‘ഈയൊരു സംഭവത്തോടെ ആര്‍ത്തവം എന്ന വാക്ക് ആളുകളുടെ ഇടയില്‍ വളരെ നോര്‍മലായി’
text_fieldsആര്‍ത്തവത്തിന്റെ ആദ്യദിനങ്ങളില്‍ ക്ലാസിലേക്ക് എത്തേണ്ടിവരുന്നര്‍ക്ക് ആശ്വാസമാണ് ആർത്തവാവധി. വേദനസംഹാരികൾ കഴിച്ച് ദേഷ്യവും സങ്കടവും നിരാശയും ചിരിയില്‍ മറച്ചുപിടിക്കുന്നതിൽ നിന്ന് ഒരു മോചനം. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നല്‍കിയപ്പോൾ ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ചെയര്‍പേഴ്സൻ നമിത ജോര്‍ജും കൂട്ടരുമാണ്.
ഓരോ സെമസ്റ്ററിലും പരീക്ഷ എഴുതാന്‍ 75 ശതമാനമാണ് ഹാജര്‍ വേണ്ടത്. എന്നാല്‍, ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷ എഴുതാം. വിപ്ലവകരമായ മാറ്റം കാമ്പസുകളില്‍ കൊണ്ടുവന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നമിത ജോര്‍ജ്.
ഈ മാറ്റത്തിന് കരുത്തുപകരാന്‍ സാധിച്ചതില്‍ എന്തു തോന്നുന്നു?
രാഷ്ട്രീയത്തിന് അപ്പുറം വ്യക്തിപരമായ കാര്യം കൂടിയാണിത്. കുറെ നാളുകളായി ഞങ്ങള്‍ പലരും പല സ്ഥലത്ത് ഇരുന്ന് ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ കാര്യം. ഡിസംബര്‍ 22നാണ് കോളജ് യൂനിയന്‍ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം ഇക്കാര്യം തന്നെ ഏറ്റെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. തുടക്കം മുതൽ എല്ലാ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.
ഞങ്ങള്‍ ചോദിച്ചത് മാസത്തില്‍ രണ്ടു ദിവസത്തെ അവധിയാണ്. എന്നാല്‍, അതിന് ചില സാങ്കേതിക തടസ്സം സര്‍വകലാശാല അധികൃതര്‍ ചൂണ്ടിക്കാട്ടി. പകരം അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശമാണ് രണ്ടു ശതമാനം അറ്റൻഡന്‍സ് റിലാക്സേഷന്‍. തുടക്കമെന്ന നിലയില്‍ ഞങ്ങള്‍ക്കും അത് തൃപ്തികരമായി.
പിന്നീട് ജനുവരി 11ന് തന്നെ ഉത്തരവ് ഇറങ്ങി. യൂനിവേഴ്സിറ്റി അധികൃതരെല്ലാം വളരെ മികച്ച പിന്തുണയാണ് നല്‍കിയത്. എന്തിനാണ് ആര്‍ത്തവാവധി എന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നും ഉണ്ടായില്ല.
ഇത്തരമൊരു ചിന്ത രൂപപ്പെടാൻ കാരണം?
പീരിയഡ്സിനെ തുടര്‍ന്ന് വയ്യാതെ കിടക്കുമ്പോഴെല്ലാം മനസ്സില്‍ ആലോചിച്ച കാര്യമാണിത്. പിന്നീട് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പ്രാവര്‍ത്തികമാക്കാമെന്ന് മനസ്സിലായത്. അങ്ങനെ ചെയ്യാന്‍ ഒരു അവസരം കിട്ടിയപ്പോള്‍ ഞങ്ങള്‍ മുന്നോട്ടുപോയി.
വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നോ?
കാമ്പസിന്റെ അകത്തുനിന്ന് വിമര്‍ശനങ്ങളോ നെഗറ്റിവ് പ്രതികരണങ്ങളോ ചര്‍ച്ചകളോ ഉണ്ടായിട്ടില്ല. എന്നാല്‍, സമൂഹമാധ്യമങ്ങളിലും മറ്റും കണ്ടിരുന്നു. തുല്യതയുടെ അര്‍ഥം ശരിക്കും അറിയാത്തവരാണ് ഇതിനെ വിമര്‍ശിക്കുന്നത്. തുല്യത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് തുല്യമായ അവസരങ്ങള്‍ എന്നാണ്. ആര്‍ത്തവം ഉള്ളവരുടെയും ഇല്ലാത്തയാളിന്റെയും ശാരീരിക മാനസികാവസ്ഥ വ്യത്യസ്തമാണ്.
