Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightstarchatchevron_right‘എന്നെ ഫോണിൽ...

‘എന്നെ ഫോണിൽ കിട്ടാത്തതു​കൊണ്ട് ഒരുപാട്​ സിനിമകൾ നഷ്​ടമായിട്ടുണ്ട്’ -ആസിഫ് അലി മനസ്സ് തുറക്കുന്നു

text_fields
bookmark_border
‘എന്നെ ഫോണിൽ കിട്ടാത്തതു​കൊണ്ട് ഒരുപാട്​ സിനിമകൾ നഷ്​ടമായിട്ടുണ്ട്’ -ആസിഫ് അലി മനസ്സ് തുറക്കുന്നു
cancel
camera_alt

ആസിഫ്​ അലി. ചിത്രം: ഇമ്രാൻ ഹസൻ


വസന്തത്തിൽ വിരിഞ്ഞും വേനലിൽ നൊന്തും ഉയർച്ചതാഴ്​ചകളുടെ ഋതുഭേദങ്ങൾ പലത്​ കണ്ട യാത്രയായിരുന്നു ആസിഫ്​ അലിയുടേത്​. ഇടർച്ചകളിൽ ‘എന്‍റെ ബോസെ, ഈ പ്രശ്​നങ്ങളൊക്കെയുണ്ടല്ലോ, നമ്മുടെ മൈൻഡ്​സെറ്റി​ന്‍റേതാണ്​. നമ്മുടെ ലൈഫിൽ എന്തു പ്രശ്​നങ്ങളുണ്ടെങ്കിലുമുണ്ടല്ലോ കാറ്റ്​ കല്ലേലടിക്കണ പോലെ ദേ ദിങ്ങനെ നിക്കണം...’

എന്ന്​ സ്വയവും ചുറ്റുമുള്ളവരെയും കൂളാക്കിയും എന്നാൽ, ഉയർച്ചയിൽ മതിമറക്കാതെയും വെള്ളിത്തിരയിൽ​ 15 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന അദ്ദേഹം ‘മാധ്യമം കുടുംബം’ സ്പെഷൽ പതിപ്പിനായി ത​ന്‍റെ വിശേഷങ്ങളും വീടിനെക്കുറിച്ചുള്ള സങ്കൽപങ്ങളും പങ്കുവെക്കുന്നു...

● കുടുംബത്തിനും സിനിമക്കുമിടയിൽ ബാലൻസിങ്ങിന് ശ്രമമുണ്ടോ?

എ​ന്‍റെ ഭാഗത്തുനിന്ന്​ ശ്രമമായി​ട്ടൊന്നുമില്ല. ഞാനൊരു ഒഴുക്കിൽ അങ്ങ്​ ഒഴുകിപ്പോകുന്നയാളാണ്​. സിനിമകൾ ചെയ്യുന്ന സമയത്ത്​ സിനിമകളിൽതന്നെയായിരിക്കും. ഫ്രീയായ സമയത്താണെങ്കിൽ ഫാമിലിയുടെ കൂടെ​ തന്നെയായിരിക്കും. ഫ്രീ ടൈം കണ്ടെത്താൻ പറ്റിയില്ലെങ്കിൽ ഫാമിലിയെ കൂടെ കൂട്ടും, ലൊക്കേഷനിലേക്ക്​.


● കുട്ടികൾക്ക്​ കൂടുതൽ​ സമയം മാറ്റിവെക്കണമെന്ന്​ തോന്നുന്നില്ലേ?

ഉറപ്പായും. അതിനും ശ്രമിക്കുന്നുണ്ട്, അധികവും സംഭവിക്കാറില്ലെങ്കിലും. ‘ടിങ്കി ടാറ്റ’ സിനിമയുടെ ഷൂട്ടിങ്​ സമയത്ത്​ എനിക്കൊരു അപകടമുണ്ടായി. നാലു മാസ​ത്തോളം ബെഡ്​ റെസ്​റ്റിലായിരുന്നു. സർജറി കഴിഞ്ഞ് വീൽചെയറിലായിരുന്നു പിന്നീട്​.

അത് ഭയങ്കര ടഫായിട്ടുള്ള സമയമായിരുന്നു. ഓടിനടന്ന്​ സിനിമ ചെയ്​തുകൊണ്ടിരിക്കുന്ന സമയത്താണ്​ അപകടമുണ്ടാവുന്നതും കിടക്കുന്നതും. പക്ഷേ, ആ സമയം വീട്ടിൽ കുട്ടികളോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞു എന്നതാണ് അതിന്‍റെ പോസിറ്റിവ് സൈഡ്​.

● ഇമോഷണലാവാറുണ്ടോ?

