Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightSheroeschevron_right‘ബൈക്ക് ആക്സിഡന്‍റിൽ...

‘ബൈക്ക് ആക്സിഡന്‍റിൽ വലതുകൈ നഷ്ടമായി, വിലപിച്ചിരിക്കാതെ പോരാടി സിവിൽ സർവിസ് കൈപ്പിടിയിലൊതുക്കി’ -അറിയാം, പാർവതി ഗോപകുമാർ എറണാകുളം അസി. കലക്ടറായ കഥ

text_fields
bookmark_border
‘ബൈക്ക് ആക്സിഡന്‍റിൽ വലതുകൈ നഷ്ടമായി, വിലപിച്ചിരിക്കാതെ പോരാടി സിവിൽ സർവിസ് കൈപ്പിടിയിലൊതുക്കി’ -അറിയാം, പാർവതി ഗോപകുമാർ എറണാകുളം അസി. കലക്ടറായ കഥ
cancel
camera_alt

എറണാകുളം പ്രസ് ക്ലബിൽ കുട്ടികളുമായി സംവദിക്കുന്ന പാർവതി ഗോപകുമാർ. ചിത്രം: ബൈ​​​ജു കൊ​​​ടു​​​വ​​​ള്ളി


ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് കെ.എസ്. ഗോപകുമാറിനൊപ്പം ആലപ്പുഴയിലെ ചിറപ്പ് ഉത്സവം കാണാൻ ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് പാർവതി ഗോപകുമാർ എന്ന പെൺകുട്ടിയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്.

അപകടത്തിൽ വലതുകൈ നഷ്ടമായ ആ വിദ്യാർഥിനി ആദ്യം കുറെ കരഞ്ഞു, വിധിയെ ഓർത്ത് വിലപിച്ചു. എന്നാൽ, ഏറെനാൾ കരഞ്ഞു തളർന്നിരിക്കാതെ അവൾ ജീവിതത്തോട് പൊരുതാൻ തുടങ്ങി. തന്‍റെ കരുത്തെല്ലാം ഇടതുകൈയിലേക്ക് ആവാഹിച്ച് അവൾ പഠിക്കാൻ തുടങ്ങി.

പിന്നീടങ്ങോട്ട് എഴുത്തുൾപ്പെടെ ഇടതുകൈകൊണ്ടായിരുന്നു. ഇതിനിടെ വലതുകൈ കൃത്രിമമായി വെച്ചുപിടിപ്പിച്ചു.

പ്ലസ്ടു ഹ്യുമാനിറ്റീസില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ജയിച്ച പാര്‍വതി, ബംഗളൂരു നാഷനല്‍ ലോ സ്‌കൂളില്‍നിന്ന് 2021ല്‍ നിയമബിരുദവും നേടി. ഇതിനിടെ ആലപ്പുഴ കലക്ടര്‍മാരായിരുന്ന എസ്. സുഹാസ്, കൃഷ്ണ തേജ എന്നിവരുടെ കാലത്ത് കലക്ടറേറ്റിൽ ഇന്‍റേണ്‍ഷിപ്പിന് അവസരം ലഭിച്ച പാർവതിയുടെ ഉള്ളിൽ അറിയാതെ ഐ.എ.എസ് എന്ന സ്വപ്നം മൊട്ടിട്ടു.

ആ സ്വപ്നം കൈപ്പിടിയിലൊതുക്കാനുള്ള കഠിനയാത്രക്കൊടുവിൽ ഇടതുകൈക്കരുത്തില്‍ 2024ലെ സിവിൽ സർവിസ് പരീക്ഷയിൽ 282ാം റാങ്കോടെ ഐ.എ.എസ് സ്വന്തമാക്കുമ്പോൾ പാർവതിയെ നേരിട്ടറിയുന്നവരും അല്ലാത്തവരുമെല്ലാം ഒരുപോലെ കൈയടിച്ചു, ഒപ്പം തളരാത്ത നിശ്ചയദാർഢ്യത്തിനും പതറാത്ത പോരാട്ടവീര്യത്തിനും ഒരു ബിഗ് സല്യൂട്ടും...

