‘‘സ്ത്രീ സുരക്ഷയുള്ള ഇടമാണ് സിനിമ... നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല’’ -സിനിമ, ജീവിത വിശേഷങ്ങളുമായി വിജയരാഘവൻ
text_fieldsവിജയരാഘവൻ. ചിത്രങ്ങൾ: വിദ്യുത് വേണു
നാടകത്തിന്‍റെ നടവഴികളിലൂടെ നടന്നെത്തിയ നടനാണ് വിജയരാഘവൻ. നാടകാചാര്യനായ അച്ഛൻ എൻ.എൻ. പിള്ളയുടെ നാടക സർവകലാശാല തന്നെയായിരുന്നു കളരി. പിന്നീട് സിനിമയിലെത്തി അമ്പതാണ്ടിനുശേഷവും ‘കിഷ്കിന്ധാ കാണ്ഡ’ത്തിലെ അപ്പുപിള്ള പോലുള്ള കഥാപാത്രങ്ങളിലൂടെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
നാട്, വീട്, കുടുംബം, സിനിമ എന്നിവയെക്കുറിച്ച് ‘മാധ്യമം കുടുംബ’വുമായി സംസാരിക്കുന്നു.
അച്ഛൻ എൻ.എൻ. പിള്ളക്കൊപ്പം (ഫയൽ ചിത്രം)
‘അച്ഛനായിരുന്നു അവസാന വാക്ക്’
അച്ഛനുമായി സൗഹൃദത്തിലായിരുന്നെങ്കിലും തോളിൽ കൈയിട്ടു നടക്കുന്നതുപോലുള്ള ഫ്രണ്ട്ഷിപ് ആയിരുന്നില്ല. അച്ഛന് ബഹുമാനം നൽകിക്കൊണ്ടുള്ള സൗഹൃദം. അച്ഛൻ പറയുന്നതിനപ്പുറം ഞാൻ നടന്നിരുന്നില്ല. എന്തു കാര്യങ്ങളും ചോദിച്ചിട്ടേ ചെയ്തിരുന്നുള്ളൂ. അച്ഛൻ നോ എന്ന് പറയുന്ന കാര്യം ചെയ്യാറുമില്ല.
ഒരു ഉദാഹരണമുണ്ട്, ഞങ്ങളുടെ വീടിന് അടുത്ത് ഒരു സ്ഥലം വിൽപനക്കുവെച്ചു. ആ സ്ഥലത്തോട് മാനസിക അടുപ്പമുള്ളതിനാൽ ഞാനത് വാങ്ങാൻ തീരുമാനിച്ചു. എന്നാൽ, അച്ഛനാണെങ്കിൽ അങ്ങനെ സ്ഥലം വാങ്ങുന്നതിനോടൊന്നും താൽപര്യമില്ല.
ഞാൻ അച്ഛന്‍റെ അടുത്തുചെന്ന് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. നോ എന്ന് പറഞ്ഞാൽ ഞാൻ ചെയ്യില്ലെന്നും പക്ഷേ അച്ഛൻ നോ പറയരുതെന്നും പറഞ്ഞു. അങ്ങനെ പറയാൻ പറ്റില്ലെന്ന് അച്ഛനും. പറഞ്ഞ കാര്യം ആവർത്തിച്ചപ്പോൾ നീ ആലോചിച്ചിട്ടാണോ, എന്നാൽ ശരി എന്ന് അച്ഛൻ. ഒടുവിൽ ഞാൻ കാര്യം പറഞ്ഞു.
അങ്ങനെ അച്ഛനോട് ചോദിക്കാതെ ഒരുകാര്യം ചെയ്യാൻ എനിക്ക് മടിയായിരുന്നു. അച്ഛനോട് അത്തരത്തിലുള്ള ബന്ധമായിരുന്നു ഞങ്ങൾ മക്കൾക്ക്. എന്‍റെ മക്കൾ എന്നോടും അങ്ങനെതന്നെയാണ്. ചോദിച്ചിട്ടേ ചെയ്യാറുള്ളൂ.
