Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightstarchatchevron_right‘കേരള ക്രൈം ഫയൽ രണ്ടാം...

‘കേരള ക്രൈം ഫയൽ രണ്ടാം ഭാ​ഗത്തിന് കട്ട വെയ്റ്റിങ്’. വിശേഷങ്ങളുമായി നടൻ നവാസ് വള്ളിക്കുന്ന്

text_fields
bookmark_border
‘കേരള ക്രൈം ഫയൽ രണ്ടാം ഭാ​ഗത്തിന് കട്ട വെയ്റ്റിങ്’. വിശേഷങ്ങളുമായി നടൻ നവാസ് വള്ളിക്കുന്ന്
cancel
camera_alt

നവാസ് വള്ളിക്കുന്ന്

നവാസ് വള്ളിക്കുന്ന്, ചെറുപുഞ്ചിരിയോടെ സരളമായി സംസാരിച്ച് മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ. 2018ല്‍ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെയാണ് നവാസ് വെള്ളിത്തിരയുടെ ഭാ​ഗമാകുന്നത്.

അടുത്ത വർഷം പുറത്തിറങ്ങിയ ‘തമാശ’ എന്ന ചിത്രത്തിലെ റഹീം എന്ന കഥാപാത്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാ​ഗമായി മലബാർ കേന്ദ്രീകരിച്ചുള്ള കഥാപാത്രങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത കലാകാരനായി മാറി.

‘കുരുതി’ എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് നവാസ് എന്ന നടൻ അഭിനയത്തിന്‍റെ പുതുമകളിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു. വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക്​ അപ്രതീക്ഷിതമായി എത്തി​പ്പെട്ടതിന്​ പിന്നിലെ കഥയും സിനിമ വിശേഷങ്ങളും പങ്കുവെക്കുകയാണ്​ നവാസ്​ വള്ളിക്കുന്ന്​.

1. ‘കേരള ക്രൈം ഫയൽസ്’ വെബ് സീരിസിൽ നിന്നുള്ള രംഗം 2. ‘കുരുതി’യിലെ ഒരു രംഗം

സിനിമകളോടൊപ്പം തന്നെ വെബ് സീരീസുകളിലേക്കും. രണ്ടും തമ്മിൽ എന്തെങ്കിലും അന്തരം തോന്നിയോ?

യഥാർഥത്തിൽ വെബ് സീരീസുകളെക്കുറിച്ച് എനിക്കന്ന് വലിയ അറിവുണ്ടായിരുന്നില്ല. വിളിച്ചത് അഹമ്മദ് കബീർ ആയതിനാൽ പിന്നീടൊന്നും ചിന്തിക്കാതെയാണ് ‘കേരള ക്രൈം ഫയലി’ലേക്ക് എത്തിപ്പെട്ടത്.

എന്നാൽ, സീരീസ് പുറത്തിറങ്ങിയതോടെയാണ് അതിന്‍റെ പ്രാധാന്യം മനസ്സിലായത്. എന്‍റെ പല മികച്ച സിനിമകളോളം തന്നെ സ്വീകാര്യത ആ വെബ്​ സീരീസിന്​ ലഭിച്ചു. പലരും അഭിമുഖങ്ങൾക്കും മറ്റും കൂടുതലായി വിളിക്കാൻ തുടങ്ങിയതും ഇതിനു ശേഷമാണ്​.

മലയാളത്തിൽ വെബ് സീരീസുകളുടെ പുതിയ സാധ്യതകൾ?

ദുബൈയിൽ ഒരു സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ ഒരു ഇം​ഗ്ലീഷുകാരൻ വന്ന് ‘കേരള ക്രൈം ഫയലി’ലെ അഭിനേതാവല്ലേയെന്ന് ചോദിക്കുകയുണ്ടായി.

അപ്പോഴാണ് സിനിമയിൽനിന്ന് വെബ് സീരീസിലെത്തുന്നതിന്‍റെ മാറ്റം നേരിട്ട് അനുഭവിച്ചറിഞ്ഞത്. മലയാളത്തിൽ ഒരുപാട് വെബ് സീരീസുകൾ ഇറങ്ങണമെന്നാണ് ആ​ഗ്രഹം. അതിന് പുതിയ കാലത്ത് വലിയ സാധ്യതകളുണ്ടെന്നാണ് അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഞാൻ മനസ്സിലാക്കിയത്.

