Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightനിങ്ങൾക്കറിയാമോ...

നിങ്ങൾക്കറിയാമോ സ്ത്രീകളെ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ സ്ത്രീകൾക്കുള്ള വിവിധ ധനസഹായ പദ്ധതികളെക്കുറിച്ച്

text_fields
bookmark_border
നിങ്ങൾക്കറിയാമോ സ്ത്രീകളെ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ സ്ത്രീകൾക്കുള്ള വിവിധ ധനസഹായ പദ്ധതികളെക്കുറിച്ച്
cancel

സ്ത്രീകൾക്ക് സഹായവും കൈത്താങ്ങുമാകുന്ന ധാരാളം പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്.

സാമൂഹികനീതി വകുപ്പ്, വനിതാശിശു സംരക്ഷണ വകുപ്പ് എന്നിവ മുഖേനയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്. ഇത്തരം പദ്ധതികളിലൂടെ ധനസഹായം ലഭിക്കാൻ അ‍‍ക്ഷയകേന്ദ്രങ്ങൾ മുഖേന ഓൺലൈനായി അപേക്ഷ നൽകാം.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിലുള്ള അത്തരം ധനസഹായ പദ്ധതികൾ പരിചയപ്പെടാം.

സംസ്ഥാന സർക്കാർ പദ്ധതികൾ

1. പരിണയം

ഭിന്നശേഷിക്കാരായവരുടെ പെൺമക്കൾക്കും ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും വിവാഹ ധനസഹായം നൽകുന്ന പദ്ധതിയാണ് പരിണയം. ഗുണഭോക്താക്കൾക്ക് ഒറ്റത്തവണ ധനസഹായമായി 30,000 രൂപയാണ് അനുവദിക്കുക.

അർഹതാ മാനദണ്ഡങ്ങൾ

* ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും ഭിന്നശേഷിക്കാരായ വ്യക്തികൾക്കും (സ്ത്രീ/പുരുഷൻ) തുക അനുവദിക്കും.

* ഭിന്നശേഷിക്കാരായ വ്യക്തികളുടെ എല്ലാ പെൺമക്കളുടെയും വിവാഹത്തിന് ധനസഹായം അനുവദിക്കും.

* വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം അപേക്ഷ സമർപ്പിക്കണം.

* വിവാഹത്തിന് മുമ്പ് പണം ആവശ്യമുണ്ടെങ്കിൽ സംയുക്ത സാക്ഷ്യപത്രം/മുദ്രപത്രം കൂടി ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കണം

* വിവാഹിതയാകുന്ന പെൺകുട്ടിക്ക് ധനസഹായത്തിന് അപേക്ഷിക്കുന്ന ദിവസം 18 വയസ്സ് തികഞ്ഞിരിക്കണം.

* ധനസഹായം ഒരിക്കൽ ലഭിച്ച ശേഷം ഏതെങ്കിലും കാരണവശാൽ വിവാഹബന്ധം നിയമപ്രകാരം വേർപെടുത്തേണ്ടി വരുകയും രണ്ടാമത് വിവാഹം കഴിക്കുകയുമാണെങ്കിൽ രണ്ടാം വിവാഹത്തിനും സഹായധനം ലഭിക്കും.

* അപേക്ഷിക്കാൻ ഒരു വർഷം വരെയുള്ള കാലയളവ് ജില്ല സാമൂഹികനീതി ഓഫിസർക്ക് അനുവദിക്കാം.

* അപേക്ഷകൾ http://www.suneethi.sjd.kerala.gov.in/ വെബ്സൈറ്റിലൂടെ ഓൺലെെനായി സമർപ്പിക്കാം.


2. മാതൃജ്യോതി

ഭിന്നശേഷി മാതാവിന് കൈക്കുഞ്ഞിനെ പരിപാലിക്കുന്നതിനുള്ള ധനസഹായ പദ്ധതിയാണ് മാതൃജ്യോതി. കുഞ്ഞിനെ പരിപാലിക്കാൻ മറ്റുള്ളവരുടെ സഹായം കൂടി വേണ്ടി വരുന്ന അവസ്ഥയിൽ 60 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള മാതാവിന് രണ്ടു വർഷത്തേക്ക് സാമ്പത്തിക സഹായം സാമൂഹികനീതി വകുപ്പ് നൽകുന്നു.

