ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടാൽ, ലഗേജ് നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങൾ
text_fieldsഇന്ത്യയിൽ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാമാർഗമാണ് ട്രെയിൻ. ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...
ഇന്ത്യയിൽ വിവിധ തരത്തിലുള്ള 9000ത്തോളം ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്. അവയെ വേഗവും സൗകര്യങ്ങളുമനുസരിച്ച് വിവിധ ഇനങ്ങളാക്കി തിരിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനാണ് വന്ദേ ഭാരത്. തുരന്തോ എക്സ്പ്രസുകളും രാജധാനി എക്സ്പ്രസുകളുമാണ് മറ്റു വേഗം കൂടിയ ട്രെയിനുകൾ. വേഗത്തിൽ അടുത്ത സ്ഥാനങ്ങൾ ശതാബ്ദി, ജനശതാബ്ദി, ഗരീബ് രഥ് ട്രെയിനുകള്‍ക്കാണ്.
സൂപ്പർഫാസ്റ്റ് മെയിൽ/എക്സ്പ്രസ്, മെയിൽ/എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചർ, പാസഞ്ചർ എന്നിവയാണ് മറ്റു ട്രെയിനുകൾ. നഗരങ്ങളിൽ പ്രത്യേക നഗരപ്രാന്ത ട്രെയിനുകളും നിലവിലുണ്ട്. ഇത്തരം സർവിസുകളിൽ പ്രധാനപ്പെട്ടതാണ് മെട്രോ ട്രെയിനുകള്‍.
യാത്രാസേവനങ്ങള്‍ക്ക് പുറമേ ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്.
ടിക്കറ്റ് ബുക്കിങ്
ട്രെയിൻ യാത്രക്കായി സ്റ്റേഷനുകളിൽ നേരിട്ടെത്തി ടിക്കറ്റെടുക്കുന്ന സംവിധാനമാണ് ഭൂരിഭാഗം പേരും തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ദീർഘദൂര യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതാണ് നല്ലത്. ടിക്കറ്റ് ബുക്കിങ്ങിന് നിരവധി ആപ്പുകളും പോർട്ടലുകളും നിലവിലുണ്ട്. ട്രാവൽ ഏജൻസികൾ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം.
ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ഐ.ആർ.സി.ടി.സിയുടെ https://www.irctc.co.in/nget/train-search പോർട്ടൽ വഴിയും https://indianrailways.gov.in/ എന്ന പോർട്ടൽ വഴിയും റെയിൽ വൺ ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ, റെയിൽ യാത്രി പോർട്ടൽ, പേടിഎം, ഇക്സിഗോ, മേക്ക് മൈ ട്രിപ്, റെഡ് ബസ് തുടങ്ങിയവ വഴിയും ടിക്കറ്റെടുക്കാം. ജനറൽ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ യു.ടി.എസ് ആപ് വഴിയും സ്റ്റേഷനുകളിലെ എ.ടി.വി.എം മെഷീനുകൾ വഴിയും വാങ്ങാം. യാത്രയിൽ ടിക്കറ്റിന് പുറമേ തിരിച്ചറിയൽ കാർഡും കൈയിൽ കരുതാൻ ശ്രദ്ധിക്കണം.
വിദ്യാർഥികൾ, അംഗപരിമിതർ, രോഗികൾ എന്നിവർക്ക് ടിക്കറ്റ് നിരക്കിൽ ആനുകൂല്യങ്ങളുണ്ട്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. അഞ്ചിനും 12നും ഇടയിലുള്ള കുട്ടികൾക്ക് പ്രത്യേക ബെർത്ത് അല്ലെങ്കിൽ സീറ്റ് ആവശ്യമില്ലെങ്കിൽ മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്കിന്‍റെ പകുതി നൽകിയാൽ മതിയാകും.
വിൻഡോ സീറ്റ്, ഇഷ്ടമുള്ള ബെർത്ത് തുടങ്ങിയവ വേണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അതിനായി പ്രിഫറൻസ് നൽകണം. ബുക്ക് ചെയ്ത ടിക്കറ്റ് ടിക്കറ്റ് കാൻസൽ ചെയ്യുമ്പോൾ റീഫണ്ടിന് യോഗ്യതയുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ കാൻസൽ ചെയ്താൽ മാത്രമാണ് റീഫണ്ട് ലഭിക്കുക.
വെയിറ്റിങ് ലിസ്റ്റ്
ട്രെയിനിലെ എല്ലാ സീറ്റുകളും ബെർത്തുകളും മറ്റുള്ളവർ ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ‘വെയിറ്റിങ് ലിസ്റ്റ്’ ടിക്കറ്റാണ് ലഭിക്കുക. മറ്റു യാത്രികർ ടിക്കറ്റ് റദ്ദാക്കിയാലാണ് വെയിറ്റിങ് ലിസ്റ്റിലെ നിങ്ങളുടെ ടിക്കറ്റ് സ്ഥിരീകരിക്കുക.
