രണ്ടുപതിറ്റാണ്ടായി മാവേലി വേഷത്തിൽ അബ്ദുൽ ഖാദർ
text_fieldsമാവേലിയായി അബ്ദുൽ ഖാദർ
ചെറുതുരുത്തി: കുടവയറും കൊമ്പൻ മീശയും മിന്നുന്ന രാജകീയ വേഷവും ശിരസിൽ സ്വർണ കിരീടവും കൈയിൽ ഓലക്കുടയുമായി രണ്ടുപതിറ്റാണ്ടിലധികമായി മണി ചെറുതുരുത്തി എന്ന കണ്ണൻചാത്തയിൽ അബ്ദുൽ ഖാദർ (55) ഓണത്തിന് മാവേലിയായി നാടുചുറ്റുന്നു.
മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ മണിക്ക് മാവേലിയാവുക എന്നാൽ ഹരമാണ്. സിനിമ, ടെലിഫിലിം, ആൽബം, പരസ്യ ചിത്രങ്ങൾ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി അവാർഡുകൾ ഇദ്ദേഹം പകർത്തിയ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുമുണ്ട്.
ഓണം വന്നാൽ മാവേലി ആയും ക്രിസ്മസ് വന്നാൽ ക്രിസ്മസ് അപ്പൂപ്പനായും ഇതുകൂടാതെ കഥകളി അറിയില്ലെങ്കിലും ആവശ്യമനുസരിച്ച് കഥകളി വേഷം കെട്ടാനും മണിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഓണനാളുകളിലാണ് മണിക്ക് തിരക്ക് കൂടുക, പലയിടത്തുനിന്നും മാവേലിയാകാൻ ക്ഷണമെത്തും. കേരളത്തിന് പുറത്തുനിന്നും മാവേലി മണിയെത്തേടി അവസരങ്ങൾ എത്താറുണ്ട്.
ഏറ്റവും കൂടുതൽ കെട്ടിയ വേഷവും മാവേലിയുടേതാണ്. എല്ലാത്തിനും ഭാര്യ മൈമുനയും മക്കൾ: മുജീബ് റഹ്മാൻ, മുഹമ്മദ് മുനീബ്, നജുബുദീൻ എന്നിവരും ഇദ്ദേഹത്തോടൊപ്പമുണ്ട്.23 വർഷമായി മാധ്യമരംഗത്ത് സജീവമായ ഇദ്ദേഹം ‘മാധ്യമം’ ചെറുതുരുത്തി ലേഖകനാണ്.