Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightstarchatchevron_right‘ആഗ്രഹിക്കുന്നതെല്ലാം...

‘ആഗ്രഹിക്കുന്നതെല്ലാം അച്ചീവ് ചെയ്യാൻ കഴിയുന്നു. വിജയ്, ഫഹദ് എന്നിവർക്കൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്തു തുടങ്ങാനായി’ സിനിമാ-ജീവിത വിശേഷങ്ങളുമായി നടി അപർണ ദാസ്

text_fields
bookmark_border
‘ആഗ്രഹിക്കുന്നതെല്ലാം അച്ചീവ് ചെയ്യാൻ കഴിയുന്നു. വിജയ്, ഫഹദ് എന്നിവർക്കൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്തു തുടങ്ങാനായി’ സിനിമാ-ജീവിത വിശേഷങ്ങളുമായി നടി അപർണ ദാസ്
cancel
camera_alt

അപർണ ദാസ്

സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവെച്ച താരമാണ് അപര്‍ണ ദാസ്. ഇതിനകം മലയാളത്തിലും തമിഴിലും സാന്നിധ്യം അറിയിച്ചു. വെള്ളിത്തിരയിൽ ഏഴു വർഷം പിന്നിടുമ്പോൾ കരിയറിലും ജീവിതത്തിലും ഉണ്ടായ മാറ്റങ്ങൾ അപർണ ഓർത്തെടുക്കുന്നു...

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന നടിയാണ് അപർണ ദാസ്.

കുറഞ്ഞ കാലം കൊണ്ടുതന്നെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കാൻ അപർണക്ക് സാധിച്ചു. സിനിമാ- ജീവിത വിശേഷങ്ങൾ പങ്കുവെക്കുകയാണ് അപർണ.

ആദ്യ സിനിമ സത്യൻ അന്തിക്കാടിനൊപ്പം. ആരും കൊതിക്കുന്ന ആ അരങ്ങേറ്റത്തെക്കുറിച്ച് ‍?

സിനിമ കൊതിക്കുന്ന ആരും ആഗ്രഹിക്കുന്ന കാര്യമാണ്. സത്യൻ സാറിനെപ്പോലെ, ഒരുപാട് താരങ്ങളെ സമ്മാനിച്ച വലിയ സംവിധായകന്‍റെ കൂടെയുള്ള എൻട്രി എന്നെ സംബന്ധിച്ച് ബ്ലസ്ഡ് ഫീലിങ്ങായിരുന്നു. എന്‍റെ ഒരു വിഡിയോ കണ്ട അഖിൽ സത്യനാണ് ഓഡിഷൻ വിഡിയോ അയക്കാൻ പറഞ്ഞത്.

സത്യൻ സാർ അതുകണ്ട് മിടുക്കി എന്ന് പറഞ്ഞെന്ന് കേട്ടപ്പോൾ സന്തോഷമായി. സാറിനെ പോയി നേരിട്ട് കാണുകയും പടത്തിൽ അവസരം ലഭിക്കുകയും ചെയ്തു. ‘ഞാൻ പ്രകാശനി’ൽ ലഭിച്ച റോൾ ചെറുതായിരുന്നെങ്കിലും തുടക്കം നന്നായി.


മലയാളത്തിലും തമിഴിലും ലഭിച്ച മികച്ച തുടക്കത്തെക്കുറിച്ച്

വിജയ് സർ, ഫഹദ് എന്നിവർക്കൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്തു തുടങ്ങാനുള്ള ഭാഗ്യം എല്ലാവർക്കും കിട്ടണമെന്നില്ല. ഐ ഫീൽ അയാം ബ്ലസ്ഡ്. ലക്ഷക്കണക്കിന് ആളുകൾ സിനിമയിൽ ഒന്ന് മുഖം കാണിക്കണമെന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് എന്നെപ്പോലെ സിനിമയിൽ ഒരു ബന്ധവുമില്ലാത്ത ആൾക്ക് മലയാളത്തിലും തമിഴിലും നല്ലൊരു ടീമിന്‍റെ കൂടെ തുടങ്ങാൻ പറ്റുന്നത്. അതുകൊണ്ട് നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ.

