‘ഈ ലുക്ക് വെച്ച് ഇവിടെ നിൽക്കാതെ ബോളിവുഡിൽ ട്രൈ ചെയ്യൂ എന്നായിരുന്നു സംവിധായകൻ സിദ്ദീഖ് പറഞ്ഞത്’ -നടൻ സുദേവ് നായർ സിനിമയും ജീവിതവും പറയുന്നു
text_fieldsസുദേവ് നായർ. ചിത്രം: വിശാന്ത് പി. വേണു
അരങ്ങേറ്റം ഹിന്ദിയിലാണെങ്കിലും മലയാളത്തിലെ ആദ്യ ചിത്രത്തിലൂടെ ത്തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ നടനാണ് സുദേവ് നായർ. തെന്നിന്ത്യൻ സിനിമകൾക്കൊപ്പം ഹിന്ദിയിലും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷാ സിനിമകളിലും അഭിനയിച്ചു.
നായകനായും സഹനടനായും വില്ലനായും അഭിനയത്തിൽ തന്‍റേതായ പാത വെട്ടിത്തെളിച്ചു. വ്യത്യസ്തമായ സംഭാഷണ ശൈലിയിലൂടെയും അഭിനയ രീതിയിലൂടെയുമെല്ലാം ശ്രദ്ധ നേടിയ സുദേവിന് ചുരുങ്ങിയ സമയംകൊണ്ടുതന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ സാധിച്ചു. മുംബൈ മലയാളിയാണെങ്കിലും കേരളത്തെയും മലയാള സിനിമയെയുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന സുദേവ് നായർ ‘മാധ‍്യമം കുടുംബ’ത്തോട് മനസ്സ് തുറക്കുന്നു...
സിനിമ കരിയറിൽ പിന്നിട്ട 11 വർഷങ്ങളെക്കുറിച്ച്
11 വർഷമായി സിനിമയിൽ ഉണ്ട് എന്നത് ഭാഗ്യമാണ്. നമുക്ക് ഇഷ്ടമുള്ള കാര്യം പ്രഫഷനലായി ചെയ്യാൻ പറ്റുന്നത് വലിയ കാര്യമാണ്, അതിൽ സന്തോഷമുണ്ട്. പിന്നെ ഈയിടെയായി ലൈഫിന്‍റെയും വർക്കിന്‍റെയും കാഴ്ചപ്പാട് മാറിയിട്ടുണ്ട്.
മുമ്പൊക്കെ എങ്ങനെയെങ്കിലും വർക്ക് കിട്ടണം എന്ന ചിന്തയായിരുന്നു. അതിനായി സ്ട്രഗ്ൾ ചെയ്യാനും വിട്ടുവീഴ്ച ചെയ്യാനും തയാറായി. എന്നാൽ, ഇന്ന് അത് മാറി. എല്ലാം സെറ്റായി വരുമ്പോൾ ലൈഫിന്‍റെ 70 ശതമാനവും ഷൂട്ടും യാത്രക്കുമായി പോകും. ബാക്കി 30 ശതമാനമേ വീട്ടിലുണ്ടാകൂ. അതാണെന്‍റെ മേജർ സമയവും.
അങ്ങനെ നോക്കുമ്പോ ആ സമയം എനിക്ക് കംഫർട്ടുമാണ്. പഴയപോലെ സ്ട്രഗ്ൾ പറ്റില്ല. ഈ കംഫർട്ടിന് വേണ്ടിയാണല്ലോ കഷ്ടപ്പെടുന്നതെല്ലാം. സ്വയം പ്രൂവ് ചെയ്തു കഴിഞ്ഞതിനാൽ അമിത പ്രതീക്ഷകളെല്ലാം മാറി. ഇനി സ്ട്രഗ്ൾ ചെയ്ത് പ്രൂവ് ചെയ്ത് അവസരങ്ങൾ ചോദിച്ചുവാങ്ങേണ്ട ആവശ്യമില്ല എന്നു തോന്നുന്നു. അത് ലൈഫിൽ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.
ലുക്ക് മലയാളത്തിൽ അവസരം കുറച്ചോ?
സിനിമാമോഹം കൂടിയതോടെ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടി. കോഴ്‌സ് പൂർത്തിയാക്കി അവസരം തേടി നേരെ കൊച്ചിയിലെത്തി പല സംവിധായകരെയും കണ്ടു.
