ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ നാട്ടിലേക്കൊരു യാത്ര
text_fieldsസ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവ
കുട്ടിക്കാല വായനയിൽ ഡ്രാക്കുള കഥകളിലാണ് സ്ലോവാക്കുകളെപ്പറ്റി ആദ്യം വായിക്കുന്നത്. ഡ്രാക്കുള പ്രഭുവിനെ ലണ്ടനിലേക്ക് രക്ഷപ്പെടാൻ സഹായിക്കുന്നത് അവരായിരുന്നു. ബ്രാം സ്റ്റോക്കർ സ്ലാവുകളെ വിവരിക്കുന്ന ഭാഗം ഇപ്പോഴും ഓർമയുണ്ട്.
വലിയ കൗബോയ് തൊപ്പി, ലൂസായ വെളുത്തു മുഷിഞ്ഞ പരുത്തി ഷർട്ട്, അയഞ്ഞ ബാഗി ട്രൗസേഴ്സ്, അരയിൽ വലിയ ലെതർ ബെൽറ്റ്, മുട്ടോളം നീളുന്ന ബൂട്ടുകൾ... കഥയിൽ അവർ ഡ്രാക്കുള പ്രഭുവിന്‍റെ വിശ്വസ്ത അനുചരന്മാരാണ്. കുതിരക്കുളമ്പടികൾ കേട്ടാൽ അവരെത്തി എന്നർഥം.
പകൽ സമയം വിശ്രമിക്കുന്ന പ്രഭുവിന്‍റെ പ്രേത ശരീരം മണ്ണ് നിറഞ്ഞ തടിപ്പെട്ടികളിൽ അവരാണ് ബൾഗേരിയയിലെ വർന തുറമുഖത്തേക്ക് എത്തിക്കുന്നത്. അവിടെനിന്ന് അത് കപ്പലേറി ലണ്ടനിലേക്ക് പോവുകയാണ്. ജനസാന്ദ്രതയേറിയ ലണ്ടൻ നഗരത്തിലേക്ക് രക്തദാഹിയായ ഡ്രാക്കുള പ്രഭു കടന്നുചെല്ലുകയാണ്.
കഥാനായകൻ ജോനാഥൻ ഹാക്കർ സ്വയമറിയാതെ തന്നെ അതിനൊക്കെ കൂട്ടുനിൽക്കുകയാണ്. അസാംസ്കാരികരായാണ് സ്ലോവാക്കുകൾ കഥയുടെ ഫ്രെയിമിലേക്ക് കയറി വരുന്നത്. പക്ഷേ, ഞാൻ ബ്രാറ്റിസ്ലാവയിൽ കണ്ട സ്ലാവ് വംശജർ വ്യത്യസ്തരായിരുന്നു.
അവർ പുറംലോകത്തുനിന്ന് വരുന്നവരോട് അത്ര അടുപ്പമൊന്നും കാണിച്ചിരുന്നില്ല. തനത് സംസ്കാരം ജീവൻ പോലെ അവർ കാത്തുസൂക്ഷിക്കുന്നുമുണ്ട്. ചെറിയ ചെറിയ തട്ടിപ്പുകൾ അവരിൽ ചിലരുടെ കൂടെയുണ്ട് താനും.
ഐറിഷ് എഴുത്തുകാരൻ ബ്രാം സ്റ്റോക്കർ ഹംഗേറിയൻ നാടോടി കഥകളിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ മിത്തുകളുടെയും വിഹ്വലതകളുടെയും ഭയാനകതകളുടെയും ആ കഥ ജനിച്ചു. ലോകമെങ്ങും ഭയത്തിന്‍റെ വിത്തു പാകി അതു പ്രചരിച്ചു.
അതുവരെ കണ്ട യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു സ്ലോവാക്യ. കുറച്ചുകൂടി പരിഷ്കാരം കുറഞ്ഞവരാണ് ജനങ്ങൾ. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള ഇടമെന്നു തോന്നി ഇവിടത്തെ തെരുവുകൾ കണ്ടപ്പോൾ.
ഓസ്ട്രിയയും ഹംഗറിയുമാണ് ഈ രാജ്യത്തിന് അതിരിടുന്നത്. പതിനാറാം നൂറ്റാണ്ടിൽ ബ്രാറ്റിസ്ലാവ ഹംഗറിയുടെ തലസ്ഥാന നഗരമായിരുന്നു. ചെക്കോസ്ലോവാക്യ ചെക്ക് റിപ്പബ്ലിക്കും സ്ലോവാക് റിപ്പബ്ലിക്കുമായി വേർപിരിഞ്ഞത് 1993ലാണ്. യൂറോ കറൻസി കൂടി ആയതോടെ വ്യാപാര വിനിമയ ബന്ധങ്ങൾ വർധിച്ചു.