ഇഷ്ടം നാടും വീടും
സിനിമക്കാർ എല്ലാവരും കൊച്ചിയിലേക്ക് ചേക്കേറിയപ്പോൾ സ്വന്തം നാട് വിടാൻ എനിക്ക് മനസ്സ് വന്നില്ല. ഒരിക്കൽ കൊച്ചിയിൽ ഒരു വീട് വാങ്ങിയിരുന്നെങ്കിലും പിന്നീട് വിറ്റു. എനിക്ക് അവിടെയൊന്നും താമസിക്കാൻ പറ്റില്ല. ഷൂട്ട് കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് വരികയാണ് പതിവ്.
നാട്, വീട്, എന്‍റെ മുറി, അച്ഛന്‍റെ ലൈബ്രറി അതൊക്കെയാണ് ലോകം. പിള്ള സാറിന്‍റെ മകനായിട്ടാണല്ലോ ഞാനറിയുന്നത്. നാട്ടിലെ എല്ലാവർക്കും ഞാൻ കുട്ടനാണ്. സ്ക്രീനിൽ കാണുന്നത് വേറെ കഥാപാത്രമായിട്ടാണല്ലോ. ഞാൻ വേറൊരു സ്ഥലത്ത് ചെന്ന് താമസിച്ചാൽ ആ കഥാപാത്രത്തെക്കൂടി മിക്സ് ചെയ്തായിരിക്കും ആളുകൾ എന്നെ നോക്കിക്കാണുക. അതുകൊണ്ടുതന്നെ നാട്ടിൽ ജീവിക്കുന്നതാണ് എനിക്കിഷ്ടം.
കൂട്ടുകുടുംബമായാണ് ഞങ്ങൾ വളർന്നത്. മൂത്ത സഹോദരിയും ഇളയ സഹോദരിയും വീട്ടിൽതന്നെ. എല്ലാ കുട്ടികളും ഒന്നിച്ചാണ് വളർന്നത്. സഹോദരിമാരുടെ മക്കളുടെയും എന്‍റെ മക്കളുടെയും കല്യാണം കഴിഞ്ഞതോടെ വീട്ടിലെ അംഗസംഖ‍്യ കൂടി. പിന്നീടാണ് സഹോദരിമാർ പരിസരത്ത് സ്ഥലം വാങ്ങി വീടുവെച്ച് പോയത്.
ജീവിതത്തിൽ അഭിനയമില്ല
ജീവിതത്തിൽ ജീവിക്കുകയും സിനിമയിൽ അഭിനയിക്കുകയും ചെയ്യുന്നയാളാണ് ഞാൻ. ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാറില്ല. അച്ഛൻ ജീവിച്ചിരുന്ന കാലത്ത് മകനായും അച്ഛനില്ലാത്തപ്പോൾ മറ്റുള്ളവർക്ക് അച്ഛനായും ഭർത്താവായും കുടുംബനാഥനായും പേരക്കുട്ടികൾക്ക് മുത്തച്ഛനായുമെല്ലാം ജീവിക്കുന്നു.
കഥാപാത്രങ്ങളും ജീവിതവും
കഥാപാത്രങ്ങൾ ജീവിതവുമായി ബന്ധപ്പെട്ട് വരികയും ജീവിതസംഭവങ്ങൾ കഥയിൽ വരികയും ചെയ്യുന്ന അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. അഭിനയമെന്നത് നമ്മുടെ മുഖം കൊണ്ടോ കൈകാൽകൊണ്ടോ ഒന്നുമല്ല, മനസ്സുകൊണ്ടാണ്. മനസ്സിൽനിന്ന് കഥാപാത്രം അതിന്‍റെ സാഹചര്യത്തിലേക്ക് വരണം. കഥാപാത്രം ആവുകയല്ല, കഥാപാത്രത്തെ നമ്മളിൽ എത്തിക്കുകയാണ് വേണ്ടത്. കഥാപാത്രവുമായി നമുക്ക് ഒരു ബന്ധവും ഉണ്ടാകണമെന്നില്ല.
സമൂഹത്തിന് മോശമായ കാര്യങ്ങൾ ഒരിക്കലും ചെയ്യരുതെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. സിനിമക്ക് ഒരു ഗുണമുണ്ട്, അതിലെ കഥാപാത്രമാകുമ്പോൾ എന്തുമാകാം. തല്ലാം, കൊല്ലാം, ഏത് നീചപ്രവൃത്തിയും ആകാം. ജീവിതത്തിൽ അതൊന്നും ആയിക്കൂടല്ലോ. ഒരു ജന്മത്തിൽതന്നെ പലതരത്തിൽ ജീവിക്കാൻ പറ്റുന്ന പ്രഫഷനാണ് സിനിമ.
