രുചി നിറവിന്റെ ആറര പതിറ്റാണ്ട്
text_fieldsപി.പി.സെയ്ത് മുഹമ്മദ് ലബ്ബ
കാഞ്ഞിരപ്പള്ളി: പുലർച്ചെ അഞ്ചാകുമ്പോൾ ചുട്ടെടുത്ത ചൂട് ദോശ, അപ്പം, പത്തിരി, പൊറോട്ട, പുട്ട്, ആവി പറക്കുന്ന ബീഫ് കറി, കടല കറി, ചിക്കൻ കറി, സാമ്പാർ, ചമ്മന്തി, ഉഴുന്നുവട എല്ലാം മാനേജരുടെ കടയിൽ റെഡി. കലർപ്പില്ലാതെ രുചിഭേദങ്ങൾ വിളമ്പുന്ന കാഞ്ഞിരപ്പള്ളി പറമ്പിൽ റസ്റ്റോറന്റിലെ 69 വർഷമായി മുടങ്ങാതെയുള്ള പതിവാണിത്.
മുൻ മന്ത്രിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ടി.കെ ഹംസ, മുൻ എം.എൽ.എ കെ.ജെതോമസ്, അന്തരിച്ച സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരെല്ലാം മാനേജരുടെ സ്വാദിഷ്ട ഭക്ഷണത്തിന്റെ രുചി അറിഞ്ഞവരാണ്. കാനവും കെ.ജെ തോമസും കാഞ്ഞിരപ്പള്ളിയിൽ വന്നാൽ ഇവിടെ എത്താതെ പോകാറില്ല. നാട്ടിലെ ഒട്ടുമിക്ക ആൾക്കാരും പതിവ് സന്ദർശകരും.
മാനേജർ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പി.പി.സെയ്ത് മുഹമ്മദ് ലബ്ബയുടെ കട 1968 മുതൽ മുടക്കമില്ലാതെ നടക്കുകയാണ്. 1956 മുതൽ കട നടത്തിവന്ന ബാപ്പ ഫക്കീർ മുഹമ്മദ് ലബ്ബയുടെ പാത പിൻതുടരുകയാണ് ഇദ്ദേഹം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിന്റെ തുടക്കത്തിൽ ടൗൺ ജുമാ മസ്ജിദിന് എതിർവശം സപ്ലൈകോ സൂപ്പർമാർക്കറ്റിന് മുൻവശത്താണ് ഓടിട്ട പഴയ കെട്ടിടത്തിലെ രുചിയിടം.
പുലർച്ചെ മൂന്നരയോടെ സെയ്ത് മുഹമ്മദ് കടയിലെത്തും. അഞ്ചോടെ സ്വാദൂറുന്ന പത്തോളം വിഭവങ്ങൾ റെഡിയാണ്. കട പൂട്ടുന്നത് രാത്രി എട്ടോടെ മാത്രം. അതിരാവിലെ ദൂരെ സ്ഥലങ്ങളിലേക്ക് പോകാൻ എത്തുന്ന യാത്രക്കാർക്കും പള്ളിയിലും ആരാധനാ കേന്ദ്രങ്ങളിലും പോകുന്നവർക്കും ആശ്രയകേന്ദ്രമാണിവിടം. ദൂരെ സ്ഥലങ്ങളിൽനിന്നുപോലും നാടൻഭക്ഷണം കഴിക്കാൻ ആളുകൾ എത്തുന്നുണ്ട്.
വിവിധ ചടങ്ങുകൾക്ക് ഓർഡർ അനുസരിച്ച് പാഴ്സലും നൽകാറുണ്ട്. എത്ര ഓർഡർ ഉണ്ടെങ്കിലും ഗുണമേന്മ ഒട്ടും കുറയാതെ സാധനം എത്തിച്ചുനൽകും. പറമ്പിൽ പത്തിരി എന്ന പുതിയ സംരംഭവും തുടങ്ങിയിട്ടുണ്ട്. മകൻ അനീഷും ജീവനക്കാരും സഹായത്തിന് ഒപ്പമുണ്ട്. മുമ്പ് ഭാര്യ ഐഷാ ബീവിയും കടയിലെത്തുമായിരുന്നു. പത്തു പൈസക്ക് ദോശയും അഞ്ചു പൈസക്ക് പൊറോട്ടയും നൽകിയിരുന്ന കാലം ഇന്നലത്തെ പോലെ സെയ്ത് മുഹമ്മദിന്റെ മനസ്സിലുണ്ട്.