Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightBeauty Spotchevron_right‘പ്രണവ് മോഹൻലാൽ...

‘പ്രണവ് മോഹൻലാൽ ജോലിതേടി സ്പെയിനിൽ പോയി മാസങ്ങളോളം അവിടെ ആടുമേച്ച് ജീവിച്ചു’ -പരിചയപ്പെടാം, പുതിയ കാല യാത്രാ ട്രെൻഡുകളും ഡെസ്റ്റിനേഷനുകളും

text_fields
bookmark_border
‘പ്രണവ് മോഹൻലാൽ ജോലിതേടി സ്പെയിനിൽ പോയി മാസങ്ങളോളം അവിടെ ആടുമേച്ച് ജീവിച്ചു’ -പരിചയപ്പെടാം, പുതിയ കാല യാത്രാ ട്രെൻഡുകളും ഡെസ്റ്റിനേഷനുകളും
cancel
യാത്രകള്‍ എപ്പോഴും ഉല്ലാസകരമാണ്. യാത്ര പോകുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ സന്തോഷം നല്‍കുന്ന കാര്യമാണ്. സമയം കിട്ടുമ്പോഴൊക്കെ ഇന്ന് മിക്കവരും ബാഗ് പാക്ക് ചെയ്തിറങ്ങുന്നു. കാലം മാറി, യാത്രകളും കാഴ്ചപ്പാടുകളും മാറി. പുത്തൻ ട്രെൻഡുകളും വന്നു കഴിഞ്ഞു. കൃത്യമായ പ്ലാനിങ് യാത്രകളെ കൂടുതല്‍ മനോഹരമാക്കും. സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും മറ്റു ഗതാഗത സൗകര്യങ്ങളെ ആശ്രയിക്കുന്നവർക്കും പ്രയോജനകരമാകുന്ന യാത്രാ പ്ലാനും കുടുംബത്തിലെല്ലാവരും ഇഷ്ടപ്പെടുന്ന ഡെസ്റ്റിനേഷനുകളും പരിചയപ്പെടാം.

പ്രണവ് മോഹൻലാൽ ജോലിതേടി സ്പെയിനിൽ പോയി മാസങ്ങളോളം അവിടെ ആടുമേച്ച് ജീവിച്ച വിവരം കേട്ട് മലയാളികൾ ആദ്യം ഒന്ന് ആശ്ചര്യപ്പെട്ടു. അദ്ദേഹത്തിന്‍റെ അമ്മ സുചിത്ര പറഞ്ഞതനുസരിച്ച് പ്രണവ് സ്പെയിനിൽ എവിടെയെന്നുപോലും അവർക്ക് അറിയില്ല.

മലയാളത്തിന്‍റെ സൂപ്പർ താരത്തിന്‍റെ ഏക മകനും അഭിനേതാവുമായ പ്രണവിന്‍റെ ഇഷ്ടങ്ങൾ മലയാളികൾക്ക് അത്ര പരിചിതമല്ല. എങ്കിലും അകലങ്ങളിലെ നാടുകളിലേക്ക് ചെന്നെത്തി കുറേക്കാലം അവിടെ പണിയെടുത്തു ജീവിച്ച് ആ നാടിനെ അറിയുന്ന സഞ്ചാരികളുടെ എണ്ണം കേരളത്തിലും ഏറുകയാണ്.

പുതിയ സാങ്കേതികവിദ്യകളും സമൂഹ മാധ്യമങ്ങളും നവലോകക്രമങ്ങളുമാണ് ഇക്കാലത്ത് യാത്രകളുടെ അലകും പിടിയും നിർവചിക്കുന്നത്.

ഒരു യാത്ര, ഒരായിരം അനുഭവങ്ങൾ

വിനോദസഞ്ചാരം മാത്രമല്ല ഇന്ന് യാത്രകൾ. ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ദേശങ്ങളും സംസ്കാരങ്ങളും ഭാഷകളും അനുഭവിച്ചറിയാനുള്ള അവസരമായി യാത്രകൾ മാറി. വർക്ക് എവേ എന്ന ഓൺലൈൻ കൂട്ടായ്മ വഴിയാണ് പ്രണവ് മോഹൻലാൽ സ്പെയിനിലെ ഒരു ഗ്രാമത്തിൽ കാർഷിക ജോലികൾ ചെയ്തു കുറച്ചുനാൾ ചെലവഴിച്ചതെന്ന് അമ്മ സുചിത്ര വിവരിക്കുന്നു.

