുടർന്ന് തൊഴിലധിഷ്ഠിത സംവിധാനങ്ങളും ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. അത് പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 600 കുട്ടികൾക്ക് അവിടെ താമസിച്ച് പഠിക്കാൻ സൗകര്യമുണ്ടാകും.
പ്രവാസം വരുത്തുന്ന സ്വാധീനം
പ്രവാസം എങ്ങനെ ഒരാളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു എന്നതിന്‍റെ വലിയ ഉദാഹരണം നമ്മുടെ കേരളം തന്നെയാണ്. ഈ അടുത്ത് ബംഗാളിലെ ഒരു ഗ്രാമത്തിൽ പോയപ്പോൾ കണ്ടത്, അവിടെയാകെ ചെറിയ കുടിലുകളാണ്. ഓലമേഞ്ഞ അല്ലെങ്കിൽ ഓടുമേഞ്ഞ വീടുകളാണ് നിറയെ.
എന്നാൽ, ഈ കാഴ്ചകൾക്കിടയിൽ എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ച ഒരു മോഡേൺ വീടാണ്. ചെറുതാണെങ്കിലും രണ്ട് നിലയുണ്ട്. മുകളിൽ ഓടാണ്. താഴെ കോൺക്രീറ്റും. അതിൽ ഒരു റൂമിൽ എ.സിയുണ്ട്. അതേ കുറിച്ച് അന്വേഷിച്ചപ്പോൾ അവരുടെ ഉത്തരം ആശ്ചര്യപ്പെടുത്തി. ഇദ്ദേഹം കേരളത്തിൽ ജോലി ചെയ്യുന്ന ആളാണെന്നാണ് അവർ പറഞ്ഞത്.
നമ്മൾ ഗൾഫിനെ കണ്ട് വരുത്തിയ മാറ്റമാണ്, അവർ കേരളം കണ്ട് അവിടെ ചെന്ന് സ്വന്തം ഗ്രാമങ്ങളിൽ ചെയ്തുകൊണ്ടിരിക്കുന്നത്. അതിൽ വല്ലാത്തൊരു സന്തോഷം മലയാളിയെന്ന നിലയിൽ തോന്നുന്നുണ്ട്.