ഇനി പല്ലും കൂടിയേ ഉണ്ടായിരുന്നുള്ളൂ; ട്രെന്‍ഡായി 'ബ്രൈഡല്‍ ഗ്രില്‍'
text_fieldsഫാഷന്‍ ലോകത്തെ പുതിയ ട്രെന്‍ഡാണ് ബ്രൈഡല്‍ ഗ്രില്‍. ഫാഷന്‍ പരീക്ഷണത്തിന്‍റെയും വേദിയാണല്ലോ. പല്ലിലും കൂടി ഒരു ആഭരണം ഇട്ടാലെന്താണ്? പല്ലിനെ അലങ്കരിക്കുന്നതിനുള്ള ആഭരണങ്ങള്‍ കുറച്ച് കാലമായി ഫാഷന്‍ രംഗത്ത് സജീവമാണെങ്കിലും, ഗ്രില്ലുകള്‍ അതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തത പുലർത്തുന്നു. വധുവിന് പല്ലില്‍ ധരിക്കാനുള്ള പുതിയ ആഭരണമാണ് ബ്രൈഡല്‍ ഗ്രില്‍.
പല്ലില്‍ ധരിക്കുന്ന ആഭരണങ്ങള്‍ നേരത്തെയും ട്രെന്‍ഡാണെങ്കിലും ഗ്രില്ലുകള്‍ക്ക് അല്‍പം പ്രത്യേകതകള്‍ ഉണ്ട്. ഇവ ആവശ്യത്തിന് എടുത്ത് അണിയുകയും ആവശ്യമില്ലാത്തപ്പോള്‍ എടുത്തുമാറ്റുകയും ചെയ്യാം. ഏത് ലോഹത്തിലും ഈ ആഭരണങ്ങള്‍ നിര്‍മിക്കാം. സ്വര്‍ണം, വെള്ളി എന്നിവകൊണ്ട് നിര്‍മിച്ച ഗ്രില്ലുകളാണ് ഇപ്പോള്‍ കൂടുതലായും കാണപ്പെടുന്നത്. ഡയമണ്ട് പതിപ്പിച്ച ബ്രൈഡല്‍ ഗ്രില്ലുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇനി ഡയമണ്ട് വേണമെങ്കിൽ അതും പതിപ്പിക്കാം. ഓരോരുത്തരുടെയും ആവശ്യാനുസരണം വ്യത്യസ്ത അളവിലും രൂപത്തിലും ബ്രൈഡല്‍ ഗ്രില്ലുകള്‍ ഡിസൈന്‍ ചെയ്തെടുക്കാന്‍ സാധിക്കും.
വിവാഹത്തിന് സര്‍വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ വധുവിന് അധികവും ചിരിച്ച മുഖമായിരിക്കുമല്ലോ. അപ്പോള്‍ പല്ലിലും ഒരു ആഭരണമായാല്‍ നന്നായിരിക്കില്ലേ.. അത്തരമൊരു ആശയത്തില്‍ നിന്നാണ് ബ്രൈഡല്‍ ഗ്രില്ലുകള്‍ ഫാഷന്‍ ലോകത്ത് ട്രെന്‍ഡിങ്ങായി മാറിയത്. കല്യാണ ആഭരണങ്ങളില്‍ കൂടുതല്‍ പരമ്പരാഗത മോഡലുകള്‍ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ട്രെന്‍ഡ്.
പുരാതന മായന്‍ സംസ്കാരത്തിലും തെക്കു കിഴക്കന്‍ ഏഷ്യയിലെ പ്രഭുക്കന്‍മാരും ഇത്തരത്തില്‍ ബ്രൈഡല്‍ ഗ്രില്ലുകള്‍ക്ക് സമാനമായ ആഭരണങ്ങള്‍ ധരിച്ചിരുന്നു. ശക്തി, പദവി, സമ്പത്ത് എന്നിവയെ സൂചിപ്പിക്കുന്നതിനായിരുന്നു അന്ന് ഇവ ധരിച്ചിരുന്നത്. വധുവിന്‍റെ പ്രൗഡി അറിയിക്കാനും ഗ്രില്ലുകള്‍ അണിയുന്നവരുണ്ട്. ന്യൂയോര്‍ക്കില്‍ തുടക്കമിട്ട ബ്രൈഡല്‍ ഗ്രില്ലുകള്‍ ഇന്ന് ഫാഷൻ ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാണ്.