ലൈഫ് ഓൺ വീൽസ്: ഉറക്കവും കറക്കവും വാനിൽ, ആരും കൊതിച്ചുപോകുന്ന ജീവിതം
text_fieldsഅങ്കിത കുമാറും ശരണ്യ അയ്യരും തങ്ങളുടെ കാരവാൻ ‘ലൂണ’യിൽ സിക്കിം യാത്രക്കിടെ
വാഹനങ്ങൾ യാത്ര ചെയ്യാനും ചരക്കുനീക്കത്തിനും മാത്രമാണെന്ന സങ്കൽപങ്ങൾ തിരുത്തിക്കുറിക്കുന്നതാണ് വാൻ ലൈഫ്. ജീവിതംതന്നെ വാഹനങ്ങളിൽ ആസ്വദിക്കുന്നവർ നിരവധിയാണ്. ഒരു വീട്ടിൽ ചെയ്യാൻ കഴിയുന്നതെല്ലാം വാഹനത്തിലും അവർ സാധ്യമാക്കുന്നു. ബെഡ്റൂം, അടുക്കള, ശുചിമുറി, കോൺഫറൻസ് ഹാൾ, ടി.വി, ഫ്രിഡ്ജ് തുടങ്ങി ഇത്തരം വാഹനങ്ങളിൽ ഇല്ലാത്തതായി ഒന്നുമില്ല. ആരും കൊതിച്ചുപോകുന്ന ജീവിതം. വിദേശികളാണ് ഇക്കാര്യത്തിൽ ഒരുയുഗം മുേമ്പ നടന്നവർ.
വീടും സ്ഥലവുമെല്ലാം വിറ്റ് പലരും വാനിലൊതുക്കി ജീവിതം. പിന്നെ മനുഷ്യർ തീർത്ത അതിർവരമ്പുകൾ മായ്ച്ച് ഉലകം ചുറ്റും. ഏറെക്കാലം മലയാളികൾക്കും ഇത്തരം യാത്രകൾ സ്വപ്നം മാത്രമായിരുന്നു. സിനിമ നടന്മാർക്കും മറ്റു വി.െഎ.പികൾക്കും മാത്രം സ്വന്തമായിരുന്ന വാൻ ലൈഫ് ഇന്ന് സാധാരണക്കാരും ആസ്വദിച്ചുതുടങ്ങി. കോവിഡ് കാലത്താണ് ഇൗ ട്രെൻഡ് മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടിയത്.
യാത്രകൾ പഴയപോലെ സുരക്ഷിതമല്ല എന്നതാണ് ഇത്തരത്തിൽ മാറിച്ചിന്തിക്കാൻ മലയാളികളെ പ്രേരിപ്പിച്ചത്. ഹോട്ടലുകളിൽ റൂം എടുക്കേണ്ട, സ്വന്തമായി ഭക്ഷണം പാകം ചെയ്യാം എന്നതെല്ലാം ഏറെ സൗകര്യമാണ്. സോളാർ, ജനറേറ്റർ, ഇൻവെർട്ടർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് വാഹനം നിർത്തിയിടുന്ന സമയത്തേക്ക് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്.
അതേസമയം, മോേട്ടാർ വാഹനവകുപ്പിെൻറ പഴഞ്ചൻ നിയമങ്ങൾ, വാഹനം രൂപമാറ്റം വരുത്താനുള്ള ചെലവ്, ലക്ഷ്വറി ടാക്സ്, സുരക്ഷിതമായി നിർത്തിയിടാനുള്ള സ്ഥലങ്ങളുടെ അഭാവം എന്നിവയെല്ലാം പലരെയും ഇൗ മോഹത്തിൽനിന്ന് പിന്നോട്ടടിപ്പിക്കുന്നു. എന്നാൽ, മോഹവില നൽകി ഇത്തരം വാഹനങ്ങൾ സ്വന്തമാക്കാൻ കഴിയാത്തവർക്ക് ഇവ വാടകക്ക് ലഭിക്കുന്ന കേന്ദ്രങ്ങളുമുണ്ട്. എന്നാൽ, സാധാരണ യാത്രക്കാർക്കായി കുറഞ്ഞ ചെലവിൽ കാരവാൻ നൽകുന്ന കമ്പനികളുണ്ട്. ബംഗളൂരു ആസ്ഥാനമായുള്ള ട്രിപ്പി വീൽസ് ഇതിന് ഉദാഹരണമാണ്. സഞ്ജന, വത്സല എന്നീ യുവതികളാണ് ഇൗ സംരംഭത്തിനു പിന്നിൽ.