സ്ലോവാക്യ വീണ്ടും മുഖ്യധാരയിലേക്ക് ഉയർന്നുവന്നു. ഓസ്ട്രിയയുടെ തലസ്ഥാന നഗരമായ വിയന്നയിൽനിന്ന് സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലേക്ക് 80 കിലോമീറ്റർ മാത്രം.
ട്രാമിൽ കണ്ടുമുട്ടിയ നർത്തകനൊപ്പം ലേഖിക
ഹോട്ടലിൽ കൂട്ടായി ഭയവും
കിഴക്കൻ യൂറോപ്പിലേക്കുള്ള യാത്രയുടെ ഭാഗമായി ഈ നഗരത്തിലെത്തുമ്പോൾ നേരം ഇരുണ്ടു തുടങ്ങിയിരുന്നു. താമസിക്കാനായി തെരഞ്ഞെടുത്ത ഹോട്ടൽ ഇതുവരെ താമസിച്ചിരുന്നതിലും മെച്ചപ്പെട്ടത്. ഒരു ഗ്രൂപ് ടൂറിന്‍റെ ഭാഗമായാണ് ഇവിടെ എത്തിയത്.
കൂടെയുള്ള സുഹൃത്തിന്‍റെ ഒരു ബാഗ് ഹോട്ടലിലെ ഏതോ ഫ്ലോറിൽ നഷ്ടപ്പെട്ടുപോയത് അന്വേഷിച്ച് നടന്ന ഞങ്ങൾ ഇരുവരും ഹോട്ടലിന്‍റെ സ്റ്റെയർകെയ്സ് വഴിയാണ് ഇറങ്ങിയത്. ആ വഴി പൊതുവേ ആരും ഉപയോഗിക്കാത്തതിനാൽ മിക്ക നിലകളിലേക്കുമുള്ള വാതിലുകൾ പുറത്തുനിന്ന് പൂട്ടിയിരുന്നു.
തുരങ്കം പോലെയുള്ള, മൊബൈൽ റേഞ്ച് ഇല്ലാത്ത അധികം വെളിച്ചമില്ലാത്ത ആ സ്ഥലത്ത് ഞങ്ങൾ ഒരു മണിക്കൂറോളം കുടുങ്ങി. ഒരു പുറം രാജ്യത്ത് അങ്ങനെയൊരു അവസ്ഥയിലാകുന്നതിന്‍റെ എല്ലാ വേവലാതികളും അനുഭവിച്ചു. ഒടുവിൽ ഏതോ വാതിലിൽ മുട്ടിവിളിക്കുന്ന ശബ്ദം കേട്ട ഹോട്ടൽ ബോയി പുറത്തുനിന്ന് തുറന്നുതന്നു. ഞങ്ങളുടെ ശ്വാസം നേരെ വീണു. ഒരു ഭയപ്പാട് നൽകിയാണ് ഈ നഗരം ഞങ്ങളെ വരവേറ്റത്.
രാത്രിയിലെ നഗരം കാണാനായിരുന്നു പിന്നീടുള്ള യാത്ര. ആദ്യം വന്ന ട്രാമിൽ തന്നെ നഗരം കാണാൻ യാത്രയായി. പഴക്കം ചെന്ന കുലുങ്ങിത്തെറിക്കുന്ന ഒരു ട്രാം സ്റ്റേഷനിലേക്കെത്തി. നാണയമിട്ട് ടിക്കറ്റ് എടുക്കുന്ന വിദ്യ ഇതിനകം ഹൃദിസ്ഥമാക്കിയിരുന്നു.
അപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന ആളെ പരിചയപ്പെട്ടു. അദ്ദേഹം ഒരു ടാപ് ഡാൻസറാണ്. ഒരു സ്ത്രീ ആകാനാണെനിക്ക് ആഗ്രഹമെന്ന് പറഞ്ഞ് എന്‍റെ കൈയിൽ അമർത്തിപ്പിടിച്ചു. ഇൻസ്റ്റയിൽ തന്‍റെ നൃത്ത ചിത്രങ്ങൾ കാട്ടിത്തന്നു. കൂടുതൽ വിശേഷങ്ങൾ പറയുന്നതിനുമുമ്പ് തന്നെ അദ്ദേഹത്തിന്‍റെ സ്റ്റേഷനെത്തി. എന്‍റെ ചുമലിൽ സ്ത്രൈണത കലർന്ന ഒരു ആലിംഗനം നൽകി അദ്ദേഹം ഇരുട്ടിലേക്കു നടന്നുപോയി.
