എസ്.പി.ബി വ്യത്യസ്തനായിരുന്നു. ഗൃഹാതുരതയോടെയല്ലാതെ എനിക്കദ്ദേഹത്തെ ഓർക്കാനാവുന്നില്ല
text_fieldsസ്നേഹം മാത്രമാണ് അറിവുവെച്ച കാലം മുതൽ എെൻറ നൊസ്റ്റാൾജിയ. പലരും സ്നേഹമെന്ന ഓപ്പിയംകൊണ്ട് എന്നെ മയക്കി. ചിലർ എന്നെ ബോധം കെടുത്തി. ചിലരൊക്കെ അബോധത്തിൽനിന്ന് എന്നെ ഉണർത്തി. മറ്റു ചിലർ പാഠങ്ങളനവധി സമ്മാനിച്ചു.
ആനന്ദത്തേക്കാൾ വേദനയായി സ്നേഹം മാറി. വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് ലോകമെമ്പാടും എനിക്കിന്ന് സുഹൃദ്ബന്ധങ്ങളുണ്ട്. അകലത്തിൽ നിൽക്കുന്ന സ്നേഹത്തിന്‍റെ തെളിച്ചം. ഒപ്പം, അടുക്കുന്തോറും അകലാൻ തോന്നുന്ന സ്നേഹബന്ധങ്ങൾ വേറെയും.
ഞാൻ പരിചയപ്പെട്ട പുരുഷന്മാർ പലരും വിശാലചിത്തരായിരുന്നു. ഒത്തുപോകാൻ കഴിയാത്തവരിൽനിന്ന് പെട്ടെന്ന് ഞാൻ അകന്നു. യൗവനാരംഭം മുതൽ ബാങ്കിെൻറ പല ശാഖകളിൽ ജോലി ചെയ്തുവന്ന എനിക്ക് ഒരുപാട് സഹപ്രവർത്തകരുണ്ടായി. അവരിൽ എന്നെ മനസ്സിലാക്കിയത് കൂടുതലും പുരുഷന്മാരാണെന്ന് തോന്നിയിട്ടുണ്ട്. എഴുതിത്തുടങ്ങിയപ്പോൾ ആരാധകരുണ്ടായി. അവരിൽ ചിലർ സുഹൃത്തുക്കളായി. അടുക്കുമ്പോഴേക്കും പ്രണയ നിവേദനവുമായി എത്തുന്നവരിൽനിന്ന് ഞാൻ ഓടിയൊളിച്ചു. യഥാർഥ സുഹൃത്തുക്കൾ ഇന്നും തുടരുന്നു.
പത്തു വർഷത്തിനു മുമ്പുള്ള അനുഭവമാണിപ്പോൾ മനസ്സിൽ. അന്ന് ഗ്രാമീണ ബാങ്കിന്‍റെ നന്തി ബസാർ ശാഖയിൽ മാനേജറായി ജോലി ചെയ്യുകയാണ് ഞാൻ. ഉച്ചയൂണിന്‍റെ ഇടവേളയിൽ മൊബൈലിലേക്ക് ഒരു കാൾ വരുന്നു. ''സുധീര അല്ലേ?''
ഇടിനാദം പോലൊരു ശബ്ദം. ഇംഗ്ലീഷിൽ-കാന്തികമായ ആ ശബ്ദം കേട്ട് ഊണ് കഴിക്കാൻ തുടങ്ങിയ ഞാൻ എഴുന്നേറ്റു പോയി. ''അതെ.''
''ഞാൻ എസ്.പി. ബാലസുബ്രഹ്മണ്യം. പാട്ടുപാടുന്ന ആളാണ്. കേരളത്തിൽ ഒരാവശ്യത്തിന് വന്നു. റൂമിൽ ടി.വിയിൽ, സുധീരയുടെ ഒരു ഇൻറർവ്യൂ കണ്ടു. അതിൽ സുധീര എന്‍റെ പേര് പരാമർശിച്ചതു കേട്ട് വളരെ സന്തോഷം തോന്നി. ബാങ്കിൽ മാനേജറായിരിക്കുമ്പോഴും എങ്ങനെയാണ് ഇത്രയധികം പുസ്തകങ്ങൾ എഴുതുന്നത്? മലയാളം എനിക്ക് കേട്ടാൽ മനസ്സിലാവില്ല. എന്നാൽ, എത്ര നന്നായാണ് സുധീര മലയാളം പറയുന്നത്!''