റിക്രിയേഷനൽ വെഹിക്ൾസ്
വാൻ ലൈഫിനായി ഉപയോഗിക്കുന്ന വാഹനങ്ങളെ അതിെൻറ ഘടനക്കനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. റിക്രിയേഷനൽ വെഹിക്ൾസ് എന്നാണ് ഇവയെ പൊതുവായി പറയാറ്
ഒാവർലാൻഡിങ്
വാഹനത്തിെൻറ റൂഫിന് മുകളിൽ ടെൻറ് സ്ഥാപിച്ച് അതിൽ കഴിയുന്ന രീതിയാണിത്. പോർട്ടബ്ൾ ടെൻറുകളാണ് പൊതുവെ ഇതിനായി ഉപയോഗിക്കാറ്. വാഹനം നിർത്തുേമ്പാൾ മാത്രം ടെൻറ് സ്ഥാപിച്ചാൽ മതി. റൂഫിന് നല്ല ബലമുണ്ടായിരിക്കണം. നല്ല വീതിയുള്ള നിരന്ന റൂഫാണെങ്കിൽ കൂടുതൽ പേർക്ക് കിടക്കാം. വാഹനത്തിെൻറ മുകളിലേക്ക് കയറാൻ പ്രത്യേക ഏണിയുമുണ്ടാകും.
കാരവാൻ
വാഹനങ്ങളുടെ പിറകിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്ന ട്രെയിലറുകളെയാണ് യഥാർഥത്തിൽ കാരവാൻ എന്ന് പറയുന്നത്. സാധാരണ റൂമുകൾ മുതൽ അത്യാഡംബര സൗകര്യങ്ങൾ വരെ നിറഞ്ഞ ട്രെയിലറുകളാണ് ഇതിനായി ഉപയോഗിക്കാറ്. ഇവ എപ്പോൾ വേണമെങ്കിലും വാഹനത്തിൽനിന്ന് വേർപെടുത്താൻ സാധിക്കും. വാഹനത്തിന് പുറമെ ഇൗ ട്രെയിലറിനും പ്രത്യേക അനുമതി നേടേണ്ടതുണ്ട്.
കാമ്പർ വാൻ
ഒരു വാനിനുള്ളിൽ താമസിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന രീതിയാണിത്. ഇതാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ സർവസാധാരണമായിരിക്കുന്നത്. എന്നാൽ, തെറ്റിദ്ധാരണ കാരണം പലരും ഇവയെ കാരവാനുകളായാണ് വിശേഷിപ്പിക്കാറ്.
മോട്ടാർ ഹോം
ശരിക്കും ഒരു ചലിക്കുന്ന വീടുതന്നെയാണിത്. വലിയ ബസിലോ ട്രക്കിലോ ആണ് ഇത് ഒരുക്കുന്നത്. കാമ്പർ വാനിനെക്കാൾ കൂടുതൽ പേർക്ക് യാത്രപോകാം എന്നതാണ് ഇതിെൻറ പ്രത്യേകത. ഒന്നിലധികം ബെഡ്റൂം, വിശാലമായ ബാത്ത്റൂം, കിച്ചൻ തുടങ്ങിയവയെല്ലാം ഇതിനെ വ്യത്യസ്തമാക്കുന്നു.
മാറണം നിയമങ്ങൾ
1880കൾ മുതൽ വാൻ ലൈഫ് യൂറോപ്പിൽ പ്രചാരത്തിലുണ്ട്. എന്നിട്ടും നമ്മൾ ഇക്കാര്യത്തിൽ പിറകിലാകാൻ കാരണം ഇവിടത്തെ നിയമങ്ങൾതന്നെ. വർഷങ്ങൾക്കു മുമ്പ് തയാറാക്കിയ ചട്ടങ്ങളിലെ നൂലാമാലകളാണ് ആളുകളെ പിറകോട്ട് നയിക്കുന്നതെന്ന് ഇൗ മേഖലയിലുള്ളവർ പറയുന്നു. ഇത്തരം വാഹനങ്ങൾക്ക് സ്ക്വയർ ഫീറ്റ് കണക്കാക്കിയാണ് ലക്ഷ്വറി ടാക്സ് അടക്കേണ്ടത്. ട്രാവലർ പോലുള്ള ഒരു വാഹനം കാമ്പർ വാനാക്കി മാറ്റുേമ്പാൾ ലക്ഷങ്ങൾ നികുതിയായി നൽകണം.
ഇന്ത്യയിൽ എ.ആർ.െഎ.എ (ഒാേട്ടാമോട്ടിവ് റിസർച് അസോസിയേഷൻ ഒാഫ് ഇന്ത്യ) അപ്രൂവലുള്ള കാമ്പർ വാനുകളും മോേട്ടാർഹോമുകളും വാങ്ങാൻ ലഭിക്കും. ഇത്തരത്തിൽ കാമ്പർ വാനുകൾ നിർമിക്കുന്ന അംഗീകൃത കമ്പനി കേരളത്തിലുമുണ്ട്.ട്രാവലർ പോലുള്ള വാഹനങ്ങളെയാണ് കാമ്പർ വാനായി രൂപാന്തരം ചെയ്യുന്നത്. വാഹനത്തിൽ വരുത്തുന്ന ഒാരോ മാറ്റത്തിനും എ.ആർ.െഎ.എയുടെ അംഗീകാരം നേടണം. അതേസമയം, രണ്ടു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ രൂപമാറ്റം ചെയ്യാൻ സാധിക്കില്ല.