ഇനിയൊരു ജന്മമുണ്ടെങ്കിൽ നടനായാൽ മതി
50 വർഷത്തിലധികമായി ആളുകൾ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഈ സ്ഥാനത്ത് ഇരിക്കുന്നത്. ഇതിനേക്കാൾ വലിയ സ്ഥാനം വേറെ എന്താണ്?. അതുകൊണ്ടാണ് ഇതര ഭാഷകളിലും ഭാരവാഹിത്തങ്ങളിലും താൽപര്യമില്ലാത്തത്. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇനിയും നടനായാൽ മതി. നിലവിൽ ‘ദാവീദ്’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രാഘവൻ എന്ന ബോക്സിങ് ട്രെയിനറുടെ വേഷമാണ്.
നായകനല്ല, നടനാവുകയാണ് വേണ്ടത്
നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല. അതാത് വേഷം ചെയ്യാൻ പറ്റുന്ന നടനാവുകയാണ് വേണ്ടത്. നായകന് വേണമെങ്കിൽ പരമസാധുവായ മനുഷ്യൻ, തല്ലുകൂടുന്നവൻ, കരയുന്നവൻ ഒക്കെയാകാം. ഇന്ത്യൻ സിനിമയിൽ നയിക്കുന്നയാളാണ് പൊതുവേ നായകൻ.
നമ്മുടെ സാമ്പ്രദായിക നായക സങ്കൽപങ്ങളിൽ നന്മയുടെ ഭാഗമെന്ന് പറഞ്ഞ് ചില ക്ലീഷേകൾ അടിച്ചേൽപിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം നായകവേഷങ്ങൾതന്നെ ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റു വ്യത്യസ്ത വേഷങ്ങൾ ചെയ്യാനുള്ള അവസരം കുറയും. നായകവേഷങ്ങളുടെ പരിമിതിയാണത്.
ഞാൻ അഭിനയിച്ച നായകവേഷങ്ങളൊക്കെ ഏതാണ്ട് ഇതുപോലെയുള്ളതായിരുന്നു. അപ്പോൾ നടന്‍റെ വൈഭവമല്ല, നായകന്‍റെ പരിവേഷങ്ങളാണ് പ്രേക്ഷകർ കാണുക. അത്തരം സാഹചര്യങ്ങളിൽ പ്രത്യേക ചട്ടക്കൂടിൽ അകപ്പെട്ടുപോകും. നായകൻ ഇടക്ക് പരാജയപ്പെട്ടാലും അന്തിമമായി വിജയിക്കുന്നവനായിരിക്കും. എന്‍റെ നായകന്മാർ എല്ലാം അങ്ങനെയുള്ളവരായിരുന്നു. അത് ഭയങ്കര മോണോട്ടണിയാണ്. അതിൽ ഒരുപാട് പരിമിതികളുമുണ്ട്.
എന്നാൽ, കാരക്ടർ റോൾ അങ്ങനെയല്ല. കള്ളനാകാം, പൊലീസാകാം, വയോധികരാകാം, സ്ത്രീയാകാം, പുരുഷനാകാം, പിശാചാകാം, ദൈവമാകാം എന്തുമാകാം. നടനായിത്തീരുക എന്നതാണ് കുട്ടിക്കാലം മുതലുള്ള ആഗ്രഹം. സിനിമയിൽ വന്നുനിൽക്കുമ്പോഴും എന്നെ ഇഷ്ടപ്പെടുന്നതും ആക്ടർ എന്ന രീതിയിലാണ്. അല്ലാതെ സ്റ്റാർഡം കൊണ്ടല്ല.
നായകൻ വേണമെന്ന് എന്തിനാണ് നിർബന്ധം?
നായകൻ വേണമെന്ന് എന്തിനാണ് നിർബന്ധം പിടിക്കുന്നത്? ആ സങ്കൽപങ്ങളിൽ നിൽക്കുന്നതിനാലാണ് ഒരേ പാറ്റേണിലുള്ള സിനിമകൾ ഉണ്ടാകുന്നത്. അത് മാറണം. പ്രേക്ഷക സങ്കൽപത്തിലെ ധാരണകളും മാറണം. സിനിമകളുടെ കഥകളിൽ മാറ്റമുണ്ടാകണം.
