Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightഓണക്കോടിക്ക്...

ഓണക്കോടിക്ക് ബാലരാമപുരം കൈത്തറി വിപണി സജീവം

text_fields
bookmark_border
ഓണക്കോടിക്ക് ബാലരാമപുരം കൈത്തറി  വിപണി സജീവം
cancel

കൈത്തറി വസ്ത്രം

വാങ്ങാനെത്തുന്നവരുടെ

തിരക്ക് വര്‍ധിക്കുന്നു

ബാലരാമപുരം: ലോക പ്രശസ്തിയാര്‍ജിച്ച ബാലരാമപുരം കൈത്തറി വിപണി ഓണാഘോഷങ്ങളോട് അനുബന്ധിച്ച് സജീവമായി മാറുന്നു. ബാലരാമപുരത്തെ കൈത്തറി വസ്ത്രത്തിന്റെ ഈറ്റില്ലമായ ശാലിഗോത്ര തെരുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഓണത്തെ അപേക്ഷിച്ച് ഇത്തവണ കൈത്തറി വസ്ത്രത്തിന് ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികള്‍ പറയുന്നു. ന്യുജെന്‍ ട്രെന്റ് കൈത്തറി വസ്ത്രങ്ങളുടെ വിപണിയാണ് കൂടുതൽ സജീവം. കൈത്തറി വസ്ത്രങ്ങളില്‍ വിവിധ ഡിസൈന്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിന് ആവശ്യക്കാർ ഏറെയാണ്.

കൈത്തറിയുടെ തിരിച്ച്

വരവിനു സഹായകം

ബാലരാമപുരം കൈത്തറി വസ്ത്രം ലോക പ്രശസ്തിയിലെത്തിയപ്പോഴും ഈ അധ്വാനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് പുറം ലോകം അറിയാതെ പോകുന്നുണ്ട്. എന്നാൽ ഇത്തവണത്തെ ഓണത്തിരക്ക് കൈത്തറിയുടെ തിരിച്ച് വരവിനു സഹായകമാകുമെന്നാണ് കൈത്തറി വ്യാപാരികള്‍ പറയുന്നു. ഏറെ കാലമായി അന്യം നിന്ന വ്യവസായമാണ് ഈ ഓണത്തോടെ സജീവമാകുന്നത്. കൈത്തറിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹതയില്ലാത്തവര്‍ തട്ടിയെടുക്കുന്നതാണ് ഈ വ്യവസായത്തെ തകര്‍ച്ചയിലെത്തിച്ചതെന്ന് തൊഴിലാളികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. രാജഭരണ കാലം മുതല്‍ ആരംഭിച്ച ബാലരാമപുരം കൈത്തറി ഇന്ന് പേരിലൊതുങ്ങുകയാണ്. ബാലരാമപുരം ശാലിഗ്രോത തെരുവിലുണ്ടായിരുന്ന ആയിരകണക്കിന് നെയ്ത്ത് ശാലകളാണ് ഇപ്പോള്‍ വിരലിലെണ്ണാവുന്നവയായി ചുരുങ്ങിയത്.

പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കണം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലരാമപുരത്തെ ഒരോ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന നെയ്ത്ത് ശാലകൾ ഇന്ന് നാശത്തിന്റെ വക്കിലാണ്. രാജഭരണകാലത്ത് 1798-1810-നുമിടക്ക് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ബാലരാമവര്‍മ്മ മഹാരാജാവിന്റെ ദളവയായിരുന്ന ഉമ്മിണി തമ്പിയുടെ നേതൃത്വത്തില്‍ കൈത്തറി തമിഴ്‌നാട്ടില്‍ നിന്നും കൈത്തറി വസ്ത്രം നെയ്യുന്നതിന് കൊണ്ടുവന്ന ഒരുവിഭാഗമാണ് ശാലിയര്‍.

രാജഭരണകാലത്ത് കൊട്ടാരത്തിലേക്ക് കൈത്തറി വസ്ത്രം നെയ്ത് നല്‍കുന്നതിനാണ് ശാലിയര്‍ വിഭാഗത്തെ ബാലരാമപുരത്ത് കൊണ്ടുവന്ന് അവര്‍ക്ക് തെരുവും നല്‍കിയത്. ആദ്യകാലത്ത് കൊട്ടാരത്തിന് ആവശ്യമായ കൈത്തറി മുണ്ട്, സാരി, കുതിരപ്പട്ടാളത്തിന് തൊപ്പിയില്‍ തുന്നാനുള്ള കവണി മറ്റ് കൈത്തറി വസ്ത്രങ്ങള്‍ നെയ്തിരുന്നത്. ബാലരാമപുരം കൈത്തറി വസ്ത്ര നെയ്ത്തിന് നിരവധി പ്രത്യേകതകളുണ്ട്. കുഴിത്തറി നെയ്ത്തും മേല്‍ത്തറി നെയ്ത്തും എന്ന തരത്തിലാണ് വസ്ത്ര നിര്‍മാണം.

ഈ ഓണത്തോടെ പരമ്പരാഗത വ്യവസായത്തെ ഉന്നതിയിലെത്തിക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന ആവശ്യവും നെയ്ത്ത് തൊഴിലാളികളില്‍ ശക്തമാകുന്നു. വരും ദിവസങ്ങളില്‍ കൈത്തറി വസ്ത്രം വാങ്ങുന്നതിനെത്തുന്നവരുടെ തിരക്ക് ബാലരാമപുരത്ത് വര്‍ധിക്കും. ഓണ വിപണിയിലെ തിരക്ക് ബാലരാമപുരം കൈത്തറിക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതായി വ്യാപാരികള്‍ പറയുന്നു. അര്‍ഹതപ്പെട്ട ആനൂകൂല്യം നല്‍കി ഈ പരമ്പരാഗത വ്യവസായത്തിലേക്ക് പുതിയ തലമുറയെ കൊണ്ടുവരണമെന്നും ആവശ്യം ഉയരുന്നു.

Show Full Article
TAGS:localnews Thiruvananthapuram handloom 
News Summary - Balaramapuram handloom market in full swing for Onam
Next Story