ലോകമെമ്പാടുമുള്ള അതിഥികളും ആതിഥേയരും ഒരുമിക്കുന്ന കൂട്ടായ്മയാണ് വർക്ക് എവേ. തങ്ങളുടെ കൃഷിയിടത്തിലേക്കോ പണിയിടത്തിലേക്കോ വീട്ടിലേക്കോ സഞ്ചാരികളെ ക്ഷണിക്കുകയാണ് ഈ കൂട്ടായ്മയിലെ ആതിഥേയർ.

ഭക്ഷണവും താമസവും നൽകും. അവരോടൊപ്പം കൂടി ആ നാട്ടിൽ ഒരാളായി കഴിയാം. ജോലിക്ക് കൂലി പ്രതീക്ഷിക്കേണ്ട. പുതിയ അറിവുകൾ നേടാം. നമ്മുടെ മികവുകൾ അവരിലേക്കും പകരാം. പുതിയ ഭാഷ പഠിക്കാം. ഒറ്റക്കോ പങ്കാളികളുമായോ കുടുംബമായോ ആതിഥേയത്വം സ്വീകരിക്കാൻ ഈ ഓൺലൈൻ കമ്യൂണിറ്റി അവസരം ഒരുക്കുന്നുണ്ട്. അവിടേക്ക് ചെന്നെത്താനുള്ള ചെലവുകൾ സ്വയം വഹിക്കണം.

പ്രവാസവും സഞ്ചാരവും മലയാളികളുടെ സിരകളിൽ അലിഞ്ഞുചേർന്നതാണ്. ചുറ്റുപാടുകളുടെ അതിരുകൾ മായ്ച്ചുകളഞ്ഞ് പേരറിയാ രാജ്യങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ച് ആ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന വ്ലോഗർമാർ ഇന്ന് നമുക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

ആരും സഞ്ചാരികളായി എത്താത്ത രാജ്യങ്ങളിൽ ചെന്ന് സാമൂഹിക പ്രവർത്തനങ്ങളിലൂടെ മലയാളത്തിന്‍റെ നന്മ പകർന്നവരും ഏറെ. ഈ അവധിക്കാലത്ത് പലതരം യാത്രകൾ പരിചയപ്പെടാം...


ഉറങ്ങാൻ മാത്രമായി ഒരു യാത്ര

ജോലിയും കുടുംബകാര്യങ്ങളും കൊണ്ട് നല്ലൊരു ഉറക്കം പോലും കിട്ടാതെ മടുപ്പ് തോന്നിത്തുടങ്ങിയവർ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സ്ലീപ് ടൂറിസം. ആരോഗ്യവും മാനസികോല്ലാസവും നിലനിർത്താൻ എല്ലാം മറന്നുള്ള ഉറക്കം ഏറ്റവും പ്രധാനമാണ്. ശാന്തമായ ഉറക്കം യാത്രികർക്ക് ഉറപ്പുനൽകുന്ന സ്ലീപ് ടൂറിസം പാക്കേജുകൾ കേരളത്തിലെ റിസോർട്ടുകളും നൽകിത്തുടങ്ങി.

കായൽ ടൂറിസത്തിന് പേരുകേട്ട ആലപ്പുഴയാണ് കേരളത്തിലെ സ്ലീപ് ടൂറിസം സ്പോട്ട്. ഉത്തരഖണ്ഡിലെ ഋഷികേശ്, കർണാടകയിലെ കൂർഗ്, ഹിമാചലിലെ ധർമശാല, സ്പിതിവാലി, പോണ്ടിച്ചേരി എന്നിവിടങ്ങളും ഉറക്കത്തിന് പറ്റിയ ടൂറിസം കേന്ദ്രങ്ങൾ തന്നെ. ആയുർവേദ സുഖചികിത്സയും പാക്കേജിന്‍റെ ഭാഗമായി നൽകുന്ന റിസോർട്ടുകളും ഉണ്ട്.

ഉറങ്ങാന്‍ സഹായിക്കുന്ന ഡെസ്റ്റിനേഷന്‍, ചെറിയ യാത്രകള്‍, സമയത്തിന് മികച്ച ഭക്ഷണം, യോഗ, മെഡിറ്റേഷന്‍, സ്പാ തുടങ്ങിയവ സ്ലീപ് ടൂറിസം പാക്കേജുകളിൽ ഉണ്ടാകും.

