Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightTraveloguechevron_rightപപ്പടം വിറ്റ് ഉലകം...

പപ്പടം വിറ്റ് ഉലകം ചുറ്റുകയാണ് 71കാരനായ ഈ മലയാളി

text_fields
bookmark_border
പപ്പടം വിറ്റ് ഉലകം ചുറ്റുകയാണ് 71കാരനായ ഈ മലയാളി
cancel
camera_alt

രാജൻ റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗിൽ


സദ്യ, ബിരിയാണി, നെയ്ച്ചോർ തുടങ്ങി വിഭവം എന്തുതന്നെയായാലും പപ്പടമില്ലാതെ മലയാളിക്ക് പറ്റില്ല. എന്നാൽ, അത്​ നിർമിക്കുന്ന രാജനാകട്ടെ, പപ്പടത്തെക്കാൾ പ്രിയം യാത്രകളെയാണ്​. മിക്കവർക്കും പപ്പടം സദ്യയിലെ ക്രിസ്പി സൈഡ് ഡിഷ് മാത്രമാണ്.

എന്നാൽ, കോട്ടയം കങ്ങഴ ശിവോദയ ഭവനിൽ 71കാരനായ പി.കെ. രാജന് അത് ലോകത്തിലേക്കുള്ള ടിക്കറ്റായിരുന്നു. അവ രാജനെ കൊണ്ടെത്തിച്ചത്​ ഷാങ്ഹായിലെ വിപണികൾ, ന്യൂയോർക്കിലെ തെരുവുകൾ, യൂറോപ്പ്, ആഫ്രിക്കൻ ഭൂഖണ്ഡങ്ങൾ തുടങ്ങി 40ലധികം രാജ്യങ്ങളിലേക്കായിരുന്നു.

സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിൽ പീറ്റർ ദി ഗ്രേറ്റ് സിംഹാസനത്തിനരികെ

പോയ രാജ്യത്തേക്ക്​ വീണ്ടുമില്ല

ചെറുപ്പം മുതൽ യാത്രകളോടുള്ള കമ്പമാണ് രാജനെ സഞ്ചാരിയാക്കിയത്. നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കായിരുന്നു ആദ്യ യാത്രകൾ. ദൂരയാത്രകൾ തന്‍റെ തൊഴിലിനെ ബാധിക്കുമെന്ന ആശങ്ക അന്നുണ്ടായിരുന്നു.

മകൻ പപ്പട വ്യവസായത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെ രാജന്​ കൂടുതൽ സമയം ലഭിച്ചുതുടങ്ങി. കണ്ടതിൽ രാജന് ഏറെ ഇഷ്ടമുള്ള രാജ്യം ചൈനയാണ്​. അതിനുകാരണം ഇത്രവലിയ രാജ്യമായിട്ടും ഒരേനിറത്തിലുള്ള മനുഷ്യർ, എവിടെ​ച്ചെന്നാലും ഒരേ ഭാഷ സംസാരിക്കുന്നവർ. കണ്ടതിൽ പ്രകൃതിരമണീയം സ്വിറ്റ്​സർലൻഡാണ്​.

യാത്ര എന്നത് മറഞ്ഞിരിക്കുന്ന സ്ഥലങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളെ അടയാളപ്പെടുത്തുക മാത്രമല്ല, മടക്കയാത്രക്ക് ശേഷം വളരെക്കാലം നീളുന്ന കഥകൾ, രുചികൾ, മുഖങ്ങൾ എന്നിവയെക്കുറിച്ച് വാചാലനാവാനുള്ളതാണെന്നാണ്​ രാജൻ പയുന്നത്​. പോയ രാജ്യങ്ങളിലേക്ക്​ വീണ്ടും യാത്ര പോകാൻ രാജൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. പുതിയ നാടിനെ കാണാനും അടുത്തറിയാനുമാണ്​ ശ്രമിക്കാറുള്ളത്​.