നഗരം ഇരുണ്ടു തുടങ്ങിയിരുന്നു. മറ്റു യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് നൈറ്റ് ലൈഫ് ഇവിടെ ഇല്ലാത്തതുപോലെ തോന്നി. അങ്ങനെ തിരിച്ച് വീണ്ടും ഹോട്ടൽ മുറിയിലേക്ക്. രാവിലെയുള്ള സ്ഥിരം നടത്തത്തിൽ നഗരത്തിന്‍റെ വൃത്തിയും വാഹനങ്ങളുടെ അടുക്കും ചിട്ടയുമുള്ള ട്രാഫിക് സംസ്കാരവും കണ്ടു നടന്നു.
പൂന്തോട്ടങ്ങൾ, പള്ളികൾ, അതിരാവിലെയുള്ള നഗര ശുചീകരണം, നിർബാധം യാത്ര ചെയ്യുന്ന ട്രാമുകൾ എല്ലാം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു. ഹോട്ടലിന്‍റെ മുന്നിൽ നിന്നു തന്നെ ട്രാം സർവിസുണ്ട്. തിരികെ ഹോട്ടലിലെത്തുമ്പോൾ ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ വിഭവ സമൃദ്ധമായിരുന്നു. ടേബിളിൽ സാൽമൺ മത്സ്യം കണ്ട് സത്യത്തിൽ ഞാൻ അമ്പരന്നു. ഗ്രൂപ് ടൂറിന്‍റെ ആഡംബരങ്ങളാണിതൊക്കെ.
യാത്രികരെ കാത്ത് ചുവന്ന ട്രാം
ഓൾഡ് ടൗണിലേക്ക്
കല്ലുവിരിച്ച പുരാതന യൂറോപ്യൻ നടപ്പാതകളും അതിനുചുറ്റും പൗരാണികത തുളുമ്പുന്ന കെട്ടിടങ്ങളും ഒക്കെയായി ബ്രാറ്റിസ്ലാവയിലെ ഓൾഡ് ടൗൺ നമ്മുടെ ഹൃദയം കവരും. ഇവിടത്തെ ഏറ്റവും പ്രസക്തമായ കാര്യം പഴമയെ ഹനിക്കുന്ന ഒന്നുംതന്നെ ഭരണാധികാരികൾ ചെയ്തിട്ടില്ല എന്നത് തന്നെയാണ്. ഗോഥിക്, ബോറോക്, നവോത്ഥാന ശൈലികളിലെ കെട്ടിടങ്ങൾ അതിന്‍റെ എല്ലാ തനിമയോടും നിലനിൽക്കുന്നു.
ഓൾഡ് ടൗണിൽ ധാരാളം ലോഹ പ്രതിമകളുണ്ട്. ഇതൊരു ശിൽപ നഗരമാണ്. അതിൽ ‘മാൻ അറ്റ് വർക്ക്’ എന്ന പ്രതിമ വളരെ പ്രശസ്തമാണ്. ഒരു മാൻഹോളിൽനിന്ന് പുഞ്ചിരിയോടെ തല പുറത്തേക്കിട്ട് നോക്കുന്ന ‘കുമിൽ’ എന്ന് വിളിപ്പേരുള്ള ഒരു തൊഴിലാളിയുടെ പ്രതിമ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റും വൈറലാണ്. 1997ലാണ് ഇതിവിടെ സ്ഥാപിച്ചത്. പ്രശസ്ത ഫോട്ടോ പോയന്‍റ് കൂടിയാണിവിടം.
പഴയ കാലത്ത് ജോലി ചെയ്തിരുന്ന ഒരു മടിയൻ തൊഴിലാളിയായും കുഞ്ഞൻ പാവാട ധരിക്കുന്ന സ്ത്രീകളുടെ പാവാടക്കുള്ളിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ടു കിടക്കുന്ന ഒരു പൂവാലനായും കുമിലിനെ പറ്റി പറയുന്നവരുണ്ട്. എന്തുതന്നെയായാലും കുമിലിന്‍റെ തലയിൽ തൊട്ട് നമ്മൾ ഒരു കാര്യം ആഗ്രഹിച്ചാൽ അത് നടക്കുമെന്നാണ് ഈ തെരുവിലുള്ളവർ പറയുന്നത്. ആ തിളങ്ങുന്ന തലയിൽ തൊട്ട് ദീർഘനേരം ഞാനും കുറെ കാര്യങ്ങൾ ആഗ്രഹിച്ചു.
