Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_righttechnologychevron_right‘നാമറിയാതെതന്നെ നമ്മൾ...

‘നാമറിയാതെതന്നെ നമ്മൾ എ.ഐ കാലത്തിൽ ജീവിച്ചുതുടങ്ങി’ -അറിയാം, വിവിധ എ.ഐ കമ്പനികളും ഉപയോഗവും

text_fields
bookmark_border
‘നാമറിയാതെതന്നെ നമ്മൾ എ.ഐ കാലത്തിൽ ജീവിച്ചുതുടങ്ങി’ -അറിയാം, വിവിധ എ.ഐ കമ്പനികളും ഉപയോഗവും
cancel

കുട്ടികൾ കണക്ക് ഹോംവർക്ക് ചെയ്തത് ശരിയാണോ എന്നറിയാൻ ഇന്ന് അധികം കഷ്ടപ്പെടേണ്ടതില്ല. വാട്സ്ആപ്പിൽ മെറ്റ എ.ഐയോട് ചോദിച്ചാൽ മതി. സമവാക്യവും ഉത്തരവും വഴികളും കൃത്യമായി ടെക്സ്റ്റ് ചെയ്തുതരും.

ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ പറഞ്ഞ മെഡിക്കൽ വാക്ക് മനസ്സിലായില്ലെങ്കിലും ഇന്നാരും അത്ര വ്യാകുലപ്പെടില്ല. ചോദിക്കാനും മനസ്സിലാക്കിത്തരാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഒട്ടേറെ സംവിധാനങ്ങൾ കൈവെള്ളയിൽ നമുക്കുണ്ട്.

അങ്ങനെ നാമറിയാതെതന്നെ നമ്മൾ എ.ഐ കാലത്തിൽ അതിവേഗം ജീവിച്ചുതുടങ്ങി. ഓരോരുത്തരുടെയും തൊഴിൽ മേഖലയിൽ മികവ് വർധിപ്പിക്കുന്നത് മുതൽ വിനോദത്തിനും സമൂഹമാധ്യമങ്ങളിലെ മെച്ചപ്പെട്ട സാന്നിധ്യം സാധ്യമാക്കാനും വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് സഹായി.


ലോകത്തെ നയിക്കുന്ന എ.ഐ കമ്പനികൾ

ആഗോളതലത്തിൽ എ.ഐ മേഖലയിൽ കൂടുതൽ മികവ് കൊണ്ടുവരാൻ ടെക് കമ്പനികൾ തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. ഓരോ കമ്പനിയും എ.ഐയുടെ വ്യത്യസ്ത വശങ്ങൾ ശ്രദ്ധിക്കുന്നു. മനുഷ്യബുദ്ധിയെ അനുകരിക്കാൻ എ.ഐ അൽഗോരിതം, ഡേറ്റ, കണക്കുകൂട്ടൽ കഴിവ് എന്നിവ ഉപയോഗിക്കുന്നു. ലോകത്തെ നയിക്കുന്ന എ.ഐ കമ്പനികൾ ഇവയാണ്:

● ഓപൺ എ.ഐ (Open AI): ChatGPT, DALL-E, Codex എന്നിവ വികസിപ്പിച്ച കമ്പനി, നാച്വറൽ ലാംഗ്വേജ് പ്രോസസിങ്ങിലും (NLP) ജനറേറ്റിവ് എ.ഐയിലും സ്പെഷലൈസ് ചെയ്യുന്നു. കത്തുകൾ, ലേഖനങ്ങൾ, കവിത, കഥ തുടങ്ങി എന്തും നിമിഷനേരത്തിൽ ഇതിലൂടെ ലഭ്യമാകും.

● ഗൂഗ്ൾ ഡീപ് മൈൻഡ് (Google Deepmind): ആൽഫാഗോ, ജെമിനി എന്നീ എ.ഐ മോഡലുകളാണ് ഗൂഗ്ൾ വികസിപ്പിച്ചത്. ആരോഗ്യ സംരക്ഷണം, സമഗ്ര പഠനം എന്നിവയിലെ എ.ഐ മുന്നേറ്റങ്ങൾക്കാണ് ഇവയിൽ മുൻഗണന.

● മെറ്റ എ.ഐ (Meta AI): നാം ഏറെ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ടൂളുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ് എന്നിവ മെറ്റ എ.ഐയിൽ അധിഷ്ഠിതമാണ്. ഇതുകൂടാതെ മെറ്റ എ.ഐ ഗവേഷണം, വിവിധ ഭാഷ വിവർത്തനം, വിവരസമാഹരണം എന്നിവ സാധ്യമാക്കുന്ന Llama AI, ഇമേജ് ജനറേഷൻ എന്നിവയും മെറ്റ എ.ഐ വഴി ലഭ്യമാണ്.

