‘അവൻ അമ്മക്കുട്ടിയാണ്’ എന്ന കളിയാക്കലുകൾ അവഗണിച്ച് ശരത് കൃഷ്ണൻ യാത്ര തുടരുന്നു, അമ്മയുടെ കൈപിടിച്ച്
text_fieldsഗീത രാമചന്ദ്രനും മകൻ ശരത് കൃഷ്ണനും ലഡാക്കിൽ
വീടിന്‍റെയും അടുക്കളയുടെയും തിരക്കുകളിൽ ഒതുങ്ങിപ്പോകുമായിരുന്ന ഒരമ്മയുടെ ലോകം, മകന്‍റെ കൈപിടിച്ച് ഇന്ന് ഭൂമിയോളം വിശാലമായിരിക്കുന്നു. അവരുടെ യാത്രാനുഭവങ്ങളിലൂടെ...
ഓരോ യാത്രയും ഒരമ്മയും മകനും ചേർന്നൊരുക്കുന്ന സ്നേഹത്തിന്‍റെ ആഘോഷമാണ്. തൃശൂർ സ്വദേശികളായ ഗീത രാമചന്ദ്രന്‍റെയും മകൻ ശരത് കൃഷ്ണന്‍റെയും ജീവിതം പറയുമ്പോൾ യാത്രകളെ മാറ്റിനിർത്താനാവില്ല.
വീടിന്‍റെയും അടുക്കളയുടെയും തിരക്കുകളിൽ ഒതുങ്ങിപ്പോകുമായിരുന്ന ഒരമ്മയുടെ ലോകം, മകന്‍റെ കൈപിടിച്ച് ഇന്ന് ഭൂമിയോളം വിശാലമായിരിക്കുന്നു. അവരുടെ യാത്രാനുഭവങ്ങളിലൂടെ ഒരു സഞ്ചാരം.
ജീവിതചര്യയാണ് യാത്ര
യാത്രകൾ ഇപ്പോൾ ഈ അമ്മക്കും മകനും ജീവിതത്തിന്‍റെ ഭാഗമാണ്. ‘ഇപ്പോൾ, യാത്ര ചെയ്തില്ലെങ്കിലാണ് അമ്മക്ക് വയ്യാതാവുന്നത്’ എന്ന് ശരത് ചെറുചിരിയോടെ പറയുന്നു. ഉത്തരേന്ത്യയിലെ കുംഭമേള മുതൽ ഉസ്ബെക്കിസ്താൻ വരെ നീളുന്നതാണ് ഇവരുടെ യാത്രാലോകം.
മുംബൈയിലേക്കായിരുന്നു ആദ്യത്തെ ഒന്നിച്ചുള്ള യാത്ര. തുടർന്ന് ഷിർദി, എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം അങ്ങനെ യാത്രകൾ നീണ്ടു. യാത്രകളോടുള്ള ഈ അടങ്ങാത്ത പ്രണയം ശരത്തിന് ഒരുപക്ഷേ പാരമ്പര്യമായി ലഭിച്ചതാവാം. യാത്രാവിവരണ ഗ്രന്ഥകാരൻ എം.കെ. രാമചന്ദ്രന്‍റെ മകനാണ് ശരത് കൃഷ്ണൻ. കോവിഡ് കാലത്തെ അടച്ചിരിപ്പിലാണ് അമ്മയുമൊത്തുള്ള യാത്രകൾ കോർത്തിണക്കി ‘അ’ എന്ന പുസ്തകം ശരത് എഴുതിത്തീർത്തത്.