അർഹതാ മാനദണ്ഡങ്ങൾ

* കുഞ്ഞ് ജനിച്ച് ആറുമാസത്തിനകം അപേക്ഷിക്കണം.

* ഒരു ലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് ധനസഹായം ലഭിക്കുക

* കുഞ്ഞിനെ പരിപാലിക്കാൻ ഭിന്നശേഷിക്കാരിയായ അമ്മക്ക് സഹായം ആവശ്യമാണെന്ന് ഗൈനക്കോളജിസ്റ്റോ പീഡിയാട്രീഷനോ സാക്ഷ്യപ്പെടുത്തണം.

* രണ്ട് വർഷത്തേക്ക് മാസം രണ്ടായിരം രൂപ വീതം രണ്ട് ഇൻസ്റ്റാൾമെന്‍റായി ആകെ 24,000 രൂപയാണ് സാമ്പത്തിക സഹായം ലഭിക്കുക

* ആശുപത്രിയിൽനിന്നുള്ള ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, ഭിന്നശേഷി മാതാവിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ http://www.suneethi.sjd.kerala.gov.in/ൽ അപ്ലോഡ് ചെയ്താണ് അപേക്ഷിക്കേണ്ടത്.

3. സ്നേഹയാനം

ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വെല്ലുവിളി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ചവരുടെ അമ്മമാർക്ക് ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതിയാണിത്.

അർഹതാ മാനദണ്ഡങ്ങൾ

* അപേക്ഷക നാഷനൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെടുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വെല്ലുവിളി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ചവരുടെ അമ്മ ആയിരിക്കണം

* മുൻഗണനാ വിഭാഗത്തിൽപെട്ട (ബി.പി.എൽ) ആളായിരിക്കണം.

* ഭർത്താവ് ഉപേക്ഷിച്ചവരോ വിധവകളോ നിയമപരമായി ബന്ധം വേർപെടുത്തിയവരോ ആയിരിക്കണം.

* പ്രായം 55 കവിയരുത്.

* ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം.

* വാഹനത്തിന്‍റെ നികുതി, ഇൻഷുറൻസ് എന്നിവ ഉപഭോക്താവ് വഹിക്കണം

* അപേക്ഷകൾ നാഷനൽ ട്രസ്റ്റ് എൽ.എൽ.സി മുഖേന സമർപ്പിക്കണം.

4. സ്വാശ്രയം

50 ശതമനമോ അതിൽ കൂടുതലോ ഭിന്നശേഷിത്വമുള്ളവരെ പരിചരിക്കാൻ മുഴുവൻ സമയം ചെലവഴിക്കേണ്ട അവസ്ഥയിൽ സ്വാശ്രയം പദ്ധതിയിലൂടെ സ്വയംതൊഴിലിനായി ധനസഹായം നൽകുന്നു. 35,000 രൂപയാണ് ഒറ്റത്തവണയായി ലഭിക്കുക. അനുയോജ്യമായ സ്ഥലത്ത് സ്വയംതൊഴിൽ ആരംഭിക്കാം. പണം തിരിച്ചടക്കേണ്ടതില്ല.

അർഹതാ മാനദണ്ഡങ്ങൾ

* മാതാവോ പിതാവോ നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഭിന്നശേഷിക്കാരുടെ സഹായികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്.

* മാതാവിനോ പിതാവിനോ ശാരീരിക-മാനസിക വെല്ലുവിളികൾ കാരണം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലും ഈ പദ്ധതിയിൽ അപേക്ഷിക്കാം.

* ഭിന്നശേഷിത്വം കാരണം പുറത്തുപോയി ജോലി ചെയ്യാൻ കഴിയാത്ത 50 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവർക്കും അപേക്ഷിക്കാം.

* മാതാവോ പിതാവോ നഷ്ടപ്പെട്ടതിനാൽ ഭിന്നശേഷിക്കാരെ പരിചരിക്കുന്ന ബന്ധുവിനും അപേക്ഷ നൽകാം.