● മൈക്രോസോഫ്റ്റ് എ.ഐ (Microsoft AI): ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഓപൺ എ.ഐയിൽ നടത്തിയ വൻ നിക്ഷേപത്തിലൂടെ Azure ക്ലൗഡ് സേവനങ്ങൾ, Microsoft 365 Copilot, Windows AI എന്നിങ്ങനെ സാധ്യമാക്കുന്നു.

● ആമസോൺ എ.ഐ (AWS AI): വിതരണരംഗത്തെ വൻകിട കമ്പനിയായ ആമസോൺ വികസിപ്പിച്ചതാണ് Alexa, Amazon Bedrock, AWS AI/ML ക്ലൗഡ് സൊലൂഷനുകൾ.

● ഐ.ബി.എം വാട്‌സൺ (IBM Watson): എന്‍റർപ്രൈസ്, ഹെൽത്ത്‌കെയർ, ഫിനാൻസ്, ഓട്ടോമേഷൻ എന്നിവക്കായുള്ള എ.ഐയിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.

● ആപ്പിൾ എ.ഐ (Apple AI): ആപ്പിളിന്‍റെ ഐ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന Siri, Apple Vision Pro, iOS, macOS എന്നിവ വികസിപ്പിക്കുന്നു.

● ഡീപ്സീക് (DeepSeek): അമേരിക്കൻ വൻകിട ടെക് കമ്പനികൾക്ക് ഭീഷണിയായി ഉയർന്നുവന്ന ചൈനീസ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സോഫ്റ്റ്‌വെയർ കമ്പനിയാണ് ഡീപ്സീക്. അതിന്‍റെ ആദ്യ ഉൽപന്നം ഒരു ഓപൺ സോഴ്‌സ് ലാർജ് ലാംഗ്വേജ് മോഡലാണ് (LLM). ചൈനീസ് ഹെഡ്ജ് ഫണ്ടായ ഹൈ ഫ്ലയറിന്‍റെ ഉടമസ്ഥതയിലുള്ള ഡീപ്‌സീക് ഓപൺ എ.ഐയുടെ GPT പോലുള്ള മറ്റു സമകാലിക എ.ഐ മോഡലുകളുമായി താരതമ്യപ്പെടുത്താവുന്ന DeepSeek-R1 പുറത്തിറക്കി. ഇതിന്‍റെ പരിശീലനച്ചെലവ് മറ്റ് LLMകളെക്കാൾ വളരെ കുറവാണ്. കൂടാതെ മെറ്റയുടെ LLaMA 3.1-ന് ഉപയോഗിക്കുന്ന കമ്പ്യൂട്ടിങ് ശക്തിയുടെ ഏകദേശം പത്തിലൊന്ന് മതി ഡീപ്‌സീക്കിന്.

എ.ഐയെ കൊണ്ട് എന്തൊക്കെ ചെയ്യിപ്പിക്കാം

നിലവിൽ നാമറിയാതെതന്നെ നമ്മുടെ നിത്യജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇടപെടുന്നുണ്ട്.

● വ്യക്തിഗത സഹായി: സിരി, ഗൂഗ്ൾ അസിസ്റ്റന്‍റ്, അലക്‌സാ തുടങ്ങിയ വോയ്‌സ് ആക്ടിവേറ്റ് ചെയ്‌ത അസിസ്റ്റന്‍റുകളിൽ അലാറങ്ങൾ സജ്ജീകരിക്കാം. ആവശ്യമുള്ള കാളുകൾ ചെയ്യാം. സ്വാഭാവിക ഭാഷാ പ്രോസസിങ്ങിനെ അടിസ്ഥാനമാക്കി ചോദ്യങ്ങൾക്ക് ഉത്തരവും കിട്ടും.

● വ്യക്തിഗത ശിപാർശ: ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലും സ്ട്രീമിങ് സേവനങ്ങളിലും നിങ്ങളുടെ മുൻകാല പെരുമാറ്റവും മുൻഗണനകളും മനസ്സിലാക്കി ഉൽപന്നങ്ങളും ഉള്ളടക്കവും നിർദേശിക്കുന്നത് എ.ഐ ആണ്.

● സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ: ഇന്റർനെറ്റിൽ നമ്മൾ തിരയുന്ന വാക്കുകൾ മനസ്സിലാക്കി പ്രസക്തമായ ഫലങ്ങൾ നൽകാൻ സെർച്ച് എൻജിനുകൾ എ.ഐ ഉപയോഗിക്കുന്നു.

● സോഷ്യൽ മീഡിയ ഫിൽട്ടറിങ്: നമ്മുടെ സോഷ്യൽ മീഡിയ ഫീഡുകളിൽ എന്ത് ഉള്ളടക്കം ദൃശ്യമാകുമെന്ന് എ.ഐ അൽഗോരിതങ്ങൾ നിർണയിക്കുന്നു. അതുവഴി നമ്മൾ കാണുന്നതിനെയും സംവദിക്കുന്നതിനെയും സ്വാധീനിക്കുന്നു.

● നാവിഗേഷൻ ആപ്പുകൾ: ഗൂഗ്ൾ മാപ് പോലുള്ള എ.ഐ പവേഡ് നാവിഗേഷൻ സിസ്റ്റങ്ങൾക്ക് തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ നൽകാനും ഏറ്റവും മികച്ച റൂട്ടുകൾ നിർദേശിക്കാനും കഴിയും.

● സ്പാം കണ്ടെത്തൽ: ധനകാര്യ സ്ഥാപനങ്ങളിൽ സംശയകരമായ ഇടപാടുകൾ തിരിച്ചറിയാനും തടയാനും എ.ഐ ഉപയോഗിക്കുന്നു. നമുക്ക് വരുന്ന ഫോൺ കാളുകളിൽ തട്ടിപ്പ് കാളുകൾ മനസ്സിലാക്കിത്തരുന്നതും എ.ഐതന്നെ.

● സ്മാർട്ട് ഹോം ടെക്നോളജി: വീട്ടിൽ എത്തുംമുമ്പേ എ.സി ഓണാക്കാം. ലൈറ്റുകൾ പ്രകാശിപ്പിക്കാം. സ്‌മാർട്ട് തെർമോസ്റ്റാറ്റുകളും ലൈറ്റിങ് സിസ്റ്റങ്ങളുംപോലുള്ള എ.ഐ ഉപകരണങ്ങൾക്ക് നിങ്ങളുടെ ശീലങ്ങൾ പഠിക്കാനും അതനുസരിച്ച് വീട്ടിൽ ക്രമീകരണങ്ങൾ നടത്താനും കഴിയും.

● ആരോഗ്യ സംരക്ഷണ ആപ്ലിക്കേഷനുകൾ: മെഡിക്കൽ ഡയഗ്നോസിസ്, വ്യക്തിഗത ചികിത്സ പദ്ധതികൾ, മയക്കുമരുന്ന് കണ്ടെത്തൽ എന്നിവക്കായും എ.ഐ ഉപയോഗിക്കുന്നു.

വിതക്കും കൊയ്യും

വിദ്യാഭ്യാസത്തിന് പുറമെ കൃഷി, റെയിൽവേ, ആരോഗ്യ സംരക്ഷണം, ധനകാര്യം, ഊർജം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന സർവ മേഖലകളിലും എ.ഐ സ്വാധീനം ചെലുത്തും.

കാലാവസ്ഥ പ്രവചനം, സാറ്റലൈറ്റുകൾ, ഡ്രോണുകൾ അല്ലെങ്കിൽ റോബോട്ടുകൾ എന്നിവ ഉപയോഗിച്ച് ഇമേജ് പ്രോസസിങ്ങിലൂടെ വിള നിരീക്ഷണം എന്നിങ്ങനെ കൃഷിയിൽ ഇപ്പോൾതന്നെ എ.ഐ ഉപയോഗിക്കുന്നു. കാലാവസ്ഥാ രീതി, മണ്ണിന്‍റെ ഗുണനിലവാരം, വളർത്തേണ്ട വിളകൾ എന്നിവയെക്കുറിച്ച് എ.ഐ സംവിധാനം ബോധവാന്മാരായിരിക്കും.

രോഗവും പറഞ്ഞുതരും

ആരോഗ്യമേഖലയിൽ വിപുലമായ എ.ഐ സ്വാധീനം പ്രകടമായിക്കഴിഞ്ഞു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് രോഗികളുടെ ഡേറ്റ എ.ഐ പഠിക്കുന്നു. പ്രായം, ഭൂമിശാസ്ത്രപരമായ രോഗവ്യാപനം, പ്രതിരോധശേഷി, ജീവിതശൈലി, മറ്റു പാരാമീറ്ററുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പഠനം. ഇതിലൂടെ രോഗനിയന്ത്രണം പ്രവചിക്കും. സർക്കാറുകളെയും ഹെൽത്ത് കെയർ പ്രഫഷനലുകളെയും ആശുപത്രികളെയും ശാക്തീകരിക്കാൻ എ.ഐ വലിയ ഡേറ്റാ സെറ്റുകൾ ഉപയോഗിച്ചേക്കാം.