ഡിജിറ്റൽ നൊമാഡുകൾ

നാം ചെയ്യുന്ന ജോലിയിൽനിന്ന് കുറേക്കാലം അവധിയെടുത്ത് മറ്റൊരു രാജ്യത്ത് കുറച്ചുനാൾ ജീവിക്കാനും ജോലി ചെയ്യാനും താൽപര്യമുണ്ടോ? പുതിയ കാലത്തെ സഞ്ചാരികളിൽ ഈ പരീക്ഷണവും കാണാം. ഇത്തരക്കാർക്ക് പല രാജ്യങ്ങളും നൽകുന്ന പ്രത്യേക പെർമിറ്റാണ് ഡിജിറ്റൽ നൊമാഡ് വിസ. ഫ്രീലാൻസ് ജോലിക്കാർ, സംരംഭകർ എന്നിവർക്ക് മറ്റൊരു രാജ്യത്ത് സഞ്ചരിക്കാനും ഒപ്പം ജോലിയിൽ മികവുനേടാനും സഹായകമാണ് ഈ വിസ.

അതത് രാജ്യത്തെ കമ്പനി അല്ലെങ്കിൽ വ്യക്തികൾ വഴി ജോലി കണ്ടെത്തണം. സാധാരണ ആറു മാസം മുതൽ രണ്ടു വർഷം വരെ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. ആ രാജ്യത്ത് ജീവിക്കാൻ കഴിയുന്ന വരുമാനം ലഭിക്കുമെന്ന് അപേക്ഷകർ തെളിയിക്കണം. പോർചുഗൽ, സ്പെയിൻ, ക്രൊയേഷ്യ, ജപ്പാൻ എന്നിങ്ങനെയുള്ള രാജ്യങ്ങൾ ഇത്തരം വിസ അനുവദിക്കുന്നുണ്ട്.

തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ടൂറിസം വികസനം ലക്ഷ്യമാക്കി ഗോൾഡൻ വിസ അനുവദിക്കുന്നു. അടുത്തിടെ വിയറ്റ്നാം സർക്കാറും ഇന്ത്യക്കാരെ ലക്ഷ‍്യംവെച്ച് ഗോൾഡൻ വിസ അനുവദിക്കുന്നത് പരിഗണിക്കുന്നുണ്ട്.

സ്‌റ്റെയ്‌ക്കേഷൻ

ഏതാനും ദിവസത്തെ അവധി. അതിനിടയിൽ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നതും അവിടത്തെ താമസവും വലിയ ദുരിതമാകും. ഇത്തരം അവസ്ഥയിൽ സ്വയം റിലാക്സ് ആകാനും കുടുംബത്തോടൊപ്പം കഴിയാനും ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്നതാണ് സ്‌റ്റെയ്‌ക്കേഷൻ.

ഒരുപാട് യാത്ര ചെയ്യാതെ വീടിനു സമീപത്തെ ഒരു ഹോട്ടലോ റിസോർട്ടോ കണ്ടെത്തി അവിടെ കൂടുക. അല്ലെങ്കിൽ വീട്ടിൽ താമസിച്ച് സമീപത്തെ മികച്ച ഹോട്ടലിൽനിന്ന് ഭക്ഷണവും കഴിച്ച് പാർക്കിലോ ബീച്ചിലോ പോയി റിലാക്സ് ആകുക. ഇങ്ങനെ കഴിച്ചുകൂട്ടാൻ ചില ടിപ്സ് നോക്കാം.

● ജോലിസംബന്ധ ഇ-മെയിലുകൾ, ഫോൺ കാളുകൾ ഒഴിവാക്കുക.

● സമീപത്തെ പാർക്കുകൾ, മ്യൂസിയം എന്നിവ സന്ദർശിക്കുക.

● ഒരു രാത്രി ഹോട്ടലിൽ തങ്ങുക.

● വീട്ടിൽ പാചക പരീക്ഷണങ്ങൾ നടത്തുക.

● ഇഷ്ടപ്പെട്ട സിനിമകൾ, യൂട്യൂബ് വിഡിയോകൾ കാണുക.

