ബർകത്ത് ഒടുവിൽ നാട്ടിലേക്ക്
text_fieldsതലശ്ശേരി: യാത്രക്കിടയിൽ രണ്ട് വർഷം മുമ്പ് വഴി തെറ്റി ബീഹാറിൽ നിന്നും കേരളത്തിലെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന 19 കാരൻ ഒടുവിൽ സുരക്ഷിതനായി രക്ഷിതാക്കളുടെ കൈകളിലെത്തി. തലശ്ശേരി ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഒ.കെ. മുഹമ്മദ് അഷ്റഫ് മിസിങ്ങ് പേഴ്സൻ കേരള വാട്ട്സ് ആപ് ഗ്രൂപ് വഴി നടത്തിയ അന്വേഷണങ്ങൾക്കിടയിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. ബീഹാർ പട്നക്കടുത്ത കാർണിയ ജില്ലയിലെ കർഷകനായ അബ്ദുൽ ഗഫാറിന്റെ മകൻ ബർകത്ത് അലിയെ (19) വ്യാഴാഴ്ച രാവിലെ എരഞ്ഞോളി പാലത്തിനടുത്ത ആഫ്ടർ കെയർ ഹോമിലെത്തിയ സഹോദരൻ ഇഹ്സാൻ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ബീഹാറിൽ നിന്നും വഴി തെറ്റിയെത്തിയ ബർകത്ത് മാസങ്ങളോളം കാസർകോട്ടെ ചിൽഡ്രൻസ് ഹോമിലായിരുന്നു. അവിടെ നിന്നും കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് തലശ്ശേരിയിലെ ആഫ്ടർ കെയർ ഹോമിലേക്ക് മാറ്റിയത്. ഇവിടെ ഒരു വർഷം തികയാനിരിക്കെയാണ് ബന്ധുക്കളുമായുള്ള പുനഃസമാഗമത്തിന് വഴിയൊരുങ്ങിയത്. അധികമാരോടും ഇടപഴകാൻ കൂട്ടാക്കാത്ത ബർകത്ത് അലി കൂടുതൽ സംസാരിക്കാത്ത സ്വഭാവക്കാരനായിരുന്നു.
ഇതിനിടെ മിസ്സിങ് ഗ്രൂപ്പിലേക്ക് വന്ന ഡൽഹി സ്വദേശിയായ അഫ്സാർ അഹമ്മദ് ഖാൻ വിവരം അറിഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്തായ രാജസ്ഥാനിലെ പൊലീസ് ഉദ്യോഗസ്ഥൻ ആഷിഖ് ഹുസൈൻ വഴി അഹമ്മദ് ഖാൻ നടത്തിയ അന്വേഷണമാണ് ബർകത്തിന്റെ ബന്ധുക്കളെ കണ്ടെത്താനായത്. ബീഹാറിൽ സ്ഥിര താമസക്കാരായിരുന്നു ബർകത്തിന്റെ കുടുംബം. ഗുജറാത്തിലെ സൂറത്തിൽ സാരി നെയ്യുന്ന കമ്പനിയിലാണ് സഹോദരങ്ങളും മറ്റും ജോലി ചെയ്യുന്നത്.