Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_right‘മഴക്കാലത്ത് വാഹനം...

‘മഴക്കാലത്ത് വാഹനം കഴുകേണ്ട എന്ന് കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് പണി കിട്ടും’ -അറിയാം, മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

text_fields
bookmark_border
‘മഴക്കാലത്ത് വാഹനം കഴുകേണ്ട എന്ന് കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് പണി കിട്ടും’ -അറിയാം, മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
cancel

മഴക്കാലമെത്തിയാൽ കിടിലൻ വൈബുള്ള വഴികളിലൂടെ യാത്ര പോകാനും നനയാനും ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും.

എന്നാൽ, വാഹനങ്ങൾക്ക് മഴക്കാലം അത്ര വൈബ് കാലമല്ല. വാഹന ഉടമകൾക്ക് ‘ചങ്കിടിപ്പേറുന്ന’ സീസണാണ്. മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

വൈപ്പർ പരിശോധിക്കാം

എത്ര ആധുനിക ഫീച്ചർ ഉള്ള കാറാണ് നിങ്ങളുടേതെങ്കിലും മഴക്കാലത്ത് വൈപ്പർ ബ്ലേഡിന്‍റെ കണ്ടീഷൻ മോശമാണെങ്കിൽ പണി കിട്ടാൻ സാധ്യത ഏറെയാണ്. കടുത്ത വേനലിൽ ആരും അത്രകണ്ട് മൈൻഡ് ചെയ്യാത്ത വൈപ്പർ ഉണങ്ങി വരണ്ട് േബ്ലഡിന്‍റെയും റബർപാർട്സിന്‍റെയും ശേഷി ദുർബലമാകാനിടയുണ്ട്.

മഴക്കാലം ശക്തിയാർജിക്കാൻ കാത്തുനിൽക്കാതെ വൈപ്പർ പരിശോധിച്ച് പ്രവർത്തിപ്പിച്ചുനോക്കി പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കി മാത്രമേ വാഹനം പുറത്തിറക്കാവൂ.

വിൻഡ് സ്ക്രീനിലെ ഫോഗ്

പുറത്തെ താപനിലയും കാറിനുള്ളിലെ താപനിലയും യോജിക്കാതെ വരുമ്പോൾ വിൻഡ്സ്ക്രീനിൽ ഫോഗ് (മഞ്ഞ്) പിടിക്കുന്നത് ഇതോടനുബന്ധിച്ച മറ്റൊരു പ്രതിസന്ധിയാണ്. ഡീഫ്രോസ്റ്റർ, ഫ്രെഷ് എയർമോഡ് ഫലപ്രദമായി പ്രവർത്തിപ്പിക്കുകയും റീ സർക്കുലേഷൻ മോഡ് ഒഴിവാക്കുകയും ഒരുരക്ഷയുമില്ലെങ്കിൽ നാല് വിൻഡോ ഗ്ലാസും അൽപനേരം തുറന്ന് അടയ്ക്കുന്നത് ആവർത്തിക്കുകയും ചെയ്യുന്നത് ഉപകാരപ്പെട്ടേക്കാം.

മഴ പെയ്യുമ്പോള്‍ വിൻഡ് ഷീല്‍ഡുകളില്‍ പുകപടലം നിറയും. റോഡില്‍നിന്നും മറ്റും തെറിക്കുന്ന ചളിയും എണ്ണയും കലര്‍ന്ന മിശ്രിതം വിൻഡ് ഷീല്‍ഡില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകും. വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇത് പടരുന്നത് കാഴ്ചക്ക് തടസ്സം സൃഷ്ടിക്കും. അതിനാല്‍ നല്ല ഗ്ലാസ് ക്ലീനറുകൾ ഉപയോഗിച്ച് വിൻഡ് ഷീല്‍ഡ് കഴുകി വൃത്തിയാക്കണം. ഇത്തരം ഒരു ബോട്ടിൽ വാഹനത്തിൽ സൂക്ഷിക്കുന്നത് മഴക്കാലത്ത് ഗുണം ചെയ്യും.


ബ്രേക്ക് പരിശോധിക്കാം

യാത്ര തുടങ്ങുംമുമ്പ് ബ്രേക്ക് പരിശോധിക്കുന്നത് നല്ലതാണ്. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കില്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടി ഫസ്റ്റ് ഗിയറില്‍ തന്നെയോടിക്കാം.

അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടിപ്പിടിച്ച് കുറച്ച് ദൂരം ഓടിച്ചശേഷം ഒന്നുരണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പുവരുത്തണം.