(ബിഹാർ യൂനിവേഴ്സിറ്റിയിൽനിന്ന് വിദ്യാ വാചസ്പതി ഡോക്ടറേറ്റ് ലഭിച്ചപ്പോൾ ഏതോ ചാനലിൽ വന്ന അഭിമുഖത്തിൽ തമിഴ് പാട്ടിൽ എസ്.പി.ബിയെയാണിഷ്ടം എന്നു ഞാൻ പറഞ്ഞിരുന്നു).
''ഇപ്പോൾ ബാങ്കിൽ ഡ്യൂട്ടിയിലാണ് സർ- വിളിച്ചതിൽ സന്തോഷം. പരിചയപ്പെട്ടതിലും.''
ഞാൻ വേഗം സംഭാഷണം അവസാനിപ്പിച്ചു. ക്യാബിനിൽ എന്‍റെ ഊണ് കഴിയുന്നതും കാത്തിരിക്കുന്നവരുണ്ട്.
പിന്നീട് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എസ്.പി.ബിയുടെ കാളുകൾ കടന്നുവന്നു. ഒന്നിനും നേരമില്ലാത്ത മനുഷ്യൻ വല്ലപ്പോഴും എന്നെ വിളിക്കും. പാട്ടുകളെപ്പറ്റി സംസാരിക്കും. ചില പാട്ടുകളുടെ അർഥം പറഞ്ഞുതരും. ''എത്ര ഉയരത്തിൽ എത്തിയാലും വിനയം കൈവിടരുത്, ആരെയെങ്കിലും സഹായിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. ദൈവം ഒരു കഴിവുതന്ന് നമ്മെ പറഞ്ഞയച്ചതല്ലേ? ആവുന്നത്ര അത് ലോകത്തിനു പകർന്നുകൊടുത്തിട്ടേ ഈ ഭൂമി വിട്ടുപോകാവൂ'' -ഇങ്ങനെ പലതും അദ്ദേഹം പറഞ്ഞു.
എസ്.പി.ബിക്ക് ഒരുപാട് നല്ല ഗുണങ്ങളുണ്ടായിരുന്നു. സ്ഫടിക ജലത്തിന്‍റെ നൈർമല്യമുള്ള ഒരു പുരുഷനെ ഞാൻ ആദ്യമായി പരിചയപ്പെട്ടു. ഒരു കലാകാരൻ കലാപകാരി ആവണമെന്നില്ല, പ്രതിബദ്ധതയുള്ള കലാകാരനായാൽ മതി എന്നെന്നെ ബോധ്യപ്പെടുത്തിയ മനുഷ്യൻ. നല്ല മനുഷ്യനായി ഈ ഭൂമിയിൽ ജീവിച്ചുമടങ്ങിപ്പോകണമെന്ന് കിണഞ്ഞുകൊണ്ടിരുന്ന ഒരു മനുഷ്യൻ!
ഒരമ്മ മകളെ എങ്ങനെ സ്നേഹിക്കുന്നുവോ, അത്ര കരുതലോടെയായിരുന്നു ആ സ്നേഹം. ആത്മാവുകൊണ്ട് അതി സമ്പന്നനായ ആ മനുഷ്യനാണ് സ്വയം നവീകരണത്തിന് എന്നെ പ്രാപ്തയാക്കിയത്. ഒരുതരം ആത്മപവിത്രീകരണം തന്നെ.
പിന്നീടദ്ദേഹം എനിക്ക് ഹൃദയ നൈർമല്യത്തിന്‍റെ ദേവനായി മാറി. ശരിക്കും ഒരു റോൾ മോഡൽ.
ജീവിതത്തിൽ കുറെയൊക്കെ വലിയ മനുഷ്യരുമായി ഞാൻ അടുത്തിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്, വഴികാട്ടികളായിട്ടുണ്ട്. ചിലരുടെയൊക്കെ ഈഗോ, ക്ഷിപ്രകോപം, അഹന്ത ഇതൊക്കെ എന്നെ തളർത്തി.
