മംദാനിയുടെ ‘അഹിംസ’ സിൽക്കിന് പിന്നിൽ
text_fieldsന്യൂയോർക് മേയറായി സൊഹ്റാൻ മംദാനി കൈവിടർത്തിയുയർത്തിയപ്പോൾ, രാഷ്ട്രീയസന്ദേശത്തിനൊപ്പം അതൊരു സവിശേഷ ഫാഷൻ സ്റ്റേറ്റ്മെന്റ് കൂടിയായിരുന്നു. ചടങ്ങിൽ മംദാനി അണിഞ്ഞിരുന്ന ടൈ ആയിരുന്നു ആ ‘സന്ദേശം’. അസമിലെ എറി സിൽക്കിൽ നെയ്തെടുത്ത, കാർത്തിക് റിസർച് ലേബലിലുള്ള ടൈക്ക് പറയാൻ കഥകളേറെയുണ്ട്.
ഒട്ടനവധി പേരുകളിൽ അറിയപ്പെടുന്ന ഈ പട്ട് അസമിൽ ‘എറി’ എന്നും മേഘാലയയിൽ ‘റിൻഡിയ’ എന്നും അറിയപ്പെടുന്നു. അഹിംസ സിൽക്ക് എന്നൊരു വിളിപ്പേരുമുണ്ടിതിന്. കാരണം പൂർണമായും വീഗനായ, ലോകത്തെ ഏക സിൽക്കാണിതെന്നാണ് പറയപ്പെടുന്നത്.
പട്ടുനൂൽപ്പുഴുവിനെയടക്കം പുഴുങ്ങിയാണ് സാധാരണ മൾബറി കൊക്കൂൺ സംസ്കരിക്കുന്നത്. എന്നാൽ, പുഴു പട്ടുനൂൽ ഉൽപാദിച്ച് സ്വാഭാവികമായ ഒരു ജീവിതചക്രം പൂർത്തിയാക്കി പുറത്തുകടന്ന ശേഷമാണ് എറി സിൽക്ക് എടുക്കുക. ഇതാണ് ‘അഹിംസ’ പേരിനുപിന്നിൽ.
മാർദവമാർന്നതും എന്നാൽ മാറ്റ് ഫിനിഷിലുള്ളതുമായ എറി ഏറെക്കാലം ഈടുനിൽക്കുന്നതും വൈവിധ്യമാർന്നതുമാണ്. തണുപ്പിൽ ചൂടും ചൂടിൽ തണുപ്പും നൽകുന്ന എറി, കൈകൊണ്ടാണ് നെയ്തെടുക്കുന്നത്. പരമ്പരാഗത അസമീസ് സാരിയും ഷാളുകളുമെല്ലാമാണ് ഇതുകൊണ്ട് തയാറാക്കാറുള്ളത്. പുതിയ കാലത്ത് ഹോം ഡെക്കോർ ഉൽപന്നങ്ങളായും വരുന്നുണ്ട്.