എന്നാൽ, ഒരേ പാറ്റേണിൽ നിർമിക്കപ്പെടുന്ന സിനിമകൾ ഇപ്പോഴും അങ്ങനെ നിൽക്കുകയാണ്. അതിൽ വലിയ മാറ്റങ്ങളൊന്നുമില്ല. ഇടക്കിടെ പുതിയ കുട്ടികൾ ചില മാറ്റങ്ങൾ കൊണ്ടുവരുന്നു എന്ന് മാത്രം. ചിലർ പരീക്ഷണങ്ങൾ നടത്താനും ശ്രമിക്കുന്നുണ്ട്. എന്നാൽ, പ്രേക്ഷകർ ഇപ്പോഴും പഴയ സങ്കൽപങ്ങളിൽതന്നെ കിടക്കുകയാണ്. അളവുകോൽ പഴയ നായക സങ്കൽപങ്ങൾതന്നെ.
കിഷ്കിന്ധാ കാണ്ഡം
‘കിഷ്കിന്ധാ കാണ്ഡ’ത്തിൽ പ്രേക്ഷകന്‍റെ കാഴ്ചയിലൂടെയാണ് അപർണയുടെ കഥാപാത്രം അച്ഛൻ ആരാണെന്ന് അന്വേഷിക്കുന്നത്. അങ്ങനെയാണ് സിനിമകൾ വേണ്ടത്. അല്ലാതെ നായികയും നായകനും വില്ലനും എന്ന രൂപത്തിലല്ല.
കുറേ കഥാപാത്രങ്ങൾ അടങ്ങിയതാണ് സിനിമ. അതിൽ വ്യക്തിയുടെയും ഫാമിലിയുടെയും സൊസൈറ്റിയുടെയുമെല്ലാം പ്രശ്നങ്ങളുണ്ടാകും. ഇതെല്ലാം ചേരുന്ന കഥ പറച്ചിലാണ് നല്ലത്.
സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ ഞാനത്ര സജീവമല്ല. ചില വിശേഷങ്ങൾ പങ്കുവെക്കാൻ പറ്റുന്ന ഇടം എന്ന രീതിയിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ. ‘പൂക്കാലം’ സിനിമ ഇറങ്ങിയപ്പോൾ അതിന്‍റെ സംവിധായകൻ പറഞ്ഞുകേട്ടാണ് ഞാൻ ഇൻസ്റ്റഗ്രാം ശ്രദ്ധിച്ചുതുടങ്ങുന്നത്. എന്‍റെ ചിത്രങ്ങളൊക്കെ വെച്ചിട്ടുള്ള ട്രോളുകളും മറ്റും കാണാറുണ്ട്. ബ്രില്യന്‍റ് ആയവർ ആ മേഖലയിലുണ്ടെന്ന് മനസ്സിലായി.
സ്ത്രീ സുരക്ഷയുള്ള ഇടമാണ് സിനിമ
നൂറുശതമാനം നടീനടന്മാരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന സംഘടനയാണ് ‘അമ്മ’. സ്ത്രീകൾക്ക് കൂടെ ഒരാളെ കൊണ്ടുവന്ന് തൊഴിൽ ചെയ്യാവുന്ന ഒരേയൊരു തൊഴിലിടം സിനിമയാണ്.
ഏതൊരു നടിക്കും അവരുടെ രക്ഷിതാക്കളെ കൊണ്ടുവരാം, അവർക്ക് ഭക്ഷണവും താമസവും ഒക്കെ നൽകുകയും ചെയ്യുന്നു. സർക്കാർതലത്തിലുള്ള തൊഴിലിടങ്ങളായാലും ഐ.ടി രംഗത്തായാലും ടി.വി ചാനൽ രംഗത്തായാലും സ്ത്രീകളുടെ സുരക്ഷിതത്വത്തിനായി കൂടെ ഒരാളെ കൊണ്ടുപോകാൻ പറ്റില്ല. സ്ത്രീ സുരക്ഷ അത്രത്തോളം ഉള്ള ഇടമാണ് സിനിമ.