എന്‍റെ സ്വതന്ത്ര തിരഞ്ഞെടുപ്പുകളെ മാതാപിതാക്കള്‍ അംഗീകരിക്കാറുണ്ട് -ലിയോണ ലിഷോയ്
text_fieldsലിയോണ, ബിന്ദു, ലിഷോയ്. ചിത്രം: വിദ്യുത് വേണു
സമ്പൂർണ കലാകുടുംബമാണ് ലിഷോയിയുടേത്. സിനിമ-നാടക നടൻ ലിഷോയ്, വീട്ടമ്മയായ ഭാര്യ ബിന്ദു, നടിയും മോഡലുമായ മകൾ ലിയോണ, നര്‍ത്തകനും സംഗീത സംവിധായകനും കൊറിയോഗ്രഫറുമായ മകൻ ലയണല്‍, ചിത്രകാരിയും ഗ്രാഫിക് ഇലസ്ട്രേറ്ററുമായ മരുമകൾ ടാനിയ എന്നിവരടങ്ങിയതാണ് കുടുംബം.
കലാരംഗത്ത് ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും കുടുംബത്തെ ചേർത്തുനിർത്താൻ ഇവർ മറക്കുന്നില്ല. അച്ഛനും മക്കളും മരുമകളും തിരക്കുകളിലേക്ക് അകലുമ്പോൾ ഇവരെ ചേർത്തുനിർത്തുന്നത് അമ്മയാണ്.
സിനിമ-സീരിയൽ-നാടക അഭിനയത്തിനൊപ്പം ബിസിനസിലും ലിഷോയ് മുദ്രപതിപ്പിച്ചിട്ടുണ്ട്.
മോഡലിങ്ങിൽനിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന് ശ്രദ്ധേയയായ ലിയോണ 10 വര്‍ഷമായി ചലച്ചിത്രരംഗത്ത് സജീവമാണ്. സംഗീതസംവിധാനത്തിലും കൊറിയോഗ്രഫിയിലും പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുകയും പുതിയ അവതരണശൈലികള്‍ വേദികളില്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന സഹോദരൻ ലയണലിനും ഇഷ്ടകേന്ദ്രം വീടു തന്നെ.
തിരക്കുകൾ മാറ്റിവെച്ച് തങ്ങളുടെ ഹാപ്പിനെസ് സ്പോട്ടായ തൃശൂർ കൂർക്കഞ്ചേരിയിലെ വീട്ടിലിരുന്ന് ഈ കലാകുടുംബം മനസ്സുതുറക്കുന്നു...
ലിഷോയ്, ബിന്ദു, ടാനിയ, ലിയോണ, ലയണല്‍
● കുടുംബം നൽകുന്ന ആത്മവിശ്വാസം എത്രത്തോളമാണ്?
ലിയോണ: അഭിനയരംഗത്ത് സജീവമായതോടെ എന്‍റെ സ്വതന്ത്ര തിരഞ്ഞെടുപ്പുകളെ മാതാപിതാക്കള്‍ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. സഹോദരന്‍റെ കാര്യത്തിലും അവന്‍റെ തിരഞ്ഞെടുപ്പുകളിലും കലാപ്രവര്‍ത്തനങ്ങളിലും അവരുടെ പ്രോത്സാഹനം വലുതാണ്. അതേ സ്വാതന്ത്ര്യം വിവാഹജീവിതത്തിനും അവന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, പ്രതിസന്ധിഘട്ടത്തില്‍ ഞാനും സഹോദരനും ആശ്രയിക്കുന്നത് മാതാപിതാക്കളെതന്നെയാണ്.
ലിഷോയ്: കൗമാരത്തില്‍ എവിടെയോവെച്ച് തോന്നിയ നാടകക്കമ്പം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ജീവിതത്തില്‍ ബിന്ദുവിനെപ്പോലെ മാറ്റിനിർത്താനാവാത്ത അവിഭാജ്യഘടകം. വേദികളില്‍നിന്ന് വേദികളിലേക്കുള്ള യാത്രക്കിടെ സ്വന്തം ബിസിനസും കുടുംബകാര്യങ്ങളും ശ്രദ്ധിക്കാനാവാത്ത അവസ്ഥ വന്നു.
അങ്ങനെ അവിടെവെച്ച് നാടകങ്ങൾക്ക് താല്‍ക്കാലികമായി കർട്ടനിട്ട് തിരികെ ബിസിനസിലേക്ക്. എന്നാല്‍, അവിടെ മനസ്സ് ശാന്തമായിരുന്നില്ല. വീണ്ടും നാടകവും തിരശ്ശീലയും ചമയങ്ങളും മനസ്സിലേക്ക് കയറിവന്നതോടെ സ്വന്തം ഉടമസ്ഥതയില്‍ യമുന എന്‍റർടെയ്നർ രൂപവത്കരിച്ചു.
