അര നൂറ്റാണ്ടിന്റെ പ്രവാസം; ആത്മസംതൃപ്തിയിൽ ദാവൂദ് ഉസ്താദ് മടങ്ങുന്നു
text_fieldsദാവൂദ് ഉസ്താദും ഭാര്യ ബസീറ അഫ്സ അഞ്ജുമും
അജ്മാന്: ജീവിതത്തിന്റെ ഏറിയ പങ്കും പ്രവാസ ലോകത്ത്, അതും പള്ളിയിലെ ഇമാമത്ത് ജോലി... അര നൂറ്റാണ്ടിന്റെ പ്രവാസത്തോട് വിട പറയുകയാണ് വളാഞ്ചേരി എടയൂര്‍ വലിയപറമ്പിൽ മുഹമ്മദ് മകന് ദാവൂദ് ഉസ്താദ്. 1976 തുടക്കത്തിലാണ് അദ്ദേഹം ബോംബെ വഴി യു.എ.ഇയില്‍ എത്തിയത്. മദ്റസ അധ്യാപകാനായിരുന്ന ദാവൂദ് ഗള്‍ഫിലേക്ക് വരുന്നതിന് മുമ്പ് എറണാകുളത്ത് കേരള പ്ലാസ്റ്റിക് ഹൗസില്‍ ജോലി ചെയ്തിരുന്നു. ഭാര്യയുടെ പിതൃസഹോദരനായ മൊയ്തീന്‍കുട്ടി മാസ്റ്റര്‍ നല്കിയ വിസയിലാണ് അബൂദബിയില്‍ എത്തിയത്.
അല്‍ ഐനിലെ ഫ്രൂട്ട് മാര്‍ക്കറ്റിലായിരുന്നു ആദ്യജോലി. അവിടെ നിന്ന് തിരൂര്‍ക്കാരനായ മൊയ്തീന്റെ അല്‍ അമീന് ബേക്കറിയിലേക്ക് മാറി. ഇതിനിടെ, അജ്മാനിലെ മനാമ പള്ളി ഇമാം മരണപ്പെട്ട ഒഴിവിലേക്ക് ദാവൂദിനെ നിയമിക്കാൻ വളാഞ്ചേരി കുഞ്ഞുമുഹമ്മദ് മൗലവി മുൻകൈയെടുത്തു. ഒരു വർഷത്തോളം അവിടെ ജോലി ചെയ്തു. പിന്നീട് അജ്മാന് ഭരണാധികാരിയുടെ സെക്രട്ടറി അബ്ദുല്ല അമീന് മുന്‍കൈയെടുത്ത് സുബൈഗ എന്ന പ്രദേശത്ത് സ്ഥാപിച്ച പുതിയ താമസ കേന്ദ്രത്തിലെ പള്ളിയിൽ ഇമാമായി. ആ സമയത്താണ് സഹധർമിണിയെ ഉസ്താദ് ഗള്‍ഫിലേക്ക് കൊണ്ടുവരുന്നത്.
പന്ത്രണ്ട് വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. മക്കള്‍ വളർന്നതോടെ പഠനവും മറ്റും കണക്കിലെടുത്ത് അജ്മാന് അല്‍ നഖീലിലുള്ള പള്ളിയിലേക്ക് മാറി. പിന്നീട്ട തുടര്‍ വര്‍ഷങ്ങളില്‍ പരിസര പ്രദേശങ്ങളിലെ വ്യത്യസ്ത പള്ളിയിലേക്ക് ഇടക്ക് മാറ്റമുണ്ടായി. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താന്‍ ഹസ്തദാനം ചെയ്യാനും അജ്മാന് ഭരണാധികാരിയോട് അടുത്ത് ഇടപഴകാനും പല മേഖലയിലുള്ള ഒരുപാട് സ്വദേശികളായ ആളുകളുമായി സൗഹൃദം സ്ഥാപിക്കാനും ഈ കാലയളവില്‍ കഴിഞ്ഞത് സൗഭാഗ്യമായി അദ്ദേഹം കരുതുന്നു. ബസീറ അഫ്സ അഞ്ജും ആണ് ഭാര്യ. ഫർഹത്ത് ഹഫ്സ ബീഗം, ജൗഹറ അഞ്ജും, ലുലു ബസീറ, ജവാദ് ദാവൂദ്, ആയിഷ മർജാന എന്നിവരാണ് മക്കള്‍.