സത്യൻ സാറിന്‍റെ സെറ്റിൽനിന്ന് സിനിമ സംബന്ധിച്ചും നമുക്ക് ലഭിക്കേണ്ട റെസ്പെക്ട് സംബന്ധിച്ചും ബേസിക് ലെസൺ പഠിച്ചിട്ടാണ് പോന്നത്. അക്കാരണത്താൽ മറ്റു സെറ്റുകളിൽ താഴേക്ക് പോവേണ്ടിവന്നിട്ടില്ല. മുകളിലേക്ക് മാത്രമാണ് പോയത്.

സിനിമാ ജീവിതത്തിലെ ഏഴു വർഷത്തിനിപ്പുറം ജീവിതത്തിലും കരിയറിലും ഉണ്ടായ മാറ്റങ്ങൾ?

ഏഴു വർഷമായെന്ന് തോന്നുന്നേയില്ല. സിനിമയിലിപ്പോഴും പുതിയ ആളായാണ് തോന്നുന്നത്. എക്സ്പീരിയൻസ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഒരുപാട് മാറ്റങ്ങളാണ് ഉണ്ടായത്. ജീവിതത്തിന്‍റെ ഓരോ നിമിഷവും ഞാൻ എൻജോയ് ചെയ്യുന്നു. നമുക്ക് കിട്ടുന്ന റെക്കഗ്നിഷനും പ്രിവിലേജും ദിവസംതോറും കൂടിയിട്ടേ ഉള്ളൂ.

ജീവിതത്തിൽ വന്ന മാറ്റം എന്നത് സിനിമയിൽനിന്നുതന്നെ എനിക്കൊരു പാർട്ണറെ കിട്ടി എന്നതാണ്. പേഴ്സനൽ ജീവിതത്തിലെ മാറ്റവും അതുതന്നെ.


ഇക്കാലയളവിൽ സ്വപ്നം കണ്ട നിലയിലെത്തിയോ അപർണ‍?

എന്താണോ സ്വപ്നം കണ്ടത് അതിലാണ് ഞാനിപ്പോൾ ജീവിക്കുന്നത്. സിനിമയോടായിരുന്നു എന്നും പാഷൻ. തിരിച്ചറിവ് വന്ന കാലം മുതൽ സിനിമയിൽ വരണം എന്ന് ആഗ്രഹിച്ചിരുന്നു.

ബി.ബി.എ പഠനം കഴിഞ്ഞപ്പോൾ സ്വന്തമായി സമ്പാദിക്കണം എന്ന ചിന്തയിലാണ് ജോലിക്ക് കയറുന്നത്. അക്കൗണ്ട്സ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച് മൂന്നു വർഷം കഴിഞ്ഞപ്പോഴാണ് ഒമ്പതു മുതൽ അഞ്ചു വരെയുള്ള ജോലിയല്ല എന്‍റെ വഴി എന്ന തിരിച്ചറിവുണ്ടായത്. എന്നെക്കുറിച്ച് ആലോചിക്കുമ്പോൾ ഞാൻ ഭയങ്കര പ്രൗഢാണ്. സിനിമയിലേക്കുള്ള എൻട്രിക്ക് പിന്നിൽ ആരുടെയും സഹായമില്ല, സ്വന്തം പ്രയത്നമാണ്.

സ്വപ്നങ്ങൾ കണ്ടുകൊണ്ടേ‍യിരിക്കുന്നു. ദിവസം കൂടും തോറും അത് വലുതായിക്കൊണ്ടേയിരിക്കുകയല്ലേ. ദൈവസഹായത്താൽ ആഗ്രഹിക്കുന്നതെല്ലാം അച്ചീവ് ചെയ്യാനും കഴിയുന്നുണ്ട്. ഇപ്പോൾ എന്താണോ ചെയ്യുന്നത് അതിൽ സന്തോഷവതിയും സംതൃപ്തയുമാണ്.

അപർണ ദാസും ദീപക് പറമ്പോളും കസാഖ്സ്താൻ യാത്രക്കിടെ

വിവാഹ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങൾ?

വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. കാരണം വിവാഹത്തിനുമുമ്പ് അഞ്ചു വർഷത്തോളം റിലേഷൻഷിപ്പിലായിരുന്നു. പരസ്പരം എന്താണ്, എങ്ങനെയാണ് എന്ന് ബോധ്യം ഉണ്ടായശേഷമാണ് വിവാഹം കഴിച്ചത്.