ലിഷോയും ബിന്ദുവും. ചിത്രം: ടി.എച്ച്. ജദീർ
പിന്നീട് ബിസിനസിലെ ശ്രദ്ധക്കുറവ് സാമ്പത്തിക അടിത്തറയെ ബാധിച്ചു. രണ്ടും സമാന്തരമായി കൊണ്ടുപോകാൻ ബിന്ദു ആത്മവിശ്വാസം പകർന്നതോടെ വീണ്ടും ബിസിനസ് കാര്യങ്ങളിലേക്ക് തിരിച്ചുനടത്തം. ഇടക്ക് മാത്രം ഒന്ന് ബ്രേക്കിട്ടപോലെ സീരിയലുകളില്‍ മുഖം കാണിക്കല്‍. ഇന്നും നാടകത്തോടുള്ള പ്രണയത്തിന് ഒരു മാറ്റവുമില്ല. കുടുംബജീവിതത്തിന്‍റെ താളപ്പിഴകളെ ശ്രുതിയിട്ട് കൂട്ടിച്ചേര്‍ക്കുന്നത് അന്നും ഇന്നും ബിന്ദുവാണ്.
● ലിയോണയുടെ സിനിമാ ജീവിതത്തിലും കുടുംബജീവിതത്തിലും അമ്മയുടെ സ്വാധീനം എത്രത്തോളമുണ്ട്?
ലിയോണ: ഷൂട്ടിങ് സ്ഥലത്തും യാത്രകളിലും സന്തതസഹചാരിയായി അമ്മയുണ്ടാകാറുണ്ട്. ഷോപ്പിങ്ങിനായാലും സിനിമക്കായാലും അമ്മയുടെ സാന്നിധ്യം വളരെ സഹായമാണ്. ഭക്ഷണത്തിന്‍റെ കാര്യത്തിലും അമ്മതന്നെയാണ് മാതൃക. പരിപ്പുകറി മുതൽ സാമ്പാര്‍, അവിയല്‍ തുടങ്ങിയ പച്ചക്കറി വിഭവങ്ങളിലും മുട്ടറോസ്റ്റിലും ബീഫ് ഉലത്തിയതിലും ബിരിയാണിയിലും അമ്മയുടെ പ്രത്യേക ടച്ചുണ്ട്. വീട്ടില്‍ രാവിലെ തയാറാക്കുന്ന പുട്ടും കടലയും ഇടിയപ്പവുമെല്ലാം ഇഷ്ടവിഭവങ്ങളാണ്.
എറണാകുളത്ത് ഇടക്ക് ഒറ്റക്ക് പാചകം ചെയ്യാറുണ്ടെങ്കിലും പൂർണതൃപ്തി വരാറില്ല. വീട്ടിലെ അടുക്കളയില്‍ അമ്മ മൂന്ന് അടുപ്പില്‍ വ്യത്യസ്ത വിഭവങ്ങള്‍ ഒരേസമയം തയാറാക്കുന്നതിന്‍റെ ചടുലത എന്നാണ് എനിക്ക് വരുക എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. പാചകത്തില്‍ അൽപം മടിയുള്ളതും ഇതിന് തടസ്സമാണ് (ചിരിക്കുന്നു).
● വീട്ടിലേക്കുള്ള യാത്രകൾ എത്രത്തോളം ലിയോണയുടെ മനസ്സിനെ ആനന്ദിപ്പിക്കാറുണ്ട്‍?
ലിയോണ: ഷൂട്ടിങ്ങിന് പോകുമ്പോഴുള്ള യാത്രപോലെ തന്നെയാണ് വീട്ടിലേക്കുള്ള മടക്കയാത്രയും. വീടിന്‍റെ കരുതലിലേക്ക് വരുമ്പോൾ മനസ്സ് ആനന്ദത്താൽ തുള്ളിച്ചാടും. ചമയങ്ങളില്ലാത്ത ലോകത്ത് അച്ഛനും അമ്മക്കും ഒപ്പം സമയം ചെലവഴിക്കുന്നതിന്‍റെ സന്തോഷംതന്നെയാണ് ഏറ്റവും വലുത്.
