'സഭയിൽ ഞങ്ങൾ ഏറ്റുമുട്ടും. അതു കഴിഞ്ഞാൽ ഞാനും പി.കെ. ബഷീറും ഒന്നിച്ചിരുന്ന് ചായ കുടിക്കും. ഇടക്ക് അദ്ദേഹത്തിന്‍റെ ഫ്ലാറ്റിൽ കൊണ്ടുപോയി ഭക്ഷണവും കഴിപ്പിക്കും'
text_fieldsനിയമസഭയിൽ ഭരണപക്ഷത്തിന്‍റെ കുന്തമുനയായിരുന്നു എ.എൻ. ഷംസീർ. അസ്സൽ തലശ്ശേരിക്കാരൻ. അങ്ങനെയിരിക്കെ സ്പീക്കറായി. സഭാനാഥനായി അംഗീകരിക്കപ്പെടുമോയെന്ന് ചോദിച്ചാൽ കൊടി നിറഭേദമില്ലാതെ സൂക്ഷിക്കുന്ന സൗഹൃദത്തിന്‍റെ കഥ പറയും...
നിയമസഭയിൽ പി.കെ. ബഷീറുമായി അടിയാണല്ലോ?
കഴിഞ്ഞ സഭയിൽ ഞാനും സ്വരാജുമൊക്കെ അടുത്തടുത്താണ് ഇരിക്കുന്നത്. പി.കെ. ബഷീറാണല്ലോ മറുഭാഗത്തെ പ്രധാനി. അദ്ദേഹത്തിന് ഏറനാടൻ സ്റ്റൈലാണ്. ആ ശൈലിയിൽ ഓരോന്ന് വിളിച്ചുപറയും. ഒരിക്കൽ പി.കെ. ബഷീർ പ്രസംഗിക്കുമ്പോൾ ഹർകിഷൻ സിങ് സുർജിത് എന്ന് പറയാനാവുന്നില്ല. ഏറനാടൻ സ്റ്റൈലല്ലേ. അപ്പോൾ ഞാൻ വിളിച്ചുപറഞ്ഞു- ''തെറ്റാതെ പറഞ്ഞാ ആയിരം റുപ്പിയ തരാം'' എന്ന്.
''ങ്ങളെ നേതാക്കൾക്ക് തൊള്ളേക്കൊള്ളാത്ത പേരും ഇടും, എന്നിട്ടാ ഇപ്പോ ആയിരം റുപ്പിയ'' -എന്നായിരുന്നു പ്രസംഗത്തിന്‍റെ താളം മുറിയാതെ ബഷീറിന്‍റെ പ്രതികരണം. ഇതോടെ സഭ പക്ഷഭേദമില്ലാതെ പൊട്ടിച്ചിരിയിൽ അമർന്നു.
നിയമസഭക്കകത്ത് പ്രസംഗിക്കുമ്പോൾ ഏറ്റവുമധികം എന്നെ വിമർശിച്ചിരുന്ന പി.കെ. ബഷീർ അതുകഴിയുമ്പോൾ നേരെ എന്‍റെയടുത്തേക്ക് വരും.
പ്രസംഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും വിമർശിക്കുമെങ്കിലും അതു കഴിഞ്ഞാൽ ഒന്നിച്ചിരുന്ന് ചായ കുടിക്കും. സഭയിൽ ഞങ്ങൾ കൃത്യമായി ഏറ്റുമുട്ടുന്നവരാണ്. എന്നാൽ, അതൊന്നും വ്യക്തിബന്ധത്തെ ബാധിച്ചിട്ടില്ല. തിരുവനന്തപുരത്ത് വരുമ്പോൾ ഇടക്ക് അദ്ദേഹത്തിന്‍റെ ഫ്ലാറ്റിൽ കൊണ്ടുപോയി ഭക്ഷണം കഴിപ്പിക്കും.
മറ്റു പ്രതിപക്ഷ നേതാക്കളുമായി വ്യക്തിബന്ധമുണ്ടോ?
ഞാൻ എസ്.എഫ്.ഐ സെക്രട്ടറിയായിരുന്ന ഘട്ടത്തിൽ ഹൈബി കെ.എസ്.യു പ്രസിഡന്‍റായിരുന്നു. അതിനുശേഷമാണ് നിയമസഭയിൽ ഒന്നിച്ചുവരുന്നത്. ഷാഫി പറമ്പിൽ എന്‍റെ നാട്ടിൽനിന്നാണ് വിവാഹം കഴിച്ചത്. എന്‍റെ വീടിന്‍റെ അടുത്തുനിന്ന് രണ്ടുമൂന്ന് കിലോമീറ്റർ പോയാൽ ഓന്റെ ഭാര്യവീടാണ്. ഷാഫി തലശ്ശേരിയിൽ വന്നാൽ എന്നെ വിളിക്കും. ''ഞാൻ അന്‍റെ സാമ്രാജ്യത്തിലുണ്ട്'' -എന്നായിരിക്കും വിളിച്ചുപറയുക. പാലക്കാട് പോകുന്ന സമയങ്ങളിൽ ഷാഫിയെ ഞാനും വിളിക്കാറുണ്ട്.
പ്രതിപക്ഷത്തെ രൂക്ഷമായി കടന്നാക്രമിക്കുമെങ്കിലും അതേസമയം, അവരെല്ലാമായി നല്ല വ്യക്തിബന്ധം എനിക്കുണ്ട്. സ്പീക്കർ എന്നത് പാർട്ടി ഏൽപിച്ച ചുമതലയാണ്. ഈ ചുമതല നന്നായി നിർവഹിക്കാൻകഴിയുമെന്നാണ് എന്‍റെ ബോധ്യം. ആറര കൊല്ലത്തെ നിയമസഭ പരിചയമുണ്ട്. എല്ലാവരുമായി വ്യക്തിപരമായി അടുപ്പമുണ്ട്. അതിനാൽ, എല്ലാവരും നല്ല നിലയിൽ സഹകരിക്കുമെന്നാണ് പ്രതീക്ഷ.
(2022 ഡിസംബർ ലക്കം മാധ്യമം കുടുംബത്തിൽ പ്രസിദ്ധീകരിച്ചത്)
സ്പീക്കർ എ.എൻ ഷംസീറുമായുള്ള പൂർണ്ണ അഭിമുഖം ഡിസംബർ ലക്കം മാധ്യമം കുടുംബത്തിൽ വായിക്കാം...
സർക്കുേലഷൻ സംബന്ധമായ സംശയങ്ങൾക്ക് വിളിക്കാം, ഫോൺ: 8589009500