എന്നാൽ, ‘ബോളിവുഡിൽ അവസരം നോക്കുന്നതല്ലേ നല്ലത്’ എന്നായിരുന്നു ചിലരൊക്കെ സ്നേഹത്തോടെ ഉപദേശിച്ചത്. ‘ഈ ലുക്ക് വെച്ച് ഇവിടെ നിൽക്കാതെ ബോളിവുഡിൽ ട്രൈ ചെയ്യുന്നതാണ് ഭാവിക്ക് നല്ലത്’ എന്നായിരുന്നു സംവിധായകൻ സിദ്ദീഖ് പറഞ്ഞത്. എന്‍റെ ശരീരവും ലുക്കും വെച്ച് മലയാളം എളുപ്പമാകില്ലെന്ന് പലരും പറഞ്ഞതോടെ ഞാൻ തിരികെ മുംബൈക്ക് വണ്ടി കയറി.
അന്ന് മാറ്റിനിർത്തിയ ലുക്കും ശരീരവുമല്ലേ ഇന്ന് തുണയാകുന്നത്?
ലുക്ക് തീർച്ചയായും അനുഗ്രഹമാണ്. നടൻ എന്ന നിലയിൽ എന്‍റെ ലുക്ക് വെർസറ്റൈലാണ്. അതെനിക്ക് ഗുണമാണ്. അക്കാരണത്താൽ പല വേഷങ്ങൾ ചെയ്യാൻ സാധിക്കും. അതുവെച്ച് കഴിയുന്നത് നേടാൻ ശ്രമിക്കുന്നു. എല്ലാവർക്കും ഓരോ ഗുണങ്ങളുണ്ടല്ലോ.
എന്നെ കാണാൻ മലയാളിയെപ്പോലെ ഇല്ല, മീശയൊക്കെ വെച്ച് കുറച്ചുകൂടി മലയാളിയാകണം എന്നൊക്കെ ഉപദേശിച്ചവരുമുണ്ട്. എനിക്കതിനോട് യോജിക്കാനേ കഴിഞ്ഞില്ല. എന്‍റെ പേഴ്‌സനാലിറ്റിക്ക് അനുസരിച്ചുള്ള കഥാപാത്രം തേടിവരുമെന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നു. വേഷങ്ങൾ ഒന്നിനു പിറകെ വന്നതോടെ മലയാളി ടച്ചില്ലാത്തത് നെഗറ്റിവായല്ല, മറിച്ച്, പോസിറ്റിവായാണ് തോന്നിയത്.
അരങ്ങേറ്റം ഹിന്ദിയിലായിരുന്നല്ലോ?
പരസ്യങ്ങളിലാണ് തുടക്കം. ചില വർക്കുകളൊക്കെ ചെയ്തു. അതിനിടെ അവസരങ്ങളും തേടി നടന്നു. അങ്ങനെയാണ് മാധുരി ദീക്ഷിതും ജൂഹി ചൗളയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സൗമിക് സെൻ സംവിധാനം ചെയ്ത ‘ഗുലാബ് ഗ്യാങ്’ (2014) പ്രൊഡക്ഷൻ ഓഫിസിലും എത്തുന്നത്.
പരസ്യം കണ്ടാണ് പോയത്. അവരെന്‍റെ വിഡിയോ ഷൂട്ട് ചെയ്യുകയും കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. ദിവസങ്ങൾക്കുശേഷം ഓഡിഷന് വിളിക്കുകയും പിന്നാലെ ആ സിനിമയുടെ ഭാഗമാവുകയും ചെയ്തു.
മലയാളത്തിലെ ആദ്യ ചിത്രത്തിനുതന്നെ സംസ്ഥാന പുരസ്‌കാരം ലഭിച്ചത് എത്രത്തോളം ഗുണം ചെയ്തു?
ഗുലാബ് ഗ്യാങ്ങിന് ശേഷം നാട്ടിൽ വന്ന് അവസരങ്ങൾ തേടിക്കൊണ്ടേയിരുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിസിറ്റിങ് ഫാക്കൽറ്റി സജീവ് സാറിന്‍റെ സപ്പോർട്ട് ഏറെ സഹായിച്ചു. അദ്ദേഹത്തിന് സിനിമ മേഖലയിൽ നല്ല ബന്ധമുണ്ട്. അതുവഴി പലരുമായും പരിചയപ്പെടാനായി.
സജീവ് സാർ വഴിയാണ് പത്മകുമാർ സാറിന്‍റെ അടുത്ത് എത്തിയതും അദ്ദേഹത്തിന്‍റെ ‘മൈ ലൈഫ് പാർട്ണർ’ എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്യാനായതും. അതിലെ അഭിനയത്തിന് ഒട്ടും പ്രതീക്ഷിക്കാതെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് അതിലേറെ സന്തോഷം നൽകി. തീർച്ചയായും അത് മുന്നോട്ടുള്ള യാത്രക്ക് ഏറെ ഗുണം ചെയ്തു.