ആഴത്തിലുള്ള പഠന അൽഗോരിതം വഴി രോഗികളുടെ രോഗനിർണയവും ഭാവി സംഭവങ്ങളും പ്രവചിക്കുന്നതിൽ ഡോക്ടർമാർക്ക് മികച്ച ഉൾക്കാഴ്ചകൾ നൽകിയേക്കാം.

റോഡിലും എ.ഐ

എ.ഐ സഹായത്തോടെ ഇന്‍റലിജന്‍റ് ഗതാഗത സംവിധാനങ്ങൾ നമ്മുടെ നാട്ടിലും സജീവമായി വരുന്നു. ട്രാഫിക് ലംഘനങ്ങൾക്ക് പിഴ നൽകുന്ന കാമറകൾ വന്നതാണ് തുടക്കം. ഇനി റോഡ് നിരീക്ഷണം, എമർജൻസി വാഹനങ്ങൾക്ക് വഴിയൊരുക്കൽ, അപകടസാധ്യതയുള്ള മേഖലകളിലെ ഗതാഗത നീക്കങ്ങളുടെ അധിക നിയന്ത്രണവും മുൻകരുതലും ഉറപ്പാക്കുന്നതിന് അപകട ഹീറ്റ് മാപ്പുകൾ സൃഷ്ടിക്കൽ എന്നിവയെല്ലാം സാധ്യമാകും.

ചെലവ്

സാധാരണ ജനങ്ങൾ ഇന്ന് മൊബൈൽ ഡേറ്റ വഴിയാണ് വെർച്വൽ എ.ഐ സേവനങ്ങൾ ഉപയോഗിക്കുന്നത് എന്നതിനാൽ ടെലികോം കമ്പനികൾ നിശ്ചയിക്കുന്ന ഇന്റർനെറ്റ് ഡേറ്റ താരിഫാണ് വേണ്ടിവരുന്നത്. വീട്ടുപകരണങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങി എ.ഐ അധിഷ്ഠിത ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറുന്നതോടെ ഈ മേഖലയിൽ അനേകം സ്റ്റാർട്ടപ്പുകൾ സജീവമാകും. അതുവഴി വിപണിയിൽ മത്സരം വരുമ്പോൾ ന്യായവില കൈവരുമെന്നാണ് പ്രതീക്ഷ.

എ.ഐക്കായി ഉപയോഗിക്കുന്ന പ്രത്യേക ഇലക്ട്രോണിക് സർക്യൂട്ടാണ് ജി.പി.യു (ഗ്രാഫിക്‌സ് പ്രോസസിങ് യൂനിറ്റ്). ഗണിതശാസ്ത്ര കണക്കുകൂട്ടലുകൾ മിന്നൽ വേഗത്തിലും അനേകതരത്തിലും നിർവഹിക്കാനാണ് ജി.പി.യു രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് എ.ഐയെ ടാസ്‌ക്കുകൾക്ക് അനുയോജ്യമാക്കുന്നു.

എ.ഐ മേഖലക്കായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ‘എ.ഐ കോമൺ കമ്പ്യൂട്ട് ഫെസിലിറ്റി’ക്ക് കീഴിൽ 40 ശതമാനം സബ്‌സിഡിയിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും ജി.പി.യു നൽകുമെന്നാണ് വാഗ്ദാനം. ഒരു ജി.പി.യു മണിക്കൂറിന് 100 രൂപയിൽ താഴെ വില വരുമെന്ന് ഇതിലൂടെ കണക്കുകൂട്ടുന്നു. ആഗോളതലത്തിൽ ഒരു ജി.പി.യു മണിക്കൂറിനു 259 രൂപയാണ് ഏകദേശ ചെലവ്.

ആമസോൺ ക്ലൗഡ്‌ സർവിസസ്, ഗൂഗിൾ, ഒറാക്കിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് കമ്പനികളാണ് ഇന്ത്യയിലെ ജി.പി.യു വിതരണക്കാർ.

Show Full Article
TAGS:Tech News Artificial Intelligence 
News Summary - Various AI companies and uses
Next Story