ഒരു മിനി ഹാര്‍ട്ട് അറ്റാക്കിന്റെ വേദനയാണ് പീരിയഡ്സിനെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവിടെ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകള്‍ ആയതിനാല്‍ പ്രത്യേക പരിഗണന ആവശ്യമാണ്. സംവരണവും അങ്ങനെ തന്നെയാണ്. ഈ തുല്യതയാണ് ഭരണഘടനയും ഉറപ്പുനല്‍കുന്നത്.
എന്തൊക്കെ മുന്നൊരുക്കമാണ് നടത്തിയത്?
ആര്‍ത്തവാവധിയുമായി ബന്ധപ്പെട്ട് ഒരുപാട് വായിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എവിടെയൊക്കെ എങ്ങനെയെല്ലാമാണ് നടപ്പാക്കിയത് എന്നിങ്ങനെ വിവരം ശേഖരിച്ചു. മാസത്തില്‍ രണ്ടു ദിവസത്തെ അവധി, വര്‍ഷത്തില്‍ 24 ദിവസം എന്നതായിരുന്നു ഞങ്ങള്‍ മുന്നോട്ടുവെച്ചത്.
എന്നാല്‍, ഒരു കോളജില്‍ ഇതില്‍ അല്‍പം സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഒരു വിദ്യാര്‍ഥി എന്ന നിലക്കാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍, അധികാരികളുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ മറുവശം അറിഞ്ഞത്. 24 ദിവസം തരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പരീക്ഷകളും മറ്റും ഈ ദിവസങ്ങളില്‍ ഉള്‍പ്പെടും. ഈ വസ്തുത ഞങ്ങള്‍ക്കും ബോധ്യമായി.
ഇത്രയധികം സാമൂഹിക പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ആര്‍ത്തവാവധി കിട്ടുക എന്നത് ഞങ്ങള്‍ ഒരുപാട് സ്വപ്നം കണ്ട കാര്യമാണ്. എന്നാല്‍, ഇത് യാഥാര്‍ഥ്യം ആകുമെന്ന് വിചാരിച്ചിരുന്നില്ല. കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാകുമെന്നും കരുതിയിരുന്നില്ല. ഒരുപാട് ആഗ്രഹിച്ചിരുന്നു, എന്നാല്‍ പ്രതീക്ഷിച്ചിരുന്നില്ല.
ഒരു സ്ത്രീക്ക് കൂടുതല്‍ പരിഗണന വേണ്ട ദിവസങ്ങളാണ് ഇവയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഈ മുന്നേറ്റം എത്രമാത്രം സഹായിച്ചിട്ടുണ്ട്?
ഈയൊരു സംഭവത്തോടെ ആര്‍ത്തവം എന്ന വാക്ക് ആളുകളുടെ ഇടയില്‍ വളരെ നോര്‍മലായി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതുതന്നെ വലിയ കാര്യമാണ്.
ഇത്തരം ചിന്തകള്‍ക്ക് വീട് എത്രമാത്രം സഹായകരമായിട്ടുണ്ട്?
ഇത്തരം കാര്യങ്ങള്‍ക്കൊക്കെ നല്ല പിന്തുണയാണ് വീട്ടില്‍നിന്നു ലഭിക്കുന്നത്. തുറന്ന് സംസാരിക്കാനുള്ള ഒരു സ്പേസ് അവര്‍ നല്‍കുന്നു. അച്ഛന്‍ ജോര്‍ജ് റിട്ട. സ്‌കൂള്‍ അധ്യാപകനാണ്. അമ്മ ബീന സ്‌കൂള്‍ അധ്യാപികയും.
ഇതുപോലെ അഡ്രസ് ചെയ്യപ്പെടേണ്ട ഒട്ടനവധി വിഷയങ്ങള്‍ ഇനിയും ഉണ്ടല്ലോ?
തീര്‍ച്ചയായും. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനായി ഒരു അപേക്ഷ കൊടുത്തിട്ടുണ്ട്. അതിന്റെ ചര്‍ച്ചകളും കാര്യങ്ങളും ഏകദേശം കഴിഞ്ഞു. എല്ലാവരും പാന്റ്സും ഷര്‍ട്ടും ഇടണം എന്നല്ല. ഏതു ജെന്‍ഡറിലുള്ള വ്യക്തിക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട സുഖപ്രദമായ വസ്ത്രം ധരിക്കാന്‍ സാധിക്കണം എന്നാണ്.
ഒരു ആണ്‍കുട്ടിക്ക് ചുരിദാര്‍ ഇടാന്‍ തോന്നിയാല്‍ അത് ധരിക്കാന്‍ സാധിക്കണം. അതുപോലെ താല്‍പര്യമുള്ള കുട്ടികളെ ഉള്‍പ്പെടുത്തി മെന്‍സ്ട്രല്‍ കപ്പുമായി ബന്ധപ്പെട്ടുള്ള ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
●