തറവാട്ടിലെ പെരുന്നാൾ
text_fieldsമൂന്നു നാല് അടി വ്യത്യാസത്തിന്റെ ഇടയിൽ കുറ്റിച്ചിറ തറവാട് വീടുകൾ അങ്ങനെ തലയുയർത്തി നിൽക്കുമ്പോൾ ഓരോ പെരുന്നാൾ ഓർമകളും അതിൽ തളംകെട്ടി നിൽക്കുന്നുണ്ട്
മിശ്കാൽ പള്ളീല് സുബ്ഹി ബാങ്ക് കൊടുക്കുന്നതിനു മുമ്പ് കുറ്റിച്ചിറ തറവാടുകൾ ഉണരും. തറവാടിന്റെ അകത്തളത്തിൽ പെണ്ണുങ്ങളും കോലായിലും കൊട്ടിലിലും ആണുങ്ങളും നിറയും. വെള്ള കീറുന്നതിനുമുമ്പ് തന്നെ കുളിയും സുബ്ഹി നമസ്കാരം കഴിഞ്ഞ് പെരുന്നാൾ കോടിയിട്ട്, ആണുങ്ങള് തക്ബീറും ചൊല്ലി പള്ളിയിലേക്ക് പോകുന്നതുമുതൽ പെരുന്നാൾ തുടങ്ങും.
പറഞ്ഞുതുടങ്ങുന്നത് കുറ്റിച്ചിറയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തറവാട് വീടുകളെക്കുറിച്ചാണ്. മൂന്നു നാല് അടി വ്യത്യാസത്തിന്റെ ഇടയിൽ കുറ്റിച്ചിറ തറവാട് വീടുകൾ അങ്ങനെ തലയുയർത്തി നിൽക്കുമ്പോൾ ഓരോ പെരുന്നാൾ ഓർമകളും അതിൽ തളംകെട്ടി നിൽക്കുന്നുണ്ട്. നൂറും ഇരുന്നൂറും വർഷം പഴക്കം ചെന്ന തറവാടുകളിൽ ഒത്തൊരുമയോടെ 150ഓളം ആളുകൾ താമസിച്ചിരുന്നത് ഒരു അതിശയം തന്നെയാണ്. ആളുകളുടെ വർധന ഇന്ന് ഓരോ കുടുംബത്തെയും ഓരോ ഇടങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർബന്ധിതരാക്കി. എന്നാലും പെരുന്നാളിനും കല്യാണ സൽക്കാരങ്ങൾക്കും എല്ലാവരും തറവാട്ടിൽ ഒത്തുകൂടും.
മൈലാഞ്ചി മണക്കുന്ന പെരുന്നാൾ രാവ്
പടിപ്പുര കടന്ന് വലിയ മൂന്നു കോലായി കേറി അകത്തളത്തിൽ എത്തിയാൽ വിതാനിച്ചു വിസ്തരിച്ച നടുവകമാണ്. നടുവകത്തോട് ചേർന്ന് നാലാംകുഴിയും പടപ്പുറവുമുണ്ട്. നടുവകത്തിൽ പെണ്ണുങ്ങൾ വട്ടത്തിൽ കൂടിയിരുന്ന് പാട്ടുപാടി മൈലാഞ്ചിയില അരച്ച് കൈ ചോപ്പിക്കും... അവിടെനിന്ന് തുടങ്ങും തറവാടിന്റെ പെരുന്നാൾ ആഘോഷം. കുട്ടികളും പെണ്ണുങ്ങളും പണിക്കാരി പെണ്ണുങ്ങളും തോടയും കാശിമാലയും ഇട്ട വല്യുമ്മമാര് വരെ ആ കൂട്ടത്തിൽ ഉണ്ടാകും. അപ്പോൾ, അടുക്കളയിൽ മൊരിയുന്ന പരിപ്പുവടയും കടലപ്പുഴുക്കുമെല്ലാം മൈലാഞ്ചിക്കാരുടെ ഇടയിലേക്ക് നിരന്നെത്തും. മാനത്ത് ഉദിച്ച നിലാവു കണ്ട് അന്ന് തറവാടുകൾ ഉറങ്ങാൻ വൈകും; നേരം വെളുക്കുന്ന പെരുന്നാളും ഓർത്ത്.
