Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightTraveloguechevron_rightഇൻഡോർ മഴക്കാടുള്ള...

ഇൻഡോർ മഴക്കാടുള്ള എയർപോർട്ട്, മനോഹര ആകാശക്കാഴ്ചകൾ... ദാരിദ്ര്യത്തിൽനിന്ന് സമ്പന്നതയിലേക്ക് നടന്നുകയറിയ സിംഗപ്പൂരിലേക്കൊരു യാത്ര

text_fields
bookmark_border
ഇൻഡോർ മഴക്കാടുള്ള എയർപോർട്ട്, മനോഹര ആകാശക്കാഴ്ചകൾ... ദാരിദ്ര്യത്തിൽനിന്ന് സമ്പന്നതയിലേക്ക് നടന്നുകയറിയ സിംഗപ്പൂരിലേക്കൊരു യാത്ര
cancel
camera_alt

സിംഗപ്പൂരിലെ മറീന ബേ സാൻഡ്സിന്‍റെ വിദൂര കാഴ്ച

തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു കൊച്ചുദ്വീപാണ് സിംഗപ്പൂർ. നിലവിലെ കണക്കനുസരിച്ച് അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ രാജ്യത്തിന് കേരളത്തിലെ ഒരു ജില്ലയുടെ വലുപ്പം പോലുമില്ല.

ഇത് സിംഗപ്പൂരിലേക്കുള്ള എന്‍റെ രണ്ടാമത്തെ യാത്രയാണ്. മുമ്പ് തനിച്ചു പോയപ്പോൾ കണ്ടതും അനുഭവിച്ചതുമായ കുറച്ചു കാര്യങ്ങൾ അവിടെയുണ്ട്. അതൊക്കെ അവളെയും മക്കളെയും കാണിക്കണം.

ഒപ്പം ആ നാട്ടുകാരനായ സുഹൃത്തുണ്ടിവിടെ. അവരോടൊപ്പം അൽപം സമയം ചെലവഴിക്കണം. ഇതൊക്കെയാണ് യാത്രയുടെ ലക്ഷ്യങ്ങൾ.

മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിൽനിന്ന് ഞങ്ങളെയും വഹിച്ച് സ്കൂട്ട് എയർലൈൻസ് വിമാനം ‘ചാങ്കി’യുടെ മടിത്തട്ടിൽ പറന്നിറങ്ങി.

ചാങ്കി എയർപോർട്ട്

സിംഗപ്പൂർ ചാങ്കി എയർപോർട്ട്. ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എയർപോർട്ട്. ഈ രാജ്യത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നതും ഈ വിമാനത്താവളമാണ്. 2013 മുതൽ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് എട്ടുതവണ നേടിയിട്ടുണ്ട്.

ഖത്തർ ഹമദ് ഇന്റർനാഷനൽ എയർപോർട്ട് മാത്രമാണ് ഇവർക്കുമുന്നിൽ പിടിച്ചുനിന്നിട്ടുള്ളത്. കൂടുതൽ സ്ഥലവും കാർപെറ്റ് പാകിയതിനാൽ ശബ്ദമലിനീകരണം ഇല്ലെന്നുതന്നെ പറയാം. വിശാലമായ ഇടനാഴികൾ, സൗകര്യമുള്ള ഇ-ഗേറ്റുകൾ, കൃത്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, വൈവിധ്യമാർന്ന ഫുഡ് കോർട്ടുകൾ കൂടാതെ 130 അടി ഉയരമുള്ള വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഇൻഡോർ മഴക്കാടും ഇതിനുള്ളിൽ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

എങ്ങനെയൊക്കെ യാത്രക്കാർക്ക് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാം എന്നതിന്‍റെ ഉദാത്ത മാതൃകയാണ് ഈ എയർപോർട്ട്.