നമ്മുടെ കാര്യങ്ങൾ പറയാനും എന്നെ സപ്പോർട്ട് ചെയ്യാനും പ്രോബ്ലങ്ങൾ ഷെയർ ചെയ്യാനും ഷൂട്ടിന്‍റെ തിരക്കോ മറ്റോ കാരണം ഞാനില്ലെങ്കിലും എന്‍റെ വീട്ടുകാരുടെ കാര്യങ്ങൾ നോക്കാനും ഒരാളെ കിട്ടി എന്നതാണ്. ദീപക്കേട്ടനും ഡിപ്പൻഡ് ചെയ്യാൻ ഒരാളെ കിട്ടി.

ബാക്കിയെല്ലാം അതുപോലെ തന്നെയാണ്. ലൈഫ് കുറച്ചുകൂടി ഈസിയും സിമ്പിളുമായി.

സിനിമക്കായി ഇഷ്ടങ്ങൾ വേണ്ടെന്നുവെക്കാറുണ്ടോ?

ചിലതൊക്കെ. മധുരം ഇഷ്ടമായിരുന്നു. കിട്ടുന്നതൊക്കെ വാരിവലിച്ച് തിന്നിരുന്ന ശീലമുണ്ടായിരുന്നു. വർക്ക് ഔട്ടിനോട് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. ഭക്ഷണം-ഉറക്കം -ജോലി എന്ന ചിന്താഗതിയായിരുന്നു. പക്ഷേ, ഇന്നത് പറ്റില്ലല്ലോ (ചിരിക്കുന്നു).

മേഖല ഇതായതുകൊണ്ടും നമ്മുടെ ആകെയുള്ള ടൂൾ ശരീരവും ആരോഗ്യവും മുഖവും ഒക്കെ ആയതുകൊണ്ടും എല്ലാത്തിലും നിയന്ത്രണം വേണ്ടി വരും.

ഭക്ഷണം, ജിമ്മിൽ പോവൽ, മധുരം ഒഴിവാക്കൽ അങ്ങനെയൊക്കെ... ചെറിയ സാക്രിഫൈസിന് വലിയ ഗുണങ്ങൾ മറുവശത്ത് കിട്ടുന്നതുകൊണ്ട് ഓക്കെയാണ്.


മലയാള സിനിമയിലെ മാറ്റങ്ങൾ എങ്ങനെ കാണുന്നു?

മലയാള സിനിമ ഇൻഡസ്ട്രിയിൽനിന്നുവരുന്ന ആർട്ടിസ്റ്റിന് ഇതര ഇൻഡസ്ട്രികളിൽ വലിയ റെസ്പെക്ടാണ് ലഭിക്കുക. നമുക്കത് ഫീൽ ചെയ്യും. സിനിമ അറിഞ്ഞ് വരുന്നവരാണ് എന്ന് ചിന്തിക്കുന്ന ആൾക്കാരാണ് പുറത്തുള്ളവർ.

നമ്മൾ കൊടുക്കുന്ന കണ്ടന്‍റ് ആയാലും സിനിമ ആയാലും അത്രയും വാല്യൂ ഉണ്ട്. കുറേ ആളുകൾ ചെയ്തുവെക്കുന്ന നല്ല സിനിമകൾ കാരണം മലയാളത്തിലെ ആർട്ടിസ്റ്റുകൾക്ക് പുറത്ത് നല്ല റെസ്പെക്ട് ലഭിക്കുന്നു. നല്ലതാണ്, പുതിയ പുതിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കണം. പുതിയ മാറ്റങ്ങളുണ്ടാവുമ്പോഴും പഴയതിന്‍റെ ഡെപ്ത് മാറരുത് എന്നാഗ്രഹിക്കുന്നു.

ഭാര്യയും ഭർത്താവും ഒരേ ഫീൽഡിൽ. ജോലിയിൽ ഡെഡിക്കേറ്റഡ് ആരാണ്?

രണ്ടുപേരും ഈക്വലീ ഡെഡിക്കേറ്റഡാണ്. ഒരാളുടെ പേര് മാത്രം പറയാൻ പറ്റില്ല. ദീപക്കേട്ടൻ 15 വർഷത്തിലേറെയായി സിനിമയിൽ. ഇപ്പോഴും സിനിമയോട് അടങ്ങാത്ത താൽപര്യമാണ്.

ചാൻസ് ചോദിക്കാറുണ്ടോ?

