‘മുൻനിര താരങ്ങളുടെ നിശ്ശബ്ദത മുറിവേൽപിക്കുന്നത്’ -പാർവതി തിരുവോത്ത് നിലപാടുകൾ പങ്കുവെക്കുന്നു
text_fieldsപാർവതി തിരുവോത്ത്. ചിത്രങ്ങൾ: സിയാദ്, ആന്‍റണി
അഭിനയ മികവുകൊണ്ടും നിലപാടുകളിലെ കൃത്യതകൊണ്ടും മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് പാർവതി തിരുവോത്ത്. സമൂഹത്തിലെ ആൺകോയ്മയെയും ജനാധിപത്യ വിരുദ്ധതയെയും തുറന്നുകാണിക്കാൻ അവർ ഉറക്കെ ശബ്ദമുയർത്തി.
പലരും അതിനെ അഹങ്കാരിയുടെ ഭാഷ്യമായി വിവക്ഷിച്ചപ്പോഴും അനീതിക്കെതിരെ തനിക്ക് നിശ്ശബ്ദമായിരിക്കാൻ കഴിയില്ലെന്ന പ്രഖ്യാപനമാണ് പാർവതി നടത്തിയത്.
ഈയൊരു ഉറച്ച നിലപാടാണ് പാർവതിയെ ‘പവർ തീ’ സ്റ്റാറാക്കിയത്. 2006ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പാർവതി വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഈ വേളയിൽ സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ ‘മാധ‍്യമം കുടുംബ’വുമായി പങ്കുവെക്കുകയാണ്.
വെള്ളിത്തിരയിൽ 18 വർഷം
തിരിഞ്ഞുനോക്കുമ്പോൾ അഭിമാനവും സന്തോഷവും നൽകുന്നതാണ് 18 വർഷത്തെ സിനിമ ജീവിതം. ഓരോ സിനിമയുടെയും പ്രാഥമിക വിജയമായി ഞാൻ കണക്കാക്കുന്നത് ജോലി ചെയ്യുന്ന സമയത്ത് അത് എനിക്ക് എത്രത്തോളം സന്തോഷം നൽകുന്നു എന്നതാണ്.
ഓരോ വർക്കും പൂർണ സമർപ്പണത്തോടെയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ജോലി സമയത്തെ സന്തോഷംതന്നെയാണ് ആദ്യ വിജയം. അതിനുശേഷം എല്ലാവരും അതേക്കുറിച്ച് നല്ലത് പറയുന്നുണ്ടെങ്കിൽ അത് ബോണസാണ്.
സിനിമ ആത്യന്തികമായി ബിസിനസ് തന്നെയാണ്. അത് സാമ്പത്തികമായി വിജയിക്കണമെങ്കിൽ നേരത്തേ പറഞ്ഞ സന്തോഷം ജോലി ചെയ്യുമ്പോൾ ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ നമുക്ക് പൂർണമായി സമർപ്പിക്കാനാകൂ.
ഈ ചിന്ത എന്നിൽ ഉടലെടുത്തത് ആദ്യ സിനിമയായ ‘ഔട്ട് ഓഫ് സിലബസി’ന്‍റെ റിലീസിങ്ങിന് ശേഷമായിരുന്നു. 15 കൂട്ടുകാരുമായി ഈ സിനിമ കാണാൻ തിയറ്ററിൽ പോയപ്പോൾ ഞങ്ങൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ബോക്സ് ഓഫിസ് റിപ്പോർട്ട് പ്രകാരം ഈ സിനിമ എങ്ങനെയാണ് ഓടിയതെന്ന് എനിക്കറിയില്ല.
പക്ഷേ, ഇതിലെ ഗാനരചനക്ക് സംസ്ഥാന അവാർഡൊക്കെ കിട്ടിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് ‘നോട്ട്ബുക്ക്’ ഇറങ്ങി. അത് ഹിറ്റാകുകയും ചെയ്തു. വിജയിച്ചപ്പോഴും പരാജയപ്പെട്ടപ്പോഴും സന്തോഷത്തോടെയാണ് നേരിട്ടത്. കാരണം ഞാൻ വളരെ ആത്മാർഥതയോടെ തന്നെയാണ് ജോലി ചെയ്തിരുന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ സിനിമയെയും ഞാൻ ഇങ്ങനെതന്നെയാണ് വിലയിരുത്തിയത്.
ഞാനെന്ന ‘ടെസ’
അഭിനയിച്ച കഥാപാത്രങ്ങളിൽ എന്നോട് ചേർന്നുനിൽക്കുന്നത് ‘ചാർളി’യിലെ ടെസ തന്നെയാണ്. സിനിമ ഇറങ്ങിയ സമയത്ത് പാർവതി തന്നെയാണോ ടെസ എന്ന് ചോദിച്ചവരോട് അല്ല എന്നായിരുന്നു മറുപടി. പിന്നീട്, കുറേ കാലശേഷമാണ് മനസ്സിലാക്കിയത്, എന്നിലെ കുറേ മാനറിസങ്ങൾ ആ കഥാപാത്രത്തിൽ അടങ്ങിയിട്ടുണ്ടെന്ന്. പാർവതിയുടെ കുറെ മാനറിസങ്ങൾ ആ കഥാപാത്രത്തിലേക്കും എടുത്തിട്ടുണ്ട്.
