ദുബൈയിൽനിന്ന് ഏഴു രാജ്യങ്ങൾ താണ്ടി കണ്ണൂരിലേക്ക് ഒരു ബൈക്ക് റൈഡ്; സ്വപ്നസഞ്ചാരത്തിന്‍റെ കഥ പറയുകയാണ് മഹ്ഫൂസ്
text_fieldsമഹ്ഫൂസ് തജികിസ്താനിൽ
ജെൻ സീ മുതൽ 90, 80 കിഡ്സിന് വരെ ഒരുപോലെ ഇഷ്ടമുള്ള ഒരു കാര്യമുണ്ടെങ്കിൽ അത് യാത്രയാണെന്ന് ഉറപ്പ്. ബസിലും ട്രെയിനിലും നടന്നുമെല്ലാം പ്രായവ്യത്യാസമില്ലാതെ ഇന്ന് ആളുകൾ യാത്രകൾ നടത്തുന്നുണ്ട്. ഇത്തരം യാത്രകൾക്കൊപ്പം ബൈക്കിന്‍റെ എൻജിൻ ശബ്ദം ഹൃദയതാളമാക്കി സഞ്ചരിക്കുന്ന ബൈക്കർമാരുമുണ്ട്.
ലഡാക്കിന്‍റെ കുളിരിലേക്കും ജയ്പുരിന്‍റെ ചൂടിലേക്കും വടക്കു-കിഴക്കൻ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളിലേക്കും അവർ നിരന്തരം സഞ്ചരിക്കുന്നു. ബൈക്കർമാർക്ക് ഓരോ റൈഡും പുതിയ കാഴ്ചകൾക്കൊപ്പം ഒരുപാട് അനുഭവങ്ങളും സമ്മാനിക്കും. അത്തരത്തിൽ ഒരുപാട് അനുഭവങ്ങളും കഥകളും കണ്ണൂർ പുതിയങ്ങാടി സ്വദേശി മഹ്ഫൂസിന്‍റെ പക്കലുമുണ്ട്.
യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് ഒരു ബൈക്ക് യാത്ര... രാജ്യങ്ങൾ താണ്ടിയുള്ള ആ സ്വപ്നസഞ്ചാരത്തിന്‍റെ കഥകളാണ് മഹ്ഫൂസിന് പറയാനുള്ളത്.
മഹ്ഫൂസ്
യാത്രയിലേക്കുള്ള എൻട്രിയായ ആ ചോദ്യം
2018ലാണ് മഹ്ഫൂസിന്‍റെ യാത്രകൾ തുടങ്ങുന്നത്. റോയൽ എൻഫീൽഡ് ബൈക്ക് ഡൽഹിയിലെത്തിച്ച് ലഡാക്കിലേക്കായിരുന്നു യാത്ര. അത്ര സുഖകരമല്ല ആദ്യ യാത്രയുടെ ഓർമകൾ. ചില സഹറൈഡർമാരുടെ സമീപനങ്ങൾ വിഷമിപ്പിച്ചെങ്കിലും അന്ന് റൈഡർമാരിലൊരാളുടെ ചോദ്യം മഹ്ഫൂസിലെ ബൈക്കറെ ത്രസിപ്പിക്കുന്നതായിരുന്നു.
‘‘ഡൽഹിയിൽ ബൈക്കെത്തിച്ച് ലഡാക്കിലേക്ക് മാത്രം വരുന്നതിന് പകരം എന്തുകൊണ്ട് നിങ്ങൾക്ക് ഒരു ഓൾ ഇന്ത്യ ട്രിപ് നടത്തിക്കൂടാ?’’ എന്നായിരുന്നു സഹറൈഡറുടെ ചോദ്യം. ഒരുപാട് യാത്രകൾക്ക് മഹ്ഫൂസിന് പ്രചോദനംകൂടി നൽകിയ ഒരു ചോദ്യമായിരുന്നു അത്.
ഒടുവിൽ മഹ്ഫൂസെന്ന റൈഡറുടെ ജീവിതംതന്നെ മാറ്റിമറിച്ച ഓൾ ഇന്ത്യ ട്രിപ് യാഥാർഥ്യമായി. ഒരു ബൈക്കർക്ക് ആളുകൾ നൽകുന്ന ബഹുമാനം ആ യാത്രയിലാണ് അറിഞ്ഞതെന്ന് മഹ്ഫൂസ് പറയും. പുതിയ സംസ്കാരങ്ങളിലേക്കും ജീവിതക്രമങ്ങളിലേക്കുമുള്ള യാത്രകൂടിയായിരുന്നു അത്.