ആർ.എ.സി ടിക്കറ്റുകൾ
ആർ.എ.സി (റിസർവേഷൻ എഗൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റുകളിൽ ഒരു ബെർത്തിൽ രണ്ടു യാത്രികർക്ക് യാത്രചെയ്യാൻ അനുവാദമുണ്ട്. സ്ഥിരീകരിച്ച ടിക്കറ്റുള്ളവർ യാത്ര ചെയ്യുന്നില്ലെങ്കിൽ, അവരുടെ ബെർത്ത് മറ്റു യാത്രികർക്ക് ആർ.എ.സി ആയി നൽകും.
തത്കാൽ ടിക്കറ്റുകൾ
അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കായി ടിക്കറ്റുകൾ ലഭ്യമാക്കാനുള്ള റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. ഏകദേശം എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തത്കാലിനായി നീക്കിവെക്കാറുണ്ട്.
ഐ.ആർ.സി.ടി.സി അക്കൗണ്ടും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചവർക്കാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക. പാസഞ്ചർ റിസർവേഷൻ കൗണ്ടറുകൾ വഴിയും അംഗീകൃത ഏജന്‍റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഐ.ആർ.സി.ടി.സി തത്കാൽ ഓട്ടോമേഷൻ ടൂൾ വഴിയും എളുപ്പത്തിൽ ടിക്കറ്റെടുക്കാം. യാത്രക്കാരുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നൽകിയാണ് ബുക്കിങ് പൂർത്തിയാക്കേണ്ടത്. യാത്രക്ക് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാൻ സാധിക്കൂ.
പ്ലാറ്റ്ഫോം ടിക്കറ്റുകൾ
യാത്രക്കാരല്ലാത്തവർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കുമ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കണം. സ്റ്റേഷനിൽനിന്ന് നേരിട്ടോ യു.ടി.എസ്, റെയിൽ വൺ ആപ്പുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങാം.
റെയിൽ വൺ ആപ്
പല ആപ്പുകളിലും പോർട്ടലുകളിലുമായി ലഭിച്ചിരുന്ന റെയിൽവേയുടെ വിവിധ സേവനങ്ങൾ ‘റെയിൽ വൺ’ എന്ന ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും. ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾക്ക് ഇനി ഈ ആപ്പിനെ ആശ്രയിച്ചാൽ മതിയാകും. റെയിൽ കണക്ട്, യു.ടി.എസ് ആപ്പുകളുടെ ഉപഭോക്താക്കൾക്ക് അതിലെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
വിവിധ ക്ലാസുകൾ
യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള ക്ലാസുകളിൽ യാത്ര ചെയ്യാനുള്ള സൗകര്യം റെയിൽവേ ഒരുക്കിയിട്ടുണ്ട്. യാത്രയുടെ സ്വഭാവം, ദൈർഘ്യം, സാമ്പത്തികം, കാലാവസ്ഥ എന്നിവയെ അടിസ്ഥാനമാക്കിയാണ് ട്രെയിൻ ക്ലാസുകൾ തിരഞ്ഞെടുക്കേണ്ടത്.
1. യു.ആർ -ജനറൽ ക്ലാസ്
ട്രെയിൻ യാത്രകളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ക്ലാസാണ് ജനറൽ. ടിക്കറ്റ് റിസർവ് ചെയ്യാതെ, റെയിൽവേ സ്റ്റേഷനുകളിൽനിന്ന് നേരിട്ട് വാങ്ങി യാത്ര ചെയ്യാം. ഏറ്റവും വില കുറഞ്ഞ ടിക്കറ്റായതുകൊണ്ടും എളുപ്പത്തിൽ എല്ലാവർക്കും ലഭിക്കുന്നതിനാലും സീറ്റ് ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല എന്നതാണ് ഈ ക്ലാസിന്‍റെ പ്രധാന പോരായ്മ. സ്ത്രീകൾക്ക് മാത്രം യാത്ര ചെയ്യാനാവുന്ന ലേഡീസ് കമ്പാർട്ട്മെന്‍റും ജനറൽ ക്ലാസിൽ ഉൾപ്പെടുന്നു.
2. സെക്കൻഡ് സിറ്റിങ് (2S)
ചെലവുകുറഞ്ഞ പകൽ യാത്രകൾക്ക് അനുയോജ്യമായ ക്ലാസാണ് സെക്കൻഡ് സിറ്റിങ്. ഏകദേശം എല്ലാ ട്രെയിനുകളിലും സെക്കൻഡ് സിറ്റിങ് ക്ലാസ് ഉൾപ്പെടുത്തിയിട്ടുണ്ട്. റിസർവ്ഡ് സീറ്റുകളും അൺ റിസർവ്ഡ് സീറ്റുകളുമുള്ള ഈ ക്ലാസിൽ ഇരിക്കാൻ മാത്രമുള്ള സൗകര്യമാണ് ലഭിക്കുക.