സിനിമക്കു ശേഷം ടെസയുടെ ചില മാനറിസങ്ങൾ എന്നിലേക്ക് വരുകയും ചെയ്തു. ടെസ എവിടെയാണ് തുടങ്ങുന്നത്, പാർവതി എവിടെയാണ് അവസാനിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാത്ത വിധം ആ കഥാപാത്രം മാറി എന്നതാണ് മറ്റൊരു സവിശേഷത.
നിലപാടുള്ള കഥാപാത്രങ്ങൾ
സിനിമയിൽ ആദ്യം മുതൽ തന്നെ നിലപാടുള്ള കഥാപാത്രങ്ങൾ ചെയ്യാൻ പറ്റി എന്നത് ഭാഗ്യമായി കരുതുന്നു. അത്തരം കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതായിരുന്നില്ല. വളരെ യാദൃച്ഛികമായി എന്നിൽ വന്നുചേരുകയായിരുന്നു. ‘നോട്ട്ബുക്ക്’, ‘ഫ്ലാഷ്’, പിന്നീട് ചെയ്ത തമിഴ് സിനിമ ‘പൂ’ എന്നിവയിലെല്ലാം പ്രശ്നങ്ങളെ അതിജീവിച്ച് പുറത്തുവന്ന് വിജയിക്കുന്ന കഥാപാത്രങ്ങളായിരുന്നു.
പിന്നീട്, അത് അലിഖിത നിയമംപോലെ, പാർവതിക്ക് ഒരു വേഷം കൊടുക്കുകയാണെങ്കിൽ ഇങ്ങനെയുള്ള കഥാപാത്രങ്ങളാകണമെന്നായി. ഇത്തരം കഥാപാത്രങ്ങൾ തീർച്ചയായും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. ഇങ്ങനെ അല്ലാത്ത ഒരു കഥാപാത്രം തേടിവന്നാലും ചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്.
തുറന്നുപറഞ്ഞു; സിനിമകൾ നഷ്ടമായി
നിലപാടുകൾ തുറന്നുപറഞ്ഞതിന്‍റെ പേരിൽ സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, ഞാൻ അതിനെ കുറിച്ച് ആശങ്കപ്പെടുന്നില്ല. കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. നല്ല സിനിമയുടെ ഭാഗമാകണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളത്. തുറന്നുപറച്ചിലുകൾക്ക് മുമ്പും ഞാൻ വർഷത്തിൽ ഒന്നോ രണ്ടോ പടങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ.
കാരണങ്ങൾ മാറിയിട്ടുണ്ടെങ്കിലും ഇപ്പോഴും വർഷത്തിൽ ഒന്നോ രണ്ടോ പടങ്ങൾ ചെയ്യുന്നുണ്ട്. നമുക്ക് ഓരോ വിഷയത്തിലും വ്യക്തതയുണ്ടായിരിക്കണം. കാരണം ആ വ്യക്തതയാണ് നമ്മുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത്.
ഈ നിശ്ശബ്ദത മുറിവേൽപിക്കുന്നത്
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളൊന്നും തങ്ങളെ ബാധിക്കില്ല എന്ന് വിചാരിക്കുന്നതുകൊണ്ടാണ് പല വിഷയങ്ങളിലും മുൻനിര താരങ്ങൾ നിശ്ശബ്ദത പാലിക്കുന്നത്. തങ്ങൾക്ക് കിട്ടിയ പ്രിവിലേജിൽനിന്ന് ചിന്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്.
ഈ നിശ്ശബ്ദത മുറിവേൽപിക്കുന്നവയാണ്. ഓരോ വിഷയങ്ങളും ഇന്നല്ലെങ്കിൽ നാളെ നമ്മളെ ബാധിക്കും. ഈയൊരു ബോധ്യമുള്ളതുകൊണ്ടാണ് എനിക്ക് പലതിനോടും നിശ്ശബ്ദത പാലിക്കാൻ കഴിയാതെ വരുന്നത്. പല വിഷയങ്ങളും തുറന്നുപറയുമ്പോൾ നമുക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും അതുകൊണ്ട് ഒരുപാട് പേർക്ക് ഗുണമായിമാറുമെന്നുമുള്ള തിരിച്ചറിവുണ്ടാകണം.
ഈ മാറ്റത്തിലേക്ക് അവർ എത്തുമെന്നുറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് മൗനമവലംബിക്കുന്നതിനെ കുറിച്ച് വീണ്ടും വീണ്ടും സംസാരിക്കേണ്ടിവരുന്നത്. ആരെയും ബലം പ്രയോഗിച്ച് ഇക്കാര്യം ചെയ്യിക്കാനാവില്ല. പല വിഷയങ്ങളിലും അഭിപ്രായം പറയുമ്പോൾ ആദ്യം ഒരു ഡിസ്കംഫർട്ട് അനുഭപ്പെടുമെങ്കിലും പിന്നീട്, നമുക്ക് ഒരുമിച്ചുതന്നെ നല്ല രീതിയിൽ അക്കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്നതാണ് മറ്റൊരു യാഥാർഥ്യം.
