കേന്ദ്രം വാഗ്ദാനം പാലിക്കുമോ? രാജ്യത്ത് 5ജി സേവനം കുറഞ്ഞ നിരക്കിൽ ഉപയോക്താക്കൾക്ക് ലഭിക്കുമോ?
text_fieldsആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ 5ജിയും എത്തി. 2023ൽ ഇന്ത്യയിൽ അഞ്ചാം തലമുറ ഇന്റർനെറ്റ് വ്യാപകമാവും എന്നതുതന്നെയാണ് പ്രതീക്ഷ നൽകുന്ന കാര്യം.
എന്നാൽ, ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന നമ്മൾ അഞ്ചാംതലമുറയിൽ മാത്രമെത്തിനിൽക്കുമ്പോൾ മറ്റു പല രാജ്യങ്ങളും 8G, 10G എന്നിവയിലൂടെയാണ് കടന്നുപോകുന്നത്.എങ്കിലും ‘ബി പോസിറ്റിവ്’ സാങ്കേതികവിദ്യ ഇന്ത്യയിൽ അതിന്റെ ഏറ്റവും വേഗത്തിൽ എത്തിയിരിക്കുന്നു എന്നത് നല്ല കാര്യംതന്നെ.
കുറെ നാളുകളായി 5ജിയെക്കുറിച്ച് കേൾക്കുന്നുണ്ടെങ്കിലും അത് പ്രാവർത്തികമായപ്പോൾ കുറെയേറെ സംശയങ്ങളുമുണ്ട്. എങ്ങനെ 5ജി ലഭ്യമാകും എന്നതുമുതൽ തുടങ്ങുന്നു സംശയങ്ങൾ. 5ജിയുടെ ഗുണങ്ങളും പ്രധാനപ്പെട്ട സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതാ.
എന്റെ ഫോണിൽ 5ജി കിട്ടുമോ?
5ജി എത്തിയെന്നറിയുമ്പോൾ ആദ്യം ഓർക്കുക നമ്മുടെ ഫോണിൽ 5ജി കിട്ടുമോ എന്നാവും. പ്രാരംഭഘട്ടത്തില്‍ 5ജി സേവനങ്ങള്‍ക്ക് നെറ്റ്‍വർക്ക് കമ്പനികൾ അധിക നിരക്കുകളൊന്നും ഈടാക്കില്ലെന്നാണ് അറിയുന്നത്. പക്ഷേ പ്രശ്നം മറ്റൊന്നാണ്, 5ജി പിന്തുണക്കുന്ന മൊബൈല്‍ ഹാന്‍ഡ് സെറ്റും ടാബുകളും ഉള്ളവര്‍ക്കു മാത്രമെ ഈ സേവനം ഉപയോഗിക്കാനാവൂ.
പുതുതായി ഇറങ്ങുന്ന മിക്ക ഉപകരണങ്ങളും 5ജി സേവനം ലഭ്യമാക്കുന്നവയാണ്. ഇനി നമ്മുടെ ഹാൻഡ് സെറ്റിൽ 5ജി ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കും? അതിനു വഴിയുണ്ട്. ഫോണിന്റെ സെറ്റിങ്സിൽ ‘സിം കാർഡ്/മൊബൈൽ നെറ്റ്‍വർക്’ ഓപ്ഷൻ തുറന്ന് സിം തിരഞ്ഞെടുക്കുക. പ്രിഫേഡ് നെറ്റ്‍വർക് തുറക്കുമ്പോൾ 5ജി ഓപ്ഷൻ കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫോൺ 5ജി സപ്പോർട്ട് ചെയ്യുമെന്ന് മനസ്സിലാക്കാം.
ഇനി ആ ഓപ്ഷൻ വന്നില്ലെങ്കിൽ നിങ്ങളുടെ ഫോൺ 5ജി സപ്പോർട്ട് ചെയ്യുന്നില്ലെന്ന് അർഥം. ഐഫോണിൽ ഐ.ഒ.എസ് 16.2 അപ്ഡേറ്റ് ചെയ്തവർക്ക് 5ജി ലഭിക്കുമെന്ന അറിയിപ്പും വന്നിട്ടുണ്ട്. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോൺ ബ്രാൻഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ സംബന്ധിച്ച വിവരങ്ങൾ ഉണ്ടാവും.
ഇനി ഫോൺ സെറ്റിങ്സിൽ 5ജി കാണിക്കുന്നുണ്ടെങ്കിൽ പ്രിഫേഡ് നെറ്റ്‍വർക് ടൈപ് എന്ന ഓപ്ഷനില്‍ 5ജി തിരഞ്ഞെടുക്കണം. ഇതോടെ, ഫോണിന്റെ മുകളില്‍ 5ജി അടയാളം തെളിയും. അപ്പോൾമുതൽ 5ജി സേവനം ഉപയോഗിച്ചു തുടങ്ങാം.