കുടുംബത്തോടൊപ്പം

കുടുംബം എന്ന സന്തോഷത്തെ കുറിച്ച്?

കുടുംബം തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഈ അടുത്തകാലത്ത് ഒരു കൊച്ചു വീട് വെച്ചു. എറണാകുളത്താണ് ഷൂട്ടെങ്കിൽപോലും അത് കഴിഞ്ഞാലുടൻ എത്ര വൈകിയാലും കോഴിക്കോട്ടെ വീട്ടിലെത്താൻ ശ്രമിക്കും. കുടുംബമാണല്ലോ നമുക്കെല്ലാം. മൂത്ത മകൻ നി​യാസ് പ്ലസ് വണിലാണ് പഠിക്കുന്നത്.

രണ്ടാമത്തെയാൾ മോളാണ്, നസ്​ല. എട്ടാം ക്ലാസിൽ പഠിക്കുന്നു. മൂന്നാമത്തെയാൾ ആയിശ നിഹാല ഈ വർഷം മുതൽ സ്കൂളിൽ പോയിത്തുടങ്ങി. ഭാര്യ ഫാരിദയും വലിയ പിന്തുണയാണ് എന്‍റെ സിനിമ കരിയറിന്​ നൽകുന്നത്. കുടുംബത്തിന്‍റെ സപ്പോർട്ടാണ്​ ഏറ്റവും വലിയ ഊർജം. എന്‍റെ സിനിമകളുടെ നിരൂപകരും അവർ തന്നെയാണ്​.

പെയിന്‍ററായി ജോലിചെയ്ത നാട്ടിൻപുറത്തുകാരൻ നടനായപ്പോൾ കൂട്ടുകാരുടെ പ്രതികരണങ്ങൾ?

കൂട്ടുകാർ വലിയ കരുത്താണ് പകരുന്നത്. തുടക്കകാലങ്ങളിൽ ചെറിയ കളിയാക്കലുകൾ നേരിട്ടിരുന്നെങ്കിൽ പോലും ഇപ്പോൾ എല്ലാവരും വലിയ പിന്തുണയാണ് നൽകുന്നത്. വീടിന് തൊട്ടുമുന്നിലെ പള്ളിയിലെ ഉസ്താദ് പോലും ജോലിസംബന്ധമായ കുശലാന്വേഷണങ്ങൾ നടത്താറുണ്ട്.

പുതിയ സിനിമകൾ?

മുഹാസിന്‍റെ സംവിധാനത്തിൽ ഹർഷദിക്കയുടെ സ്ക്രിപ്റ്റിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. കോഴിക്കോട് മുക്കത്താണ് ഷൂട്ട് പുരോ​ഗമിക്കുന്നത്. മുഹാസിന്‍റെ തന്നെ ‘കഠിന കഠോരമീ അണ്ഡകടാഹ’ത്തിൽനിന്ന് സമയമില്ലാത്തതിനാൽ പിന്മാറിയതിന്‍റെ വിഷമമുണ്ട്. അതിന് പരിഹാരമാകുമെന്ന് കരുതുന്നു.

ഇനി ഇറങ്ങാനുള്ളത് ഞാനും സൈജു കുറുപ്പുമെല്ലാം വേഷമിടുന്ന ഷംസു സൈബ സംവിധാനം ചെയ്യുന്ന ‘അഭിലാഷം’, ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അൻപോട് കൺമണി’ എന്നിവയും വലിയ പ്രതീക്ഷ നൽകുന്നു. അർജുൻ അശോകനാണ് കേന്ദ്ര കഥാപാത്രം.

അതുപോലെ ‘കേരള ക്രൈം ഫയൽ’ രണ്ടാം ഭാ​ഗത്തിനും കട്ട വെയ്റ്റിങ്ങാണ്. സിനിമയെക്കാളും പലരും എന്നെ ഇപ്പോഴും തിരിച്ചറിയുന്നതും പ്രശംസിക്കുന്നതും സ്റ്റേജ് ഷോകളിലെ കോമഡി ഡയലോ​ഗുകൾ ഓർത്തെടുത്താണ്. വന്ന വഴികളെ അത്രയേറെ ചേർത്തുപിടിക്കാൻ ഇത് പ്രചോദനമേകുന്നു.




Show Full Article
TAGS:Lifestyle starchat Navas Vallikunnu 
News Summary - navas vallikkunnu talks
Next Story