‘‘എന്‍റെ ആയുസ്സിൽ ഇത്രയും വലിയൊരു ഭാഗ്യം വേറെ കിട്ടാനില്ല’’, യാത്രകളെക്കുറിച്ച് പറയുമ്പോൾ ഗീത രാമചന്ദ്രന്‍റെ വാക്കുകളിൽ സന്തോഷം നിറയുന്നു. പാടവും പുഴയുമുള്ള തൃശൂരിലെ ചേറ്റുപുഴയുടെ പ്രകൃതിരമണീയതയിൽ വളർന്ന ഗീതക്ക് ചെറുപ്പം മുതലേ യാത്രകൾ ഒരു ഹരമായിരുന്നു. എന്നാൽ, കുടുംബവും കുട്ടികളുമൊക്കെയായപ്പോൾ ആ സ്വപ്‌നങ്ങൾക്ക് വേഗത കുറഞ്ഞു. സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കൂടി.
ഈ ആഗ്രഹത്തിന്‍റെ കനൽ തിരിച്ചറിഞ്ഞത് മകൻ ശരത് കൃഷ്ണനായിരുന്നു. ‘‘നമ്മുടെയൊക്കെ അമ്മമാർ അവർക്കുവേണ്ടി ജീവിക്കാൻ മറന്നുപോയവരാണ്. വീട്, അടുക്കള, മറ്റു ഉത്തരവാദിത്തങ്ങൾ... ഇതിനിടയിൽ അവരുടെ ഇഷ്ടങ്ങൾ പലപ്പോഴും മൂടിവെക്കപ്പെടും. അമ്മയുടെ ഉള്ളിലും ഒരു സഞ്ചാരിയുണ്ടെന്ന് എനിക്കറിയാമായിരുന്നു’’ ശരത് പറയുന്നു.
ഇരുവരും ലഡാക്കിലെ കർദുങ്ല പാസിൽ
‘അ’ പുസ്തകവും അമ്മയെന്ന ലോകവും
അമ്മയുമൊത്തുള്ള യാത്രകൾ ശരത്തിന്‍റെ ജീവിതത്തിലെ അടയാളപ്പെടുത്തലുകൾ കൂടിയാണ്. ഈ അനുഭവങ്ങൾ കോർത്തിണക്കി ശരത് എഴുതിയ പുസ്തകമാണ് ‘അ’. അമ്മ എന്ന രണ്ടക്ഷരത്തിൽ ഒരു മകന് ലോകം എത്ര വലുതാണെന്ന് ആ പുസ്തകം പറയുന്നു.
‘‘ശരത്തിന്‍റെ കൈപിടിച്ച് പോകുമ്പോൾ ഞാൻ വളരെ സുരക്ഷിതയാണ്. എന്നെ അത്രയും നന്നായിട്ടാണ് അവൻ നോക്കുന്നത്. ഓരോ യാത്ര കഴിയുമ്പോഴും ആഗ്രഹം കൂടിക്കൂടി വരുകയാണ്. അടുത്തൊരു പ്രഭാതം ഇല്ലെങ്കിൽ എത്രയെത്ര കാഴ്ചകളാണ് എനിക്ക് നഷ്ടപ്പെടുക എന്നോർത്തുപോകും’’ ഗീതയുടെ വാക്കുകളിൽ യാത്രയോടുള്ള പ്രണയം വ്യക്തം.
വീട്ടിൽ പണ്ടേ സീരിയലുകൾക്ക് പകരം നാഷനൽ ജ്യോഗ്രഫിക് ചാനൽ കണ്ടിരുന്ന അമ്മയുടെ യാത്രാഭിമുഖ്യം ശരത് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, അമ്മയുടെ ഇഷ്ടങ്ങൾക്കാണ് യാത്രകളിൽ മുൻഗണന.
ചെറിയ നുണകൾ, വലിയ സന്തോഷങ്ങൾ
ഓരോ യാത്രയുടെ തുടക്കത്തിനും ഒരു കാരണമുണ്ടാകും. ഇവിടെ അത് സ്നേഹം നിറഞ്ഞ ചില കൊച്ചുകള്ളങ്ങളായിരുന്നു. യാത്രകൾക്ക് വരാൻ മടിച്ചിരുന്ന അമ്മയെ ശരത് ഒപ്പം കൂട്ടിയത് അത്തരം ചില നുണകൾ പറഞ്ഞാണ്. ആ തുടക്കത്തെക്കുറിച്ച് ഗീതയുടെ വാക്കുകളിൽ ഒരേ സമയം കൗതുകവും സന്തോഷവും നിറയുന്നു.