ചാങ്കി എയർപോർട്ടിന്‍റെ വസ്തുതകൾ തികഞ്ഞ ഒരു ടൂർ ഗൈഡിനെപ്പോലെ ഭാര്യയോട് വിവരിച്ചുകൊടുക്കുന്നതിനിടയിൽ സുഹൃത്തിന്റെ കാൾ വന്നു, ടാക്സി പിക്അപ് പോയന്റിൽ എത്തണം. അദ്ദേഹം ഞങ്ങൾക്ക് ഹോട്ടലിലേക്കു പോകാനുള്ള കാർ അയച്ചിട്ടുണ്ട്.

ആ നാട്ടുകാരുടെ അച്ചടക്കവും അവർ നിയമവ്യവസ്ഥയോടു കാണിക്കുന്ന പ്രതിബദ്ധതയും എത്രത്തോളമുണ്ടെന്ന് ആ ടാക്സി ഡ്രൈവർ ഞങ്ങൾക്ക് പറഞ്ഞുതന്നു. നഗരമധ്യത്തിലെ വ്യാപാര കേന്ദ്രമായ ഓർച്ചാർഡ് റോഡിലെ ഹിൽട്ടൺ ഹോട്ടലിലാണ്‌ ഞങ്ങൾ റൂം ബുക്ക് ചെയ്തത്.

ഹോട്ടലിൽ ചെക് ഇൻ ചെയ്തു 23ാം നിലയിലുള്ള ഞങ്ങളുടെ മുറിയിലെത്തി. തുറന്നിട്ട വാതായനങ്ങൾ ഇല്ലെങ്കിലും ചില്ലിട്ട ജനാലകളുണ്ട്. ഞാൻ കാഴ്ചകളിലേക്ക് ഊളിയിട്ടു. വൃത്തിയുള്ള തെരുവിന്റെ ഹൃദയത്തിൽ പച്ചപുതച്ചു കിടക്കുന്ന ചെറിയ കാടുകൾ. ‘ഗാർഡൻ സിറ്റി’ എന്ന ഓമനപ്പേരിനോട് അങ്ങേയറ്റം നീതിപുലർത്തിയിട്ടുണ്ട് ഈ രാജ്യത്തെ ഭരണാധികാരികൾ എന്നെനിക്ക് മനസ്സിലായി.

രാജ്യത്ത് പല പദ്ധതികളും നടപ്പാക്കുന്നത് നഗരത്തിലെ പച്ചപ്പും സസ്യജാലങ്ങളും വർധിപ്പിച്ച് ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ടുതന്നെ എങ്ങോട്ട് നോക്കിയാലും മരങ്ങളും അതിൽ നിറയെ പക്ഷികളെയും കാണാൻ കഴിയും.

1. എയർപോർട്ടിനുള്ളിലെ ജെവൽ ചാങ്കി 2. സിറ്റിക്ക് മുകളിലെ ആകാശ കാഴ്ച

ദാരിദ്ര്യത്തിൽനിന്ന് സമ്പന്നതയിലേക്ക്

എണ്ണയോ സ്വർണമോ കുഴിച്ചെടുക്കാനില്ലാതെ പതിറ്റാണ്ടുകൾ കൊണ്ട് ലോകത്തെ അതിസമ്പന്ന രാജ്യങ്ങളുടെ മുൻ നിരയിലേക്ക് സിംഗപ്പൂർ എന്ന കൊച്ചു രാജ്യം എങ്ങനെ നടന്നുകയറി എന്നത് പലരും ചോദിക്കാറുണ്ട്, അതിന്‍റെ ഉത്തരം കണ്ടെത്താൻ അൽപം ചരിത്രത്തിലേക്ക് പോകേണ്ടതുണ്ട്.

നീണ്ട ബ്രിട്ടീഷ് കോളനിവത്കരണത്തിനും ഇടക്കാല ജപ്പാൻ അധിനിവേശത്തിനും ശേഷം മലയ സർക്കാറുമായി ലയനത്തിലായിരുന്ന സിംഗപ്പൂർ 1965ൽ മലേഷ്യയിൽനിന്ന് വേർപെടുമ്പോൾ ബഹുഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു.