പെരുന്നാപ്പടിയും പെരുന്നാക്കുപ്പായവും
വസ്ത്രങ്ങൾ കുത്തിനിറച്ച് മുറ്റത്ത് വന്നുനിൽക്കുന്ന അംബാസഡർ കാറിന്റെ ഹോണടിയും ശ്രദ്ധിച്ച് അവര് കാത്തിരിക്കും. പെരുന്നാൾ കുപ്പായത്തിന്റെ പുത്തൻ മണത്തിനായി. കാറിന്റെ ഒരു ഭാഗത്ത് തുണികൊണ്ടു മറച്ച് മറ്റൊരു പുരുഷദർശനവും കൂടാതെ പെണ്ണുങ്ങൾ കാറിനെ വളയും. അതിനകത്തുള്ള വസ്ത്രങ്ങളെല്ലാം വാരിക്കൂട്ടി നടുവത്തിൽ കട്ടിലിൽ ഇരിക്കും.
പിന്നീട് ഒരു നീണ്ട തിരച്ചിലിന് ഒടുവിൽ ഓരോരുത്തർക്കും ഇഷ്ടപ്പെട്ട നിറത്തിലുള്ള പാവാടകളും ബ്ലൗസും സാരിയും കാച്ചിമുണ്ടും കുപ്പായവും എടുക്കും. കുട്ടികൾക്കായുള്ള ഒരു രൂപയും ഏറ്റവും കൂടുതൽ രണ്ടു രൂപയുമാണ് പെരുന്നാപ്പടി. പുതിയ വസ്ത്രത്തിൽ പെരുന്നാൾ നമസ്കാരവും കഴിഞ്ഞ് കുട്ടികൾ ഇതിനുവേണ്ടി കാത്തിരിക്കും.
പെരുന്നാൾ നമസ്കാരം
കഞ്ഞിപ്പശ മുക്കി അലക്കി ഉണക്കിയ കുപ്പായവും തേച്ചിട്ട് അത്തറും പൂശി ആണുങ്ങള് പള്ളിയിൽ നമസ്കരിക്കുമ്പോൾ പെണ്ണുങ്ങൾ മുസ്ലിയാരുടെ നേതൃത്വത്തിൽ വീട്ടിൽ പെരുന്നാൾ നമസ്കാരം കൂടും. റമദാനിന്റെ 30 രാവിലും തറാവീഹ് നമസ്കാരത്തിന് ഇമാമായ (നമസ്കാരത്തിനു നേതൃത്വം നൽകുന്നയാൾ) മുസ്ലിയാരെത്തന്നെ തന്നെ പെരുന്നാൾ നമസ്കാരത്തിനും വേണമെന്നത് അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിന്നെ നമസ്കാരം കഴിഞ്ഞ് പെരുന്നാക്കോളും (മധുരം) കഴിച്ച് ബിരിയാണിപ്പണിയുടെ തിരക്കിലേക്ക് മാറും.
ഓതിവെച്ച പോത്തിറച്ചി
വലിയ പെരുന്നാളിന്റെ തലേന്ന് രാത്രി വരെ വെള്ളവും കാടിയും കൊടുത്ത് കൊഴുപ്പിച്ചു നിർത്തിയ മൂരികളെ വീട്ടിലെ കാർന്നോന്മാരുടെ നേതൃത്വത്തിൽ അറുത്തുമാറ്റും. ഇറച്ചി വല്യുമ്മമാര് ഇരുന്ന് ഓതിവെക്കും (പങ്കുവെക്കും). ഒരു പങ്ക് എന്നും ദാനമാണ്. പാവങ്ങൾക്കുള്ള ഓഹരി മാറ്റിയാൽ ബാക്കി അടുക്കളയിലേക്ക് എടുക്കും. പണിക്കാരത്തി പെണ്ണുങ്ങൾ അത് വൃത്തിയാക്കി പാകം ചെയ്യും. കൂട്ടത്തിലെ മേൽനോട്ടത്തിനായി വീട്ടിലെ പെണ്ണുങ്ങളും കൂടും.
മൈലാഞ്ചിയും ബിരിയാണിയും കുട്ടികളുടെ കളിയും ചിരിയുമായി പെരുന്നാൾ അന്ന് കഴിയും. എന്നാലും കുറ്റിച്ചിറയിലെ ഓരോ തറവാട് വീടുകളിലും ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പെരുന്നാള് എന്നുമുണ്ടാവും.