* ഒരു വീട്ടിൽതന്നെ ഒന്നിൽ കൂടുതൽ ഭിന്നശേഷിക്കാരുണ്ടെങ്കിൽ ഏതെങ്കിലും ഒരാൾക്ക് 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിത്വം ഉണ്ടെങ്കിൽ അത്തരം കുടുംബങ്ങൾക്കും സ്വയംതൊഴിലിനായി പദ്ധതിയിൽ അപേക്ഷിക്കാം.

* ദാരിദ്ര്യരേഖയുടെയും തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്വയംതൊഴിലിന്‍റെയും വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.

* അപേക്ഷക ബി.പി.എൽ കുടുംബാംഗം ആയിരിക്കണം.

* കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.suneethi.sjd.kerala.gov.in സന്ദർശിക്കുക.


5. അഭയകിരണം

അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന വനിത ശിശു വികസന വകുപ്പിന്‍റെ പദ്ധതിയാണ് അഭയം. സ്വന്തമായി താമസിക്കാൻ ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വിധവകൾക്ക് അഭയസ്ഥാനം നൽകുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ അനുവദിക്കും.

അർഹതാ മാനദണ്ഡം

* സംരക്ഷിക്കപ്പെടുന്ന വിധവകൾ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം. വയസ്സ് തെളിയിക്കാൻ സ്കൂൾ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐ.ഡി കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്ന് അപ്ലോഡ് ചെയ്യണം.

* അപേക്ഷകന്‍റെ ആധാർ കാർഡിന്‍റെ പകർപ്പ് അപ്ലോഡ് ചെയ്യണം

* വിധവകളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അത് തെളിയിക്കുന്ന വില്ലേജ് ഓഫിസറിൽനിന്ന് വാങ്ങുന്ന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. മുൻഗണന/ബി.പി.എൽ വിഭാഗത്തിൽപെടുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. റേഷൻ കാർഡിന്‍റെ പകർപ്പ് അപ്ലോഡ് ചെയ്യണം.

* വിധവകൾ സർവിസ് പെൻഷൻ/കുടുംബ പെൻഷൻ എന്നിവ കെെപ്പറ്റുന്നവരാകരുത്.

* വിധവകൾക്ക് പ്രായപൂർത്തിയായ മക്കൾ ഉണ്ടാകാൻ പാടില്ല (ഭിന്നശേഷി/മാനസിക വെല്ലുവിളിയുള്ള മക്കൾ ഉള്ളവരെ പരിഗണിക്കും)

* വിധവയെ സംരക്ഷിക്കുന്ന അപേഷകർ ക്ഷേമ പെൻഷനുകളോ വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കിവരുന്ന മറ്റു ധനസഹായമോ ലഭിക്കുന്നവരായിരിക്കരുത്.

* ബന്ധുവിന്‍റെ പരിചരണത്തിൽ കഴിയുന്ന വ്യക്തിയാണെന്നും വിധവയാണെന്നും ബന്ധപ്പെട്ട ഐ.സി.ഡി.എസ് സൂപ്പർവെെസർ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഈ സാക്ഷ്യപത്രം അപ്ലോഡ് ചെയ്യണം.

* താമസിക്കാൻ സ്വന്തമായി ചുറ്റുപാടോ സൗകര്യമോ ഉള്ള വിധവകൾ ആയിരിക്കരുത്

* ഏതെങ്കിലും സ്ഥാപനത്തിൽ താമസക്കാരിയായി കഴിയുന്ന വിധവകൾ ഈ ധനസഹായത്തിന് അർഹരല്ല.

* മുൻവർഷം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കണം.

* http://www.schemes.wcd.kerala.gov.in/website/index/index.php വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

6. വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം

അർഹതാ മാനദണ്ഡങ്ങൾ

* ബി.പി.എൽ (മുൻഗണനാ വിഭാഗം) വിഭാഗത്തിൽപെട്ടവർക്ക് മാത്രമാണ് ധനസഹായത്തിന് അർഹത.