നിരക്ക് എങ്ങനെയാകും?
ഒരു നെറ്റ്‍വർക് കമ്പനിയും 5ജി നിരക്ക് കൃത്യമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജിയോയുടെ 5ജി വെൽകം ഓഫർ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണ്. ബീറ്റ വേർഷനായാണ് ഇതെത്തുന്നത്. എയർടെൽ കേരളത്തിൽ ഔദ്യോഗികമായി 5ജി സേവനം ആരംഭിച്ചിട്ടില്ലെങ്കിലും പരീക്ഷണം നടക്കുന്നുണ്ട്. വോഡഫോൺ–ഐഡിയയും 5ജി ടവറുകൾ സജ്ജമാക്കാനുള്ള പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ബി.എസ്.എൻ.എൽ ഉപയോക്താക്കൾക്ക് 5ജി ലഭ്യമാകാൻ അൽപംകൂടി കാത്തിരിക്കേണ്ടിവരും.
എന്താണ് പ്രത്യേകതകൾ
അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്‍വർക് എന്ന് വളരെ എളുപ്പം നമുക്ക് 5ജിയെ വിളിക്കാം. ഉയര്‍ന്ന മള്‍ട്ടി ജി.ബി.പി.എസ് പീക്ക് ഡേറ്റ സ്പീഡ്, കൂടുതല്‍ വിശ്വാസ്യത, നെറ്റ്‍വര്‍ക് കപ്പാസിറ്റി തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് നൽകുക എന്നതാണ് 5ജി സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന നെറ്റ്‍വർക് പ്രവർത്തനവും കാര്യക്ഷമതയുമാണ് 5ജി നൽകുക.
കോടിക്കണക്കിന് ഇന്റർനെറ്റ് ഉപകരണങ്ങളെ വളരെ വേഗത്തിൽ ബന്ധിപ്പിക്കുന്നതിന് 5ജി സാങ്കേതികവിദ്യ സഹായകമാകും. 1ജി, 2ജി, 3ജി, 4ജി എന്നിവയായിരുന്നു മൊബൈല്‍ നെറ്റ്‍വര്‍ക്കുകളുടെ മുന്‍ തലമുറക്കാർ. 1980കളിലാണ് 1ജി ആദ്യമായി അവതരിപ്പിച്ചത്. അനലോഗ് വോയ്‌സ് വിതരണമാണ് 1ജി പ്രാവര്‍ത്തികമാക്കിയത്.
1990കളുടെ തുടക്കത്തില്‍ 2ജി ഡിജിറ്റല്‍ വോയ്സ് അവതരിപ്പിച്ചു. 2000ത്തിന്റെ തുടക്കമായപ്പോൾ 3ജി മൊബൈല്‍ ഡേറ്റ എത്തി. 2010ല്‍ 4ജി LTE മൊബൈല്‍ ബ്രോഡ്ബാന്‍ഡ് യുഗവും തുടങ്ങി. ഇപ്പോഴിതാ 5ജിയും എത്തിയിരിക്കുന്നു.
എല്ലായിടത്തും കിട്ടുമോ?
നിലവിൽ എല്ലായിടത്തും 5ജി ലഭ്യമാവില്ല എന്നതാണ് സത്യം. ആദ്യഘട്ടങ്ങളിൽ ഇന്ത്യയിലെ 50ലധികം നഗരങ്ങളിലായിരിക്കും 5ജി സേവനം ലഭ്യമാവുക. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിൽ 5ജി സേവനങ്ങളുടെ ഉദ്ഘാടനം നടന്നു.
എറണാകുളം ജില്ലയിൽ പ്രധാന ടൗണുകളിൽ എല്ലാം 5ജി ലഭ്യമാണ്. 5ജി മൊബൈൽ ഫോണുകളുടെ സാന്ദ്രത കൂടിയ ഭാഗങ്ങളിലാണ് ആദ്യം ലഭ്യമാവുന്നത്. കേരളത്തില്‍ 5ജി ശൃംഖല സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ മുതല്‍മുടക്കിയിരിക്കുന്നത് 6,000 കോടി രൂപയാണ്.
തൃശൂർ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും 5ജി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തും കൂടുതൽ പ്രദേശങ്ങളിലേക്ക് വൈകാതെതന്നെ സേവനം ലഭിക്കും. അധികം വൈകാതെതന്നെ കോഴിക്കോടിന് പുറമെ മലപ്പുറം തുടങ്ങിയ ഏഴു നഗരങ്ങളിലേക്കു കൂടി സേവനം വ്യാപിപ്പിക്കുമെന്നും അറിയിപ്പ് വന്നുകഴിഞ്ഞു.