ഇന്ത്യ-ചൈന സമുദ്ര പാതയിലെ തന്ത്രപ്രധാന സ്ഥാനത്ത് സ്ഥിതിചെയ്യുന്നു എന്നതിനാൽ സിംഗപ്പൂർ അന്നത്തെ വാണിജ്യ ലോകത്ത് ശ്രദ്ധയാകർഷിക്കപ്പെട്ടു. കൂടുതൽ കമ്പനികൾ ഇവിടത്തെ തുറമുഖം ആശ്രയിക്കാൻ തുടങ്ങി. ഇതു തന്നെയാണ് സിംഗപ്പൂരിനെ ഇന്നത്തെ നിലയിൽ എത്തിച്ചതിന്റെ പ്രധാന കാരണവും.

പുതിയ സാമ്പത്തിക നയങ്ങൾ രൂപവത്കരിക്കപ്പെട്ടു, വിദേശ കമ്പനികളെ ഈ രാജ്യത്തേക്ക് ആകർഷിക്കാൻ ഉതകുന്നതായിരുന്നു എല്ലാം. വൻകിട കമ്പനികളുടെ ശാഖകൾ ഇവിടേക്ക് എത്താൻ തുടങ്ങി. ഇതുമൂലം വിദേശ നിക്ഷേപങ്ങൾ കുമിഞ്ഞുകൂടി. ഏറെ വൈകാതെ ഏഷ്യയിലെ പ്രധാന വാണിജ്യ കേന്ദ്രമായി സിംഗപ്പൂർ പരിണമിച്ചു.

ഗാർഡൻസ് ബൈ ദ ബേ ഉദ്യാനം

ഗാർഡൻസ് ബൈ ദ ബേ

ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലെ പ്രാതൽ വിഭവസമൃദ്ധമാണ്. നമ്മുടെ ഉഴുന്നുവട മുതൽ അങ്ങ് മെക്സികോയിലെ ടാക്കോസ് വരെയുണ്ട്. എന്നാലും എന്റെ മോന് ദോശ വേണം. അതുമാത്രം ഇവിടെയില്ല. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. ഞാൻ അടുത്തുള്ള ‘കോമള വിലാസം’ ഹോട്ടലിൽ പോയി ദോശ സംഘടിപ്പിച്ചു.

സായാഹ്നം ‘ഗാർഡൻസ് ബൈ ദ ബേ’യിലാണ്. 260 ഏക്കറിൽ വിരിഞ്ഞുനിൽക്കുന്ന ഒരു പൂന്തോട്ടം ആണത്. സായംസന്ധ്യയിൽ ഇവിടെ തെളിയുന്ന വർണ ദീപങ്ങൾക്ക് എന്തോ ഒരു മായാജാലം ഉള്ളതായി തോന്നിയിട്ടുണ്ട്. രാവിലെ അൽപം നഗരക്കാഴ്ചകൾ കാണാനുണ്ട്.

മക്കളെ ഒന്ന് ചില്ലാക്കണം. അവൾക്ക് കുറച്ചു ഫോട്ടോകൾ എടുത്തുകൊടുക്കാമെന്നേറ്റിട്ടുണ്ട്. സുഹൃത്തിനൊപ്പം ഉച്ചഭക്ഷണവും കഴിക്കണം. ഇന്നൊരു തിരക്കുപിടിച്ച ദിവസമാണ്.

മറീന ബേ സാൻഡ്സ് കെട്ടിടം

സെൻടോസ ദ്വീപ്

രാത്രി റൂമിൽ തിരിച്ചെത്തി. നാളത്തെ പ്ലാൻ തയാറാക്കി. മറീന ബേ സാൻഡ്‌സ് സ്കൈ പാർക്കിൽ പോകണം. വൈകുന്നേരം പോയാൽ ഡേ ലൈറ്റിലും കുറച്ചു കാത്തിരുന്നാൽ നൈറ്റ് ലൈറ്റിലും ചിത്രങ്ങൾ പകർത്താം. ഇതിന്റെ ടിക്കറ്റ് സുഹൃത്ത് എടുത്തുവെച്ചതാണ്.

