സഹോദരങ്ങൾ ജനപ്രതിനിധികൾ
text_fieldsജിൻസി, ജിതിൻ
മേപ്പാടി: രണ്ടു പഞ്ചായത്തുകളിൽ നിന്നായി ആങ്ങളയും പെങ്ങളും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത് കൗതുകമായി. മേപ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽനിന്ന് സി.പി.ഐയുടെ അരിവാൾ കതിർ ചിഹ്നത്തിൽ ജയിച്ച ജിതിന്‍റെ സഹോദരി ജിൻസി അമ്പലവയൽ പഞ്ചായത്ത് പതിനേഴാം വാർഡ് പുറ്റാട് നിന്ന് ജയിച്ചത് യു.ഡി.എഫ് പ്രതിനിധിയായി കൈപ്പത്തി ചിഹ്നത്തിലാണ്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായിട്ടാണെങ്കിലും രണ്ടാളും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.
സഹോദരൻ ജിതിൻ സജീവ സി.പി.എം പ്രവർത്തകനാണെങ്കിലും വാർഡിലെ ചില ധാരണകളുടെ പുറത്ത് സി.പി.ഐ പ്രതിനിധിയായി മത്സരിക്കുകയും 42 വോട്ടുകളുടെ ഭൂരിപക്ഷം നേടി ജയിക്കുകയും ചെയ്തു. ജിൻസി കോൺഗ്രസിന്‍റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാണ് 39 വോട്ടുകളുടെ ഭൂരിപക്ഷം നേടി അമ്പലവയൽ ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. തോട്ടം തൊഴിലാളി കുടുംബത്തിൽപ്പെട്ട സത്യൻ-ശ്രീലത ദമ്പതികളുടെ മക്കളാണ് ഇവർ രണ്ടു പേരും.