റഷ്യയിലെ മലയ സഡോവയ സ്ട്രീറ്റിൽ ഫോട്ടോഗ്രാഫറുടെ സ്റ്റാച്യുവിന് സമീപം

ആദ്യ വിദേശയാത്ര

2018നു​ ശേഷമാണ്​ വിദേശയാത്രകളുടെ തുടക്കം. അതിനുമുമ്പ്​ ഇന്ത്യയിലെയും കേരളത്തിലെയും ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും യാത്രപോകുമായിരുന്നു. ചൈനയിലേക്കായിരുന്നു ആദ്യ വിദേശയാത്ര.

മക്കാവുവും ഹോങ്കോങ്ങും സന്ദർശിച്ചായിരുന്നു മടക്കം​​. അതോടെ കൂടുതൽ രാജ്യങ്ങൾ കാണണമെന്നായി. തുടർന്ന്​ അമേരിക്ക, ജർമനി, ഇറ്റലി, യു.കെ, തുർക്കിയ, പോളണ്ട്, റഷ്യ... അങ്ങനെ നീളുന്നു കണ്ട രാജ്യങ്ങളുടെ പട്ടിക.

കോവിഡിനു ശേഷമാണ് അമേരിക്കയിലേക്ക് വിസ ലഭിക്കുന്നത്​. 14 രാജ്യങ്ങൾ സന്ദർശിച്ചാണ്​ യൂറോപ്യൻ പര്യടനം പൂർത്തിയാക്കിയത്​. റഷ്യ കാണണമെന്ന വലിയ മോഹം കഴിഞ്ഞ വർഷമാണ്​ പൂർത്തീകരിച്ചത്​. 10 ദിവസമായിരുന്നു റഷ്യൻ സന്ദർശനം.

അതിനുശേഷം അസർബൈജാനായിരുന്നു ലിസ്റ്റിലുണ്ടായിരുന്നതെങ്കിലും അവിടേക്കുള്ള ട്രാവൽ പാക്കേജുകൾ ലഭ്യമാകാത്തതിനാൽ അർമീനിയ തിരഞ്ഞെടുക്കുകയായിരുന്നു. അടുത്ത യാത്ര മേയ്​ 10ലേക്കാണ്​ പ്ലാൻ ചെയ്തിരിക്കുന്നത്​.


ലോകം കാണാതെ എന്ത് ജീവിതം

പോകാനുദ്ദേശിക്കുന്ന നാടിനെക്കുറിച്ച് വിശദമായി പഠിച്ചിട്ടാണ് യാത്രക്കൊരുങ്ങുക. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഓർമക്കായി എന്തെങ്കിലും വാങ്ങി നാട്ടിലെത്തിക്കും. എന്നാൽ, അവ സൂക്ഷിക്കാറില്ല.

സുഹൃത്തുക്കളോ ബന്ധുക്കളോ ചോദിച്ചാൽ സന്തോഷത്തോടെ നൽകും. യാത്ര കഴി​ഞ്ഞെത്തുമ്പോൾ കൈയിൽ കാണുക ആ രാജ്യത്തിന്‍റെ സുവനീറുകളോ കറൻസികളോ ആയിരിക്കും.

പണിയെടുത്ത് കുറെ പണം സമ്പാദിച്ച് ലോകം കാണാതെ എന്തിനാണ് ജീവിക്കുന്നതെന്നാണ് രാജന്‍റെ പക്ഷം. മലയാളം മാത്രം കൈമുതലാക്കിയ രാജന്‍റെ യാ​ത്രകളെല്ലാം ട്രാവൽ ഏജൻസികൾ മുഖേനയാണ്​. എല്ലാ യാത്രകളും ഒറ്റക്കാണ്​ പോകാറുള്ളത്​.

ഭാര്യ ഓമനക്ക്​ രാജ്യത്തിന്​ പുറത്തേക്കുപോകാൻ അധികം താൽപര്യമില്ലാത്തതിനാലും ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നതിനാലും കൂടെക്കൂട്ടാറില്ല. ഒട്ടുമിക്ക യാത്ര പാക്കേജുകളും 20 ദിവസത്തിൽ താഴെയുള്ളതാണ്​ തിരഞ്ഞെടുക്കാറെന്ന് രാജൻ പറയുന്നു.