വില്ലൻ കഥാപാത്രങ്ങളോട് ഇഷ്ടക്കൂടുതലുണ്ടോ?
പ്രത്യേകിച്ച് ഇഷ്ടക്കൂടുതലൊന്നുമില്ല. എന്‍റെ ലുക്ക് അങ്ങനെ ആയതുകൊണ്ടാണ്. സമൂഹത്തിൽ പൊതുവെ പുറത്തുനിന്ന് വരുന്ന ആളുകളോട് പേടിയോ ഇഷ്ടമില്ലായ്മയോ ഒക്കെ തോന്നുന്നത് സ്വാഭാവികമാണ്. അക്കാരണം കൊണ്ടുതന്നെ അധികം എക്സ് പ്ലൈൻ ചെയ്യാതെത്തന്നെ കാരക്ടർ എനിക്ക് ഈസിയായി ചെയ്യാൻ സാധിക്കും.
ഇപ്പോൾ ഞാൻ ഔട്ട്സൈഡറല്ല. മലയാളീ പ്രേക്ഷകർക്ക് സുപരിചിതനാണ്. അതുകൊണ്ട് ഇനി അതുപോലുള്ള വില്ലൻ റോളുകൾ ചെയ്താൽ അത്രത്തോളം ഇഫക്ടിവ് ആവണമെന്നില്ല. സ്വാഭാവികമായും പ്രേക്ഷകർക്ക് മടുപ്പും കാഴ്ചവിരസതയുമുണ്ടാവും. അക്കാരണത്താൽ ‘ഭീഷ്മപർവം’ കഴിഞ്ഞപ്പോൾ മലയാളത്തിൽ അത്തരം റോളുള്ള പടങ്ങളൊന്നും ചെയ്തിരുന്നില്ല.
ആ സമയം തെലുങ്കിലും തമിഴിലും കന്നടയിലും ചെയ്തത് വില്ലൻ റോളുകളായിരുന്നു. മൂന്നു വർഷം അതുപോലെ റൗണ്ട് അടിച്ചു. ചെയ്യാൻ ഇഷ്ടം കോമഡിയും ആക്ഷനുമാണ്. ഞാൻ അഭിനയം തുടങ്ങിയതും കോമഡി ചെയ്താണ്.
ഫിറ്റ്നസിൽ അതി ശ്രദ്ധാലുവാണ്. വിവിധയിനങ്ങളിൽ പരിശീലനവും നേടിയിട്ടുണ്ട്. ആ ഒരു താൽപര്യത്തെക്കുറിച്ച്?
ഓരോരുത്തർക്കും ഓരോ താൽപര്യങ്ങൾ ജന്മനാ ഉള്ളിൽ ഉണ്ടാവുമല്ലോ. എനിക്കത് സ്പോർട്സാണ്. ചെറുപ്പം മുതലേ ഞാൻ അടങ്ങിയിരിക്കാത്ത പ്രകൃതക്കാരനായിരുന്നെന്ന് അമ്മ പറയാറുണ്ട്. റെസ്റ്റില്ലാതെ സ്റ്റണ്ട് കാണിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ ചുണ്ട് അല്ലെങ്കിൽ നെറ്റിയൊക്കെ പൊട്ടും. കുട്ടിക്കാലത്തെ ആ എനർജി ഇപ്പോഴും എനിക്കുണ്ട്. മൈൻഡും ബോഡിയും സ്റ്റിമുലേറ്റ് ചെയ്യുന്ന എന്തെങ്കിലും സ്പോർട്സ് ആക്ടിവിറ്റി എനിക്ക് ആവശ്യമാണ്.
ഫിസിക്കൽ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങൾ പഠിക്കാനും ഇഷ്ടമാണ്. അവസരം കിട്ടുമ്പോഴെല്ലാം ഓരോന്ന് പഠിച്ചുകൊണ്ടിരിക്കുന്നു. ബ്രേക്ക് ഡാൻസ്, പാർക്കോർ, ബോക്സിങ്, കരാട്ടേ, ജൂഡോ, കളരിപ്പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയിട്ടുണ്ട്. ലക്ഷദ്വീപിൽ ‘അനാർക്കലി’ ഷൂട്ടിനിടെ ഒഴിവുസമയത്ത് സ്കൂബ ഡൈവിങ് പഠിച്ച് സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ട്. വർക്കലയിൽനിന്ന് സർഫിങ്ങും പഠിച്ചു.