ഡൽഹിയിൽനിന്ന് തുടങ്ങി ലഡാക്ക്, ജമ്മു-കശ്മീർ, ആഗ്ര, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക വഴി കേരളത്തിലേക്ക് എത്തുമ്പോഴേക്കും തന്നിലെ യാത്രികനെ പുതുക്കിപ്പണിയുകകൂടിയായിരുന്നു മഹ്ഫൂസ് ചെയ്തത്.
യു.എ.ഇ ടു ഇന്ത്യ
ആദ്യ ഓൾ ഇന്ത്യ ട്രിപ് കഴിഞ്ഞപ്പോൾ മനസ്സിൽ ശൂന്യതയായിരുന്നു. റൈഡിങ് ഗിയറുമണിഞ്ഞ് ഇനിയെങ്ങോട്ട് പോകുമെന്ന ചിന്ത എല്ലാ ബൈക്കർമാരെയും പോലെ മഹ്ഫൂസിനെയും അലട്ടി.
ഒടുവിൽ ദിവസങ്ങൾ നീണ്ട ചിന്തകൾക്കൊടുവിൽ അതിന് ഉത്തരം ലഭിച്ചു. എന്തുകൊണ്ട് യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് ബൈക്കിൽ വന്നുകൂടാ. അന്ന് യു.എ.ഇയിൽ ജോലി ചെയ്യുകയായിരുന്ന മഹ്ഫൂസിന് അതൊരു സ്വപ്ന റൈഡായിരിക്കുമെന്ന് ഉറപ്പായിരുന്നു.
പിന്നീട് അതിനെക്കുറിച്ചുള്ള പഠനങ്ങളായിരുന്നു. ഒടുവിൽ യു.എ.ഇയിൽനിന്ന് ഇറാൻ വഴി ഇന്ത്യയിലെത്താമെന്ന് മനസ്സിലാക്കി. എന്നാൽ, പ്ലാനിങ് പോലെ എളുപ്പമായിരുന്നില്ല യാത്ര യാഥാർഥ്യമാക്കൽ. ആ കടമ്പകൾക്ക് മുന്നിൽ ആദ്യം മഹ്ഫൂസൊന്ന് വീണു. തിരിച്ചടിയുണ്ടായെങ്കിലും സ്വപ്നം ഉപേക്ഷിച്ചില്ല. അതിനായി ഹോണ്ടയുടെ പടക്കുതിര ആഫ്രിക്കൻ ട്വിന്നിനെ സ്വന്തമാക്കി.
പിന്നീട് യു.എ.ഇക്ക് ചുറ്റും ആഫ്രിക്കൻ ട്വിന്നിൽ ചെറുയാത്രകൾ നടത്തി. ഗൾഫ് പര്യടനമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലൂടെയായിരുന്നു സഞ്ചരിച്ചത്. യാത്രക്കിടെ കുവൈത്ത് അതിർത്തിയിൽവെച്ച് വിസ നിഷേധിക്കപ്പെട്ടപ്പോൾ ആളുകൾ ഇടപെട്ട് വിസയെടുക്കാൻ സഹായിച്ചത് മറക്കാനാവാത്ത അനുഭവമായി.
ജീവിതം മാറ്റിമറിച്ച റീൽ
യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്ര സ്വപ്നമായി മനസ്സിൽ കൊണ്ടുനടക്കുമ്പോഴാണ് യാദൃച്ഛികമായി ഒരു റീൽ കാണാനിടയായത്. ‘‘യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് ബൈക്ക് റൈഡ് നടത്തുന്നു, ആവശ്യക്കാർക്ക് ബന്ധപ്പെടാം’’ എന്നായിരുന്നു റീലിലുണ്ടായിരുന്നത്. അതോടെ സ്വപ്നം പൊടിതട്ടിയെടുത്തു. റീലിൽ കണ്ട കമ്പനിയുമായി ബന്ധപ്പെട്ടു.
യാത്രക്ക് വേണ്ട പേപ്പർ വർക്കുകൾ മുഴുവൻ തങ്ങൾ ചെയ്തുതരുമെന്നായിരുന്നു അവർ അറിയിച്ചത്. പിന്നീട് രേഖകൾ ശരിയാക്കുകയായിരുന്നു ലക്ഷ്യം. കമ്പനി ഒപ്പമുണ്ടായിരുന്നെങ്കിലും ആറു രാജ്യങ്ങളിൽ ബൈക്കുമായി സഞ്ചരിക്കുന്നതിന് വേണ്ട രേഖകൾ ശരിയാക്കുകയെന്നത് ഹിമാലയൻ ടാസ്കായിരുന്നു.