വ്യാജ വെളിപ്പെടുത്തലുകളല്ല തുറന്നുപറച്ചിലുകളെ ഇല്ലാതാക്കിയത്
വ്യാജ വെളിപ്പെടുത്തലുകൾ തുറന്നുപറച്ചിലുകളെ ഇല്ലാതാക്കി എന്ന വായനയോട് യോജിക്കുന്നില്ല. ഇരകൾ തുറന്നു പറയുമ്പോൾ സമൂഹത്തിൽനിന്ന് കിട്ടേണ്ട ധാർമികവും നിയമപരവുമായ പിന്തുണ ലഭിക്കാത്തതുകൊണ്ടാണ്, അല്ലാതെ വ്യാജ വെളിപ്പെടുത്തലുകളല്ല.
ചൂഷണത്തിനിരയായതിന് പുറമെ, സമൂഹം ക്രൂശിക്കുകയും ചെയ്യുമെന്ന ഭയമാണ് പലരെയും തുറന്നുപറച്ചിലുകളിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ധാർമികവും നിയമപരവുമായ പിന്തുണ കിട്ടാത്തതിനപ്പുറം അവരുടെ തൊഴിൽതന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്യും.
ഇത്തരം ആളുകളെ എനിക്ക് വ്യക്തിപരമായി അറിയാം. അവരുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇത് പറയുന്നത്.
ഹേമ കമ്മിറ്റി: മാധ്യമങ്ങൾക്ക് താൽപര്യം ലൈംഗിക ആരോപണങ്ങൾ
ലൈംഗികാതിക്രമ സംഭവങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അത് മാത്രമല്ല, വെളിപ്പെടുത്തുന്നത്. റിപ്പോർട്ടിൽ പറയുന്ന മറ്റു കാര്യങ്ങളിലൊന്നും ചർച്ച ചെയ്യാതെ ഇതിൽ മാത്രം ഒതുങ്ങിപ്പോകുന്നത് സെൻസേഷനലിസത്തിന്‍റെ ഭാഗമാണ്.
സിനിമ വ്യവസായവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കമ്മിറ്റി മുന്നോട്ടുവെക്കുന്നുണ്ട്. അതിലൊന്നാണ് ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം. അവർക്ക് കിട്ടുന്ന വേതനത്തിൽനിന്ന് പകുതിയോളം തട്ടിപ്പറിച്ച് കൊണ്ടുപോകുന്ന ഒരു വിഭാഗമുണ്ട്.
ഇതേക്കുറിച്ച് പരാതിപ്പെടാൻ റെഗുലേറ്ററി ബോർഡ് പോലും ഇല്ലാത്തതിനെക്കുറിച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. തൊഴിലവകാശങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന നമ്മുടെ നാട്ടിലാണ് ഈ അനീതി നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു സിസ്റ്റവും നിയമസംഹിതയുമൊക്കെ ഉണ്ടാക്കണമെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
എനിക്ക് എന്നും മാധ‍്യമങ്ങളോട് അഭ‍്യർഥിക്കാനുള്ളത്, ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഒരു ഓൾറൗണ്ട് റിപ്പോർട്ടിങ് നടത്തണമെന്നുതന്നെയാണ്.
എ.എം.എം.എയുടെ നേതൃനിരയിൽ നന്മയുള്ളവർ വരട്ടെ
എ.എം.എം.എയുടെ നേതൃനിരയിലേക്ക് ആരു വരണമെന്ന് നിർദേശിക്കാൻ ഞാൻ ആളല്ല. എ.എം.എം.എ എന്നല്ല, ഏത് സംഘടനയുടെ കാര്യത്തിലും നിപാട് ഇതാണ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാര്യങ്ങൾക്കപ്പുറത്തേക്ക് എല്ലാവരുടെയും നന്മയും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കാൻ കഴിയണം.
അഹങ്കാരിയോ, ഞാനോ?
നിലപാടുകളിലൂടെയും ചെയ്ത കഥാപാത്രങ്ങളിലൂടെയും പലർക്കും തോന്നിയിട്ടുണ്ടാകും കർക്കശക്കാരിയും അഹങ്കാരിയുമാണെന്ന്. അങ്ങനെ കരുതുന്നവർക്ക് അതിനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.
ഞാൻ ചെയ്യുന്ന സിനിമ ആത്യന്തികമായി ആളുകളെ രസിപ്പിക്കുന്നുണ്ടോ എന്നത് മാത്രമാണ് എന്‍റെ ചിന്ത.
ഇന്റർവ്യൂകളിലൂടെയും മറ്റും നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ശരിക്കുമുള്ള പാർവതി ആരാണെന്ന് ചോദിച്ചാൽ, ഒരുപക്ഷേ, എന്‍റെ അടുത്ത സുഹൃത്തുക്കൾക്കായിരിക്കും കൂടുതൽ പറയാനാകുക.