ഇരുചക്ര വാഹനങ്ങളുടെ ഡിസ്‌ക് ബ്രേക്ക് ക്ലീന്‍ ചെയ്ത് സൂക്ഷിച്ചാൽ മതി. ഡ്രം ബ്രേക്കുള്ള ബൈക്കും സ്കൂട്ടറും കൂടുതൽ അപകടകാരികളാകും മഴയത്ത്. എ.ബി.എസും സ്ലിപ് അസിസ്റ്റ് ക്ലച്ചും ട്രാക്ഷൻ കൺട്രോൾ സംവിധാനവുമുള്ള ആധുനിക മോഡൽ ബൈക്കുകളെ അപേക്ഷിച്ച് ഡ്രം ബ്രേക്ക് മാത്രമുള്ള ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ എത്ര അറിയാവുന്ന വഴിയിലൂടെയാണ് യാത്രയെങ്കിലും പിടിച്ചാൽ കിട്ടുന്ന വേഗത്തിൽ മാത്രം ഓടിക്കുക. ഡ്രം ബ്രേക്ക് ഉള്ള വാഹനങ്ങൾ വെള്ളക്കെട്ടുകളിൽ കയറിയിറങ്ങുമ്പോൾ ബ്രേക്ക് ചവിട്ടി ശേഷി പരിശോധിക്കണം.

തുരുമ്പും വില്ലനാണ്

വാഹനങ്ങളുടെ ബാറ്ററി ടെര്‍മിനലുകളില്‍ തുരുമ്പ് അല്ലെങ്കില്‍ ക്ലാവ് അടിഞ്ഞുകൂടാൻ സാധ്യത ഏറെയാണ്. ബോഡിയില്‍ സ്‌ക്രാച്ച് വീണിട്ടുണ്ടെങ്കില്‍ മഴക്കാലത്തിന് മുമ്പ് അത് ടച്ച് ചെയ്യിക്കുക. ഇത് തുരുമ്പെടുക്കുന്നത് ഒഴിവാക്കും. വാഹനത്തിന്റെ ഉള്‍വശത്തും അടിയിലും റസ്റ്റ് പ്രൂഫ് പെയിന്റിങ് ചെയ്യുന്നതും നല്ലതാണ്.

ഉറപ്പാക്കാം, ടയറിന്റെ കാര്യക്ഷമത

മഴക്കാലത്ത് വാഹനങ്ങളില്‍ ഗ്രിപ്പുള്ള ടയറുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. തേയ്മാനം സംഭവിച്ച ടയറുകള്‍ കാര്യക്ഷമമായ ബ്രേക്കിങ് നല്‍കില്ല. എയര്‍ പ്രഷര്‍ സമയാസമയങ്ങളിൽ പരിശോധിക്കണം.

പഴക്കമേറെ ചെന്ന ടയറുകൾ അപകടം ക്ഷണിച്ചുവരുത്തും. ടയർ പൊട്ടിത്തെറിച്ചും ഊരിച്ചാടിയും അപകടമുണ്ടാകാം.

പരിശോധിക്കാം, ലൈറ്റും ഇൻഡിക്കേറ്ററും

വാഹനത്തിലെ ലൈറ്റുകളുടെയും ഇൻഡിക്കേറ്ററുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമായിരിക്കണം. ശക്തമായ മഴയത്ത് ഹൈബീം ഹെഡ്‌ലാമ്പുകള്‍ ഉപയോഗിക്കരുത്. എതിരെ വരുന്ന വാഹനങ്ങൾ ദൃശ്യമായാലുടൻ ഡിം മോഡിൽ ഫ്ലാഷടിച്ച് അവരെയും ഡിം അടിപ്പിക്കാൻ പ്രേരിപ്പിക്കുക.

ഫോഗ് ലൈറ്റ് ഉള്ള വാഹനങ്ങളില്‍ അത് തെളിക്കാം. റോഡിലുള്ള മാര്‍ക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും ബ്രേക്കിടുമ്പോള്‍ പാളാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക.

നിസ്സാരമല്ല, ടൂള്‍ കിറ്റ്

വാഹനത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ട ടൂള്‍ കിറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. ജാക്കി, സ്‌ക്രൂ ഡ്രൈവറുകള്‍, റിഫ്ലക്ടര്‍ തുടങ്ങിയ അവശ്യസാധനങ്ങളും കരുതാം. ടയർ പഞ്ചറായാൽ ആരെയും ആശ്രയിക്കാതെ സ്റ്റെപ്പിനി ഘടിപ്പിക്കാനൊക്കെ അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.