* വിവാഹമോചിതരായ വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.

* പുനർവിവാഹം കഴിച്ചവർക്ക് ഈ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കില്ല

* ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകളുടെ മക്കൾക്ക് അർഹതയുണ്ട്.

* ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകളുടെ മക്കൾക്ക് ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.

* ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലർത്താനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകളുടെ മക്കൾക്ക് ധനസഹായത്തിന് അർഹതയുണ്ടാകും.

* നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കൾക്ക് ധനസഹായത്തിന് അർഹതയുണ്ടായിരിക്കും.

* എ.ആർ.ടി തെറപ്പിക്ക് വിധേയരാകുന്ന എച്ച്.ഐ.വി ബാധിതരായ വ്യക്തികളുടെ കുട്ടികൾക്കും ധനസഹായത്തിന് അർഹതയുണ്ട്.

* ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികൾക്ക് മാത്രമേ ധനസഹായത്തിന് അർഹതയുള്ളൂ.

* സംസ്ഥാന, കേന്ദ്ര സർക്കാറുകളിൽനിന്ന് ഒരു വിധത്തിലുള്ള സ്കോളർഷിപ്പും ലഭിക്കുന്നില്ല എന്ന സാക്ഷ്യപത്രം വിദ്യാഭ്യാസ മേധാവിയിൽനിന്നും വാങ്ങി അപേക്ഷയോടൊപ്പം നൽകണം.

* സംസ്ഥാന സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ധനസഹായം നൽകേണ്ടത്.

* കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://www.schemes.wcd.kerala.gov.in/website/index/index.php സന്ദർശിക്കുക.

7. മംഗല്യ പദ്ധതി-വിധവ പുനർവിവാഹ ധനസഹായം

സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ.

അർഹത മാനദണ്ഡം

* അപേക്ഷക ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽ പെട്ടതായിരിക്കണം

* ഭർത്താവിന്‍റെ മരണംമൂലം വിധവയാകുകയും നിയമപ്രകാരം ബന്ധം വേർപെടുത്തിയതുമൂലം വിധവക്ക് സമാനമായി തീർന്ന കുടുംബങ്ങളിൽപെട്ട വനിതകളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്.

* പുനർവിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാർ മുമ്പാകെ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

* വർഷത്തിൽ എല്ലാ സമയവും വകുപ്പിന്‍റെ വെബ്സൈറ്റിലൂടെ പദ്ധതിക്കായി അപേക്ഷിക്കാം. പുനർവിവാഹം നടന്ന് ആറുമാസത്തിനകം അപേക്ഷ സമർപ്പിക്കണം.

* 18നും 50നും മധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം അനുവദിക്കുക

* കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://www.schemes.wcd.kerala.gov.in/website/index/index.php സന്ദർശിക്കുക.

8. സഹായഹസ്തം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയംതൊഴിൽ ചെയ്യാനുള്ള ധനസഹായ പദ്ധതിയാണിത്. 55 വയസ്സിന് താഴെയുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനമാർഗം കണ്ടെത്താൻ ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്നു.

അർഹത മാനദണ്ഡം

* സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിന് താഴെയുള്ള വിധവകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

* സംരംഭം ഒറ്റക്കോ സംഘമായോ (വനിതാ കൂട്ടായ്മ, കുടുംബശ്രീ, വിധവാ സംഘം തുടങ്ങിയവ) നടത്താം. ഒരു ജില്ലയിൽനിന്ന് പരമാവധി 10 പേർക്ക് ധനസഹായം നൽകും.

