ഭൂരിഭാഗം കളിക്കാരും മലയാളി വൈദികരായ വത്തിക്കാൻ ക്രിക്കറ്റ് ടീം
text_fieldsവത്തിക്കാൻ ക്രിക്കറ്റ് ടീമംഗങ്ങൾ ഫ്രാൻസിസ് മാർപാപ്പക്കൊപ്പം
വത്തിക്കാൻ എന്നുകേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുക പോപ്പും പുരോഹിതരുമാണ്. എന്നാൽ, പോപ്പിന്‍റെ ആശീർവാദത്തോടെ പുൽമൈതാനത്ത് പന്തെറിയാനും സിക്സറുകൾ പായിക്കാനും ഒരുകൂട്ടം വൈദികരുടെയും വൈദിക വിദ്യാർഥികളുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച ‘സെന്‍റ് പീറ്റേഴ്സ് ക്രിക്കറ്റ് ടീം വത്തിക്കാൻ’ എന്ന വത്തിക്കാൻ ക്രിക്കറ്റ് ടീം മലയാളി സാന്നിധ്യംകൊണ്ട് ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു.
ലൈറ്റ് ഓഫ് ഫെയ്ത്ത് എന്ന പേരിൽ അറിയപ്പെടുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ടീമിൽ ക്യാപ്റ്റനുൾപ്പെടെ ഭൂരിഭാഗം അംഗങ്ങളും മലയാളി വൈദികരാണെന്നതിൽ കേരളത്തിനും അഭിമാനിക്കാം. ഇപ്പോൾ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ടീം നാല് മത്സരങ്ങളിലാണ് പങ്കെടുത്തത്.
12 കളിക്കാരും മലയാളികൾ
എല്ലാ വെള്ളിയാഴ്ചകളിലുമാണ് ടീമിന്‍റെ പരിശീലനം. പ്രത്യേക പര്യടനങ്ങൾ നടക്കുമ്പോൾ പരിശീലനം നേടാറുണ്ടെന്നും ടീം ക്യാപ്റ്റൻ ചങ്ങനാശ്ശേരി സ്വദേശി ഫാ. ജോസ് ഈറ്റോലിൽ പറയുന്നു. ടീമിലെ അദ്ദേഹത്തിന്‍റെ ഏഴാം വർഷമാണിത്. ഇത്തവണ ഇംഗ്ലണ്ട് പര്യടനത്തിനായി തിരഞ്ഞെടുത്ത ടീമിൽ 12 അംഗങ്ങളാണുള്ളത്.
അതിൽ എല്ലാവരും മലയാളികളാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഒമ്പത് വൈദികരും ബാക്കി മൂന്നുപേർ വൈദിക വിദ്യാർഥികളുമാണ്.
മുൻ ആസ്‌ട്രേലിയൻ ജില്ല ക്രിക്കറ്റ് ടീം കളിക്കാരൻ ഡെയ്ൻ കിർബിയാണ് പരിശീലകൻ. ടീം അംഗങ്ങൾ ഒത്തുചേരുന്ന ഒരേയൊരു സമയമാണ് പരിശീലന സെഷനുകൾ. എല്ലാവരും വ്യത്യസ്ത സർവകലാശാലകളിലോ വിവിധ സ്ഥലങ്ങളിലോ സേവനമനുഷ്ഠിക്കുന്നവരാണ്.
സ്കൂൾ, കോളജ് താരങ്ങൾ
നാട്ടിലെ സ്കൂൾ, കോളജ് ടീമുകളിൽ കളിച്ചിരുന്നവരും ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നവരുമായ വൈദികരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാളി ടീം ഉണ്ടാകുന്നത്. പ്രധാനമായും ടി20 മത്സരങ്ങളാണ് കളിക്കുക. ചില അവസരങ്ങളിൽ 30 ഓവറിന്‍റെ മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്.
ക്യാപ്റ്റനെ കൂടാതെ ഫാ. ജോജി കാവുങ്കൽ (ബിജ്‌നോർ രൂപത), ഫാ. ജോസ് റീച്ചസ് എസ്.എ.സി, ഫാ. പോൾസൺ കൊച്ചുതറ (കൊച്ചി രൂപത), ഫാ. സാന്‍റോ പുതുമനകുന്നത്ത് (എം.സി.ബി.എസ്), ഫാ. നെൽസൺ പുത്തൻപറമ്പിൽ, ഫാ. പ്രിൻസ് തെക്കേപ്പുറം (സി.എസ്.എസ്.ആർ), ഫാ. അബിൻ മാത്യു (ഒ.എം), ഫാ. അബിൻ ഇല്ലിക്കൽ (ഒ.എം), ബ്രദർ അബിൻ ജോസ് സി.എസ്.ടി, ബ്രദർ ജെയ്സ് ജെയ്മി സി.എസ്.ടി, ബ്രദർ അജയ് ജോ ജെയിംസ് സി.എസ്.ടി എന്നിവരാണ് ടീമിലെ മലയാളികൾ.
കളിയിലൂടെ ഉല്ലാസവും ഒപ്പം, സമാധാനവും
2014ൽ ആരംഭിച്ച ക്രിക്കറ്റ് ടീമിനെ ഈ വർഷം ജനുവരി മുതലാണ് അത്ലറ്റിക്ക വത്തിക്കാനയുടെ ഔദ്യോഗിക ടീമായി പ്രഖ്യാപിച്ചത്. ആസ്‌ട്രേലിയൻ അംബാസഡർ ജോൺ മക്കാർത്തി റോമിലെ മാത്തർ എക്‌ളേസിയേ സെമിനാരി സന്ദർശിക്കാൻ വന്നിരുന്നു.
അവിടെ താമസിക്കുന്നവരുടെ കളി കണ്ടപ്പോൾ അദ്ദേഹമാണ് ഒരു ടീം ആരംഭിച്ചാലോ എന്ന നിർദേശം മുന്നോട്ടുവെച്ചത്. ഏതാനും മാസങ്ങൾക്കുശേഷം ഇംഗ്ലണ്ടിലെ ആർച്ച് ബിഷപ് കാന്‍റർബറിയുടെ ഇലവനെതിരെ സൗഹൃദ മത്സരം ക്രമീകരിച്ചതും അദ്ദേഹമാണ്.
കായികരംഗത്തിലൂടെ സാഹോദര്യം ഊട്ടിയുറപ്പിക്കുന്ന കാഴ്ചപ്പാടിന് സാക്ഷ്യം വഹിക്കാനാണ് ടീമംഗങ്ങളോട് ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗിക ടീമായി പ്രഖ്യാപിച്ച വേളയിൽ പറഞ്ഞത്.
‘വിശ്വാസ വെളിച്ചവുമായുള്ള ദേശാടനം (Light of Faith Tour)’ എന്നാണ് ടീമിന്‍റെ പര്യടനങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ബ്രിട്ടൻ, അർജന്‍റീന, ഇറ്റലി, കെനിയ, പോർചുഗൽ, മാൾട്ട എന്നീ രാജ്യങ്ങളിൽ ഇതിനകം ടീം പര്യടനം നടത്തിയിട്ടുണ്ട്.