ചോദിക്കാറുണ്ട്. ആപ്റ്റ് ആയ വേഷം വന്നാൽ പറയണമെന്ന് പരിചയമുള്ള സംവിധായകരോടും മറ്റും പറയാറുണ്ട്. ചാൻസ് ചോദിക്കുന്നത് നമ്മുടെ ജോലിയുടെ ഭാഗമായ കാര്യമല്ലേ. ചോദിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.

സിനിമയിൽ എത്തിയില്ലെങ്കിൽ ആരാകുമായിരുന്നു?

അറിയില്ല. സിനിമയുമായി ഒരു കണക്ഷനും ഇല്ലാതിരുന്ന സമയത്തും ഞാൻ സിനിമയിൽ എത്തുമെന്നും അതാണ് എന്‍റെ ഭാവി എന്നതും എനിക്ക് ഉറപ്പായിരുന്നു. എങ്ങനെ എന്ന് ചോദിച്ചാൽ അറിയില്ല. അപ്പോൾ ഞാൻ സിനിമയിൽ എത്തിയില്ലെങ്കിൽ എന്ന ചോദ്യമില്ല. സിനിമയിൽ എത്താൻ വേണ്ടി ജനിച്ചയാളാണ് ഞാൻ എന്ന് വിശ്വസിക്കുന്നു.

അപർണക്ക് കൂടുതൽ കരുത്തേകുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

10 വർഷംമുമ്പ് ആഗ്രഹിച്ച കാര്യങ്ങളാണ് ഇപ്പോൾ പതുക്കെ പതുക്കെ നേടിക്കൊണ്ടിരിക്കുന്നത്. ഞാൻ എന്ത് ആഗ്രഹിച്ചു അതിൽ നിന്നൊരിക്കലും താഴേക്ക് പോയിട്ടില്ല. മുകളിലേക്കാണ് ദിവസംതോറും പോയിക്കൊണ്ടിരിക്കുന്നത്.

ഇനി മുകളിലേക്ക് പോകുമ്പോൾ ചെറുതായി താഴേക്ക് വീണാലും സാരമില്ല. കാരണം ഞാൻ ഇരുന്നതിലും എത്രയോ മുകളിലാണ് ഇപ്പോൾ ഇരിക്കുന്നത്. ഉറപ്പായും ഞാൻ ബെറ്ററായി കൊണ്ടിരിക്കുകയാണ്. അതാണെന്‍റെ കോൺഫിഡൻസും മോട്ടിവേഷനും.

പണ്ടത്തെ ഞാനും ഇപ്പോഴത്തെ ഞാനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനേക്കാൾ സ്വയം തന്നെയാണ് താരതമ്യം ചെയ്യുന്നത്. എന്‍റെ എല്ലാ തീരുമാനങ്ങൾക്കും ഫാമിലി നല്ല സപ്പോർട്ടുണ്ട്. പിന്നെ ദൈവവിശ്വാസിയുമാണ്.

സിനിമക്കൊപ്പമുള്ള ലൈഫ് ഹാപ്പിയാണോ?

സിനിമക്കൊപ്പമുള്ള ലൈഫാണ് ഏറ്റവും കൂടുതൽ ഹാപ്പി. സാമ്പത്തികമായും അല്ലാതെയും എല്ലാം കൊണ്ടും ബെറ്ററാണ്. സിനിമയിലെ വ്യത്യസ്ത വേഷങ്ങൾ, സെറ്റ്, പുതിയ ആളുകൾ... ഓരോ ദിവസവും പുതിയ അനുഭവങ്ങളാണ്.

ഒരുനിമിഷം പോലും ബോറടിക്കാനുള്ള സ്പേസ് ഇല്ല. ലൈഫ് ഭയങ്കര എക്സൈറ്റിങ്ങാണ്. സിനിമയിൽതന്നെ ജീവിച്ച് സിനിമയിൽതന്നെ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ്.

സൗഹൃദങ്ങൾ?