എൻജിനീയറിങ്ങിനു പഠിക്കുമ്പോൾ ബോഡി ബിൽഡിങ്ങിലും ശ്രദ്ധിച്ചു. 2001 ദേശീയ ഗെയിംസിൽ ഹൈജംപ് അണ്ടർ 16 വിഭാഗത്തിൽ വെള്ളി മെഡൽ ജേതാവാണ്.
ഭാര്യ അമർദീപ് കൗറിനൊപ്പം
ഭാര്യ അമർദീപ് നടിയും മോഡലുമാണല്ലോ? രണ്ടാളുടെയും കരിയർ ഒരേ ദിശയിലാണോ?
അമർദീപ് മോഡലും നടിയുമാണ്. കല്യാണത്തിനു മുമ്പ് രണ്ടു വർഷമായി പരിചയമുണ്ട്. ഭയങ്കര കോംപ്ലിമെന്‍ററി പേഴ്സനാലിറ്റിയാണ്. ആളുകളോട് അധികം സംസാരിക്കാൻ എനിക്ക് പറ്റില്ല. പക്ഷേ, അമർദീപ് നേരെ വിപരീതമാണ്. അമർദീപിനും മോഡലിങ്ങിൽനിന്ന് അഭിനയത്തിലേക്ക് താൽപര്യമുണ്ടായിരുന്നു. എന്നാൽ, രണ്ടുപേരും ഒരേ മേഖലയിലേക്ക് തിരിഞ്ഞാൽ ഫാമിലി, ലൈഫ് എന്നിവയിൽ ഒരു ശ്രദ്ധ വേണമെന്ന പരസ്പര തീരുമാനത്തിലാണ് എനർജികൾ ഒരേ ഡയറക്ഷനിലേക്ക് ഇടാതിരുന്നത്.
എന്‍റെ കരിയർ ഗ്രോത്തിനായി അവളുടെ കരിയർ മാറ്റിവെച്ചു. എനിക്കതെല്ലാം ഹെൽപ്പായി. നല്ലൊരു ഫാമിലി ലൈഫ് കിട്ടുക എന്ന് പറഞ്ഞാൽ സന്തോഷമുള്ള കാര്യമാണ്. സർഫിങ് സ്കൂളും റിസോർട്ടും അവളാണ് മാനേജ് ചെയ്യുന്നത്.
ഇഷ്ടങ്ങളും സ്വപ്നങ്ങളും
മുന്നോട്ടുപോവുന്തോറും ഇഷ്ടങ്ങളും സ്വപ്നങ്ങളും മാറിക്കൊണ്ടേയിരിക്കുന്നു. കംഫർട്ടബ്ൾ ലൈഫ് വേണം. ഫാമിലി, സ്പോർട്സ്, യാത്ര അങ്ങനെ എല്ലാത്തിനും കരിയറിനൊപ്പം സമയം കിട്ടണം. എന്‍റെ സൗകര്യം അനുസരിച്ച് ലൈഫ് അറേഞ്ച് ചെയ്യാൻ സാധിക്കണം. എനിക്ക് എന്‍റേതായ ഫ്രീഡം വേണം.
സമ്പത്ത് മാത്രമല്ല പ്രധാനം. എന്‍റെ ഇരുപതുകളിൽ സ്ട്രഗ്ൾ ചെയ്തതെല്ലാം ആ ലക്ഷ‍്യം വെച്ചിട്ടാണ്. ആ ഒരു സമയം കഴിഞ്ഞാൽ പിന്നെ സ്ട്രഗ്ൾ ചെയ്യാൻ പാടില്ല എന്നതാണ് എന്‍റെ പോളിസി.
ഇവിടെ ഹാപ്പിയാണ്
അച്ഛനും അമ്മയും ജോലി തേടി ബോംബെയിലേക്കാണ് പോയതെങ്കിൽ ഞാൻ നേരെ കൊച്ചിയിലേക്കാണ് വന്നത്. എനിക്ക് ഇവിടത്തുകാരനായി അറിയപ്പെടാനാണ് കൂടുതൽ ഇഷ്ടം. അതാണ് മലയാള സിനിമയിൽതന്നെ താൽപര്യം കാണിച്ചത്.
ഇവിടം വിടാൻ തോന്നാത്തതുകൊണ്ടാണ് തൽക്കാലം മുംബൈയിൽനിന്ന് വർക്കലയിലേക്ക് ഷിഫ്റ്റ് ചെയ്തത്. ഇവിടെ ബീച്ചിനോട് ചേർന്ന് സർഫിങ് സ്കൂളും റിസോർട്ടും തുടങ്ങി. ഇവിടെ ഹാപ്പിയാണ്, അടിപൊളിയാണ്. ആതായിരുന്നു ആഗ്രഹവും.
