ഇന്ത്യയുടെ സുവർണ ചരിത്രം തിളങ്ങി നിൽക്കുന്ന ഡൽഹി, ആഗ്ര, ജയ്പുർ നഗരങ്ങളിലൂടെ കുറഞ്ഞ ചിലവിൽ ഒരു കുടുംബയാത്ര പ്ലാൻ ചെയ്താലോ?...
text_fieldsഒരു ദിവസം ടി.വിയിൽ വിമാനങ്ങളുടെ പ്രവർത്തനങ്ങളും മറ്റും പരിചയപ്പെടുത്തുന്ന പരിപാടി കണ്ടുകൊണ്ടിരിക്കെ ഇളയമകൻ ഹാഫിക്ക് ഒരു മോഹം. അവൻ ഇതുവരെ പ്ലെയിനിൽ യാത്ര നടത്തിയിട്ടില്ല. ഇരട്ടകളായ ഇക്കാക്കമാർ ഹാദിയും ഹാനിയും ഒന്നര വയസ്സുള്ളപ്പോൾ വിമാനയാത്ര പോയതും അറിഞ്ഞപ്പോൾ അവന്‍റെ ആവശ്യം ശക്തമായി. അങ്ങനെയാണ് ഈ യാത്രാപ്ലാൻ തുടങ്ങുന്നത്.
തുടർന്ന് യാത്രാ ടിക്കറ്റ് എടുക്കൽ അടക്കം പ്ലാനിങ് തകൃതിയായി. കുറെ ദിവസങ്ങളിലെ ഓൺലൈൻ തിരച്ചിലുകൾ കഴിഞ്ഞപ്പോൾ ഡെസ്റ്റിനേഷൻ തീരുമാനമായി. 'ഗോൾഡൻ ട്രയാംഗിൾ' എന്നറിയപ്പെടുന്ന ഡൽഹി, ആഗ്ര, ജയ്പുർ. കൂട്ടത്തിൽ 11 വർഷം മുമ്പ് ട്രാൻസ്ഫർ വാങ്ങി തെക്കേ ഇന്ത്യയിലേക്കു വരുന്നതിനുമുമ്പ് ജോലിചെയ്ത പഞ്ചാബിലെ സ്ഥലങ്ങളും പഴയ സഹപ്രവർത്തകരെയും കാണാം.
ഡൽഹിയിലേക്ക്...
അങ്ങനെ നവംബർ അഞ്ചിന് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്കു പുറപ്പെട്ടു. തലസ്ഥാനമാണെങ്കിലും 10 കൊല്ലംകൊണ്ട് വലിയ മാറ്റമൊന്നും ഡൽഹിയിൽ കണ്ടില്ല. ജലന്ധറിലേക്കുള്ള വണ്ടി രാത്രി 11നു ശേഷമായതിനാൽ നാലഞ്ചു മണിക്കൂർകൊണ്ട് ഇന്ത്യാഗേറ്റും രാജ്‌പഥ്, രാഷ്ട്രപതിഭവൻ ഒക്കെ കാണാമല്ലോ എന്നു കരുതി അങ്ങോട്ട് വെച്ചുപിടിച്ചു. പക്ഷേ, അവിടം ആകെ പൊളിച്ചിട്ടിരിക്കുന്നു. സെൻട്രൽ വിസ്റ്റ പാർലമെൻറ് സമുച്ചയത്തിന്റെ പണി നടക്കുകയാണ്.