സീസൺ, കച്ചവടത്തിനും യാത്രക്കും

എല്ലാ ആഘോഷങ്ങൾക്കും പപ്പടം അവശ്യവിഭവമായതിനാൽ അതിന്‍റെ തിരക്കിലാണ്​. ഒരുപാട്​ ഓർഡറുകളും ലഭിച്ചിട്ടുണ്ട്​. ഉത്സവസീസണിലെ തിരക്കുകൾ ഒഴിഞ്ഞാൽ മേയിൽ ജപ്പാൻ, കൊറിയ എന്നിവയാണ് ലിസ്റ്റിലുള്ള രാജ്യങ്ങളെന്ന്​ രാജൻ പറയുന്നു.

ആറു ദിവസമാണ്​ ജപ്പാൻ യാത്രക്ക്​ നീക്കിവെച്ചിരിക്കുന്നത്​. അതിനുള്ള വിസ ലഭിച്ചിട്ടുണ്ട്. ഏഴു ദിവസത്തെ കൊറിയയിലേക്കുള്ള വിസക്കായി അപേക്ഷ നൽകി കാത്തിരിപ്പിലുമാണ്. അടുത്തതായി അസർബൈജാൻ യാത്ര യാഥാർഥ്യമാകുമെന്നും രാജൻ പറയുന്നു.

തൊഴിലാളികളുടെ കൈപിടിച്ച്

പപ്പടനിർമാണത്തിൽനിന്നുള്ള ലാഭത്തിന്‍റെ ഒരുവിഹിതം രാജൻ യാത്രകൾക്കായി മാറ്റിവെക്കാറുണ്ട്​. അതോടൊപ്പം തന്‍റെ പപ്പടനിർമാണ യൂനിറ്റിലെ തൊഴിലാളികളെ കേരളത്തി​ലെ യാ​ത്രകളിൽ കൂടെ കൂട്ടാറുണ്ട്.

അവരുമായി അവസാനമായി ഇടുക്കി ഡാം കാണാനാണ്​ പോയതെന്നും രാജൻ പറയുന്നു. യാത്രകഴിഞ്ഞ് നാട്ടിലെത്തിയാൽ പപ്പട നിർമാണത്തിലേക്കുതന്നെ രാജൻ മടങ്ങും.

അര നൂറ്റാണ്ടി​ന്റെ പപ്പട പാരമ്പര്യം

രാജനും കുടുംബവും പ്രാദേശിക വിപണികൾക്കായി കൈകൊണ്ട് നിർമിച്ച പപ്പടം ഉപജീവനമാർഗമായി ഉണ്ടാക്കിത്തുടങ്ങിയതാണ്​. പിന്നീട്​ പതുക്കെ അഭിവൃദ്ധി പ്രാപിച്ചു. ഇപ്പോൾ 56 വർഷമായി പപ്പട നിർമാണം തുടർന്നുപോരുന്നു. ഇരുപതിലധികം ജീവനക്കാരുണ്ട്. കമേഴ്സ്യൽ മാതൃകയിൽ യന്ത്രവത്കൃത പപ്പട വ്യവസായമാണ്​ ഇപ്പോൾ.

മൂത്തമകൻ രാജേഷ് കാര്യങ്ങളൊക്കെ നോക്കിത്തുടങ്ങിയതോടെ യാത്രകൾക്ക് കൂടുതൽ സമയം കണ്ടെത്തി. 50 വയസ്സ് മുതലാണ്​ യാത്ര പതിവാക്കിയത്​. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചു. സിംഗപ്പൂരും മലേഷ്യയുമുൾപ്പെടെ രാജ്യങ്ങൾ സന്ദർശിച്ചത്​ ചെറുമകളും പത്താംക്ലാസ്​ വിദ്യാർഥിയുമായ ആതിരയോടൊപ്പമായിരുന്നു.

രാജ്യത്തിനുള്ളിൽ നടത്തിയ യാത്രകളിലധികവും ആതിരയോടൊപ്പമായിരുന്നു. ഭാര്യ ഓമനയും മക്കളായ രാജേഷും രതീഷും ആതിരയുമടങ്ങുന്ന കുടുംബം യാത്രകൾക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്​.

Show Full Article
TAGS:Travel Destinations Pappadam 
News Summary - This 71-year-old Malayali is traveling around the world with the money he earned from selling pappadam
Next Story