* കുടുംബശ്രീ യൂനിറ്റുകൾ, സ്വയംസഹായ സംഘങ്ങൾ, വനിത കൂട്ടായ്മകൾ തുടങ്ങിയ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവർക്ക് മുൻഗണന

* ഗുണഭോക്താവിന്‍റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം (ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മുൻഗണന)

* 18 വയസ്സിന് താഴെയുള്ള കുട്ടികളുള്ള വിധവകൾക്ക് മുൻഗണന

* ഭിന്നശേഷിക്കാരായ മക്കളുള്ളവർ, പെൺകുട്ടികൾ മാത്രം ഉള്ളവർ എന്നിവർക്ക് മുൻഗണന

* ആശ്വാസകിരണം പെൻഷൻ, വിധവ പെൻഷൻ ലഭിക്കുന്നവർക്കും അപേക്ഷിക്കാം

* തദ്ദേശ സ്ഥാപനം വഴിയോ മറ്റു സർക്കാർതലത്തിലോ സ്വയംതൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിച്ച വിധവകൾ ഈ ആനുകൂല്യത്തിന് അർഹരല്ല.

* സഹായഹസ്തം പദ്ധതി പ്രകാരം മുൻവർഷം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കരുത്.

* മുൻവർഷം അപേക്ഷിച്ചിട്ട് ധനസഹായം ലഭിക്കാത്ത അർഹരായ ഗുണഭോക്താക്കൾ ഉണ്ടെങ്കിൽ മുൻഗണന.

* ഒറ്റത്തവണ സഹായം കൊണ്ട് തുടങ്ങുന്ന തൊഴിൽ സംരംഭം ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും നടപ്പാക്കിയിരിക്കണം.

* കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://www.schemes.wcd.kerala.gov.in/website/index/index.php സന്ദർശിക്കുക.

9. പടവുകൾ

വിധവകളുടെ പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്ന മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം നൽകുന്ന പദ്ധതിയാണ് പടവുകൾ.

പദ്ധതി ധനസഹായം

* പ്രഫഷനൽ കോഴ്സുകൾക്ക് പഠിക്കുന്ന (എം.ബി.ബി.എസ്, എൻജിനീ‍യറിങ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ് എന്നിവയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അംഗീകരിച്ച പ്രഫഷണൽ കോഴ്സുകളും) മക്കളുടെ ട്യൂഷൻ ഫീസും ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ച ഹോസ്റ്റൽ ഫീസും മെസ് ഫീസും നൽകുന്നു.

* സെമസ്റ്റർ ഫീസാണെങ്കിൽ വർഷം രണ്ടു തവണയും വാർഷിക ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കും.

* സർക്കാർ/എയ്ഡഡ്/സ്വാശ്രയ കോളജുകളിൽ മെറിറ്റ് സീറ്റിൽ പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്നവരായിരിക്കണം.

അർഹതാ മാനദണ്ഡം

* മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാറിന് കീഴിലുള്ള സർവകലാശാലകൾ അംഗീകരിച്ച മറ്റു പ്രഫഷനൽ കോളജുകൾ എന്നിവയിൽ പഠിക്കുന്നവരായിരിക്കണം.

* കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്നവരായിരിക്കണം

* കുടുംബത്തിന്‍റെ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയരുത്

* കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ പ്രവേശന പരീക്ഷയുടെ മാർക്ക്/പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയുടെ മാർക്ക്, വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിക്കും.

* സർക്കാർതലത്തിൽ മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്നവർ ഈ ധനസഹായത്തിന് അർഹരല്ല.

* അംഗൻവാടി ജീവനക്കാർ, ആശാവർക്കർമാർ, പാർട് ടൈം കണ്ടിൻജന്‍റ് ജീവനക്കാർ ഒഴികെയുള്ള സർക്കാർ ജീവനക്കാർ എന്നിവരും ആനുകൂല്യത്തിന് അർഹരല്ല.

* ധനസഹായ തുക അപേക്ഷകയുടെ (മാതാവിന്‍റെ) ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.

* ധനസഹായം ലഭിക്കേണ്ട കുട്ടി വിധവയുടെ മകൻ/മകൾ ആയിരിക്കണം.

* ഒരു കുടുംബത്തിലെ രണ്ടു വിദ്യാർഥികൾ ധനസഹായത്തിന് അർഹരായിരിക്കും.

* കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://www.schemes.wcd.kerala.gov.in/website/index/index.php സന്ദർശിക്കുക.