തീർച്ചയായും. ദുഃഖമുണ്ടാക്കുന്ന സംഭവങ്ങൾപോലെ തന്നെ സന്തോഷമുള്ള സമയത്തും ഞാൻ ഭയങ്കരമായി ഇമോഷണലായി പോകാറുണ്ട്. സിനിമയിലെത്തിയതി​ന്‍റെ 15 വർഷം പൂർത്തിയാകുന്ന വേളയിലാണ്​ ദമ്മാമിൽ ‘ഗൾഫ്​ മാധ്യമം’ ഒരുക്കിയ ‘ഹാർമോണിയസ്​ കേരള’യിൽ ഞാനെത്തുന്നത്.

15 വർഷം പൂർത്തിയായി എന്ന്​ പ്രഖ്യാപിക്കപ്പെട്ട ആ നിമിഷത്തിൽ വേദിയിൽ നിൽക്കു​േമ്പാൾ നിറഞ്ഞുകവിഞ്ഞ സദസ്സിന്‍റെ സ്​നേഹം ഏറ്റുവാങ്ങു​േമ്പാൾ കണ്ണുകൾ നിറഞ്ഞുപോയി. എന്നെ പോലൊരാൾക്ക്​ കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തിലായിരുന്നില്ല സിനിമ.


● നന്നായി സംസാരിക്കുന്നുണ്ടല്ലോ, എങ്ങനെ കിട്ടി ഈ ചാതുരി?​

വാപ്പ നല്ലൊരു പ്രാസംഗികനാണ്​, രാഷ്​ട്രീയക്കാരനാണ്​. വേദികളിൽ സംസാരിക്കുന്നതും ആളുകളോട്​ ഇടപെടുന്നതുമെല്ലാം ഞാൻ കാണുന്നതുമുതൽ ശ്രദ്ധിച്ചിട്ടുണ്ട്​.

പിതാവായിരിക്കുമല്ലോ ഫസ്​റ്റ്​ ഹീറോ. അദ്ദേഹത്തിൽനിന്ന്​ കിട്ടിയതായിരിക്കണം. വാപ്പയുടെ ഫോ​ട്ടോസ്​റ്റാറ്റാണ്​ ഞാൻ.

സിനിമയെക്കുറിച്ചൊന്നും പറയാറില്ലെങ്കിലും എന്നോട്​ എപ്പോഴും വാപ്പ പറയാറുള്ളത് ആളുകളോട്​ നന്നായി പെരുമാറണമെന്നാണ്​. ഉള്ളിലുള്ളത്​ എന്തുമായിക്കോ​ട്ടെ, അതു​ നമ്മുടേതാണ്. ​ചില വേദികളിൽ സംസാരിക്കാൻ പോകു​േമ്പാഴും ചിലരെ കാണാൻ പോകുമ്പോഴുമെല്ലാം ഇപ്പോഴും വാപ്പയെ വിളിക്കും. ‘‘നന്നായിട്ട്​ പെരുമാറണം’’- അത്​ മാത്രമാണ്​ വാപ്പ എപ്പോഴും പറയുക.


● പ്രകൃതിസ്​നേഹിയാണോ?

പരിസ്ഥിതിസ്​നേഹിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ പ്രകൃതിസ്​നേഹിയാണ്​. മരങ്ങളും മലകളുമാണ്​ ഇഷ്​ടം, കടലുകളേക്കാൾ.

ഹോട്ടൽ റൂമിൽ താമസിക്കുകയാണെങ്കിൽ, ചിലപ്പോൾ ഷൂട്ടിങ്ങിന് പോകു​േമ്പാൾ മുപ്പത്, നാൽപത്​ ദിവസമൊക്കെ ഒരു മുറിയിൽ തന്നെയായിരിക്കും. അപ്പോൾ ആദ്യം ചെയ്യുന്നത്​, ചെടി മേടിച്ച്​ മുറിയിൽ വെക്കും. ഒരു ജീവൻ കൂടി മുറിക്കകത്തുണ്ടാവണം എന്ന നിഷ്​ഠ എനിക്കുണ്ട്​.

എനിക്കൊരു പച്ച കണ്ടാൽ മതി, ചെടി കണ്ടാൽ മതി. ഇൻഡോർ പ്ലാന്റ്​ വാങ്ങിവെക്കേണ്ട കാര്യമേയുള്ളൂ. അതു പക്ഷേ, നമ്മുടെ ദിവസത്തിൽ ഒരുപാട്​ വ്യത്യാസങ്ങളുണ്ടാക്കും. അങ്ങനെയുള്ള കുഞ്ഞുകുഞ്ഞുകാര്യങ്ങളേയുള്ളൂ എനിക്ക്​ ജീവിതത്തിൽ നിഷ്​ഠകളായി. പച്ചപ്പ്​ വേണം. കാരണം ഞാനൊരു ഇടുക്കിക്കാരനാണല്ലോ.


