കാർ ഏതു വാങ്ങാം? ഓട്ടോമാറ്റിക് ആണോ മാന്വൽ ട്രാൻസ്മിഷനാണോ കൂടുതൽ മികച്ചത്. അറിയാം ഗുണവും ദോഷവും
text_fieldsഎൻജിനിൽനിന്നുള്ള പവർ വിവിധ ഘടകങ്ങൾ വഴി ടയറുകളിലേക്ക് കൈമാറി വാഹനത്തെ ചലിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ് ട്രാൻസ്മിഷൻ. പ്രധാനമായും രണ്ടുതരം ട്രാൻസ്മിഷനുകളാണുള്ളത്, ഓട്ടോമാറ്റിക്കും മാന്വലും.
ഏതാനും വർഷം മുമ്പുവരെ ഇന്ത്യയിൽ പ്രീമിയം കാറുകളിലായിരുന്നു കൂടുതലായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ കണ്ടുവന്നിരുന്നത്. എന്നാൽ, ഇന്ന് ഹാച്ച്ബാക്കുകളിൽ വരെ ഓട്ടോമാറ്റിക് ലഭ്യമാണ്. ഓട്ടോമാറ്റിക് മാന്വൽ ട്രാൻസ്മിഷൻ (എ.എം.ടി) എന്ന സാങ്കേതിക വിദ്യ വന്നതോടെയാണ് ഇന്ത്യയിൽ സാധാരണക്കാരും ഓട്ടോമാറ്റിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയത്.
മാന്വൽ ട്രാൻസ്മിഷൻ
വാഹനത്തിന്‍റെ വേഗത്തിനനുസരിച്ച് ഡ്രൈവർതന്നെ ഗിയർ ലിവറും ക്ലച്ചും ഉപയോഗിച്ച് ഗിയർ മാറ്റുന്ന രീതിയാണ് മാന്വൽ ട്രാൻസ്മിഷൻ. കൂടുതൽ മൈലേജ് ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രധാന ആകർഷണം. വിലയും പരിപാലന ചെലവും കുറവാണെന്നത് മറ്റൊരു ഗുണം. യഥാർഥ ഡ്രൈവിങ് അനുഭൂതി ലഭിക്കണമെങ്കിൽ മാന്വൽ ട്രാൻസ്മിഷൻതന്നെ വേണം. മികച്ച പെർഫോമൻസ് ലഭിക്കാൻ ഈ ട്രാൻസ്മിഷൻ സഹായിക്കുന്നു. ഡ്രൈവർക്ക് വാഹനവുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനാകുന്നതും ഗിയർ മാറ്റി ഓടിക്കുമ്പോഴാണ്.
പോരായ്മകൾ:
വാഹനം പഠിക്കാനും ഓടിച്ചുനടക്കാനും താരതമ്യേന എളുപ്പമല്ല.
ഗതാഗതക്കുരുക്കിൽ അകപ്പെടുമ്പോഴും നഗരയാത്രയിലും വാഹനം ഓടിക്കൽ ബുദ്ധിമുട്ടാണ്.
ദീർഘസമയം ക്ലച്ച് ചവിട്ടുന്നത് പേശി വേദനക്ക് കാരണമാകുന്നു.
ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ
വാഹനത്തിന്‍റെ വേഗത്തിനനുസരിച്ച് ഗിയറുകൾ തനിയെ മാറുന്ന സംവിധാനമാണിത്. മാന്വലിനെ അപേക്ഷിച്ച് ഡ്രൈവിങ് 70 ശതമാനം വരെ ആയാസരഹിതമാക്കാൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് സാധിക്കുന്നു. നഗരയാത്രകൾക്ക് കൂടുതൽ അനുയോജ്യമാണ് ഇവ. ഏത് തിരക്കിലും ക്ലച്ച് ചവിട്ടേണ്ട ആവശ്യമില്ലാത്തതിനാൽ യാത്ര സുഗമമാക്കുന്നു. ഡ്രൈവിങ് പഠിക്കാനും ഓടിച്ചുപോകാനുമെല്ലാം എളുപ്പമാണ് എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.
ഡി.സി.ടി/ഡി.എസ്.ജി, സി.വി.ടി, ടോർക്ക് കൺവെർട്ടർ എന്നിവയാണ് പ്രധാന ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ. ഇതിന് പുറമെ മാന്വൽ സാങ്കേതികവിദ്യയോട് സാദൃശ്യമുള്ള എ.എം.ടി/എ.ജി.എസ്, ഐ.എം.ടി എന്നിവയും ഓട്ടോമാറ്റിക് വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. ടെക്നോളജി വ്യത്യാസമാണെങ്കിലും ഇലക്ട്രിക് വാഹനങ്ങളും ഓട്ടോമാറ്റിക്കാണ്.
പോരായ്മകൾ:
മൈലേജ് കുറവാണെന്നതാണ് പ്രധാന പ്രശ്നം.
ഉയർന്ന വിലയും പരിപാലന ചെലവും മറ്റൊരു പോരായ്മയാണ്.
ഓട്ടോമാറ്റിക് വാഹനം ഓടിക്കുമ്പോൾ ഒരു കാൽ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. മണിക്കൂറുകളോളം കാൽ അനക്കാതിരുന്നാൽ രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ട്. രണ്ടു മണിക്കൂർ ഇടവേളകളിൽ പുറത്തിറങ്ങി കാലുകൾക്ക് ആവശ്യമായ ചലനം നൽകുകയാണ് ഇതിന് പരിഹാരം.
●