അടുത്തത് സന്ദർശകരെ തൊപ്പിയൂരി വരവേൽക്കുന്ന ഷൂനൻ നാസി. ഇത് 19ാം നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്ന ഒരു യഥാർഥ വ്യക്തിയുടെ പ്രതിമയാണ്. തന്‍റെ പ്രണയം തിരസ്കരിച്ച പ്രണയിനിയോടുള്ള പ്രതിഷേധമായി ആ തെരുവിൽ വരുന്ന എല്ലാ പെൺകുട്ടികൾക്കും അദ്ദേഹം പൂവ് നൽകുമായിരുന്നു. പെൺകുട്ടികളോടുള്ള സ്നേഹത്താൽ കുനിഞ്ഞുപോയ ശിരസ്സുമായി നിൽക്കുന്ന അദ്ദേഹത്തെയാണ് പ്രതിമയിൽ നമ്മൾ കാണുന്നത്.
നഗര ചത്വരത്തിന് നടുക്ക് തന്നെ വലിയ ജലധാരയുണ്ട്, മാക്സിമിലൻസ് ജലധാര. സ്ലോവാക്യയിലെ ജനങ്ങൾക്ക് വേണ്ടി ഹംഗറിയിലെ രാജാവ് പണികഴിപ്പിച്ചതാണിത്. സഞ്ചാരികളുമായി ചുറ്റിക്കറങ്ങുന്ന ട്രാം ഓൾഡ് ടൗണിലൂടെ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു.
ദൂരെ നിന്നുതന്നെ നഗര കവാടം കാണാം. മൈക്കിൾസ് ഗേറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇത് കടന്നാണ് ഓൾഡ് സ്‌ക്വയറിൽ എത്തുന്നത്. ഓൾഡ് ടൗൺ ഹാൾ പലതരം ശിൽപകലകളുടെ മിശ്രണമാണ്. പഴയകാലത്തെ നഗര ഭരണകേന്ദ്രം ഇതാണ്. 1870കളിലെ പഴക്കമേറിയ നിർമിതി. ഇതിനുള്ളിലാണ് സിറ്റി മ്യൂസിയം. സമീപത്തുതന്നെ ബ്രാറ്റിസ്ലാവ കോടതി മന്ദിരവുമുണ്ട്.
ജവഹർലാൽ നെഹ്റുവിന്‍റെയും ഇന്ദിര ഗാന്ധിയുടെയും പേര് പതിപ്പിച്ച ലോഹ ഫലകങ്ങൾ നഗരത്തിന്‍റെ ഒരു കോണിൽ കണ്ടപ്പോൾ അതിശയം തോന്നി. 1938ലെ സന്ദർശനത്തിന്‍റെ ഓർമ പുതുക്കുന്ന ഒരു കോർണർ ആണിത്. ചെക്കോസ്ലോവാക്യൻ പ്രസിഡന്‍റായിരുന്ന വ്ലാഡിമർ ക്ലമന്‍റിസുമായി ആയിരുന്നു അന്നത്തെ കൂടിക്കാഴ്ച.
ലൂബിയാനാ കാസിൽ
ജൂത ചരിത്രം
ഈ ഓൾഡ് ടൗണിൽ തന്നെയാണ് സമ്പന്നമായി ജൂത ചരിത്രം വിളിച്ചോതുന്ന സിനഗോഗുകളും കെട്ടിടങ്ങളും കാണാൻ കഴിയുന്നത്. ജൂതന്മാരുടെ ഹോളോകോസ്റ്റിന്‍റെ കാഴ്ചകൾ ഈ തെരുവിലുടനീളമുണ്ട്. നിറയെ വെടിയുണ്ടകൾ തറച്ചുകയറിയ ഒരു സ്മാരകം ഇതിനു നടുക്ക് തന്നെയുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിൽ കൂട്ടക്കൊലക്കിരയായ ഒരു ലക്ഷത്തി അയ്യായിരം ജൂതന്മാരുടെ സ്മരണക്കായി പണി കഴിപ്പിച്ചത്. ഇവിടെ പണ്ടൊരു സിനഗോഗ് ഉണ്ടായിരുന്നു. ബ്രാറ്റിസ്ലാവയുടെ ജൂത ചരിത്രം വിഷാദഭരിതമാണ്. 18ാം നൂറ്റാണ്ടിൽ ഹംഗറിയിലെ തന്നെ ഏറ്റവും വലിയ ജൂത സമൂഹം ബ്രാറ്റിസ്ലാവയിലായിരുന്നു.
