‘നിങ്ങളുടെ ഭൂമിയിൽ ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങൾ നിർമിക്കാനാകും?’ -അറിയാം, കെ-സ്മാർട്ട് നോ യുവർ ലാൻഡിലൂടെ
text_fieldsഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങൾ നിർമിക്കാമെന്ന് കെ-സ്മാർട്ടിലെ ‘നോ യുവർ ലാൻഡ്’ എന്ന ഫീച്ചറിലൂടെ അറിയാൻ സാധിക്കും. കെ-സ്മാർട്ട് നോ യുവർ ലാൻഡ് (കെ-സ്മാർട്ട് ജി.ഐ.സ്) എന്ന പേരിൽ ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാക്കിയിട്ടുണ്ട്.
ജി.ഐ.എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും. ഇതു വഴി കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം തീരപരിപാലന നിയമ പരിധി, റെയിൽവേ എയർപോർട്ട് സോണുകൾ, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റർ പ്ലാനുകൾ തുടങ്ങിയവയിൽ ഉൾപെട്ടതാണോ എന്ന് എളുപ്പത്തിൽ അറിയാനും ആവശ്യ മുന്നൊരുക്കങ്ങൾ നടത്താനും സാധിക്കും.
കെ-സ്മാർട്ട് വെബ് പോർട്ടൽ വഴിയോ ആപ്പ് വഴിയോ രജിസ്റ്റർ ചെയ്തവർക്കാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക.
● ആപ്പ് തുറക്കുമ്പോൾ കാണുന്ന സെലക്ട് യൂസർ എന്ന ഓപ്ഷനിൽ പൊതുജനങ്ങൾക്ക് ‘സിറ്റിസൺ’ എന്ന് നൽകി മുന്നോട്ടു പോകാം.
● രജിസ്റ്റർ ചെയ്ത മൊബൈലും അതിൽ ലഭിക്കുന്ന ഒ.ടി.പിയും നൽകി ലോഗിൻ ചെയ്യാം.
● ശേഷം നോ യുവർ ലാൻഡ് എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക.
● തുടർന്ന് ലഭിക്കുന്ന ഗൂഗിൾ മാപ്പിന് സമാനമായ മാപ്പിൽ നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലം മാർക്ക് ചെയ്യുക. ഇതിനായി ആപ്പിലെ വരക്കാനുള്ള ടൂൾ ഉപയോഗിക്കാം.
● നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പേരും ഉയരവും നൽകിയാൽ സ്ഥലത്തിന്റെ സോൺ, കെട്ടിടം എത്ര ഉയരത്തിൽ നിർമിക്കാം, സെറ്റ് ബാക്ക് എത്ര മീറ്റർ എന്നു തുടങ്ങി എല്ലാ വിവരങ്ങളും ലഭിക്കും. ആ സ്ഥലത്തു പോയി ആപ്പ് മുഖേന സ്‌കാൻ ചെയ്തും വിവരങ്ങളെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് +91 471 2773160 എന്ന ഹെൽപ് ഡെസ്ക് നമ്പറിലും കെ-സ്മാർട്ട് പോർട്ടലിലെ സപ്പോർട്ട് സംവിധാനത്തിലും ബന്ധപ്പെടാം.
കെ-സ്മാർട്ട് വെബ് പോർട്ടൽ
കെ-സ്മാർട്ട് പോർട്ടലിലെ സേവനങ്ങൾ ഉപയോഗിക്കുന്നതിനായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
● പോർട്ടൽ സന്ദർശിച്ച് രജിസ്റ്റർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ‘സിറ്റിസൺ രജിസ്ട്രേഷൻ’ തിരഞ്ഞെടുക്കുക. ലൈസൻസി രജിസ്ട്രേഷൻ, ഇൻസ്റ്റിറ്റ്യൂഷൻ രജിസ്ട്രേഷൻ എന്നീ ഓപ്ഷനുകളും ലഭ്യമാണ്.