ഒരു പഞ്ചാബി ധാബയിൽനിന്നു രാത്രിഭക്ഷണം കഴിച്ച് നേരെ സ്റ്റേഷനിലേക്ക്. പത്താൻകോട്ട് വരെ പോകുന്ന വണ്ടിയിൽ കയറി. നവംബർ ആദ്യവാരമേ ആയുള്ളൂ എങ്കിലും പഞ്ചാബ് തണുപ്പിന്റെ പിടിയിലമർന്നിരുന്നു. ജലന്ധർ കന്റോൺമെൻറ് സ്റ്റേഷനിൽ വണ്ടി എത്തുമ്പോൾ സൂര്യൻ ഉദിച്ചിരുന്നില്ല. പ്രാഥമിക കർമങ്ങൾ കഴിഞ്ഞപ്പോഴേക്കും ഹോഷിയാർപുർ വരെ പോകുന്ന പാസഞ്ചർ വണ്ടി എത്തി. ഒരു മണിക്കൂർ യാത്രക്കിടയിൽ കണ്ട ഗ്രാമങ്ങളും വിശാലമായ ഗോതമ്പുവയലുകളും എന്നെ 2007 മുതൽ 2010 വരെ ജോലി ചെയ്ത ഓർമകളിലേക്ക് കൊണ്ടുപോയി.
സ്റ്റേഷനിൽ ഇന്ദ്രാജ് കുമാർ കാത്തിരിപ്പുണ്ടായിരുന്നു. എന്റെ കീഴിൽ ടെക്നീഷ്യനായിരുന്നു അദ്ദേഹം. ഹോഷിയാർപുർ സ്റ്റേഷൻ ഒന്നും തീരെ മാറിയിട്ടില്ല. നഗരവും കാര്യമായൊന്നും വികസിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും മക്കളും ഞങ്ങളെ സ്വീകരിച്ചു. പഞ്ചാബി സ്റ്റൈൽ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് അവിടെനിന്നു പുറപ്പെട്ടു.
30 കിലോമീറ്റർ അകലെയാണ് ഗർദിവാല ഗ്രാമം. മൂന്നര കൊല്ലം താമസിച്ച വീടും അതിന്റെ ഉടമയെയും കുടുംബത്തെയും കാണണം. പഞ്ചാബിൽ എല്ലാ കുടുംബത്തിലും ഒരാളെങ്കിലും വിദേശത്ത്, പ്രത്യേകിച്ച് കാനഡ, അമേരിക്ക അല്ലെങ്കിൽ യൂറോപ്പിൽ ആയിരിക്കും. ഞങ്ങളുടെ പഴയ വീട്ടിലും അതെ. മക്കൾ രണ്ടുപേരും കാനഡയിൽ. വല്യമ്മ ലണ്ടനിലെ മകന്റെ അടുത്തുനിന്ന് തലേദിവസം എത്തിയതേയുള്ളൂ.
ബി.എസ്.എൻ.എല്ലിന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന ഭംഗിയുള്ള കെട്ടിടമാണ് ഗർധിവാലയിൽ. ജീവനക്കാർ എല്ലാം മാറിയിരിക്കുന്നു. എങ്കിലും, പരിചയമുള്ളവർ തന്നെയാണ്. അവരോടൊക്കെ കുശലാന്വേഷണം നടത്തിയശേഷം ഉച്ചയൂണിന് ഞങ്ങളെ കാത്തിരിക്കുന്ന സർദാർ രജ് വന്ത് സിങ്ങിന്റെ വീട്ടിലേക്ക്. അദ്ദേഹത്തിന്റെ കീഴിലാണ് ഞാൻ ആദ്യമായി ജോലിയിൽ പ്രവേശിച്ചത്.
സിഖുകാരുടെ അതിഥിസൽക്കാരം ആവോളം ആസ്വദിച്ചുകൊണ്ടായിരുന്നു ഊണ്. മൂന്നു മണിയോടെ അവിടെനിന്നിറങ്ങി. ബി.എസ്.എൻ.എല്ലിലെ ജോലിയിൽ ഏറെ ഉപദേശനിർദേശങ്ങൾ നൽകിയ സ്നേഹസമ്പന്നനായ ലഷ്കർ സിങ് സാറിന്റെ വീട്ടിലേക്ക്. വിരമിച്ച് 12 വർഷത്തോളമായെങ്കിലും ഇപ്പോഴും ആരോഗ്യവാൻ. ഇനിയും ആരെയെങ്കിലും കാണാനുണ്ടെങ്കിൽ രാത്രി തിരിച്ചുപോകാനുള്ള ട്രെയിൻ മിസ്സാകും എന്ന് ഭാര്യ ഉണർത്തിയപ്പോഴാണ് സമയം നോക്കിയത്.