10. ആശ്വാസനിധി

ലൈംഗിക കുറ്റകൃത്യങ്ങൾ, ഗാർഹിക പീഡനങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ഹീനമായ ലിംഗാധിഷ്ഠിത അക്രമങ്ങൾ എന്നിവക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കുമായാണ് പദ്ധതി. വനിതാ ശിശു വികസന വകുപ്പ് മുഖാന്തരമാണ് ധനസഹായം നൽകുന്നത്.

വിക്ടിം കോമ്പൻസേഷൻ ഫണ്ടോ നിയമവ്യവസ്ഥകൾ പ്രകാരം നൽകിയ മറ്റേതെങ്കിലും നഷ്ടപരിഹാരമോ പരിഗണിക്കാതെ ഈ തുക അനുവദിക്കും. അപേക്ഷിക്കാൻ വനിതാ സംരക്ഷണ ഓഫിസർ/ജില്ല ശിശു സംരക്ഷണ ഓഫിസർ എന്നിവരുടെ റിപ്പോർട്ട്, എഫ്.ഐ.ആർ, ബാങ്ക് പാസ് ബുക്ക് പകർപ്പ്, ആധാർ കാർഡ് പകർപ്പ്, മെഡിക്കൽ റിപ്പോർട്ട്, ലീഗൽ റിപ്പോർട്ട്, പൊലീസ് റിപ്പോർട്ട് എന്നീ രേഖകൾ വേണം. 25000, 50000, ഒരു ലക്ഷം, രണ്ടു ലക്ഷം എന്നിങ്ങനെയാണ് ധനസഹായം ലഭിക്കുക.

കേന്ദ്ര സർക്കാർ പദ്ധതികൾ

1. മിഷൻ ശക്തി

സ്ത്രീസുരക്ഷ, ശാക്തീകരണം എന്നിവക്കായുള്ള ഇടപെടലുകൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മിഷൻ മോഡിലെ ഒരു പദ്ധതിയാണ് മിഷൻ ശക്തി. സംബൽ, സാമർഥ്യ എന്നീ രണ്ട് ഉപപദ്ധതികളുണ്ട് മിഷൻ ശക്തിക്ക്.

പരിചരണവും സംരക്ഷണവും ആവശ്യമുള്ള ഭിന്നശേഷിക്കാരും സാമൂഹികമായും സാമ്പത്തികമായും പാർശ്വവത്കരിക്കപ്പെട്ട ദുർബല വിഭാഗങ്ങളുമുൾപ്പെടെ എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവരുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനുമുള്ള ഹ്രസ്വകാല, ദീർഘകാല സേവനങ്ങളും വിവരങ്ങളും നൽകുക എന്നതാണ് മിഷൻ ശക്തിയുടെ ലക്ഷ്യം.

* സംബൽ

വൺ സ്റ്റോപ്പ് സെന്‍റർ സ്കീം

ദുരുപയോഗം, അക്രമം, ആഘാതം എന്നിവയെ അതിജീവിക്കുന്ന സ്ത്രീകൾക്ക് സമഗ്ര പരിചരണം നൽകുന്നതിന് ലക്ഷ്യമിട്ട് 2015ലാണ് വൺ സ്റ്റോപ്പ് സെന്‍റർ ആരംഭിച്ചത്. സംബൽ ഉപപദ്ധതിയുടെ കീഴിലാണ് ഇത് വരുന്നത്. മെഡിക്കൽ, നിയമ, താൽക്കാലിക അഭയം, പൊലീസ് സഹായം, മനഃശാസ്ത്രപരവും കൗൺസലിങ് പിന്തുണയും പോലുള്ള അവശ്യസേവനങ്ങളുടെ ഒരു ശ്രേണി വൺ സ്റ്റോപ്പ് സെന്‍ററിൽ വാഗ്ദാനം ചെയ്യുന്നു.

വനിതാ ഹെൽപ്പ് ലൈൻ 181

പൊലീസ് സേവനങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കും സ്ത്രീകൾക്ക് ആംബുലൻസ്, അഗ്നിരക്ഷ, വൺ സ്റ്റോപ്പ് സെന്‍റർ എന്നിവയുമായി ബന്ധപ്പെടുന്നതിന് എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റവുമായി (ഇ.ആർ.എസ്.എസ്) ബന്ധിപ്പിച്ച് വനിതാ ഹെൽപ്പ് ലൈൻ ട്രോൾ ഫ്രീ നമ്പറിലൂടെ 24 മണിക്കൂറും ടെലികോം സേവനം നൽകുന്നു.