ഫാമിലി സപ്പോർട്ട്
അച്ഛൻ വിജയകുമാറും അമ്മ സുബധ വിജയകുമാറും പാലക്കാട് സ്വദേശികളാണെങ്കിലും ഞാൻ ജനിച്ചുവളർന്നത് ബോംബെയിലാണ്. മാതാപിതാക്കൾ നല്ല സപ്പോർട്ടായിരുന്നു. അവർ ഒരിക്കലും ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് ഫോഴ്സ് ചെയ്തില്ല. എൻജിനീയറിങ്ങിന് ശേഷം സിനിമ പഠിക്കണമെന്ന് പറഞ്ഞപ്പോഴും സപ്പോർട്ട് ചെയ്തു.
എന്‍റെ തീരുമാനങ്ങൾക്കൊപ്പം നിന്നു. അവസരങ്ങൾ തേടി നടക്കുമ്പോഴും സാമ്പത്തികമായി സപ്പോർട്ട് ചെയ്തതിനാൽ പാർട്ട് ടൈം ജോലികൾ നോക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടാണ് ആക്ടിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പിടിച്ചുനിൽക്കാനായത്. അനിയൻ കുടുംബസമേതം ആംസ്റ്റർഡാമിലാണ്.
പുതിയ പ്രോജക്ടുകൾ
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷാ സിനിമകളിലും അഭിനയിച്ചു. എല്ലാ ഭാഷ ഇൻഡസ്ട്രിയിലുള്ളവരും മലയാള സിനിമയെ വീക്ഷിക്കുന്നവരാണ്. മറ്റു ഭാഷാ സിനിമകളിൽ അഭിനയിക്കുമ്പോൾ നമുക്ക് കിട്ടുന്ന റെസ്പെക്റ്റും കൂടുതലാണ്. മലയാളം സിനിമക്ക് ഒരു ഡിസിപ്ലിൻ ഉണ്ട്.
സീ ഫൈവിന്‍റെ മലയാളത്തിലെ ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ട’ത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളം ഒ.ടി.ടി പ്രൊഡക്ഷനുകൾക്ക് പുത്തൻ ഉണർവാണ് ‘കമ്മട്ടം’ നൽകിയത്.
മലയാളത്തിൽ ‘ഉടുമ്പൻചോല വിഷൻ’, തെലുങ്കിൽ ‘ഒ.ജി’, കന്നടയിൽ ‘ടോക്സിക്’ എന്നിവയാണ് വരാനിരിക്കുന്ന പ്രോജക്ടുകൾ. എഴുത്തും സംവിധാനവുമൊക്കെ ഇഷ്‌ടമാണ്.
നല്ല കഥാപാത്രങ്ങൾ ചെയ്യണം
നല്ല കഥാപാത്രങ്ങൾ ചെയ്ത് നല്ല പ്രകടനം കാഴ്ചവെച്ച് നല്ല സിനിമകളുടെ ഭാഗമാകുമ്പോൾ മാത്രമാണ് പ്രേക്ഷകരുടെ സ്നേഹം സമ്പാദിക്കാൻ സാധിക്കുക. അവരുടെ അൺ കണ്ടീഷനൽ ലവ് നമുക്ക് ലഭിക്കുമ്പോഴാണ് നമുക്കുള്ളിലെ നടന് മൂല്യം വർധിക്കുക. പ്രേക്ഷകർക്ക് നമ്മളെ വീണ്ടും കാണണം എന്ന് തോന്നുന്ന സാഹചര്യത്തിലേ ഒരു സിനിമയിലെ പ്രധാന വേഷത്തിലേക്ക് പലരും നമ്മളെ ക്ഷണിക്കൂ.
എന്നെപ്പോലൊരു വ്യക്തിയെ മലയാളത്തിലെ അല്ലെങ്കിൽ മറ്റു ഭാഷയിലെ പ്രധാന നടനാക്കി മാറ്റണം എന്നത് ഒരു ഇൻഡസ്ട്രിയുടെ ഉത്തരവാദിത്തമല്ല. എന്‍റെ ഉത്തരവാദിത്തമാണ്. അതിനുവേണ്ടി പ്രയത്നിക്കേണ്ടത് ഞാൻതന്നെയാണ്. പ്രയത്നങ്ങളുടെ പരിണിതഫലമാണ് ഞാൻ അവതരിപ്പിച്ച പല കഥാപാത്രങ്ങളും.