നിര്‍ബന്ധമായും കാറിലൊരു കുട കരുതണം. പഴയ പത്രക്കടലാസുകൾ കരുതുന്നത് അവശ്യ ഘട്ടത്തില്‍ വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കാനും സഹായിക്കും.

വാഹനത്തിൽ വെള്ളം കയറിയാൽ

വെള്ളം കയറിയാൽ ഒരു കാരണവശാലം വാഹനം സ്റ്റാര്‍ട്ടാക്കരുത്. ഇഗ്നീഷന്‍ പോലും ഓണ്‍ ആക്കാതിരുന്നാല്‍ അത്രയും നല്ലത്. സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിലേക്ക് വെള്ളം ഇരച്ചുകയറുകയും എൻജിൻ തകരാറുണ്ടാവുകയുമാണ് ഫലം.

വെള്ളം കയറിയ കാറിന്റെ എൻജിൻ ഓയിൽ നിർബന്ധമായും മാറ്റണം. ഒന്നിലധികം തവണ ഓയില്‍ മാറ്റി എൻജിൻ വൃത്തിയാക്കണം. എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയത് ഘടിപ്പിക്കണം. എൻജിനിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാം എയർ ഇൻടേക്കുകളും വൃത്തിയാക്കണം. വാഹനത്തിന്റെ ഫ്യൂസുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതാണ് നല്ലത്.

ശ്രദ്ധിക്കണം, ഇക്കാര്യങ്ങളിൽ

● രാത്രിയിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യുക, തിരിയേണ്ട ഭാഗത്തേക്കുള്ള ഇൻഡിക്കേറ്റർ കൃത്യമായി ഇട്ടശേഷം പുറകിലെയോ എതിർവശത്തുനിന്നോ ഉള്ള വാഹനങ്ങളെ പരിഗണിച്ച് മാത്രം നമ്മുടെ വാഹനം തിരിക്കുക.

● ഓടിക്കൊണ്ടിരിക്കുമ്പോൾ വൈപ്പർ വാഷ് ഓൺ ചെയ്യുമ്പോൾ പുറകിൽ ഇരുചക്ര വാഹനമില്ലെന്ന് ഉറപ്പാക്കുക.

● ഓടുന്ന വാഹനത്തിലിരുന്ന് അലക്ഷ്യമായി തുപ്പാതിരിക്കുക.

● വാഹനം അരികിൽ ഒതുക്കി നിർത്തി ഡോർ തുറക്കുംമുമ്പ് പുറകിൽനിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പുവരുത്തുക.

● ലൈൻ ട്രാഫിക്കുള്ള റോഡുകളിൽ ട്രാക്ക് മാറുമ്പോൾ കൃത്യമായി അകലം പാലിക്കുകയും ഓവർടേക്ക് ചെയ്യാൻ മാത്രം വലതുവശത്തെ ട്രാക്ക് ഉപയോഗിക്കുകയും ചെയ്യുക.

● കാൽനടക്കാർ സീബ്രാക്രോസിങ്ങിൽ മൊബൈൽ ഫോണിൽ സംസാരിച്ചും പാട്ടുകേട്ടും റോഡ് മുറിച്ചുകടക്കുന്നത് നിർബന്ധമായും ഒഴിവാക്കുക.

● പോക്കറ്റ് റോഡുകളിൽനിന്ന് പ്രധാന പാതയിലേക്ക് പ്രവേശിക്കുമ്പോൾ മെയിൻ റോഡിലെ വാഹനങ്ങൾക്കാണ് മുൻഗണന.

● മഴയത്ത് ലൈഫ് കുറയുന്നതിനാൽ ഇരുചക്ര വാഹനത്തിന്‍റെ ചെയിൻ ലൂബ് കൃത്യമായി ചെയ്യുക. മഴക്കോട്ട്, ടവ്വൽ, ചെറിയൊരു മാഗ്നറ്റ് ടൈപ്പ് ടോർച്ച്/ ഫ്ലാഷ് ലൈറ്റ് ഉൾപ്പെടെയുള്ളവ കരുതാനും ഇരുചക്ര വാഹനമോടിക്കുന്നവർ മറക്കരുത്.

ഒറ്റച്ചവിട്ടും മുട്ടിയുരുമ്മലും വേണ്ട

കോരിച്ചൊരിയുന്ന മഴയത്ത് കാഴ്ചയുടെ പ്രശ്‌നം ചിലര്‍ക്കെങ്കിലും നേരിടേണ്ടിവന്നേക്കാം. ആ സമയങ്ങളില്‍ സഡന്‍ ബ്രേക്ക് ചെയ്യുമ്പോള്‍ പിന്നില്‍ വരുന്ന വാഹനങ്ങള്‍ നമ്മുടെ വാഹനത്തിൽ ഇടിക്കാൻ സാധ്യതയുണ്ട്.