അഞ്ചുമണി ആകുന്നു. ഇനി ജലന്ധറിലേക്ക്. രാത്രി ഒമ്പതു മണിക്കുള്ള ഡൽഹി ട്രെയിനാണ് ബുക്ക് ചെയ്തത്. രാവിലെ നേരത്തേതന്നെ ട്രെയിൻ ഓൾഡ് ഡൽഹി സ്റ്റേഷനിൽ എത്തി. ഇനി ലക്ഷ്യം ആഗ്ര. ദീപാവലി അവധിയായതിനാൽ 6.55നുള്ള താജ് എക്സ്പ്രസിൽ സാമാന്യം തിരക്കുണ്ട്. 130 കി.മീ. വേഗത്തിൽ പാഞ്ഞ വണ്ടി സമയത്തിന് മുന്നേതന്നെ ആഗ്രയിൽ എത്തിച്ചേർന്നു.
പ്രണയത്തിന്റെ വെണ്ണക്കൽ പ്രതീകം
പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്‍ലാമിക് എന്നീ വാസ്തുവിദ്യാമാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്മഹൽ. പൂർണമായും വെള്ള മാർബിളിൽ നിർമിച്ച ഈ സ്മാരകം പൂർത്തിയാകാൻ 22 വർഷമെടുത്തു. മൂന്നു പ്രവേശനകവാടങ്ങൾ ഉള്ളതിൽ താജിന്റെ പടിഞ്ഞാറേ വാതിൽ വഴി കടക്കാം എന്നാണ് ഓട്ടോക്കാരൻ പറഞ്ഞത്. നേരത്തേ ഓൺലൈൻ ടിക്കറ്റ് എടുത്തതുകൊണ്ട് എളുപ്പത്തിൽ കയറാമെന്ന എന്റെ പ്രതീക്ഷ തെറ്റുന്ന കാഴ്ചയാണ് കണ്ടത്. ഒരു കിലോമീറ്ററോളം നീളമുള്ള വരി. സുരക്ഷാപരിശോധനയാണ്. ഏകദേശം ഒരു മണിക്കൂർകൊണ്ട് താജിന്റെ ഗേറ്റിൽ എത്താനായി.
400 വർഷം പഴക്കമുണ്ടെന്ന് ഒരിക്കലും തോന്നാത്ത ഗരിമയാണ് താജിന് ഇന്നും. പ്രണയത്തിന്റെ മഹാകാവ്യമായി തലയുയർത്തിനിൽക്കുന്ന വെണ്ണക്കൽ പ്രതീകം. തിരക്കിനിടയിലൂടെ താജിന്റെ ചിത്രങ്ങൾ ഞങ്ങളും മൊബൈലിൽ പകർത്തി പുറത്തിറങ്ങി. ആഗ്ര കോട്ടയാണ് അടുത്ത ലക്ഷ്യം.
മുഗൾ ചക്രവർത്തി അക്ബർ ആഗ്രയിൽ പണികഴിപ്പിച്ച കോട്ടയാണ് ആഗ്ര കോട്ട. ആഗ്രയിലെ ചെങ്കോട്ട എന്നും അറിയപ്പെടുന്ന കോട്ട 1983ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി. താജിന് രണ്ടര കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് കോട്ട സ്ഥിതിചെയ്യുന്നത്.