തൊടുപുഴ വീട് ഫേവറിറ്റ്​ ഹോളിഡേ സ്​പോട്ട്

വീടെന്ന്​ പറഞ്ഞാൽ മുറ്റം. അതാണെ​ന്‍റെ ഏറ്റവും വലിയ ലക്ഷ്വറി. അത്​ വീടിന്‍റെ വലുപ്പമല്ല, പക്ഷേ, വീടിനൊരു മുറ്റമുണ്ടാകണം, മരങ്ങളുണ്ടാകണം. തൊടുപുഴ വീടാണ്​ ഫേവറിറ്റ്​ ഹോളിഡേ സ്​പോട്ട്​. ഞാൻ എറണാകുളത്താണ്​ സെറ്റിലായിരിക്കുന്നത്​. സമയം കിട്ടു​േമ്പാൾ വീട്ടിലേക്ക്​ പോവുക, വീട്ടിൽ ജനൽ തുറന്നിട്ട്​ കിടന്നുറങ്ങാൻ പറ്റുക എന്നതാണ്​ മറ്റൊരു ലക്ഷ്വറി.

ജനിച്ചതും വളർന്നതും തൊടുപുഴയിലെ തറവാട്ടിലാണ്​. വാപ്പയുടെ മൂന്ന്​ സഹോദരങ്ങളും ഞങ്ങളും ഒരുമിച്ച് കൂട്ടുകുടുംബമായിരുന്നു. വലിയ തറവാടും വലിയ മുറ്റവും കരോട്ടെ പറമ്പിലൊരു മാവും ഒക്കെയായി വലിയ പറമ്പിലുള്ള വീടായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കു​േമ്പാഴാണ്​ ഇപ്പോൾ താമസിക്കുന്ന വീട്​ വാപ്പ വെക്കുന്നതും അങ്ങോ​ട്ടേക്ക്​ മാറുന്നതും.​​

അപ്പോഴും വലിയ മുറ്റമൊക്കെയുള്ള വീട്​ തന്നെയാണ്​ വാപ്പ ഞങ്ങൾക്ക്​ വേണ്ടി ഉണ്ടാക്കിയത്​. വീട്​ എന്നുപറഞ്ഞാൽ വാപ്പയും ഉമ്മയുമുള്ള, ഒരുപാട്​ മരങ്ങളുള്ള, തണുപ്പുള്ള സ്ഥലം, അതാണ് എ​ന്‍റെ സങ്കൽപം​.

വെക്കാൻ പോകുന്ന വീട്​

കാർ കഴുകാൻ ഇഷ്​ടമാണ്. ഉപയോഗിക്കുന്ന വണ്ടികൾ ഞാൻ കഴുകാറുണ്ട്. തികഞ്ഞ ‘വാഹന ഭ്രാന്തു’ള്ളയാളാണ്​. സ്വയം ഡ്രൈവ്​ ചെയ്യും. അ​േ​പ്പാൾ വണ്ടികളോട്​ എനിക്ക്​ വൈകാരിക അടുപ്പമുണ്ട്. അതിലെ ഏറ്റവും വലിയ കാര്യമാണ്​ ഞാൻ വണ്ടികൾ കഴുകുന്നതും ക്ലീൻ ചെയ്യുന്നതും. അതിനുള്ള സൗകര്യമുള്ള വീടായിരിക്കണം. അതാണ്​ മുറ്റം എന്ന്​ എടുത്തുപറഞ്ഞത്​.

ഒരുപാട്​ നിലകളുള്ള വീടാകണമെന്നൊന്നുമില്ല. കുറച്ച്​ കാറ്റും വെളിച്ചവുമൊക്കെ കയറുന്ന അൽപം വിശാലതയുള്ളതാവണം. എന്നാലിപ്പോൾ മക്കൾ തീരെ ചെറിയ കുട്ടികളാണ്​. ഞാൻ പല സമയത്തും യാത്രയിലാണ്​. കുറെക്കൂടി സേഫ്​റ്റി ഫ്ലാറ്റാണ്​. എന്നാൽ, എപ്പോൾ സമയം കിട്ടിയാലും ഞാൻ വീട്ടിലേക്കോടും. തൊടുപുഴ അല്ലെങ്കിൽ കണ്ണൂർ. കണ്ണൂരിലെ വീട്ടിലും നല്ല മുറ്റമൊക്കെയുണ്ട്​. മാത്രമല്ല, അതിനടുത്ത്​ പയ്യാമ്പലം ബീച്ചാണ്​. അവിടെ പോയി ഇരിക്കാം.