● ആധാർ നമ്പർ നൽകി ‘ഗെറ്റ് ഒ.ടി.പി’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി നൽകി രജിസ്റ്റർ ചെയ്യാം.
● പാൻ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് എന്നിവ ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താം. ഇതിനായി ‘രജിസ്റ്റർ വിത്ത് അതർ മെതേഡ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
രജിസ്ട്രേഷനുശേഷം സ്വന്തം ലോഗിൻ ഉപയോഗിച്ച് വെബ് പോർട്ടലിലെ അതത് മൊഡ്യൂളുകളിലെത്തി സേവനങ്ങൾ ഉപയോഗപ്പെടുത്താം.
ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് എങ്ങനെ?
● ആപ് തുറക്കുമ്പോൾ കാണുന്ന ‘ക്രിയേറ്റ് അക്കൗണ്ട്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
● ആധാർ നമ്പറും ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പിയും നൽകുക.
● പിന്നീട് തുറന്നുവരുന്ന വിൻഡോയിൽ നിങ്ങളുടെ പേര് ദൃശ്യമാകും. അവിടെ മൊബൈൽ നമ്പർ ടൈപ് ചെയ്ത്, ആ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കണം.
● തുടർന്ന് വാട്സ്ആപ് നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ടൈപ് ചെയ്ത് രജിസ്റ്റർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവും. ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കാത്തവർക്ക് ‘ക്രിയേറ്റ് അക്കൗണ്ട്’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത ശേഷം, ‘ട്രൈ അനതർ വേ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്ട്രേഷൻ നടത്താം.
രജിസ്ട്രേഷനുശേഷം ലോഗിൻ ചെയ്ത് കെ-സ്മാർട്ട് ഉപയോഗിക്കാം. ലോഗിൻ നടപടികളും വിഡിയോ കെ.വൈ.സിയും പൂർത്തിയാക്കി പ്രവാസികൾക്കും ഈ സേവനങ്ങൾ ആക്സസ് ചെയ്യാനാകും.
ഓൺലൈൻ പേമെന്റ് സംവിധാനം
അപേക്ഷ ഫീസുകൾ, നികുതി തുടങ്ങിയവ ഓൺലൈനായി അടക്കാനുള്ള സംവിധാനവും കെ-സ്മാർട്ടിലുണ്ട്. നിലവിലുള്ള അപേക്ഷ ഫീസിന് പുറമെ കെ-സ്മാര്‍ട്ട് വഴിയുള്ള സേവനങ്ങൾക്ക് ‘ഡിജിറ്റൽ കോസ്റ്റ്’ ഇനത്തിൽ അഞ്ചോ പത്തോ രൂപ വീതം അധികം നൽകണം.
ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു പൗരസേവനങ്ങള്‍ എന്നിവക്ക് അഞ്ചു രൂപയാണ് അധിക ഫീസ്. വിവാഹ സര്‍ട്ടിഫിക്കറ്റ്, റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് (തെരഞ്ഞെടുപ്പാവശ്യത്തിന് ഒഴികെയുള്ളവ), കെട്ടിടത്തിന്റെ കാലപ്പഴക്കം, നികുതി ഒഴിവാക്കൽ, കുടിശ്ശികയില്ലെന്ന രേഖ, കെട്ടിട ഉപയോഗ സര്‍ട്ടിഫിക്കറ്റ്, ഫ്ലോർ ആൻഡ് റൂഫ് സർട്ടിഫിക്കറ്റ്, ഉടമസ്ഥത സർട്ടിഫിക്കറ്റ്, വസ്‌തു നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ (നികുതി അടക്കുന്നത് ഒഴികെ), ലൈസൻസിന് അപേക്ഷിക്കാനും പുതുക്കാനും, കെട്ടിട പെർമിറ്റ് സേവനങ്ങൾ തുടങ്ങിയവക്ക് പത്ത് രൂപ ഈടാക്കും.
വിവരാവകാശ സർട്ടിഫിക്കറ്റ്, ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്ക് അധിക ഫീസില്ല.