പാസഞ്ചർ കാറുകളെ വാൻലൈഫിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. എ.ആർ.എ.െഎ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഒാരോ കമ്പനികളും കാറുകൾ ഇറക്കുന്നത്. ഇതിൽ മാറ്റം വന്നാൽ ഇവയുടെ സ്ഥിരത നഷ്ടപ്പെടുകയും അപകടത്തിന് വഴിവെക്കുകയും ചെയ്യും.സീറ്റുകൾ ഒഴിവാക്കി കിടക്കയാക്കി മാറ്റുക, ബൂട്ടിൽ ടോയ്ലറ്റ് സ്ഥാപിക്കുക തുടങ്ങിയ രീതികളാണ് പൊതുവെ ചെറിയ വാഹനങ്ങളിൽ ചെയ്യാറ്. ഇവയെല്ലാം കുറ്റകരമാണ്. അതേസമയം, വാഹനത്തിെൻറ ബൂട്ടിൽ ചെറിയരീതിയിൽ പാചകസൗകര്യം ഒരുക്കുന്നതിന് പ്രശ്നമില്ല. നിർത്തിയിടുേമ്പാൾ മാത്രമേ പാചകം ചെയ്യാവൂ.
മഹാരാഷ്ട്ര മോഡൽ
നിലവിലെ നിയമത്തിനുള്ളിൽനിന്ന് വാൻ ലൈഫിനെ എങ്ങനെ ടൂറിസവുമായി ബന്ധപ്പെടുത്താമെന്നതിന് ഉത്തമ ഉദാഹരണമാണ് 2021 ഫെബ്രുവരിയിൽ മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന കാരവാൻ ടൂറിസം േപാളിസി. മഹാരാഷ്ട്രയുടെ പ്രകൃതിസുന്ദരമായ സ്ഥലങ്ങളിലൂടെ കാരവാനിൽ സഞ്ചാരികൾക്ക് യാത്രപോകാം. വാഹനം നിർത്തിയിടാനും മറ്റു സൗകര്യങ്ങൾക്കുമായി കാരവാൻ പാർക്കുകളും ഒരുക്കും. വനംവകുപ്പിെൻറ സ്ഥലങ്ങളിൽ വരെ ഇത്തരം സൗകര്യങ്ങൾ ലഭ്യമാണ്. വെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥലങ്ങള് കാരവാൻ പാർക്കുകളായി ഉപയോഗിക്കാം.
കാർ ലൈഫ് സ്റ്റോറീസ്
കുറഞ്ഞ ചെലവിൽ വാഹനത്തെ കാർലൈഫിനായി എങ്ങനെ മാറ്റിയെടുക്കാം എന്ന് കാണിച്ചുതരുകയാണ് 'ടിൻപിൻ സ്റ്റോറീസ്' യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായ ഹരികൃഷ്ണനും ഭാര്യ ലക്ഷ്മിയും. കഴിഞ്ഞ ഒക്ടോബർ മുതൽ ഇരുവരും സ്വന്തം കാറിനെ വീടാക്കി മാറ്റി മാസങ്ങളോളം ഇന്ത്യയാകെ ചുറ്റി. രാജസ്ഥാൻ, പഞ്ചാബ്, ജമ്മു-കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലൂടെ കാർലൈഫും ആസ്വദിച്ച് ഇവരുടെ ഹ്യുണ്ടായ് ക്രെറ്റ മുന്നോട്ടുകുതിച്ചു.
കാറിെൻറ പിൻസീറ്റിൽ കിടക്ക സ്ഥാപിച്ച് അതിലായിരുന്നു ഉറക്കം. പാചകം ചെയ്യാൻ ഗ്യാസ് സ്റ്റൗവും മറ്റ് ഉപകരണങ്ങളുമുണ്ട്. രാത്രി ഉറങ്ങുേമ്പാൾ അകത്തെ ചൂട് കുറക്കാൻ പവർ ബാങ്കിൽ പ്രവർത്തിക്കുന്ന ഫാൻ സ്ഥാപിച്ചു. പെട്രോൾ പമ്പുകൾക്ക് സമീപം വാഹനം നിർത്തിയാണ് ഉറക്കം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഇവിടെ ലഭിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ താമസത്തിന് റൂം എടുത്തു.
ഹരികൃഷ്ണൻ തൃശൂർ കോലാഴി സ്വദേശിയും ലക്ഷ്മി വടക്കാഞ്ചേരി സ്വദേശിനിയുമാണ്. 2019ലായിരുന്നു ഇവരുടെ വിവാഹം. ബംഗളൂരുവിലെ ജോലി രാജിവെച്ചാണ് ഹരികൃഷ്ണൻ യാത്രക്കിറങ്ങിയത്.