19ാം നൂറ്റാണ്ടിൽ അത് സയോണിക് മൂവ്മെന്‍റിന്‍റെ കേന്ദ്ര ബിന്ദുവായി മാറി. പക്ഷേ, രണ്ടാം ലോക മഹായുദ്ധകാലത്ത് ഏതാണ്ട് 1,05,000 ജൂതന്മാരെയാണ് കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് നാടുകടത്തിയത്. ഹോളോകോസ്റ്റിനുശേഷം ആകെ നൂറു ജൂതന്മാരാണ് ഇവിടെ അവശേഷിച്ചത്.
1989ലെ വെൽവറ്റ് വിപ്ലവത്തോടെ കമ്യൂണിസത്തിന്‍റെ വീഴ്ചയിൽ ജൂതന്മാർ വീണ്ടും ഉയർത്തെഴുന്നേറ്റു തുടങ്ങി. ഇവരുടെ ചരിത്രം പറയുന്ന സിനഗോഗും മ്യൂസിയവും സന്ദർശിക്കേണ്ടത് തന്നെയാണ്.
സാൽമൺ മത്സ്യം
മൊസാർട്ടിന്‍റെ പ്രിയപ്പെട്ട നഗരം
സ്ലോവാക്യയിലെ ഏറ്റവും വലിയ നഗരവും ബ്രാറ്റിസ്ലാവ തന്നെയാണ്. ഗ്രാഫിറ്റി ആർട്ടുകൾ ചുവരുകളിലുടനീളം കാണാം. മൊസാർട്ടിന്‍റെ പ്രിയ നഗരം കൂടിയാണിത്.
ഡാന്യൂബ് നദിയെ നോക്കി കുന്നിൻമുകളിൽ പ്രതാപിയെ പോലെ നിൽക്കുന്ന ബ്രാറ്റിസ്ലാവ കാസിൽ ആയിരുന്നു അടുത്ത ലക്ഷ്യം.
ഒമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കാസിലിനു മുകളിൽ നിന്നാൽ താഴെ പ്രൗഢഗംഭീരമായ നഗരം കാണാം. 10 രാജ്യങ്ങളിൽ കൂടിയും നാലു തലസ്ഥാന നഗരങ്ങളിൽ കൂടിയും ഒഴുകുന്ന പ്രതാപിയായ ഡാന്യൂബ് നദിയും അതിലെ പുറപ്പെടാൻ കാത്തുനിൽക്കുന്ന ക്രൂയിസുകളും നദീതീരത്തെ സന്തോഷിക്കുന്ന ജനതയും എല്ലാം ചേർന്ന ഉഗ്രൻ കാഴ്ചയാണിത്. ഒരു ഭാഗത്തു മാത്രം തൂണുള്ള ഒരു പടുകൂറ്റൻ തൂക്കുപാലം. അതിനു മുകളിൽ കറങ്ങുന്ന ഭക്ഷണശാല.
യു.എഫ്.ഒ ബ്രിഡ്ജ് ഇവിടത്തെ പ്രധാന ആകർഷണമാണ്. ഇതിനു മുകളിലെ റീവോൾവിങ് റസ്റ്റാറന്‍റിൽ കയറാൻ വേണ്ടിയാണ് ആളുകൾ തിക്കിത്തിരക്കുന്നത്. അനേകം രാജാക്കന്മാരുടെ കിരീട ധാരണത്തിനു സാക്ഷ്യംവഹിച്ച കാസിലാണിത്.
അടുത്ത് തന്നെയുള്ള സെന്‍റ് മാർട്ടിൻ പള്ളിയുടെ മകുടം തന്നെ കിരീടത്തിന്‍റെ രൂപത്തിലാണ്. ഇവിടെവെച്ചാണ് മനോഹര വിവാഹ ഘോഷയാത്ര കണ്ടത്. വെളുത്ത ശിരോവസ്ത്രത്തിന് താഴെ പുഞ്ചിരിയോടെ നിൽക്കുന്ന വധുവും സ്യൂട്ട് അണിഞ്ഞുനിൽക്കുന്ന വരനും ഇന്ത്യൻ കാമറകൾക്ക് വിരുന്നായി.