നിശ്ചിത അകലം പാലിച്ച് മാത്രമേ പോകാവൂ. തൊട്ടുമുന്നിൽ പോകുന്ന വാഹനത്തിന്‍റെ പുറകിലെ രണ്ട് ടയറുകൾ നമ്മുടെ വാഹനത്തിന്‍റെ ഡ്രൈവിങ് സീറ്റിലിരുന്നാൽ കാണാൻ സാധിക്കണം. ഈര്‍പ്പംമൂലം ബ്രേക്കിങ് ക്ഷമത പൊതുവെ കുറയുമെന്നതിനാല്‍ മുന്നിലെ വാഹനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നില്‍ക്കണമെന്നില്ല. കൂടാതെ, മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവര്‍ത്തിക്കണമെന്ന് നിർബന്ധവുമില്ല. ഇതൊന്നും ശ്രദ്ധിക്കാതെ തൊട്ടുപുറകിൽ ചവിട്ടി വിട്ടാൽ നാം പ്രതീക്ഷിക്കുന്ന ഗ്യാപ്പിൽ വണ്ടി നിൽക്കണമെന്നില്ല.

വെള്ളക്കെട്ടിൽ സാഹസം വേണ്ട

റോഡില്‍ വെള്ളക്കെട്ട് ഉള്ളപ്പോള്‍ (അത് ചെറിയ അളവിലാണെങ്കിലും) മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവര്‍ത്തനം അഥവാ അക്വാപ്ലെയിനിങ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

ഇനി വെള്ളക്കെട്ടിലൂടെ ഓടിക്കേണ്ട അവസ്ഥ വരികയും വെപ്രാളത്താൽ വാഹനം നിന്നുപോവുകയും ചെയ്താൽ പിന്നീട് എൻജിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. മറ്റുള്ളവരുടെ സഹായത്തോടെ തള്ളി മാറ്റാം. വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക.

ഒതുക്കി നിർത്തിയും സുരക്ഷിതരാകാം

അതിശക്തമായ മഴയത്ത് ഡ്രൈവിങ് ദുഷ്കരമെങ്കിൽ മരങ്ങളോ വൈദ്യുത ലൈനുകളോ ഇല്ലാത്ത, മലഞ്ചെരിവ് അല്ലാത്ത റോഡരികില്‍ ഹസാര്‍ഡ് വാണിങ് ലൈറ്റ് ഓണ്‍ ചെയ്ത് സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതും നല്ലതാണ്.

അപരിചിത റോഡുകൾ ഒഴിവാക്കാം

മഴക്കാലത്ത് അപരിചിത റോഡുകള്‍ ഒഴിവാക്കി യാത്ര ചെയ്യുന്നതാണ് നല്ലത്. ഇനി ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഇത്തരം സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കുമ്പോള്‍ പരമാവധി വേഗം കുറക്കണം.

റോഡിന്റെ ഇരുവശങ്ങളിലുമാകും വെള്ളം കൂടുതല്‍ കെട്ടിനില്‍ക്കുക. മധ്യഭാഗത്തിലൂടെ വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുന്നത് നന്നാകും.

വാഹനം കഴുകുന്നത് ശീലമാക്കാം

മഴക്കാലമാകുമ്പോൾ പിന്നെ വാഹനം ഫുൾ വെള്ളത്തിലല്ലേ, കഴുകേണ്ട കാര്യമില്ല എന്ന ചിന്ത വേണ്ട. വാഹനം ആഴ്ചയില്‍ രണ്ടുതവണയെങ്കിലും കഴുകി വൃത്തിയാക്കണം. അല്ലാത്തപക്ഷം ചളിയും മറ്റും അടിഞ്ഞുകൂടി വാഹന ഭാഗങ്ങൾ തുരുമ്പിക്കാൻ സാധ്യതയുണ്ട്.

കുട ചൂടി യാത്ര വേണ്ട

മഴയത്ത് ഒരിക്കലും കുട ചൂടി ഇരുചക്ര വാഹനം ഓടിക്കരുത്. കാറ്റില്‍ കുട ചരിയുന്നത് കാഴ്ചയെ തടസ്സപ്പെടുത്തും. ബൈക്ക് നിയന്ത്രണം തെറ്റി വീഴാനും ഇടയുണ്ട്. പിന്‍സീറ്റിലിരുന്ന് കുടപിടിക്കുന്നതും അപകടക്കെണിയാണ്.

Show Full Article
TAGS:Driving Rain 
News Summary - Things to keep in mind while driving during the rainy season
Next Story