തട്ടിപ്പുകൾ സൂക്ഷിക്കുക
പുതിയ എന്തു സാങ്കേതികവിദ്യ വരുമ്പോഴും ആ പേരിൽ ഒരുപാട് തട്ടിപ്പുകളും വരും എന്ന് ഉറപ്പാണ്. 5ജിയുടെ പേരിലും നിരവധി തട്ടിപ്പുകൾ അരങ്ങേറിയിട്ടുണ്ട്. 5ജി നെറ്റ്‍വർക്കിലേക്ക് മാറാൻ വ്യക്തിഗത വിവരങ്ങളും മറ്റും ചോദിച്ചു വരുന്ന കാളുകളാണ് ഇതിൽ പ്രധാനം.
ഇത്തരം കാളുകൾക്ക് മറുപടി നൽകേണ്ട ആവശ്യമില്ലെന്നും അത്തരത്തിലൊരു നിർദേശം ആരും നൽകിയിട്ടില്ലെന്നും നെറ്റ്‍വർക് കമ്പനികൾ തന്നെ അറിയിച്ചിട്ടുണ്ട്.
സമ്പദ്‌വ്യവസ്ഥക്ക് ഉണർവ്
5ജി സേവനം പൂർണ അർഥത്തിൽ ലഭ്യമാവാൻ വർഷങ്ങൾ വേണ്ടിവന്നേക്കാം. വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ 5ജി സേവനം സഹായിക്കുമെന്നാണ് കണ്ടെത്തൽ. ചരക്കുസേവന കൈമാറ്റങ്ങളുടെ കാര്യങ്ങളും വേഗത്തിലാകും. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും 5ജി നെറ്റ്‍വര്‍ക് വഴി എത്തും.
ഗതാഗതം, റിമോട്ട് ഹെല്‍ത്ത് കെയര്‍, കൃഷി, ഡിജിറ്റലൈസ്ഡ് ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെല്ലാം 5ജി പുത്തനുണർവേകും.സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഐ.ടി, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ളവക്കും ഇത് വളരെയധികം പ്രയോജനമുണ്ടാക്കും.
വയേഡ് നെറ്റ്‍വർക്കുകൾ
ബ്രോഡ്ബാൻഡ് സംവിധാനമായും 5ജി എത്തുന്നുണ്ട്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, മിഷന്‍-ക്രിട്ടിക്കല്‍ കമ്യൂണിക്കേഷന്‍സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവയുള്‍പ്പെടെ മൂന്നു പ്രധാനപ്പെട്ട സേവനങ്ങളിലാണ് 5ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ മികച്ചതാക്കുന്നതിനുപുറമെ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി അനുഭവങ്ങള്‍ കൂടുതലായി അനുഭവിപ്പിക്കാനും 5ജിയിലൂടെ സാധിക്കും.
വർക് ഫ്രം ഹോം ഇനി ഈസി
കോവിഡ് മഹാമാരി കമ്പനികളെ വീടിനകത്തേക്ക് ചുരുക്കിവെച്ചപ്പോൾ ഏറ്റവും കൂടുതൽ പേർ കുടുങ്ങിയത് നെറ്റ്‍വർക്കിന്റെ ദയനീയ വേഗതമൂലമായിരുന്നു.എന്നാൽ, 5ജി രംഗത്തെത്തുന്നതോടെ ആ ആശങ്ക പൂർണമായും പരിഹരിക്കപ്പെടും. അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാകുമ്പോൾ കമ്പനികളുടെ പ്രവർത്തനവും വേഗത്തിലാവും. ഇത് വർക് ഫ്രം ഹോമുകാർക്കും പുത്തനുണർവേകും.
സിം മാറണോ?
ജിയോ, എയർടെൽ 5ജി കണക‍്ഷനുകളുള്ളവർക്ക് നിലവിലെ 4ജി സിം തന്നെ ഉപയോഗിക്കാം. ഈ നെറ്റ്‍വർക്കുകൾ തനിയെ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. എന്നാൽ 5ജി ഫോണുകൾ ഉണ്ടെങ്കിൽ മാത്രമേ സേവനം ലഭ്യമാവൂ എന്നുകൂടി ഓർക്കണം.
സ്പീഡ് എത്രയുണ്ടാവും?
4ജിയേക്കാൾ അതിവേഗ ഇന്റർനെറ്റ് സേവനമായിരിക്കും 5ജി ലഭ്യമാക്കുക. ഇത് സെക്കൻഡിൽ 20 ജി.ബി.പി.എസ് വരെ ഡൗൺലോഡിങ്ങും സെക്കൻഡിൽ 10 ജി.ബി.പി.എസ് വരെ ഡേറ്റ അപ്‌ലോഡിങ് സ്പീഡും നൽകുമത്രേ. നിലവിൽ 4ജിയിൽ 1 ജി.ബി.പി.എസ് വരെ വേഗമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ ഉപയോക്താക്കൾക്ക് 5ജിയുടെ സേവനം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.
●