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ

ലിംഗവിവേചനത്തിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാനും പെൺകുട്ടികൾക്കുള്ള ക്ഷേമ സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

നാരി അദാലത്ത്

വേഗത്തിലുള്ളതും താങ്ങാനാവുന്നതുമായ നീതിക്കായി പരസ്പര സമ്മതത്തോടെ ചർച്ചകൾ, മധ്യസ്ഥത, അനുരഞ്ജനം എന്നിവയിലൂടെ ഗ്രാമപഞ്ചായത്ത് തലത്തിൽ സ്ത്രീകൾ നേരിടുന്ന പീഡനം, അട്ടിമറി, അവകാശങ്ങൾ വെട്ടിക്കുറക്കൽ തുടങ്ങിയ കേസുകൾ പരിഹരിക്കാൻ സ്ത്രീകൾക്ക് ബദൽ പരിഹാര സംവിധാനം ഒരുക്കുന്ന പ്ലാറ്റ്ഫോമാണ് നാരി അദാലത്ത്.

* സാമർഥ്യ

സ്ത്രീ ശാക്തീകരണത്തിനുള്ള സങ്കൽപ് കേന്ദ്രം

മിഷൻ ശക്തിയുടെ കീഴിൽ സ്ത്രീ ശാക്തീകരണത്തിനുള്ള കേന്ദ്രമാണിത്. സ്ത്രീകൾക്ക് ലഭ്യമായ പദ്ധതികളും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങളും അറിവുകളും നൽകുന്നതിനും ആനുകൂല്യങ്ങൾ ലഭ്യമാക്കാനും സങ്കൽപ് കേന്ദ്രം സഹായിക്കും.

സഖി നിവാസ് ഹോസ്റ്റൽ ഫോർ വർക്കിങ് വിമൻ

മിഷൻ ശക്തിക്ക് കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സഖി നിവാസ്. നഗരങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യങ്ങളുടെ ലഭ്യത പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അവിവാഹിതർ, വിധവകൾ, വിവാഹമോചിതർ, വേർപിരിഞ്ഞവർ, വിവാഹിതരാണെങ്കിലും ഭർത്താവോ അടുത്ത കുടുംബമോ ഓരേ പ്രദേശത്ത് താമസിക്കാത്ത ജോലി ചെയ്യുന്ന സ്ത്രീകൾ എന്നിവർക്ക് വാടക കെട്ടിടത്തിൽ സഖി നിവാസ് നടത്തുന്നതിന് സാമ്പത്തിക സഹായം നൽകും.

പാൽന

ജോലി ചെയ്യുന്ന വനിതകളുടെ കുട്ടികൾക്ക് ഗുണനിലവാരമുള്ള പരിചരണവും സംരക്ഷണവും നൽകുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പാൽന ഘടകത്തിലൂടെ ഡേ കെയർ ക്രഷ് സൗകര്യം ഓരുക്കിയിട്ടുള്ളത്.

പ്രധാന സേവനങ്ങൾ

* ഉറങ്ങാനുള്ള സൗകര്യം

* മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആദ്യകാല ശാരീരിക/മാനസിക ഉത്തേജനം

* മൂന്നുമുതൽ ആറു വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രീസ്കൂൾ വിദ്യാഭ്യാസം

* അനുബന്ധ പോഷകാഹാരം

* വളർച്ചാ നിരീക്ഷണം, ആരോഗ്യ പരിശോധനകൾ, പ്രതിരോധ കുത്തിവെപ്പുകൾ

2. പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതി (പി.എം.എം.വി.വൈ)

വനിതകളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിന്‍റെ ഭാഗമായുള്ള പദ്ധതിക്ക് കീഴിൽ ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും പോഷകാഹാര കുറവ് പരിഹരിക്കാനുള്ള സഹായം ലഭ്യമാണ്. ആദ്യത്തെ കുട്ടിക്ക് രണ്ടു ഗഡുക്കളായി 5000 രൂപ പ്രസവാനുകൂല്യം നൽകും. രണ്ടാമത്തെ പ്രസവം പെൺകുട്ടിയാണെങ്കിൽ ഒറ്റത്തവണയായി 6000 രൂപ ധനസഹായം ലഭിക്കും.

