ആഴമുള്ള ലാളിത്യം അഥവാ ‘ഷിബുയി’ പരിശീലിക്കാം
text_fieldsഉറക്കെ വിളിച്ചുപറയാത്ത, ലളിതവും കുലീനവും ഏറെ നാൾ നിലനിൽക്കുന്നതുമായ ഫാഷനും ലൈഫ് സ്റ്റൈലുമാണ് ‘ഷിബുയി’
ട്രെൻഡും ആഡംബരവുമെല്ലാം ഉപയോഗിച്ചുള്ള ആവിഷ്‍കാരങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്ന ലോകത്ത് ‘ഷിബുയി’ എന്ന ജാപ്പനീസ് സങ്കൽപം വേറിട്ടുനിൽക്കുന്നു. ഉറക്കെ വിളിച്ചുപറയാത്ത, ലളിതവും കുലീനവും ഏറെ നാൾ നിലനിൽക്കുന്നതുമായ ഫാഷനും ലൈഫ് സ്റ്റൈലുമാണ് ‘ഷിബുയി’. സങ്കീർണമായ ലാളിത്യം എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.
‘കടുപ്പമുള്ള’, ‘കയ്പുള്ള’ എന്നൊക്കെയാണ് ‘ഷിബുയി’യുടെ അർഥം. ഒറ്റനോട്ടത്തിൽ ആകർഷകമായി തോന്നില്ലെങ്കിലും സമയമെടുത്ത് അറിഞ്ഞാലും അനുഭവിച്ചാലും അതിന്റെ സൗന്ദര്യവും മൂല്യവും തെളിഞ്ഞുവരുമെന്നാണ് സങ്കൽപം, ഒരു ഡാർക് ചോക്ലേറ്റ് പോലെയോ ഗ്രീൻ ടീ പോലെയൊ ഒക്കെ. ഡിസൈൻ സ്റ്റൈൽ എന്നതിനെക്കാൾ ജീവിതശൈലി കൂടിയാണിത്.
ഒരേ ഫിനിഷില്ലാത്ത ഹാൻഡ്മേഡ് കളിമൺ പാത്രമോ പഴക്കമുള്ള ഒരു ലിനൻ ഷർട്ടോ കണ്ടാൽ പലർക്കും ഒന്നും തോന്നില്ലായിരിക്കാം. പക്ഷേ, അതിൽ സൗന്ദര്യം കണ്ടെത്തുന്ന ചിന്താഗതിക്കാരുണ്ടാകാം. ഇതും ‘ഷിബുയി’യുടെ വകഭേദമാണ്.
ഈ ശൈലിയുടെ പ്രത്യേകതകൾ ഇവയാണ്:
- ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നും; സൂക്ഷ്മമായി നോക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന ആഴങ്ങൾ വെളിപ്പെടും.
- പ്രകൃതിദത്തമായ നിറങ്ങളും ജൈവികമായ ടെക്സ്ച്വറുകളും ഈ ശൈലിയോട് ചേരും.
- പഴകിയാലും മൂല്യം പോകില്ലെന്നു മാത്രമല്ല, വർധിക്കുകയാണ് ചെയ്യുക.
- ബഹളങ്ങളില്ലാതെ ആത്മവിശ്വാസത്തോടെയിരിക്കൽ.
‘ഷിബുയി’ നിത്യജീവിതത്തിൽ
- കലയിലും കരകൗശലത്തിലും: ലളിതമായ ഒരു ഇങ്ക് പെയിന്റിങ്ങിനെയോ ഹാൻമേഡ് സെറാമിക് ചായക്കോപ്പയെയോ നിങ്ങൾ ആരാധനയോടെ നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിൽ ‘ഷിബുയി’ ശൈലിയുണ്ട്. പരമ്പരാഗത ജാപ്പനീസ് കലയിൽ ഒഴിഞ്ഞ ഇടങ്ങൾക്ക് പ്രാധാന്യമുണ്ട്. കാഴ്ചക്കാരുടെ ഭാവനയാണ് ഈ ഇടങ്ങൾ നിറക്കുക.
- ജാപ്പനീസ് ഹോം ഡിസൈനിൽ ‘ഷിബുയി’ സജീവമാണ്. അമിതമായ അലങ്കാരങ്ങൾക്ക് പകരം, ശുദ്ധമായ ലിനനാണ് പതിവ്. മരം, കല്ല്, കടലാസ് തുടങ്ങിയ പ്രകൃതിവിഭവങ്ങളുമുണ്ടാകും.
- ഫാഷനിലും സ്റ്റൈലിലും: ജാപ്പനീസ് ഡിസൈനർമാർ ട്രെൻഡിനെക്കാളുപരി, കാലാതീത ഫാഷനെയാണ് അവതരിപ്പിക്കാറുള്ളത്.
‘ഷിബുയി’ നമുക്കും
- നമ്മുടെ ചുറ്റുപാടുകൾ ലാളിത്യമുള്ളതാക്കാം. എണ്ണത്തെക്കാൾ ഗുണത്തിൽ ശ്രദ്ധ നൽകി, അനാവശ്യമായവ ഒഴിവാക്കാം. അർഥമുള്ളവ തെരഞ്ഞെടുക്കാം.
- പ്രകൃതിദത്തമായ സൗന്ദര്യത്തെ അഭിനന്ദിക്കാൻ കഴിയണം. കൃത്രിമ ഉൽപന്നങ്ങൾക്ക് പകരം മരം, ലിനൻ, കളിമണ്ണ് തുടങ്ങിയവയുടെ ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാം.
- ഫാഷനായാലും ഫർണിച്ചറായാലും വ്യക്തിഗത സ്റ്റൈലായാലും ട്രെൻഡിനു പിന്നാലെ പോകാതെ, ഔട്ട് ഓഫ് ഫാഷനാകാത്ത കാലത്തെ തോൽപിക്കുന്നവ ഇഷ്ടപ്പെടുക.
- ലാളിത്യത്തിൽ അർഥം കണ്ടെത്താം. ആദ്യ കാഴ്ചയിൽ കാണുന്നതിനെക്കാളുപരി, ഒളിഞ്ഞിരിക്കുന്ന അർഥം കണ്ടെത്താൻ ശ്രമിക്കണം.