അക്ബറുടെ പൗത്രനായ ഷാജഹാന്റെ ഭരണകാലത്താണ് കോട്ടക്ക് ഇന്നത്തെ രൂപം കൈവരുന്നത്. തന്റെ മുത്തച്ഛനിൽനിന്നും വ്യത്യസ്തമായി ഷാജഹാൻ ഇവിടെ നിർമിച്ച കെട്ടിടങ്ങളെല്ലാം വെണ്ണക്കല്ലുകൊണ്ടുള്ളതായിരുന്നു. ഷാജഹാന്റെ ജീവിതാന്ത്യത്തിൽ, അദ്ദേഹത്തിന്റെ പുത്രനായ ഔറംഗസേബ് അദ്ദേഹത്തെ ഈ കോട്ടയിൽ തടവിലാക്കി.
ഏകദേശം ഒരു മണിക്കൂർകൊണ്ട് ഞങ്ങൾ കോട്ട നടന്നുകണ്ടു. നൂറ്റാണ്ടുകൾക്കു മുമ്പ് ഇത്ര വലിയ കോട്ട പണിതുയർത്തിയതിലെ എൻജിനീയറിങ് വൈഭവം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഉച്ചഭക്ഷണം കഴിഞ്ഞ് 2.40ന്റെ ട്രെയിൻ ആഗ്ര കോട്ട സ്റ്റേഷനിൽനിന്നുതന്നെയായിരുന്നു. അജ്മീർ വരെ പോകുന്ന വണ്ടിയിൽ ജയ്പുർ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ നേരം ഇരുട്ടിത്തുടങ്ങി.
നഹർഗഡ് കോട്ടയിൽ നിന്നും ജയ്പൂർ സിറ്റിയുടെ ദൃശ്യം
മിശ്ര സംസ്കാരങ്ങളുടെ ജയ്പുർ
രാജസ്ഥാന്റെ തലസ്ഥാനനഗരിയാണ് ജയ്പുർ. രാജസ്ഥാനിലെ ഏറ്റവും വലിയ പട്ടണവും ഇതുതന്നെ. 1727ൽ രാജ്പുത് മഹാരാജാവായ ജയ് സിങ്ങിൻെറ കാലഘട്ടത്തിൽ വിദ്യാധാർ ഭട്ടാചാര്യയെന്ന ശിൽപിയാണ് നഗരം രൂപകൽപന ചെയ്തത്. ജയ്സിങ് നിർമിച്ച നഗരം ജയ്‌പുർ ആയി മാറി. 1876ൽ, വെയിൽസ് രാജകുമാരനായ ആൽബർട്ട് ജയ്‌പുർ സന്ദർശിച്ചപ്പോൾ, മഹാരാജ റാം സിങ് അദ്ദേഹത്തെ സ്വാഗതം ചെയ്തത് എല്ലാ കെട്ടിടങ്ങൾക്കും വരവേൽപിൻെറ നിറമായ പിങ്ക് നിറം നൽകിയായിരുന്നു. അങ്ങനെയാണ് ജയ്പുർ പിങ്ക് സിറ്റിയായത്.
പഞ്ചാബിലെ അത്രതന്നെ തണുപ്പായിട്ടില്ലെങ്കിലും ജയ്പുരിലെ പ്രഭാതവും കുളിരുള്ളതുതന്നെയായിരുന്നു. 8.30നുതന്നെ കാർ എത്തി. നേരെ ബിർള മന്ദിർ കാണാൻ പോയി. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഉള്ളതുപോലെതന്നെ, പൂർണമായും വെള്ള മാർബിളിൽ ഉണ്ടാക്കിയ മനോഹര ക്ഷേത്രം.