ഗുണഭോക്താക്കൾ

* കേന്ദ്ര സർക്കാറിലോ സംസ്ഥാന സർക്കാറിലോ ജോലി ചെയ്യുന്നവരും പി.എസ്.യു.എസും നിയമം അനുശാസിക്കുന്ന അതുപോലുള്ള ആനുകൂല്യങ്ങൾ പറ്റുന്നവരും ഒഴികെയുള്ള ഗർഭിണികളായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും.

* 2017 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ ശിശുവിനെ ഗർഭം ധരിക്കുകയോ മുലയൂട്ടുകയോ ചെയ്യുന്ന സ്ത്രീകളും അമ്മമാരും

* ഒരു പ്രാവശ്യം മാത്രമേ ഗുണഭോക്താവിന് പദ്ധതിക്ക് കീഴിൽ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂ.

* ആദ്യ ഗഡു ലഭിച്ച ശേഷം ഗർഭം അലസിയാൽ രണ്ടാം ഗഡുവും മൂന്നാം ഗഡുവും അടുത്ത ഗർഭകാലയളവിൽ ലഭിക്കും.

* കുഞ്ഞിനു മരണം സംഭവിച്ചാൽ പദ്ധതി പ്രകാരമുള്ള എല്ലാ ഗഡുക്കളും ലഭിച്ചിട്ടുണ്ടെങ്കിൽ പിന്നീട് പദ്ധതിയിലേക്ക് പരിഗണിക്കില്ല.

* ഗർഭിണികളും മുലയൂട്ടുന്നവരുമായ എ.ഡബ്ല്യു.ഡബ്ല്യു.എസ്/എ.ഡബ്ല്യു.എച്ച്.എസ്/ആശ തുടങ്ങിയവർക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

3. രക്ഷാദൂത്

തപാൽ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് രക്ഷാദൂത്. അതിക്രമം നേരിടുന്ന സ്ത്രീകൾക്കോ കുട്ടികൾക്കോ അല്ലെങ്കിൽ അവരുടെ പ്രതിനിധിക്കോ പോസ്റ്റ് ഓഫിസിലെത്തി പേര് വിവരങ്ങൾ വെളിപ്പെടുത്താതെ പരാതി നൽകാം. തപാൽ എന്ന് കോഡ് പറഞ്ഞ് പോസ്റ്റ് മാസ്റ്ററുടെ സഹായത്തോടെ പേപ്പറിൽ സ്വന്തം വിലാസമെഴുതി പിൻകോഡ് സഹിതം ലെറ്റർബോക്സിൽ ഇടാം. അല്ലെങ്കിൽ വെള്ളക്കടലാസിൽ പൂർണ വിലാസം പിൻകോഡ് സഹിതം എഴുതി പുറത്ത് തപാൽ എന്നെഴുതി ലെറ്റർ ബോക്സിൽ ഇടാം.

കാതോർത്ത്

വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വീട്ടിലിരുന്ന് തന്നെ കൗൺസിലിങ്, നിയമ സഹായം, പൊലീസ് സഹായം എന്നിവ ഓൺലൈനായി ലഭിക്കും. http://kathorthu.wcd.kerala.gov.in/ പോർട്ടൽ വഴിയാണ് സേവനം ലഭ്യമാക്കുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യാനുസരണം ഒരു സേവനമോ ഒന്നിലധികം സേവനങ്ങളോ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കും.

കടപ്പാട്:

ജില്ല വനിത ശിശു സംരക്ഷണ ഓഫിസ്
പാലക്കാട്




Show Full Article
TAGS:Lifestyle Women Empowerment government schemes 
News Summary - financial assistance schemes for women
Next Story