മോഡലിങ്ങിന് പോയാല്‍ എല്ലാ ദിവസവും വീട്ടിലെത്തിയിരുന്നു. അപ്പോള്‍ വിഷമവും തോന്നിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഷൂട്ടിങ് തിരക്ക് കാരണം സ്ഥിരമായി വീട്ടിലെത്താൻ കഴിയാറില്ല. എങ്കിലും ചെറിയ സമയം കിട്ടിയാല്‍ ഓടിയെത്താനാണ് ശ്രമിക്കുക. അടുക്കളയില്‍ അമ്മയുടെ അടുത്തുനിന്ന് ഷൂട്ടിങ് വിശേഷങ്ങൾ പറഞ്ഞും അമ്മ വറുത്തെടുക്കുന്നത് ചൂടോടെ രുചിച്ചുനോക്കുന്നതുമെല്ലാം ആനന്ദകരമാണ്.
● മകളുടെ സാന്നിധ‍്യം വീട്ടിൽ കുറയുന്നു എന്ന പരാതി അമ്മക്കുണ്ടോ?
ബിന്ദു: കരിയറിന്‍റെ ഭാഗമായുള്ള തിരക്കുകളാണ് മകൾക്കുള്ളത് എന്നതിനാൽ പരാതിയില്ല. എങ്കിലും മോഡലിങ്ങില്‍നിന്ന് അഭിനയത്തിലേക്ക് എത്തിപ്പെട്ടതോടെ അവളെ അരികില്‍ കിട്ടാത്തത് വിഷമം തന്നെയാണ്.
അവൾ വീട്ടിലുണ്ടെങ്കില്‍ ലയണലിനും വീട്ടിലെത്താൻ ആഗ്രഹം കൂടും. അവനും എങ്ങനെയെങ്കിലും സമയം കണ്ടെത്തി ബംഗളൂരുവില്‍നിന്ന് ഇവിടെയെത്തും. എല്ലാവരും വീട്ടിൽ ഒത്തുകൂടുന്നതിൽപരം സന്തോഷം എനിക്ക് വേറെയില്ല.
● എല്ലാവരും വീട്ടിൽ ഒത്തുകൂടുമ്പോഴുള്ള അനുഭവങ്ങൾ?
ബിന്ദു: മക്കളും ഭര്‍ത്താവുമൊത്തുള്ള ഒത്തുചേരലുകളാണ് ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങൾ സമ്മാനിക്കുന്നത്. അടുക്കളക്ക് സമീപത്തെ മുറിയിലാണ് എല്ലാവരും കൂടിയിരുന്ന് വിശേഷം പറയാറുള്ളത്. അവിടെ ചര്‍ച്ചചെയ്യാത്ത വിഷയങ്ങളില്ല. അച്ഛന്‍റെ അഭിനയം, ലയണലിന്‍റെ നൃത്തം, ലിയോണയുടെ അഭിനയം, അമ്മയുടെ പാചകം എല്ലാം പറഞ്ഞും പരസ്പരം വിമര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്യും.
● വീടിനകത്തെ ബന്ധങ്ങൾക്ക് പുറംലോകത്തേതിനേക്കാൾ ഊഷ്മളതയുണ്ടോ?
ലിയോണ: തീർച്ചയായും. പുറംലോകത്തെ ബന്ധങ്ങളേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് മാതാപിതാക്കളുമായും ചേട്ടനുമായും ടാനിയയുമായുമുള്ള ബന്ധമാണ്. ബംഗളൂരുവില്‍ കൂടുതൽ സമയം കഴിയുന്ന ചേട്ടനെ പലപ്പോഴും മിസ്സ് ചെയ്യാറുണ്ട്.
● വീടിന് പുറത്ത് കുടുംബാംഗങ്ങൾ ഒത്തുകൂടുന്ന ഇടങ്ങൾ?
ലിയോണ: വാഗമണിലെ അമ്മാവന്‍റെ റിസോർട്ടാണ് വീടിന് പുറത്തെ പ്രധാന പിക്നിക് സ്പോട്ട്. അവിടെ എനിക്ക് എത്താൻ എളുപ്പമാണ്. ചേട്ടനും ഭാര്യക്കും ഒരു രാത്രികൊണ്ട് അവിടെ എത്തിപ്പെടാം എന്ന പ്രത്യേകതയുമുണ്ട്. അമ്മക്ക് അടുക്കളയിൽ കയറണ്ട. അവിടെ അച്ഛനും അമ്മക്കുമൊപ്പം തണുപ്പിന്റെ സുഖശീതളിമയില്‍ കുശലം പറഞ്ഞിരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല.
● യാത്രകളെ ഇഷ്ടപ്പെടുന്നവർ കുറവായിരിക്കും. ലിയോണയുടെ യാത്രാ ഇഷ്ടങ്ങൾ എന്തൊക്കെയാണ്?