ഹുമയൂൺ ടോംബ്, ഡൽഹി
വ്യവസായികളായിരുന്ന ബിർള കുടുംബം 1988ലാണ് നിർമിച്ചത്. പ്രഭാതഭക്ഷണം കഴിഞ്ഞ് ജയ്പുരിലെ പ്രസിദ്ധമായ കോട്ടകൾ ലക്ഷ്യമാക്കി നീങ്ങി. സിറ്റിയിൽനിന്ന് 11 കിലോമീറ്റർ അകലെയാണ് ആദ്യ കോട്ടയായ ആമ്പർ കോട്ട അല്ലെങ്കിൽ ആമെർ കോട്ട.
അക്ബർ ചക്രവർത്തിയുടെ കമാൻഡറായ രാജാ മാൻസിങ് ഒന്നാമൻ 1592ൽ നിർമിച്ച ഈ കൊട്ടാരത്തിലാണ് സിറ്റി പാലസ് ഉണ്ടാക്കുന്നതുവരെ രാജകുടുംബം താമസിച്ചിരുന്നത്. സൂരജ് പോൾ എന്ന കവാടത്തിലൂടെ കയറിയാൽ ജലേബ് ചൗക്ക് എന്ന നടുമുറ്റത്തെത്തും.
വിജയാഘോഷങ്ങൾ നടത്താറുള്ള ഇവിടെ ഇപ്പോഴും രാജപ്രതീതി നിലനിർത്താൻ വാദ്യോപകരണങ്ങൾ വായിക്കുന്നുണ്ട്. ആനസഫാരി വഴി കോട്ട കാണാനുള്ള സൗകര്യവും ലഭ്യമാണ്. ഇവിടത്തെ ഏറ്റവും മനോഹരമായ ഭാഗം ശീഷ് മഹൽ അഥവാ കണ്ണാടിയുടെ കൊട്ടാരമാണ്.
അടുത്തത് ജൈഗർ കോട്ട ആയിരുന്നു. ജയ്‌പുരിലെ മൂന്നു മലകളിൽ, ചീൽ ക ടീല (hill of eagles) എന്ന മലയിൽ നിർമിച്ചിരിക്കുന്ന ജൈഗർ കോട്ട ഒരു എൻജിനീയറിങ് വിസ്മയമാണ്. ഈ കോട്ടയിൽ ആയുധശേഖരങ്ങൾ വെക്കുകയല്ലാതെ, ഒരു രാജാവും താമസിച്ചിട്ടില്ലത്രെ. ശത്രുക്കളിൽനിന്ന് ആക്രമണം വന്നാൽ രക്ഷപ്പെടാൻ ആംബർ കൊട്ടാരത്തിൽനിന്നു ജൈഗർ കോട്ടയിലേക്ക് തുരങ്കം നിർമിച്ചിട്ടുണ്ട്. കോട്ടയിലെ പ്രധാന ആകർഷണം 50 ടൺ ഭാരമുള്ള, നാലു വശവും വെടിയുതിർക്കാവുന്ന 'ജൈവാണ പീരങ്കി' എന്നറിയപ്പെടുന്ന പീരങ്കിയാണ്.
ഇനി നഹർഗഢ് കോട്ട. നഹർഗഡ് എന്നാൽ 'കടുവകളുടെ വാസസ്ഥലം' എന്നാണർഥം. 1734ൽ ജയ്പുർ രാജാവായിരുന്ന സവായ് ജയ്സിങ്ങാണ് ഈ കോട്ട പണികഴിപ്പിച്ചത്. കോട്ടക്കുള്ളിൽ രാജാക്കന്മാരും രാജകുടുംബാംഗങ്ങളും വേനൽക്കാലവസതിയായി ഉപയോഗിച്ചിരുന്ന മാധവേന്ദ്ര ഭവൻ എന്നൊരു കെട്ടിടമുണ്ട്. കോട്ടയുടെ മുകളിൽനിന്നുള്ള ജയ്പുർ നഗരകാഴ്ച മനോഹരമാണ്.