● മധ്യതിരുവിതാംകൂറുകാര​ന്‍റെ തലശ്ശേരി ബന്ധം, എന്താണ്​ ഫീലിങ്​?

മലബാർ കൾച്ചറിനെക്കുറിച്ച്​ പറയുകയാണെങ്കിൽ ഏറ്റവും ഹൃദ്യമായ പെരുമാറ്റമുള്ളവരാണ്. ഞാൻ അവിടെ പോയ ആദ്യ സമയ​ത്തൊക്കെ​ പല ആളുകളെയും കാണു​േമ്പാൾ അവർ നോക്കി ചിരിക്കുന്നത്​ കാണു​േമ്പാൾ നമുക്ക്​ സംശയം വരും. ഇവരെ എനിക്ക്​ അറിയാമോ എന്ന്​? ആദ്യമായി കാണുന്ന ഒരാളാണെങ്കിൽപോലും അവരുടെ മുഖത്ത്​ കാണുന്ന ചിരി ആത്മാർഥതയോടെയുള്ളതായിരിക്കും.

അവർ ഭക്ഷണത്തിലൂടെ സ്​നേഹം പ്രകടിപ്പിക്കും. അവരുടെ സംസാരത്തിൽ അതുണ്ടാവും. ആ കൾച്ചറൽ ഡിഫറൻസ്​ ഭയങ്കരമായിട്ടുണ്ട്. എനിക്ക്​ സുഹൃത്തുക്കൾ കേരളത്തി​ന്‍റെ വിവിധ​ ഭാഗത്തുനിന്നുണ്ട്​. ഒരുപാട്​ ആളുകളെ പരിചയപ്പെടാൻ കഴിയുന്നുണ്ട്.

മലബാറിനെക്കുറിച്ച്​ മാത്രമല്ല ഞാൻ പറയുന്നത്​. ഏറ്റവും അടുത്ത സുഹൃത്തുക്കൾ തിരുവനന്തപുരത്തുകാരാണ്. എല്ലായിടത്തുനിന്നുള്ളവരും സ്​നേഹം പ്രകടിപ്പിക്കുന്നവരാണ്​. അതു പലരീതികളിലാണെന്ന്​ മാത്രം.

● ഫോണിൽ കിട്ടാത്തയാളാണോ?

അത്​ എ​ന്‍റെ മോശം സ്വഭാവമാണ്​. മാറ്റാൻ ഉദ്ദേശിക്കുന്നുമില്ല. അത്​ വളരെയധികം ആസ്വദിക്കുന്നയാളാണ്​. നമ്മൾ ഇത്രയും നേരം ഇവിടെയിരുന്ന്​ സംസാരിച്ചു. എനി​ക്കൊരു കാൾ വന്നിട്ടില്ല. ഞാനിതിനിടയിൽനിന്ന്​ എഴുന്നേറ്റ്​ പോയിട്ടില്ല. ഒഴുക്ക്​ നഷ്​ടപ്പെടാതെ നമുക്ക്​ സംസാരിക്കാൻ പറ്റി. ആ ഫ്രീഡം ഫോണുണ്ടെങ്കിൽ കിട്ടില്ല.

പക്ഷേ, ഞാൻ ഫോണുപയോഗിക്കാതെ തന്നെ എ​ന്‍റെ കാര്യങ്ങൾ വളരെ കൃത്യമായി നടന്നുപോകണം. അതിന്​ ഒരാളെ കണ്ടെത്തിയിട്ടുണ്ട്​. എന്നാൽ, ഫോണിൽ കിട്ടാത്തതു​കൊണ്ട്​ വലിയ നഷ്​ടങ്ങളും സംഭവിച്ചിട്ടുണ്ട്. വിശേഷപ്പെട്ട, ഇഷ്​ട​പ്പെട്ട പലരും വിളിച്ചിട്ട്​ കിട്ടിയിട്ടില്ല. ഒരുപാട്​ സിനിമകൾ നഷ്​ടമായിട്ടുണ്ട്​. നമുക്കുള്ളതാണെങ്കിൽ നമ്മുടെ അടുത്തേക്ക്​ വരും എന്ന വിശ്വാസമുള്ളത്​ കൊണ്ട്​ അതൊക്കെ അഡ്​ജസ്​റ്റ്​ ചെയ്​തുപോകുന്നു.




Show Full Article
TAGS:Lifestyle starchat Asif Ali 
News Summary - asif ali talks
Next Story