എന്നാൽ, എസ്.പി.ബി വ്യത്യസ്തനായിരുന്നു. ഗൃഹാതുരതയോടെയല്ലാതെ എനിക്കദ്ദേഹത്തെ ഓർക്കാനാവുന്നില്ല. ആദർശങ്ങളുടെ കാര്യത്തിൽ വജ്രകഠിനം. സ്നേഹത്തിന്‍റെ കാര്യത്തിൽ നവനീത സമാനം. വിനയത്തോടെ മാത്രമേ എല്ലാവരോടും പെരുമാറാൻ അദ്ദേഹത്തിനാവൂ. ആ വലിയ മനുഷ്യനിലിരുന്ന് ത്രസിക്കുന്ന ആത്മചൈതന്യം സ്നേഹത്തിന്‍റെ ആനന്ദദായകമായ അറിവായിത്തീർന്നു. മനസ്സിൽ സുവർണ പരാഗങ്ങൾ പരന്നു. വിഷാദം എനിക്ക് അപരിചിതമായി. ബാങ്കിലെ തീരാത്ത സംഘർഷങ്ങളും ഒരിക്കലും അവസാനമില്ലാത്ത സമസ്യകളും ഞാൻ ചാഞ്ചല്യമില്ലാതെ നേരിടാൻ തുടങ്ങി. ജീർണ കാൽപനികതയിലും പുറംപൂച്ചുകളിലും എനിക്ക് വിശ്വാസമില്ലാതായി. പുറംപകിട്ട് മാത്രമുള്ള ജീവിതത്തിൽ ആകൃഷ്ടയാവാതെ ജീവിക്കുവാൻ ഞാൻ ശീലിച്ചു. ആത്മാവിന്‍റെ ഉള്ളറയിൽനിന്നുവരുന്ന മിന്നൽപിണറുകൾപോലെ എന്നിൽ ഒടുങ്ങാത്ത പ്രത്യാശ ജ്വലിച്ചു നിന്നു.
മുഹമ്മദ് റഫീ സാഹബിന്‍റെ ശബ്ദത്തിൽ ദൈവത്തിന്‍റെ ശബ്ദമാണ് തനിക്ക് കേൾക്കാൻ കഴിഞ്ഞതെന്ന് പറഞ്ഞ എസ്.പി.ബിയിലും ഞാൻ കേട്ടത് ദൈവസ്വരംതന്നെ. ഒരു ദിവസം ആ വലിയ മനുഷ്യൻ എന്നോട് പറഞ്ഞു:
''സുധീര, അറിയാതെതന്നെ നീ എന്തെല്ലാം പാഠങ്ങളാണ് എന്നെ പഠിപ്പിച്ചതെന്നോ!''
ഉള്ളിൽ എനിക്കൊരു നടുക്കം അനുഭവപ്പെട്ടു. കറതീർന്ന സ്നേഹത്തിന്‍റെ ആ ശബ്ദം എന്നെ ശരിക്കും അമ്പരപ്പിച്ചു.
''സ്രാവുകൾക്ക് വഴികാട്ടികൾ ചെറുമീനുകൾ അല്ലേ എസ്.പി.ബി?'' ശബ്ദമില്ലാതെ ഞാൻ ചിരിച്ചു.
സ്വർഗരാജ്യ സങ്കൽപങ്ങൾ ഇല്ലാതിരുന്ന എസ്.പി.ബി സ്വർഗം പൂകിയിരിക്കുമോ? നെഞ്ചുപൊരിയുന്ന വേദനയോടെ ഞാൻ ഓർത്തുനോക്കിയിട്ടുണ്ട്. തീർച്ചയായും സ്വർഗത്തിന്‍റെ വാതായനങ്ങൾ അദ്ദേഹത്തിനു മുന്നിൽ സ്വയം തുറന്നുപോകും.
എസ്.പി.ബിയുടെ സ്നേഹം നഷ്ടപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു. 2020 സെപ്റ്റംബർ 24ന് അദ്ദേഹം നമ്മോട് വിട ചൊല്ലാതെ പോയി. 2021 സെപ്റ്റംബർ 24നാണ് അദ്ദേഹത്തെപ്പറ്റി ഞാനെഴുതിയ പുസ്തകം 'എസ്.പി.ബി പാട്ടിന്‍റെ കടലാഴം' പുറത്തിറങ്ങിയത്.
ഒരിക്കൽപോലും കണ്ടിട്ടില്ല. എന്നിട്ടും ആ വലിയ മനുഷ്യൻ എന്നും എനിക്ക് ഗൃഹാതുരമായ ഒരു ഓർമയായിരിക്കും. നീറുന്ന ഓർമയല്ല. മറക്കാനാവാത്ത ഒരോർമ. ഗഹനമായ ആ സ്വരവും, ആർദ്രസുന്ദരമായ ആ ഹൃദയമേകിയ സ്നേഹവും ആനന്ദത്തോടെ മാത്രമേ ഓർക്കാനാവൂ -പ്രഭാതം പൊട്ടിവിടരും പോലെ ഒരാൾ!
മാനവരാശിക്കു വേണ്ടി നാൽപതിനായിരത്തോളം ഗാനങ്ങൾ പാടിയ എസ്.പി.ബി!
ആ മധുര മനോഹര ഗാനങ്ങളിലൂടെ ഞാനും നിങ്ങളും അദ്ദേഹത്തെ കേൾക്കുന്നു, അറിഞ്ഞുകൊണ്ടേയിരിക്കുന്നു.