ജൽമഹൽ ആയിരുന്നു അടുത്ത ലക്ഷ്യം. മൻസാഗർ തടാകത്തിന് നടുവിൽ പണിത അഞ്ചു നിലകളുള്ള കൊട്ടാരം. രജപുത്ര-മുഗൾ വാസ്തുശൈലിയുടെ ഉത്തമോദാഹരണമായ ഈ കൊട്ടാരം, 18ാം നൂറ്റാണ്ടിലാണ് നിർമിക്കപ്പെട്ടത്. ആംബറിലെ രാജാവായ സവായ് ജയ്സിങ് രണ്ടാമനാണ് ഇത് പണിയിച്ചത്. ജയ്പുർ നഗരത്തിന്റെ രാത്രിഭംഗി കണ്ടുകൊണ്ട് കുറച്ച് ഷോപ്പിങ് കൂടി നടത്തി അന്നത്തെ യാത്ര അവസാനിപ്പിച്ചു. ഇനി നാളെ ഓൾഡ് സിറ്റി കാണാം. ജയ്പുർ എന്ന് കേൾക്കുമ്പോൾ ഓർമയിൽ വരുന്ന പിങ്ക് സിറ്റി.
ജയ്പുരിലെ ഞങ്ങളുടെ രണ്ടാം ദിനം തുടങ്ങിയത് ഹവാമഹൽ കണ്ടായിരുന്നു. രാജപുത്ത്-മുഗൾ ശൈലികളുടെ സമ്മിശ്രമായി കൃഷ്ണകിരീടത്തിന്റെ മാതൃകയിൽ മഹാരാജ സവായ് പ്രതാപ് സിങ് 1799ൽ നിർമിച്ച അഞ്ചു നിലകളുള്ള ഹവാ മഹൽ വാസ്തുകലയുടെ ഉദാത്ത മാതൃകയാണ്. രാജ്പുത് സ്ത്രീകൾക്ക് നഗരാഘോഷങ്ങൾ കാണാനായി നിർമിച്ച ഈ 'കാറ്റിന്റെ കൊട്ടാരത്തിൽ' 953 കിളിവാതിലുകൾ ഉണ്ട്.
പുറമേ നിന്നാണ് കാഴ്ചക്ക് ഭംഗിയെങ്കിലും അകത്തേക്ക് പ്രവേശിച്ചാൽ മുകളിലേക്കു കയറാനും സിറ്റി മുഴുവൻ കാണാനും സാധിക്കും. പിന്നെ പോയത് ജന്തർമന്തർ കാണാൻ. എട്ടിൽ പഠിക്കുന്ന മക്കൾക്ക് അവർ പഠിച്ച പല സംഗതികളും അവിടെ കാണാനായി. നിഴൽ നോക്കി സമയം കാണിക്കുന്ന സൺഡയൽ, രാശിചക്രം തുടങ്ങിയ ജ്യോതിശാസ്ത്ര ഉപകരണങ്ങൾ 18ാം നൂറ്റാണ്ടിൽതന്നെ ജയ്പുർ രാജാക്കന്മാർ ഉണ്ടാക്കിയിരുന്നു എന്നത് അത്ഭുതമായി.
തൊട്ടടുത്തുതന്നെയാണ് സിറ്റി പാലസും ആൽബർട്ട് ഹാൾ മ്യൂസിയവും. ആൽബർട്ട് എഡ്വേർഡ് രാജാവിന്റെ സന്ദർശനത്തിന്റെ ഓർമക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന് അദ്ദേഹത്തിന്റെതന്നെ പേര് നൽകുകയായിരുന്നു. ബി.സി മുപ്പതിൽ മരിച്ചു എന്ന് കരുതപ്പെടുന്ന ഈജിപ്ഷ്യൻ സ്ത്രീയുടെ മമ്മിയാണ് ഇവിടത്തെ പ്രധാന ആകർഷണം.