സിനിമയിൽ നല്ല സുഹൃത്തുക്കളുണ്ട്. എങ്കിലും കൂടുതലും സിനിമക്ക് പുറത്താണ്. സ്കൂളിൽ പഠിച്ച കൂട്ടുകാരൊക്കെയാണ് സ്ഥിരമായിട്ടുള്ളത്. സൗഹൃദങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. എന്നാൽ, എന്നും സംസാരിക്കുക, അപ്ഡേറ്റ് ചെയ്യുക അങ്ങനെയൊന്നുമില്ല. എങ്കിലും എന്തെങ്കിലും ഒരു സിറ്റുവേഷൻ ഉണ്ടായാൽ അവർക്ക് ഹെൽപ്പിനായും സപ്പോർട്ടിനായും ഞാനുണ്ടാവും.

സിനിമയിൽ നേരിട്ട വലിയ വിമർശനം എന്താണ്?

ദൈവം സഹായിച്ച് വലിയ വിമർശനങ്ങളൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. അങ്ങനെ വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

അഭിനയിക്കുമ്പോഴുള്ള ചെറിയ ചെറിയ തെറ്റുകളൊക്കെ അതത് സെറ്റിൽതന്നെ ക്ലിയർ ചെയ്യും. അല്ലെങ്കിൽ പടം ഇറങ്ങിക്കഴിയുമ്പോൾ ചിലർ ചില നിർദേശങ്ങളായി പറയാറുണ്ട്. പക്ഷേ, അത് വലിയ വിമർശനമായി എനിക്ക് ഹർട്ട് ചെയ്യുന്ന രീതിയിൽ അനുഭവിക്കേണ്ടി വന്നിട്ടില്ല.

അഭിനയമല്ലാത്ത മറ്റു സന്തോഷങ്ങൾ?

യാത്ര തന്നെ. ഓരോ മാസവും ഓരോ ഇടങ്ങൾ എക്സ് പ്ലോർ ചെയ്യണമെന്ന് ആഗ്രഹിക്കാറുണ്ട്. കൂടുതൽ രാജ്യങ്ങൾ കാണണം. ഓരോ യാത്രയും ഓരോ അനുഭവമാണ്. പുതിയ നാട്, ഭക്ഷണം, ആളുകൾ... തിരക്കിനിടയിൽ മാക്സിമം ശ്രമിക്കാറുമുണ്ട്.

മറ്റൊന്ന് നല്ല ഭക്ഷണമാണ്. പിന്നെ ഫാമിലിക്കൊപ്പമുള്ള കളിതമാശകൾ. ചിരിക്കാൻ ഭയങ്കര ഇഷ്ടമാണ്. ഒഴിവ് സമയം മാക്സിമം ഫാമിലിക്കൊപ്പമോ ക്ലോസ് ആയിട്ടുള്ളവർക്കൊപ്പമോ ചെലവഴിക്കും. നമ്മുടെ സന്തോഷങ്ങൾ കൂടുതൽ കളറാവാൻ വീണ്ടും വീണ്ടും ഹാർഡ് വർക്ക് ചെയ്തുകൊണ്ടിരിക്കാം.

ആഗ്രഹിച്ച ജീവിതം കൈപ്പിടിയിലായോ?

ആഗ്രഹിച്ച ജീവിതംതന്നെയാണിത്. പക്ഷേ, പുതിയ പുതിയ ആഗ്രഹങ്ങളുണ്ട്. അതിനായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.

എല്ലാത്തിനും ദൈവത്തോടും എല്ലാവരോടും നന്ദി പറയുന്നു. അതായത് ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് നടക്കുന്നുണ്ട്. ഇനിയും ആഗ്രഹിക്കുന്നത് നടത്തിക്കും എന്നൊരു പ്രതീക്ഷയിൽ മുന്നോട്ടുപോകുന്നു (ചിരിക്കുന്നു). ലൈഫിനോട് പരാതിയൊന്നുമില്ല.

പുതിയ പ്രോജക്ടുകൾ?

നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തമിഴ് വെബ് സീരീസ് ‘വദന്തി 2’വിന്‍റെ ഷൂട്ടിലാണ്. ശശികുമാർ സാറാണ് ലീഡ് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ പെയറായിട്ടുള്ള കാരക്ടറാണ്. മലയാളത്തിൽ ‘പാബ്ലോ പാർട്ടി’ എന്ന, ഉർവശി ചേച്ചിയൊക്കെയുള്ള ഒരു പ്രോജക്ട് അനൗൺസ് ചെയ്തു. ഷൂട്ട് തുടങ്ങുന്നതേയുള്ളൂ.