ഏറെ വൈകിയാണ് കിടന്നതെങ്കിലും രാവിലെ എണീറ്റു. ഹോട്ടലിലെ നിരത്തിവെച്ച ബഫേ ടേബിളിനടുത്ത് ആദ്യം എത്തി വളരെ ശ്രദ്ധയോടെ പാത്രം നിറക്കുന്ന എന്നെ ചിലരൊക്കെ കൗതുകത്തോടെ നോക്കുന്നതായി തോന്നി. അല്ലെങ്കിലും ഈവക കാര്യങ്ങളിൽ ഒരു ടെസ്റ്റ് ക്രിക്കറ്റ് താരത്തിന്‍റെ ചടുലതയാണ് എനിക്കെന്ന് പല സുഹൃത്തുക്കളും പറയാറുണ്ട്.

ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ഹാർബർ ഫ്രണ്ടിലുള്ള വിവോ സിറ്റി സ്റ്റേഷനിൽ എത്തി. ഇവിടെ നിന്നാണ് സെൻടോസ ദ്വീപിലേക്കുള്ള മോണോ റെയിൽപാത തുടങ്ങുന്നത്. ഒരു കാലത്ത് ജാപ്പനീസ് സൈനികർ നിരവധി ചൈനക്കാരെ കൊന്നൊടുക്കിയ സെൻടോസ ഇന്ന് സിംഗപ്പൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.

ഇവിടം സുന്ദരമായ ബീച്ചുകൾ കൊണ്ടും റിസോർട്ടുകൾ കൊണ്ടും അലംകൃതമാണ്. ഞങ്ങൾക്ക് പോകേണ്ട യൂനിവേഴ്സൽ സ്റ്റുഡിയോ അടക്കം പല ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നത് ഈ ഹ്രസ്വദൂര മോണോ റെയിലാണ്. വൈകുന്നേരം വരെ സെൻടോസയിൽ ചെലവഴിച്ചു.

ആകാശക്കാഴ്ചകൾ

ഞങ്ങളുടെ സ്കൈപാർക്ക് ഒബ്സർവേഷൻ ബുക്ക് ചെയ്തിട്ടുള്ളത് വൈകീട്ട് അഞ്ചരക്കാണ്. മറീന ബേ സാൻഡ്‌സ് ഹോട്ടലിന്റെ ഏറ്റവും മുകളിലാണ് കാഴ്ചകൾ കാണാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ജോലിക്കാർ ഞങ്ങളെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി.

ബുർജ് ഖലീഫയുടെ മുകളിൽനിന്ന് ദുബൈ നഗരം കാണുന്ന സൗന്ദര്യമൊന്നും കിട്ടില്ലെങ്കിലും ആധുനികതയുടെ അത്ഭുതങ്ങൾ നിറച്ച സിഗപ്പൂർ നഗരം മുഴുവൻ കാണണമെങ്കിൽ ഇവിടെ തന്നെ നിൽക്കണം. നഗരത്തിലെ ഭംഗിയുള്ളതും ദൃഢഗാത്രവുമായ കെട്ടിട സമുച്ചയങ്ങൾ പലതും ആഗോള തലത്തിൽ സിംഗപ്പൂരിന്‍റെ സവിശേഷത നിർവചിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവയാണ്.

പകൽ വെളിച്ചം മങ്ങിത്തുടങ്ങി, സൂര്യൻ ചുറ്റുമുള്ള ചില്ലു കെട്ടിടങ്ങളിൽ തട്ടി പതിയെ അലിഞ്ഞില്ലാതായ പോലെ. കുറഞ്ഞ സമയം കൊണ്ട് ചുറ്റിലുമുള്ള അംബരചുംബികളെല്ലാം പലനിറങ്ങളിൽ കത്തിനിൽക്കുന്ന നിയോൺ ചിത്രങ്ങളായി. അതിന്റെ ആകാരഭംഗി അൽപനേരത്തേക്ക് എന്നെ നിശ്ചലമാക്കി. ഞാനും എന്റെ പ്രശ്‌നങ്ങളും ഈ ലോകത്ത് എത്രയോ ചെറുതാണെന്ന് അതെനിക്ക് ബോധ്യമാക്കിത്തന്നു.