‘‘ആരെയും നോവിക്കാതെ, ആരെയും വിഷമിപ്പിക്കാത്ത, സന്തോഷം മാത്രം നൽകുന്ന കുഞ്ഞുകുഞ്ഞ് കള്ളങ്ങൾ കൊണ്ടാണ് ഞങ്ങൾ ഈ വലിയ സന്തോഷത്തിലേക്ക് എത്തിയത്. ശരത് കള്ളം പറഞ്ഞാണ് എന്നെ യാത്രക്ക് കൊണ്ടുപോയതെന്ന് സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു.
മുംബൈയിലേക്ക് സുഹൃത്തിന്‍റെ കുഞ്ഞിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞായിരുന്നു ഒരു യാത്ര. മറ്റൊരിക്കൽ വാരാണസിക്ക് ടിക്കറ്റിന് വലിയ വിലക്കുറവാണെന്ന് പറഞ്ഞു. അങ്ങനെയുള്ള ചെറിയ നുണകളിലാണ് എന്‍റെ യാത്രകൾ തുടങ്ങിയത്. പിന്നീട് ചിന്തിക്കുമ്പോൾ, ആ കള്ളങ്ങൾ വലിയ അനുഗ്രഹമായിരുന്നു. എന്‍റെ ആയുസ്സിൽ ഇത്രയും വലിയ ഭാഗ്യം വേറെ കിട്ടാനില്ല’’.
ലഡാക്കിലെ മഞ്ഞും മനുഷ്യരും
ഇരുവരുടെയും ഹൃദയം കവർന്ന ഇടമാണ് ലഡാക്ക്. ലഡാക്കിലെ ഹോംസ്റ്റേയിലെ അനുഭവം ശരത് ഓർക്കുന്നു: ‘‘അധൂസ് എന്നയാളുടെ ഹോംസ്റ്റേയിൽ ഒരാഴ്ച താമസിച്ചു. മുറിയിലെ കർട്ടൻ മാറ്റിയാൽ കാണുന്നത് മഞ്ഞുമലനിരകളാണ്. മരത്തിൽനിന്ന് ഫ്രഷ് ആപ്പിൾ പൊട്ടിച്ചു കഴിക്കാം. പോരുന്ന ദിവസം അദ്ദേഹം ഞങ്ങൾക്ക് ആപ്പിളും ബ്രഡും ജാമും ഒക്കെ തന്നുവിട്ടു. അത്രയേറെ സ്നേഹവും ബഹുമാനവുമുള്ള മനുഷ്യരാണ് അവിടെ’’.
ഇന്ത്യയുടെ അവസാനത്തെ ചായക്കട സ്ഥിതി ചെയ്യുന്ന മനാഗ്രാമത്തിൽ അനൂപ് എന്ന ഗ്രാമീണനായ പയ്യൻ അവർക്ക് വഴികാട്ടിയായതും പിന്നീട് ഉത്തരാഖണ്ഡിലെ ബാബാജി ഗുഹയിലേക്കുള്ള യാത്രയിൽ വഴിതെറ്റിയപ്പോൾ ഒരു നായ് വഴികാട്ടിയായി വന്നതുമെല്ലാം യാത്രയിലെ മറക്കാനാവാത്ത നിമിഷങ്ങളാണ്.
വിമർശനങ്ങളെ അവഗണിച്ച്
അമ്മയുടെ കൈപിടിച്ച് യാത്ര ചെയ്യുന്നതിനെ ‘അവൻ അമ്മക്കുട്ടിയാണ്’ എന്നൊക്കെ ചിലർ കളിയാക്കാറുണ്ട്. എന്നാൽ, അതൊന്നും ശരത്തിനെ ബാധിക്കുന്നില്ല.