പിന്നെ മലയാളത്തിൽ മറ്റൊരുപടം ഷൂട്ട് കഴിഞ്ഞിട്ടുണ്ട്. അനൗൺസ് ചെയ്തിട്ടില്ല. ഫീമെയിൽ ഓറിയന്‍റഡ് സബ്ജക്ടാണ്. അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ നടക്കുന്നുണ്ട്. തമിഴിൽ ഒന്നുരണ്ട് പടങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. പ്രീ പ്രൊഡക്ഷൻ ആരംഭിക്കുന്നതേയുള്ളൂ എന്നതിനാൽ അനൗൺസ് ചെയ്യാൻ ചിലപ്പോൾ സമയമെടുക്കും.

സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലയാണ്. അതിനകത്തെ മോശം പ്രവണതയെ ചോദ്യം ചെയ്യുന്നതിൽ പേടിക്കേണ്ടതുണ്ടോ?

പറയേണ്ട കാര്യങ്ങൾ യഥാസമയത്ത് പറയുന്നതിൽ പേടിക്കാറില്ല. അങ്ങനെ പറയാറുണ്ട്. വേറെ ആരും നമുക്കു വേണ്ടി സംസാരിക്കാനുണ്ടാവില്ല. നമുക്കുവേണ്ടി നമ്മൾതന്നെ സംസാരിക്കണം. ഈ മേഖലയിലാകുമ്പോൾ ഒറ്റക്ക് യാത്ര ചെയ്യേണ്ടിവരും, തീരുമാനം എടുക്കേണ്ടി വരും. എപ്പോഴും ഒരാളെ ആശ്രയിക്കാൻ സാധിക്കില്ല.

നോ പറയേണ്ടിടത്ത് പറയണം. മറ്റു മേഖല ആയാലും അത് അങ്ങനെ തന്നെയാണ്. ആരെയും പേടിച്ച് പറയാതിരുന്നിട്ട് കാര്യമില്ല. ഒരു ലൈഫേ ഉള്ളൂ, അത് നമ്മൾതന്നെ ജീവിക്കണം. വേറെ ആരും നമുക്കായി ജീവിക്കില്ല.

എന്തെങ്കിലും പറഞ്ഞാൽ ഒറ്റപ്പെടുത്തും എന്ന് വിചാരിച്ച് ജീവിച്ചിട്ട് കാര്യമില്ല. ചില സമയത്ത് നമ്മൾ പറയുന്നത് ഭൂരിഭാഗം പേരും അംഗീകരിക്കണമെന്നുമില്ല. അത്തരം സാഹചര്യത്തിൽ നമ്മൾ ഒറ്റപ്പെട്ടേക്കാം. അപ്പോൾ നമ്മെ സപ്പോർട്ട് ചെയ്യുന്ന കുറച്ചു പേരും നമ്മളും മാത്രമാവും. വലിയ ശതമാനം നമുക്ക് എതിരായിരിക്കാം. എന്നുവെച്ച് പറയേണ്ട കാര്യം പറയാതിരിക്കാനാവില്ല. ഇത് അങ്ങനത്തെ ഒരു സമൂഹമാണ്.

കുടുംബത്തെക്കുറിച്ച്‍?

പാലക്കാട് നെന്മാറയാണ് നാട്. അച്ഛനും അമ്മയും മസ്കത്തിലാണ്. അച്ഛൻ കൃഷ്ണദാസിന് ബിസിനസാണ്. അമ്മ പ്രസീത ദാസ് ഒരു കമ്പനിയുടെ മാർക്കറ്റിങ് ഹെഡും. ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. പിന്നീട് മസ്കത്തിൽ ഇന്ത്യൻ സ്കൂളിൽ ചേർന്നു. ബി.ബി.എ കോയമ്പത്തൂരിലും.

സിനിമ കരിയറായ ശേഷം ഞാനും അനിയൻ അഭിഷേക് ദാസും കൊച്ചിയിലാണ് താമസം. അഭിഷേക് രാജഗിരിയിൽ എം.ബി.എ ചെയ്യുന്നു. അച്ഛൻ, അമ്മ, ബ്രദർ എന്നിവരടങ്ങിയ കുടുംബമാണ് ദീപക്കേട്ടന്‍റേത്.

Show Full Article
TAGS:Lifestyle starchat Aparna Das Deepak Parambol 
News Summary - aparna das talks
Next Story