ഇഷ്ടപ്പെടാൻ ഒരുപാട് കാര്യങ്ങളുള്ള ഈ നഗരത്തിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും ഇത്തരം രാത്രി ദൃശ്യങ്ങളാണ്. ചിലതൊക്കെ ഫോണിൽ പകർത്തി. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഫുൾഫ്രെയിം കാമറയും വൈഡ് ആംഗിൾ ലെൻസും ഓർത്തു നഷ്ടബോധത്താൽ ഞാൻ വീർപ്പുമുട്ടി. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കുമുന്നിൽ കാമറയും ലെൻസുകളും പല ഭാഗങ്ങളാക്കി പുറത്തെടുത്ത് പ്രദർശിപ്പിച്ച് മടുത്തതുകൊണ്ട് ഇപ്പോൾ അതെവിടെയും കൊണ്ടുപോകാറില്ല.

സമയം പോയത് അറിഞ്ഞില്ല, വിശപ്പ് തുടങ്ങിയിട്ടുണ്ട്. ഇവിടെയുള്ള ഫുഡ്‌കോർട്ട് വിശാലവും വൈവിധ‍്യമാർന്നതുമാണ്. തായി മത്സ്യവിഭവങ്ങൾ പലതും സ്വാദിഷ്ടമാണ്. ഭക്ഷണം കഴിഞ്ഞ് ഏറെ വൈകി റൂമിൽ തിരിച്ചെത്തി. നന്നായി ഉറങ്ങണം, നാളെയാണ് ഖത്തറിലേക്ക് തിരിക്കേണ്ടത്.

മുംബൈ വഴിയാണ്, അൽപം ദൈർഘ്യമേറിയ യാത്രയായതുകൊണ്ട് അൽപം വിശ്രമം ആവശ്യമാണ്. നാലു വലിയ ബാഗുണ്ട്. എല്ലാം ശരിയായി പാക്ക് ചെയ്യണം. അതിനുമുമ്പ് ചെറിയ ഷോപ്പിങ്ങുണ്ട്. പിറ്റേന്ന് രാവിലെ ഇറങ്ങി പാക്കപ്പ് അടക്കം എല്ലാ പണികളും ഉച്ചയോടെ തീർത്തു.

യാത്രകൾ നമ്മുടെ ചിന്തയെ വലുതാക്കുകയും വയസ്സിനെ ചെറുതാക്കുകയും ചെയ്യുന്നതായി എനിക്ക് തോന്നാറുണ്ട്. എല്ലായ്പോഴും മനോഹരവും സുഖകരവും ആവണമെന്നില്ലെങ്കിലും നാം പോലുമറിയാതെ നമ്മുടെ ഓർമകളിൽ പലതും വരച്ചുവെക്കാൻ പ്രാപ്തിയുള്ള അനുഭവങ്ങളാണ് ഓരോ യാത്രയും സമ്മാനിക്കുക.

പണവും ആരോഗ്യവും തടസ്സം തീർക്കുന്നതുവരെ യാത്രകളും അനുഭവങ്ങളും നീളട്ടെ. ഫോൺ വന്നു, ഞങ്ങൾക്ക് വിമാനത്താവളത്തിലേക്കു പോകാനുള്ള വാൻ താഴെ കാത്തുനിൽക്കുന്നുണ്ട്. സിംഗപ്പൂരിനോട് തൽക്കാലം വിടപറയുകയാണ്.






Show Full Article
TAGS:World Travel Destination singapore 
News Summary - a trip to singapore
Next Story