ലക്ഷദ്വീപ് എം.പിക്ക് എതിരായ എൻ.സി.പി (എസ്) വാദം അടിസ്ഥാനരഹിതം -യൂത്ത് കോൺഗ്രസ്
text_fieldsകവരത്തി: ലക്ഷദ്വീപിലെ ജനകീയ വിഷയങ്ങളിൽ എം.പി മൗനം പാലിക്കുന്നുവെന്ന എൻ.സി.പി (എസ്) വാദം തെറ്റിദ്ധാരണജനകമാണെന്ന് ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ തുടരുന്ന എല്ലാ ജനവിരുദ്ധ പദ്ധതികളും മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ കാലത്താണ് ആരംഭിച്ചത്.
അത് തടഞ്ഞ് ദ്വീപ് ജനതയുടെ താൽപര്യം സംരക്ഷിക്കാൻ അദ്ദേഹത്തിനും പാർട്ടിക്കും സാധിച്ചില്ലെന്ന് ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് എം. അലി അക്ബർ പറഞ്ഞു.
ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുല്ല സഈദ് കഴിഞ്ഞ ആഗസ്റ്റിൽ നടന്ന പാർലമെൻറ് സമ്മേളനത്തിൽ ലക്ഷദ്വീപിന്റെ എല്ലാ വിഷയങ്ങളും ലോക്സഭയിൽ അവതരിപ്പിച്ചു. കൂടാതെ ഗതാഗത, ആരോഗ്യ, തൊഴിൽ വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ നേരിട്ടുകണ്ട് നിരവധി ഇടപെടലുകളും നടത്തി. വിവാദ ടെൻറ് സിറ്റി നിർമാണം നടക്കുന്ന തിണ്ണകര ദ്വീപിൽ ഭൂവുടമകളുടെ ആശങ്കകൾ മനസ്സിലാക്കാൻ സന്ദർശനം നടത്തുകയും ഉടമകളുടെ നിയമ പോരാട്ടത്തിന് പിന്തുണ അറിയിക്കുകയും ചെയ്തെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.