‘‘എന്നെ സ്നേഹിക്കുന്നവരോട് ഞാനും സ്നേഹത്തോടെ പെരുമാറും, മോശമായി പെരുമാറുന്നവരിൽനിന്ന് ഒഴിഞ്ഞുമാറും. അതാണ് എന്‍റെ രീതി’’ ശരത് നിലപാട് വ്യക്തമാക്കുന്നു.
ഇന്ന് ശരത്തിന്‍റെയും ഗീതയുടെയും യാത്രകൾ ഒരുപാട് പേർക്ക് പ്രചോദനമാണ്. ‘ഇൻസ്പയേർഡ് ബൈ ശരത് കൃഷ്ണൻ’ എന്ന് കാണുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്ന് ശരത് പറയുന്നു.
യാത്ര കൂട്ടുകാർക്കൊപ്പവും
ശരത്തിന്‍റെ യാത്രാലോകം അമ്മയിൽ മാത്രം ഒതുങ്ങുന്നില്ല. ആ ലോകം വളർത്തിയത് സൗഹൃദങ്ങൾ കൂടിയാണ്. ‘‘ഇവൻ യാത്ര പോയി വരുന്നതിനേക്കാൾ ഭംഗിയായി ആ സ്ഥലങ്ങളെക്കുറിച്ച് എനിക്ക് വിശദീകരിച്ചുതരുന്നത് ഇവന്‍റെ കൂട്ടുകാരാണ്’’ ഗീത ചിരിയോടെ പറയുന്നു.
ശരത്തിന്‍റെ യാത്രാഭ്രാന്തിന് തിരികൊളുത്തിയത് സ്കൂൾ കാലത്തെ കൂട്ടുകാരൻ ഹരിയാണ്. ഹരിക്കൊപ്പമാണ് അതിരപ്പിള്ളി, മൂന്നാർ പോലുള്ള സ്ഥലങ്ങളിലേക്ക് ആദ്യം പോയിത്തുടങ്ങിയത്. അതാണ് പിന്നീട് വലിയ യാത്രകളിലേക്ക് വളർന്നത്. സുഹൃത്തുക്കളുമൊത്തുള്ള യാത്രകളും അമ്മയോടൊപ്പമുള്ള യാത്രകളും ശരത്തിന് ഒരുപോലെയാണ്.
കാണാത്ത കാഴ്ചകളിലേക്ക്
ശരത്തിന്‍റെ യാത്രാ ചെക്ക്‌ലിസ്റ്റിലെ സ്ഥലങ്ങൾ ഏറക്കുറെ കണ്ടുതീർന്നെങ്കിലും സ്വപ്നങ്ങൾക്ക് അവസാനമില്ല. ഫിൻലൻഡിലുള്ള സഹോദരിയുടെ അടുത്തേക്കാണ് അടുത്ത യാത്ര പ്ലാൻ ചെയ്യുന്നത്. ‘‘മക്കളിൽനിന്ന് ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല. ലോകം കാണണമെന്ന എന്‍റെ ആഗ്രഹം നടക്കുന്നു, അതുതന്നെ വലിയ ഭാഗ്യം’’ ഗീത പറയുന്നു.
‘‘എല്ലാവരോടും ഒന്നേ പറയാനുള്ളൂ, എത്രയും പെട്ടെന്ന് യാത്രകൾ തുടങ്ങുക. നമ്മുടെ പ്രിയപ്പെട്ടവർ കൂടെയുള്ളപ്പോൾതന്നെ അവരുമായി ലോകം കാണുക. അവർ പോയിക്കഴിഞ്ഞിട്ട് കരഞ്ഞിട്ട് കാര്യമില്ല’’ -ഇത്രയും പറഞ്ഞുനിർത്തി അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളിലേക്ക് ശരത് നീങ്ങി.