ലേഖകനും കുടുംബവും കുതുബ് മിനാറിനരികിൽ
ദില്ലി: ചരിത്രം അലിഞ്ഞുചേർന്ന രാജഭൂമി
ഡൽഹിയിൽ തിരിച്ചെത്തി നേരെ ബി.എസ്.എൻ.എൽ ഓഫിസർമാരുടെ അവധിക്കാല വസതിയിലേക്ക്. ഫ്രഷ് ആയശേഷം ഡൽഹി കാണാൻ ഇറങ്ങി. മുഗൾ ശിൽപകലയുടെ ഭംഗി വിളിച്ചോതുന്ന ഹുമയൂൺ ടോംബ്, മുഗൾ ഗാർഡൻ എന്നിവ കണ്ടശേഷം ചെങ്കൊട്ടയിലേക്ക് വെച്ചുപിടിച്ചു.
ചെങ്കോട്ട ആഗ്രകോട്ടയുടെ അതേ രൂപഭംഗിയും ആകാരവും നിലനിർത്തുന്നു. ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയ പതിനേഴാം നൂറ്റാണ്ടിൽ ഷാജഹാൻ ചക്രവർത്തി നിർമിച്ച ഈ കോട്ട 1857ലെ സ്വാതന്ത്ര്യസമരം വരെ മുഗൾ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു.
യാത്രയുടെ അവസാന ദിവസം ആരംഭിച്ചത് ദക്ഷിണ ഡൽഹിയിലെ കുതുബ് മിനാർ സന്ദർശനത്തോടെയാണ്. ഇഷ്ടികകൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ മിനാരം. ദില്ലി സുൽത്താനായിരുന്ന കുത്ബുദ്ദീൻ ഐബക് ആണ് 1199ൽ മിനാറിന്റെ ആദ്യ നില പണികഴിപ്പിച്ചത്. അതിനു ശേഷം വന്ന സുൽത്താൻ ഇൽത്തുമിഷ് 1229ഓടെ മറ്റു നാലുനിലകളുടെ പണി പൂർത്തീകരിച്ചു.
താമരപ്പൂവിന്റെ ആകൃതിയിലുള്ള ഒമ്പതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായിനിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ് ലോട്ടസ് ടെമ്പിൾ എന്നറിയപ്പെടുന്ന ബഹായി വിശ്വാസികളുടെ ഏറ്റവും വലിയ അമ്പലം. ഇന്ത്യൻ റെയിൽവേയുടെ ചരിത്രവും വർത്തമാനവും കാണിക്കുന്ന നാഷനൽ റെയിൽ മ്യൂസിയം കണ്ട ശേഷം ജുമാമസ്ജിദിലേക്ക് വിട്ടു.
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‍ലിം പള്ളികളിൽ ഒന്നായ ജുമാമസ്ജിദിൽ അസർ നമസ്കാരത്തിന് ബാങ്ക് വിളിച്ച നേരത്താണ് ഞങ്ങളെത്തിയത്. പ്രാർഥന കഴിഞ്ഞ് മിനാരത്തിന് മുകളിലേക്കു കയറി. 150ഓളം പടികൾ കയറി മേലെ എത്തുമ്പോൾ ഓൾഡ് ഡൽഹി മുഴുവൻ കാണാം.
നാട്ടിൽ കാത്തിരിക്കുന്ന എല്ലാവർക്കും എന്തെങ്കിലും സമ്മാനം കൊടുക്കണം എന്നതിനാൽ കുറച്ചൂടെ ഷോപ്പിങ് നടത്തി. നവംബർ 12ന് രാവിലെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കോഴിക്കോട് ലക്ഷ്യമാക്കി പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക്. ഒരു കുഞ്ഞുമോഹത്തിൽനിന്നുദിച്ച, ഒരാഴ്ചനീണ്ട സുവർണ ത്രികോണ യാത്രക്ക് ശുഭപര്യവസാനം.
എഴുത്തും ചിത്രവും ആരിഫ് അഹ് മദ്
●