ഒടുവിൽ വെല്ലുവിളികളെ അതിജീവിച്ച് രേഖകളെല്ലാം ശരിയാക്കി യാത്രക്കൊരുങ്ങി. ഷാർജയിൽനിന്ന് ഫെറിയിൽ കയറി ഇറാനിലെ ബന്ദർബാസ് തുറമുഖം, തുർക്മെനിസ്താൻ, ഉസ്ബകിസ്താൻ, തജികിസ്താൻ, കിർഗിസ്താൻ, കസാഖ്സ്താൻ, ചൈന, നേപ്പാൾ, ഇന്ത്യ എന്നിങ്ങനെയായിരുന്നു യാത്രാപഥം. സുഹൃത്ത് വസീം സാഖും യാത്രക്കൊപ്പമുണ്ടായിരുന്നു.
യാത്രയിലെ മനുഷ്യർ, മറക്കാനാവാത്ത അനുഭവങ്ങൾ
യാത്രകൾ മനോഹരമാക്കുന്നത് അതിനിടെ കണ്ടുമുട്ടുന്ന മനുഷ്യരും മറക്കാനാവാത്ത അനുഭവങ്ങളുമാണ്. ഒമ്പതു രാജ്യങ്ങൾ സഞ്ചരിച്ചതിൽ ഇറാനാണ് ഏറ്റവും മനോഹരമായ രാജ്യമെന്ന് മഹ്ഫൂസ് പറയുന്നു. ലോകത്തിന് മുന്നിൽ അത്ര ഓപണല്ലാത്ത ഇറാനിലെ സൗകര്യങ്ങൾ കണ്ട് അതിശയിച്ചുപോയി.
ടണലുകൾ ഉൾപ്പെടെ അതിനൂതന സൗകര്യങ്ങളാണ് ഇറാനിലുണ്ടായിരുന്നത്. അവിടെവെച്ച് പരിചയപ്പെട്ട സൈറ-യാസിർ എന്നീ ഇറാൻ ദമ്പതിമാരുടെ ഹൃദ്യമായ പെരുമാറ്റവും മനസ്സിൽ തട്ടുന്നതാണ്. സൈറയും യാസിറും വീട്ടിലേക്ക് ക്ഷണിക്കുകയും ഇറാൻ യാത്രക്ക് വേണ്ട സൗകര്യങ്ങൾ മുഴുവൻ ഒരുക്കിക്കൊടുക്കുകയും ചെയ്തു. യാത്രകളുടെ ഓർമകളിൽ ഒരിക്കലും മറക്കാനാവാത്ത രണ്ടുപേരാണവർ.
യാത്രക്കിടെ ത്രസിപ്പിച്ച മറ്റൊരു അനുഭവമുണ്ടായത് തുർക്മെനിസ്താനിൽ വെച്ചാണ്. അഫ്ഗാനിസ്താൻ അതിർത്തിയുമായി ചേർന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രയായിരുന്നു അത്. അഫ്ഗാൻ പ്രദേശങ്ങൾ കണ്ടുകൊണ്ടുള്ള യാത്ര പുതിയ ഉൾക്കാഴ്ചയാണ് പകർന്നുനൽകിയത്. ഒടുവിൽ യാത്രയുടെ അവസാനം മനോഹരമായൊരു അനുഭവം ഇന്ത്യയും കരുതിവെച്ചു. യാത്രക്കിടെ ഫോട്ടോയെടുക്കാനും പരിചയപ്പെടാനുമായി ആന്ധ്രപ്രദേശിലെ ഒരു കുടുംബം വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു അത്. അവരുടെ ഊഷ്മള സ്വീകരണം എന്നും മനസ്സിൽ നിറയുന്നതാണ്.
യാത്ര അവസാനിക്കുന്നു, പുതിയ സ്വപ്നങ്ങൾ തുടങ്ങുന്നു
യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള രണ്ടു മാസത്തോളം നീണ്ട യാത്ര അവസാനിച്ചത് പുതിയങ്ങാടിയിലെ മഹ്ഫൂസ് പഠിച്ച സ്കൂളിലായിരുന്നു. സ്കൂൾ പ്രധാനാധ്യാപിക ജ്യോതി നൽകിയ അവിസ്മരണീയ സ്വീകരണത്തോടെയായിരുന്നു യാത്ര അവസാനിപ്പിച്ചത്. ഈ പരിപാടിക്കിടെ കുട്ടികൾ പ്രകടിപ്പിച്ച സ്നേഹം പുതിയ യാത്രകൾക്ക് കരുത്ത് നൽകുന്നതുകൂടിയായിരുന്നു.
ഇനി വിയറ്റ്നാം, തായ്‍ലൻഡ് തുടങ്ങി ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് ഒരു പര്യടനം നടത്തണം. അതാണ് മഹ്ഫൂസിന്‍റെ സ്വപ്നം. ഉമ്മയും ഉപ്പയും 100 ശതമാനം സപ്പോർട്ടല്ലെങ്കിലും യാത്രകൾ തുടരുമെന്നുതന്നെയാണ് മഹ്ഫൂസിന് പറയാനുള്ളത്.