ലിയോണ: ഹിൽസ്റ്റേഷനുകളാണ് എന്‍റെ ഫേവറിറ്റ്. തണുപ്പും കാറ്റും മഞ്ഞും തീര്‍ക്കുന്ന സുഖകരമായ കാലാവസ്ഥയിൽ ചെറിയ വെള്ളച്ചാട്ടങ്ങളും കാടിന്‍റെ വശ്യതയും കിളികളുടെ സംഗീതവും കേട്ട് എത്രനേരം വേണമെങ്കിലും ഇരിക്കാൻ ഇഷ്ടമാണ്.
കടലും കായലും രസംതന്നെ. കടലിലെ വെയിലും ചൂടുമാണ് അകറ്റിനിർത്തുന്ന ഘടകം. എങ്കിലും ഇടക്ക് സന്ധ്യമയങ്ങുമ്പോള്‍ തൃശൂരിലാണെങ്കില്‍ സ്നേഹതീരത്ത് പോകാറുണ്ട്.
● പുതിയ കാലത്ത് കുടുംബങ്ങളിൽ പുതുതലമുറ കൂടുതൽ സ്വാതന്ത്ര‍്യം അനുഭവിക്കുന്നില്ലേ?
ബിന്ദു: ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ യുവതലമുറ ഒരു പരിധിവരെ മതങ്ങളുടെ അതിർവരമ്പുകളെ ലംഘിക്കുന്നുണ്ട്. അവര്‍ സ്വപ്‌നം കാണുന്നത് കൂടുതല്‍ വിശാലവും സൗഹൃദവും നിറഞ്ഞ ലോകമാണ്. പാട്ടിനൊപ്പം ചുവടുവെക്കാന്‍ തോന്നിയാല്‍ അവർ ചുവടുവെക്കട്ടെ എന്ന പക്ഷത്താണ് ഞാൻ. അതോടൊപ്പം സ്ത്രീധനംപോലുള്ള ആചാരങ്ങളെ പുതുതലമുറ തള്ളിക്കളയുന്നു.
ലിഷോയ്: ഈ സ്വാതന്ത്ര‍്യം പലപ്പോഴും അപകടകരമായ സാഹചര്യങ്ങളിലേക്ക് യുവതലമുറയെ കൊണ്ടുചെന്നെത്തിക്കുന്നില്ലേ എന്ന് സംശയമുണ്ട്. മയക്കുമരുന്നിന്‍റെ വലിയ ലോകം യുവതലമുറയെ വലവിരിച്ച് കാത്തിരിക്കുന്നത് വലിയ ഭീഷണിയാണ്.
ലയണൽ: ചെറിയ ഒരു ശ്രദ്ധചെലുത്തിയാല്‍മതി മയക്കുമരുന്നിന്‍റെ പിടിയില്‍നിന്ന് യുവജനതക്ക് രക്ഷപ്പെടാനാകും.
● ലിയോണയുടെ സിനിമ സെലക്ഷൻ എങ്ങനെയാണ്? സെലക്ടിവ് ആകുന്നുണ്ടോ?
ലിയോണ: സിനിമ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ്. അവിടെ ഞാന്‍ എന്‍റെ കഥാപാത്രത്തെ മികവുറ്റതാക്കി എന്നതുകൊണ്ട് മാത്രം വിജയിക്കണം എന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് സെലക്ടിവാകാന്‍ തുടങ്ങിയത്. ആദ്യം കഥ, തിരക്കഥ, സംവിധായകൻ എന്നിവരിലായിരുന്നു സെലക്ടിവ് ആയിരുന്നത്.
പിന്നീട് രണ്ടാം ഘട്ടം എന്ന നിലയില്‍ നിർമാണ കമ്പനിയെയും മറ്റു ടീം അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധിക്കാന്‍ തുടങ്ങി. നിർമാതാവിന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്നതും സംവിധായകന് ടീം വര്‍ക്കായി ചിത്രീകരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതും വലിയ ഘടകമാണ്. അതുകൊണ്ടുതന്നെ എല്ലാവരും സെലക്ടിവാകുന്നത് സ്വാഭാവികമാണ്.
● ലിയോണയുടെ പുതിയ പ്രോജക്ടുകൾ?
ലിയോണ: റാം, കനകരാജൻ, പ്രിന്‍സ് സ്ട്രീറ്റ്, സമാധാനപുസ്തകം, തേഡ് മര്‍ഡര്‍ എന്നിവയാണ് പ്രധാന ചിത്രങ്ങളില്‍ ചിലത്. ഇതിനു പുറമെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടാണ് Alt Love എന്ന തമിഴ് ചിത്രം. പുതുതലമുറയിലെ സിനിമാപ്രവര്‍ത്തകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഈ ചിത്രം കലാമൂല്യമുള്ള ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.