സുസ്ഥിര യാത്രകൾ

ഹിമാലയൻ പർവതനിരകളിലെ നയന മനോഹര ഗ്രാമങ്ങളിൽ നടന്നു സഞ്ചരിക്കുന്ന കണ്ണൂരുകാരൻ ബി.വൈ. ചിത്രൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ദൃശ്യങ്ങൾ ആരുടെയും മനം കുളിർപ്പിക്കും. അതുപോലെ പ്രകൃതിയിലേക്ക് കണ്ണും കാതും തുറന്ന് നടത്തുന്ന യാത്രകളാണ് ഇന്ന് ഒട്ടേറെപ്പേരെ ആകർഷിക്കുന്നത്.

പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് ചുരുങ്ങിയ ചെലവിൽ ഇത്തരം യാത്രകൾ നടത്താനാകും. ഓരോ നാട്ടിലും കുറച്ചുനാൾ താമസിച്ച് അവിടത്തെ സംസ്കാരവും സാമ്പത്തിക അവസ്ഥകളും മനസ്സിലാക്കി പ്രകൃതിയെ അറിഞ്ഞ് യാത്ര ചെയ്യാം.

സുസ്ഥിര യാത്രകൾക്ക് ചില ടിപ്സ്

● ബസ്, ട്രെയിൻ, ഷെയർ ടാക്സി, ഹിച്ഹിക്കിങ് മാർഗങ്ങൾ ഉപയോഗിക്കാം.

● നഗരങ്ങളിൽനിന്ന് ബൈക്ക് വാടകക്ക് എടുക്കാം.

● പുനരുപയോഗിക്കാൻ കഴിയുന്ന വാട്ടർ ബോട്ടിൽ, പ്ലേറ്റ്, ബാഗ് എന്നിവ കരുതുക.

● താമസിക്കാൻ ഹോം സ്റ്റേ, ഇക്കോ ഫ്രണ്ട്‌ലി ലോഡ്ജുകൾ, ഡോർമിറ്ററികൾ എന്നിവ കണ്ടെത്താം.

● പ്രാദേശിക ഭക്ഷണം, കാർഷിക ഉൽപന്നങ്ങൾ ആസ്വദിക്കാം.

● ടെന്‍റ് അടിച്ചു കിടന്നാൽ പ്രകൃതിക്ക് ഹാനികരമായ ഒന്നും അവിടെ അവശേഷിപ്പിക്കരുത്.

കൂട്ടിനുണ്ട് എ.ഐ

നിർമിതബുദ്ധിയുടെ സഹായത്തോടെ ലോകത്ത് എവിടെയും പോകാൻ ഇന്ന് സംവിധാനമുണ്ട്. ആപ്പുകൾ, വെബ്സൈറ്റുകൾ, ഡിജിറ്റൽ അസിസ്റ്റുകൾ എന്നിവ വഴി ഇഷ്ടപ്പെട്ടതും സൗകര്യമായതുമായ യാത്രാപദ്ധതി ആർക്കും തയാറാക്കാം. ചെലവ് കുറക്കാനും കാര്യക്ഷമമായി യാത്ര ചെയ്യാനും അധികമാരും കാണാത്ത കാഴ്ചകൾ കണ്ടെത്താനും ഇതുവഴി സാധിക്കും.

നമ്മുടെ താൽപര്യം, ബജറ്റ്, യാത്രാശൈലി എന്നിവ മനസ്സിലാക്കി കൃത്യമായ പദ്ധതി എ.ഐ വഴി തയാറാക്കാം. ഫുഡി ട്രിപ്പ്, ഇക്കോ ടൂർ, ഓഫ് റോഡ് എന്നിങ്ങനെ യാത്രകൾ കണ്ടെത്താം. ഗൂഗ്ൾ മാപ്പ് വഴി റിയൽ ടൈമായി വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കും.

ഗൂഗ്ൾ ട്രാൻസ്​ലേറ്റ് വഴി ഏതൊരു രാജ്യത്തും ആശയവിനിമയം എളുപ്പമാണ്. ഹോട്ടൽ, ടാക്സി ബുക്കിങ് ആപ്പുകൾ താമസം, യാത്ര എന്നിവക്ക് സഹായകമാകും. പോകുന്നയിടത്തെ കാലാവസ്ഥ, ആഘോഷ പരിപാടികൾ എന്നിവയും മനസ്സിലാക്കാൻ എ.ഐ തുണയാകും.

Show Full Article
TAGS:Travel Destinations 
News Summary - New travel trends and destinations
Next Story