പാർലമെന്‍റിന് മുന്നിലെ കൂട്ടിലടച്ച കോഴി പ്രതിമകൾ
സ്ലോവാക്യൻ പാർലമെന്‍റ്
കാസിലിന്‍റെ വീയന്നാ ഗേറ്റ് കടന്നിറങ്ങുന്നത് സ്ലോവാക്യൻ പാർലമെന്‍റിനു മുന്നിലേക്കാണ്. ഒരു കുന്നിൻപുറത്താണ് പാർലമെന്‍റ് സ്ഥിതി ചെയ്യുന്നത്. കൂറ്റൻ പതാക ഉയർന്നുപറക്കുന്നത് ദൂരെ നിന്നുതന്നെ കാണാം.
തദ്ദേശീയർ എല്ലാ ദിവസവും കഴിക്കുന്ന ആഹാരമായ ചിക്കന് വില കൂടിയത് പ്രമാണിച്ച് നടത്തുന്ന സമരം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. കോഴി പ്രതിമകളെ കൂട്ടിലടച്ച് ആ കൂട് പാർലമെന്‍റിന് മുന്നിൽ വെച്ചു. നിശബ്ദവും ശക്തവുമായ സമരം. ആരും ഒന്നും മിണ്ടുന്നില്ല. എന്നാൽ, അന്തരീക്ഷത്തിൽ പ്രതിഷേധം ജ്വലിക്കുന്നുമുണ്ട്.
സ്ലോവാക്യൻ സ്നിറ്റ് ഷെൽ കഴിച്ച് ആ നഗരത്തിൽ കൂടി ഞാൻ തലങ്ങും വിലങ്ങും നടന്നു. ചിക്കൻ പരത്തിയുണ്ടാക്കുന്ന ആ വിഭവം കിഴക്കൻ യൂറോപ്പിലെമ്പാടുമുണ്ട്. പന്നിയും ബീഫും ചിക്കനും പാൽക്കട്ടികളും നിറഞ്ഞ തനത് ആഹാരങ്ങൾ റസ്റ്റാറന്‍റുകളിൽ നിറഞ്ഞിരിക്കുന്നു.
മാർഗരിറ്റയും വെളുത്തുള്ളിയുംകൊണ്ട് അലങ്കരിച്ച പൊട്ടറ്റോ പാൻകേക്കും ഇവിടത്തെ പുകൾപെറ്റ തെരുവോര ആഹാരമാണ്. നിരത്തിലേക്ക് ഇറക്കിയിട്ട കസേരകളിൽ ജനം തിന്നും കുടിച്ചും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നു. കുടുംബ ബന്ധങ്ങളും ഗ്രാമജീവിതവും തനത് സംസ്കാരത്തിന്‍റെ സൂക്ഷിപ്പുമെല്ലാം ഈ നാടിന്‍റെ മുഖമുദ്രയാണ്.
സുവനീറുകൾ വാങ്ങാൻ ഓൾഡ് സ്ക്വയറിലെ കടയിൽ ഞാൻ അൽപനേരം ചെലവഴിച്ചു. സ്ലോവാക് ക്രോജ് എന്ന പരമ്പരാഗത ഫ്രോക്ക് ധരിച്ച പാവകൾ എന്നെ ആകർഷിച്ചു. ഒരു നാടോടി നൃത്തതിന്‍റെ ശകലം പോലെ തോന്നും ഇവ കണ്ടാൽ. ഒരു കുഞ്ഞൻ സുവനീർ സ്വന്തമാക്കി അങ്ങോട്ടു കൊടുത്ത യൂറോയുടെ ബാക്കി തരാതെ കടയിലെ സ്ത്രീ എന്നെ പറ്റിച്ചെന്ന പുഞ്ചിരിയോടെ നിൽക്കുന്നു. അങ്ങോട്ട് കൊടുത്ത തുക 10 യൂറോ ആണെന്ന് സമർഥിക്കാൻ ഒരു തെളിവും ഇല്ലാതെ ഞാനും നിന്നു.
കടയിലെമ്പാടും തൂക്കിയിട്ട പാവകൾ ഡ്രാക്കുള കഥയിലെ സ്ലോവാക്കുകളെ അനുസ്മരിപ്പിച്ചു. താടി കയറിയ മുഖവും അയഞ്ഞ കുപ്പായവും ഇട്ട് ചുണ്ടിൽ പരിഹാസച്ചിരിയുമായി അവർ ഏതോ പ്രഭുവിന്‍റെ വരവ് കാത്തിരിക്കുംപോലെ...