3. സ്ലീപ്പർ ക്ലാസ് (SL)
രാത്രിയാത്രകൾക്ക് കുറഞ്ഞ ചെലവിലുള്ള ഓപ്ഷനാണ് സ്ലീപ്പർ ക്ലാസുകൾ. ടിക്കറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് കിടന്നു യാത്ര ചെയ്യാനുള്ള സൗകര്യമാണ് ലഭിക്കുക. രാത്രി 10 മുതല്‍ രാവിലെ ആറുവരെയാണ് ബെര്‍ത്തുകളില്‍ ഉറങ്ങാനുള്ള സമയം. ബാക്കിയുള്ള സമയമെല്ലാം ഇരുന്നു യാത്ര ചെയ്യാം.
4. എ.സി ചെയർ (സി.സി)
ചെറിയ ദൂരയാത്രകൾക്ക് അനുയോജ്യമാണ് എ.സി ചെയർ ക്ലാസ്. എ.സി സൗകര്യമുള്ള കോച്ചിൽ 3-ബൈ-2 സീറ്റിങ് ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.
5. തേർഡ് എ.സി ഇക്കോണമി (3E)
കുറഞ്ഞ ചെലവിൽ എ.സി സൗകര്യത്തോടെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഈ കോച്ച് തിരഞ്ഞെടുക്കാം. സാധാരണക്കാർക്കും എ.സി കോച്ചുകളിൽ യാത്ര ചെയ്യാൻ അവസരമൊരുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ക്ലാസ് ആരംഭിച്ചത്. എന്നാൽ, എല്ലാ ട്രെയിനുകളിലും ഈ കോച്ച് ലഭ്യമല്ല.
6. തേർഡ് എ.സി/എ.സി ത്രീ-ടയർ (3A)
എ.സി സൗകര്യത്തോടെ മിതമായ നിരക്കിൽ ദൂരയാത്രക്ക് അനുയോജ്യമായ ക്ലാസാണിത്. ഓരോ കാബിനിലും എട്ടു ബെർത്തുകൾ വീതമാണുണ്ടാവുക. യാത്രക്കാർക്ക് പുതപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ക്ലാസിൽ ലഭിക്കും. എ.സിയുള്ള എല്ലാ ട്രെയിനുകളിലും ഈ കോച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്.
7. സെക്കൻഡ് എ.സി/ എ.സി ടു-ടയർ (2A)
കോച്ചിലെ ധാരാളം സ്ഥലമാണ് ഈ ക്ലാസിന്‍റെ പ്രധാന ആകർഷണം. ഒരു കാബിനിൽ ആറു ബെർത്തുകളാണുണ്ടാവുക. യാത്രക്കാർക്ക് പുതപ്പും പ്രൈവസി കർട്ടനുകളും റീഡിങ് ലൈറ്റുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭിക്കും.
8. എ.സി എക്സിക്യൂട്ടിവ് ക്ലാസ് (EC)
ഇന്ത്യൻ ട്രെയിനുകളിലെ ഏറ്റവും മികച്ച ക്ലാസുകളിൽ ഒന്നാണിത്. എ.സി എക്സിക്യൂട്ടിവ് ക്ലാസിനെ പലരും വിമാനത്തിലെ ബിസിനസ് ക്ലാസിനോട് ഉപമിക്കാറുണ്ട്. 2-ബൈ-2 ഇരിപ്പിടങ്ങളുള്ള ഈ ക്ലാസിൽ ഉറങ്ങാൻ സൗകര്യമില്ല.
9. ഫസ്റ്റ് എ.സി
മികച്ച സൗകര്യങ്ങളോടുകൂടിയ എ.സി കോച്ചുകളായ ഇതിൽ രണ്ടു ബെർത്ത് കൂപ്പകളും നാലു കാബിനുകളുമാണുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രിഫറൻസുകൾ രേഖപ്പെടുത്താൻ സൗകര്യമുണ്ട്. യാത്രക്കാർക്ക് പ്രത്യേക മെനുവിൽനിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും സംവിധാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിൻ യാത്ര ക്ലാസും കൂടിയാണിത്. ടിക്കറ്റുകൾക്ക് ചിലപ്പോൾ വിമാന ടിക്കറ്റുകളേക്കാൾ കൂടുതൽ വിലയുണ്ടാവാറുണ്ട്.