കുടുംബത്തോടൊപ്പം

അസി. കലക്ടർ @ എറണാകുളം

ഇക്കഴിഞ്ഞ മേയ് 19നാണ് എറണാകുളം ജില്ലയുടെ അസി. കലക്ടറായി ചുമതല ഏറ്റെടുത്തത്. പിതാവ് ആലപ്പുഴ കലക്ടറേറ്റിൽ ഡെപ്യൂട്ടി തഹസിൽദാറാണ്. അതിനാൽ തന്നെ ആലപ്പുഴയിൽ അസി. കലക്ടറായി കയറണമെന്നായിരുന്നു ആഗ്രഹം.

എന്നാൽ, മാതൃജില്ല ലഭിച്ചില്ലെങ്കിലും അയൽജില്ലയിലെ നിയമനം സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.

വായനയായിരുന്നു ആത്മമിത്രം

ചെറുപ്പം മുതൽ പുസ്തക വായനയാണ് ആലപ്പുഴ അമ്പലപ്പുഴ കോമനയിൽ ജനിച്ച പാർവതിക്ക് കൂട്ടായി ഉണ്ടായിരുന്നത്. ശരീരത്തിന്‍റെ പ്രധാന ഭാഗം നഷ്ടപ്പെട്ടതിൽ ദുഃഖിച്ചിരിക്കാതെ പരിമിതികളിൽനിന്ന് പോരാടാൻ തീരുമാനിച്ചു.

ഇടവും വലവും പൂർണ പിന്തുണയുമായി പിതാവും കാക്കാഴം ഹൈസ്കൂൾ അധ്യാപികയായ മാതാവ് ശ്രീകല എസ്. നായരും കൂട്ടുനിന്നതോടെ അവൾ ശ്രദ്ധ പഠനത്തിൽതന്നെ കേന്ദ്രീകരിച്ചു.

തുടക്കത്തിൽ സ്ലേറ്റിലാണ് എഴുതി പഠിച്ചത്. പതിയെ പുസ്തകത്തിൽ എഴുതാൻ പഠിച്ചു. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും കൂടിച്ചേർന്നതോടെ മുന്നിലെ പ്രതിബന്ധങ്ങളെല്ലാം വഴിമാറി. സാഹിത്യത്തോടുള്ള ഇഷ്ടംകൊണ്ട് സിവിൽ സർവിസിൽ ഐച്ഛിക വിഷയമായി എടുത്തത് മലയാള സാഹിത്യമാണ്.

കടമ്പകൾ കടന്ന്

ഇടംകൈ കൊണ്ട് വേഗത്തിൽ എഴുതാനാവാത്തതും സിവിൽ സർവിസ് അഭിമുഖത്തിനുമുമ്പ് പനി ബാധിച്ച് ആശുപത്രിയിൽ കിടക്കേണ്ടി വന്നതുമുൾപ്പെടെ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു.

എന്നാൽ, അതെല്ലാം തരണം ചെയ്ത് സിവിൽ സർവിസിന്‍റെ പടിവാതിൽ കടന്നപ്പോൾ ആത്മവിശ്വാസം വർധിച്ചത്, തന്നെക്കൊണ്ട് ഇതിനു കഴിയില്ലെന്ന് കരുതി വിഷമിച്ചിരിക്കുന്ന നൂറുകണക്കിനാളുകൾക്കാണ്. അപ്പോഴും ഭൂതകാലത്തിലെ വേദന നിറഞ്ഞ ഓർമകളെ മായ്ച്ചുകളഞ്ഞ്, നിറഞ്ഞ ചിരിയോടെയും ആത്മവിശ്വാസം കലർന്ന മുഖത്തോടെയും പാർവതി ഗോപകുമാർ ഔദ്യോഗിക തിരക്കുകളിൽ മുഴുകുകയാണ്. തിരുവനന്തപുരം ഐസറിലെ വിദ്യാർഥി രേവതിയാണ് സഹോദരി.

Show Full Article
TAGS:Lifestyle civil service Parvathy Gopakumar 
News Summary - Parvathy Gopakumar's life of struggle
Next Story