പരാതികൾ
ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും നടക്കുന്ന കുറ്റകൃത്യങ്ങൾ റെയിൽവേ പൊലീസിൽ റിപ്പോർട്ട് ചെയ്യാം. 139 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചും ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴിയും പരാതി നൽകാം. 9711111139 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചും പരാതിപ്പെടാം. പരാതികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന സോണൽ കൺട്രോൾ ഓഫിസുകളിലെ പരാതി സെല്ലുകളിൽ നേരിട്ടും അറിയിക്കാവുന്നതാണ്.
കൂടാതെ, ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാൻ റെയിൽ മദദ് എന്ന പേരിൽ ഓൺലൈൻ പരാതി സേവനം നിലവിലുണ്ട്. യാത്രക്കാർക്ക് 7982139139 എന്ന നമ്പറിൽ റെയിൽ മദദ് വാട്സ്ആപ്പിലൂടെയും പരാതികൾ അറിയിക്കാം. ട്രെയിൻ അപകടമുണ്ടായാൽ സഹായത്തിനായി 1072 എന്ന ടോൾ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്.
ടിക്കറ്റ് നഷ്ടപ്പെട്ടാൽ
ടിക്കറ്റ് നഷ്ടപ്പെട്ടാൽ കൗണ്ടറിൽനിന്ന് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് വാങ്ങാൻ സാധിക്കും. ചാർട്ട് തയാറാക്കുന്നതിന് മുമ്പാണെങ്കിൽ 50 രൂപയും അതിന് ശേഷമാണെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനവും നൽകിയാലാണ് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കുക.
ലഗേജ്
ട്രെയിനിൽ കൊണ്ടുപോകുന്ന സാധനങ്ങൾക്ക് യാത്ര ക്ലാസിനെ അടിസ്ഥാനമാക്കി ഭാര പരിധി നിശ്ചയിച്ചിട്ടുണ്ട്. സെക്കൻഡ് ക്ലാസിൽ 35 കിലോ, സ്ലീപ്പർ ക്ലാസിൽ 40 കിലോ, തേർഡ് എ.സിയിൽ 40 കിലോ, സെക്കൻഡ് എ.സിയിൽ 50 കിലോ, ഫസ്റ്റ് എ.സിയിൽ 70 കിലോ എന്നിവ സൗജന്യമായി കൊണ്ടുപോകാം. നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകുന്നവർ മുൻകൂട്ടി ബുക്ക് ചെയ്ത് പണമടക്കണം.
ലഗേജ് നഷ്ടപ്പെട്ടാൽ
യാത്രക്കിടയിൽ ലഗേജ് നഷ്ടപ്പെട്ടാലോ മോഷണംപോയാലോ പൊലീസിൽ പരാതി നൽകാൻ നിങ്ങളുടെ യാത്ര തടസ്സപ്പെടുത്തേണ്ടതില്ല. ടി.ടി.ഇ, ഗാർഡുകൾ, ജി.ആർ.പി എസ്കോർട്ട് എന്നിവരെ സമീപിച്ച് എഫ്.ഐ.ആർ ഫോമുകൾ പൂരിപ്പിച്ച് പരാതി നൽകാം. തുടർനടപടികൾക്കായി അവർ പരാതി പൊലീസ് സ്റ്റേഷനിലേക്ക് അയക്കും. പരാതി നൽകുന്നതുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് റെയിൽവേ സ്റ്റേഷനുകളിലെ ആർ.പി.എഫ് സഹായ പോസ്റ്റുകളെയും സമീപിക്കാം.
പാർസൽ സർവിസ്
റെയിൽവേയുടെ പാർസൽ സർവിസ് വഴി നിങ്ങളുടെ സാധനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കയക്കാം. പഴങ്ങളും പച്ചക്കറികളും മുതൽ മോട്ടോർ സൈക്കിളുകളും റിക്ഷകളും വരെ കയറ്റിയയക്കാനുള്ള സൗകര്യമാണ് റെയിൽവേ ഒരുക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽനിന്ന് നേരിട്ടും വെബ്സൈറ്റ് വഴിയും ബുക്കിങ് നടത്താം. സാധാരണ എല്ലാ പാസഞ്ചർ ട്രെയിനുകളിലും പാർസൽ സർവിസുണ്ട്. കൂടാതെ, പാർസൽ സ്പെഷൽ ട്രെയിനുകളും നിലവിലുണ്ട്. അവയുടെ വിശദാംശങ്ങൾ റെയിൽവേയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
തപാൽ വകുപ്പുമായി സഹകരിച്ചുള്ള വാതിൽപ്പടി പാർസൽ സേവനവും ലഭ്യമാണ്. തപാൽ ജീവനക്കാർ എത്തി പാർസൽ സ്വീകരിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. പാർസലിന്റെ തുക തപാൽ വകുപ്പിൽ അടക്കണം.


